Category  |  odb

വളരെ മനോഹരം

മിഷിഗണിലെ ഹൈലാൻഡ് പാർക്കിലെ തെരുവുവിളക്കുകൾ അണഞ്ഞപ്പോൾ, മറ്റൊരു പ്രകാശ സ്രോതസ്സായ സൂര്യനോടുള്ള അഭിനിവേശം അവിടെ ഉയർന്നുവന്നു. സാമ്പത്തിക ഭാരത്താൽ ബുദ്ധിമുട്ടുന്ന നഗരത്തിന് അതിന്റെ അവശ്യ സേവനങ്ങൾ നിർവഹിക്കുന്ന കമ്പനിക്കു പണം നൽകാൻ ധനമില്ലാതെയായി തീർന്നു. തെരുവുവിളക്കുകൾ അണച്ചുകൊണ്ടു വൈദ്യുതി കമ്പനി 1400 വിളക്കുകാലുകളിലെ ബൾബുകൾ നീക്കം ചെയ്തു. ഇതോടെ പ്രദേശവാസികൾ സുരക്ഷിത്വമില്ലാതെ ഇരുട്ടിൽ തങ്ങേണ്ടിവന്നു. “അതാ കുറച്ചു കുട്ടികൾ സ്കൂളിലേക്കു പോകുന്നു,” ഒരു പ്രദേശവാസി വാർത്താ സംഘത്തോടു പറഞ്ഞു. “വെളിച്ചമില്ല. വഴി കാണാൻ കഴിയാതെ ഒരു ഊഹം വച്ചാണ് അവർ നടക്കുന്നത്.”

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന തെരുവ് വിളക്കുകൾ നഗരത്തിൽ സ്ഥാപിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘം രൂപീകരിച്ചപ്പോൾ അവസ്ഥയ്ക്കു മാറ്റം സംഭവിച്ചു. ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട്, പ്രദേശവാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു പ്രകാശ സ്രോതസ്സ് സുസജ്ജമാക്കുകയും അതിലൂടെ ആ മാനവിക സംഘടന നഗരത്തിന്റെ ഊർജ്ജ ചിലവുകളിൽ പണം ലാഭിക്കുകയും ചെയ്തു.

ക്രിസ്തുവിലുള്ള നമ്മുടെ ജീവിതത്തിൽ, വിശ്വസിച്ച് ആശ്രയിക്കാവുന്ന നമ്മുടെ പ്രകാശ സ്രോതസ്സ് ദൈവപുത്രനായ യേശു തന്നെയാണ്. അപ്പൊസ്തലനായ യോഹന്നാൻ എഴുതിയതുപോലെ, “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല…” (1 യോഹന്നാൻ 1:5). “അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (വാ. 7) എന്നു യോഹന്നാൻ കുറിക്കുന്നു.

“യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും…” (യോഹന്നാൻ 8:12) എന്നു യേശു തന്നെ പ്രഖ്യാപിച്ചു. ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മുടെ ഓരോ ചുവടും നയിക്കുന്നതിനാൽ നാം ഒരിക്കലും ഇരുട്ടിൽ നടക്കുകയില്ല. അവന്റെ വെളിച്ചം എപ്പോഴും തേജസാർന്നു പ്രകാശിക്കുന്നു.

അനുഗൃഹീത മാനസാന്തരം

എന്റെ സുഹൃത്തും അവളുടെ ഭർത്താവും ഒരു കുഞ്ഞിനു ജന്മം നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ, ചികിത്സാപരമായ ഒരു നടപടിക്രമം ഡോക്ടർമാർ അവൾക്കു നിർദ്ദേശിച്ചു. പക്ഷേ എന്റെ സുഹൃത്ത് അതിനു മടിച്ചു. “നമ്മുടെ പ്രശ്നം പരിഹരിക്കാൻ പ്രാർത്ഥന മതിയാവില്ലേ?” അവൾ പറഞ്ഞു. “ശരിക്കും ഞാൻ ആ ചികിത്സ ചെയ്യേണ്ടതുണ്ടോ?” ദൈവീക പ്രവൃത്തി കാണുന്നതിൽ മാനുഷീക പ്രവർത്തനത്തിന് എന്ത് പങ്കാണുള്ളതെന്ന് എന്റെ സുഹൃത്തു അന്വേഷിക്കുകയായിരുന്നു. 

പുരുഷാരത്തെ യേശു പോഷിപ്പിക്കുന്ന കഥ ഇവിടെ നമ്മെ സഹായിക്കും (മര്‍ക്കൊസ് 6:35-44). ഈ കഥ അവസാനിക്കുന്നത് എങ്ങനെയെന്നു നമുക്കറിയാം — ആയിരക്കണക്കിനു വരുന്ന ജനത്തിന് അൽപ്പം റൊട്ടിയും കുറച്ച് മീനും ഉപയോഗിച്ച് അത്ഭുതകരമായി ഭക്ഷണം നൽകുന്നു (വാ. 42). എന്നാൽ ആരാണു ജനക്കൂട്ടത്തെ പോഷിപ്പിക്കേണ്ടതെന്നു ശ്രദ്ധിക്കുക? ശിഷ്യന്മാർ (വാ. 37). ആരാണ് അതിനുള്ള ഭക്ഷണം നൽകുന്നത്? അതും അവർ തന്നെ (വാ. 38). ആരാണു ഭക്ഷണം വിതരണം ചെയ്യുകയും പിന്നീട് അവിടം വൃത്തിയാക്കുകയും ചെയ്യേണ്ടത്? ശിഷ്യന്മാർ (വാ. 39-43). “നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ…” (വാ. 37) എന്ന് യേശു പറഞ്ഞു. യേശു അത്ഭുതം ചെയ്തുവെങ്കിലും ശിഷ്യന്മാർ പ്രവർത്തിച്ചതു പ്രകാരമാണ് അതു സംഭവിച്ചത്.

നല്ല വിളവെടുപ്പ് ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ് (സങ്കീർത്തനം 65:9-10). എന്നിരുന്നാലും, ഒരു കർഷകൻ നിലത്തു വേല ചെയ്യേണ്ടതുണ്ട്. യേശു പത്രൊസിനോട് “മീൻകൂട്ടം ലഭിക്കുമെന്ന്” വാഗ്ദാനം ചെയ്തെങ്കിലും ആ മുക്കുവന്മാർ വല വീശേണ്ടിയിരുന്നു (ലൂക്കൊസ് 5:4-6). ദൈവത്തിന് ഭൂമിയെ പരിപാലിക്കാനും നമ്മെ കൂടാതെ അത്ഭുതങ്ങൾ ചെയ്യാനും കഴിയും. എന്നാൽ, സാധാരണയായി ഒരു ദൈവിക-മാനുഷീക പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ അവൻ തിരഞ്ഞെടുക്കുന്നു.

എന്റെ സുഹൃത്ത് ചികിത്സയിലൂടെ കടന്നുപോയി, പിന്നീട് വിജയകരമായി ഗർഭം ധരിക്കുവാൻ ഇടയായി. ഇത് ഒരു അത്ഭുതത്തിനുള്ള സൂത്രവാക്യമല്ലെങ്കിലും, എന്റെ സുഹൃത്തിനും എനിക്കും ഇതൊരു പാഠമായിരുന്നു. ദൈവം പലപ്പോഴും തന്റെ അത്ഭുത പ്രവൃത്തി ചെയ്യുന്നത് അവൻ നമ്മുടെ കരങ്ങളിൽ ഏല്പിച്ചിരിക്കുന്ന മാർഗ്ഗങ്ങളിലൂടെയാണ്.

നിലനിൽക്കുന്ന പ്രത്യാശ

തന്റെ അർബുദ ജീവിതയാത്രയെക്കുറിച്ച് ഓൺലൈനിൽ പോസ്റ്റു ചെയ്യുന്ന ഒരു സഹ എഴുത്തുകാരിയെ ഞാൻ പിന്തുടരുകയും അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടവിട്ടുള്ള ദിവസങ്ങളിൽ അവളുടെ ശാരീരിക വേദനകളെയും വെല്ലുവിളികളെയും കുറിച്ചുള്ള പുതിയകാര്യങ്ങൾ പങ്കുവെക്കുന്നതിനും ബാക്കി ദിവസങ്ങളിൽ തിരുവെഴുത്തുകളോടുകൂടിയ പ്രാർത്ഥനാ അഭ്യർത്ഥനകളും ദൈവത്തിനുള്ള സ്തുതികളും പങ്കിടുന്നതിനും അവൾ ഉപയോഗിച്ചു. ചികിത്സ കാത്ത് ആശുപത്രിയിലായാലും മുടി കൊഴിയുന്നതിനാൽ തലമൂടി വീട്ടിലിരുന്നാലും അവളുടെ ധീരമായ പുഞ്ചിരി കാണുകയെന്നത് മനോഹരമായിരുന്നു. ഓരോ വെല്ലുവിളിയിലും, പരീക്ഷകളിൽ ദൈവത്തിൽ വിശ്വസിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ അവൾ പരാജയപ്പെട്ടില്ല.

നാം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോൾ, നന്ദിയുള്ളവരായിരിക്കാനും ദൈവത്തെ സ്തുതിക്കാനും കാരണങ്ങൾ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായേക്കാം. എന്നിരുന്നാലും, നമ്മുടെ സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ടു ആനന്ദിക്കാനും ദൈവത്തെ സ്തുതിക്കാനുമുള്ള കാരണങ്ങൾ സങ്കീർത്തനം 100 നമുക്കു നൽകുന്നു. സങ്കീർത്തനക്കാരൻ പറയുന്നു: “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ” (വാ. 3). “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു” (വാ. 5) എന്നും അവൻ കൂട്ടിച്ചേർക്കുന്നു.

നമ്മുടെ പരീക്ഷകൾ എന്തുതന്നെയായാലും, നുറുങ്ങിയ നമ്മുടെ ഹൃദയങ്ങൾക്ക് ദൈവം സമീപസ്ഥനാണെന്ന് അറിയുന്നതിൽ നമുക്ക് ആശ്വസിക്കാം (34:18). ദൈവത്തോടൊപ്പം നാം പ്രാർത്ഥനയിലും വേദപുസ്തകം വായനയിലും എത്രമാത്രം സമയം ചെലവഴിക്കുന്നുവോ, അത്രമാത്രം നമുക്ക് “അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ” വരുവാനും “അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ” (100:4) വാഴ്ത്തുവാനും സാധിക്കും. നമ്മുടെ ദൈവം വിശ്വസ്‌തനായതിനാൽ, വൈഷമ്യഘട്ടത്തിൽ ആയിരിക്കുമ്പോൾപ്പോലും “യഹോവെക്കു ആർപ്പിടുവാൻ” (വാ. 1) നമുക്കു കഴിയും.

സ്വഭാവ മാറ്റം

മരണാസന്നനായി കിടക്കുന്ന, പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ പണ്ഡിതനായ ഡൊമിനിക് ബൗഹോർസിന്റെ കിടക്കയ്ക്കു ചുറ്റും കുടുംബം ഒത്തുകൂടി. അവസാന ശ്വാസം എടുത്തപ്പോൾ അദ്ദേഹം പറഞ്ഞു, “ഞാൻ മരിക്കുകയാണ്‌—അഥവാ ഞാൻ മരിക്കാൻ പോകുകയാണ്; അതു രണ്ടും ശരിയായ പ്രയോഗങ്ങളാണ്. തന്റെ മരണക്കിടക്കയിൽ വ്യാകരണത്തെക്കുറിച്ച് ആരാണു ചിന്തിക്കുക? ജീവിതകാലം മുഴുവൻ വ്യാകരണത്തെക്കുറിച്ചു ചിന്തിച്ച ഒരാൾ മാത്രം.

വാർദ്ധക്യത്തിലെത്തുമ്പോഴേക്കും, നാം നമ്മുടെതായ രീതികളിൽ നിന്നു മാറാൻ കഴിയാത്ത വിധം ശാഠ്യമുള്ള നിലയിലായിരിക്കും. ഒരു ജീവിതകാലം മുഴുവൻ എടുത്ത തിരഞ്ഞെടുപ്പുകൾ നല്ലതോ ചീത്തയോ ആയ സ്വഭാവമായി കണക്കാക്കുന്ന ശീലങ്ങളായി കഠിനപ്പെടുന്നു. എന്തായിരിക്കാൻ നാം തിരഞ്ഞെടുത്തോ, അതാണ് നാം.

നമ്മുടെ സ്വഭാവം ചെറുപ്പവും വഴക്കമുള്ളതുമായിരിക്കുമ്പോൾ ദൈവിക ശീലങ്ങൾ വളർത്തിയെടുക എളുപ്പമാണ്. “അതുനിമിത്തം തന്നേ നിങ്ങൾ സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോടു ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ” (2 പത്രൊസ് 1:5-7) എന്നു പത്രൊസ് ഉദ്ബോധിപ്പിക്കുന്നു. ഈ സദ്ഗുണങ്ങൾ പരിശീലിക്കുക. അപ്പോൾ “നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും” (വാ. 11).

പത്രൊസിന്റെ പട്ടികയിലെ ഏത് സ്വഭാവസവിശേഷതയാണ് നിങ്ങളിൽ ഏറ്റവും സജീവമായിരിക്കുന്നത്? ഏതൊക്കെ സവിശേഷതകളാണ് ഇനിയും മെച്ചപ്പെടുത്തേണ്ടത്? നാം ആരായിത്തീർന്നുവെന്നത് നമ്മെക്കൊണ്ടു മാറ്റാൻ സാധിക്കുന്ന ഒന്നല്ല, പക്ഷേ യേശുവിന് സാധിക്കും. നിങ്ങളെ രൂപാന്തരപ്പെടുത്തി, ശാക്തീകരിക്കാൻ അവനോട് അപേക്ഷിക്കുക. മന്ദഗതിയിലുള്ളതും ദുഷ്കരവുമായ ഒരു യാത്രയായിരിക്കാം അത്. എന്നാൽ, നമുക്ക് ആവശ്യമുള്ളത് കൃത്യമായി നൽകുന്നതിൽ യേശുവിനു വൈദഗ്ദ്ധ്യമുണ്ട്. നിങ്ങൾ അധികമായി അവനെപ്പോലെ ആയിത്തീരാനായി നിങ്ങളുടെ സ്വഭാവത്തിൽ രൂപാന്തരം വരുത്താൻ അവനോട് അപേക്ഷിക്കുക.

ഷാലോമിന്റെ പ്രതിനിധികൾ

2015-ൽ, കൊളറാഡോയിലെ കൊളറാഡോ സ്പ്രിംഗ്സിലെ പ്രാദേശിക ശുശ്രൂഷകൾ നഗരത്തെ സേവിക്കാനായി ഒന്നിച്ചു ചേർന്നതിന്റെ ഫലമായി ജന്മമെടുത്തു. ഓരോ ശരത്കാലത്തും സിറ്റിസെർവ് എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ ആ സംഘം സമൂഹത്തെ സേവിക്കാൻ വിശ്വാസികളെ അയയ്ക്കുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, സിറ്റിസെർവിന്റെ സമയത്ത്, എന്നെയും എന്റെ മക്കളെയും നഗരപ്രന്തത്തിലെ ഒരു പ്രാഥമിക സ്കൂളിലേക്കു നിയമിച്ചു. ഞങ്ങൾ അവിടെ വൃത്തിയാക്കി. കളകൾ പറിച്ചു. ഞങ്ങൾ ഒരു കരകൗശല പരിപാടിയിൽ പ്രവർത്തിച്ചു. ഇരുമ്പുവള്ളികൾ ഇഴചേർത്തുണ്ടാക്കിയ വേലിയിലൂടെ നിറമുള്ള പ്ലാസ്റ്റിക് ടേപ്പ് കോർത്തുകൊണ്ടു പർവതങ്ങളെ അനുസ്മരിപ്പിക്കുന്നവിധം തയ്യാറാക്കിയതായിരുന്നു ആ കലാസൃഷ്ടി. ലളിതവും എന്നാൽ അതിശയകരമാംവിധം മനോഹരവുമായിരുന്നു അവ.

എപ്പോഴൊക്കെ ഞാൻ ആ സ്കൂളിന് മുന്നിലൂടെ പോകുന്നുവോ, അപ്പോഴെല്ലാം ഞങ്ങളുടെ എളിയ കലാസംരംഭം എന്നെ യിരെമ്യാവ്‌ 29-നെ ഓർമ്മിപ്പിക്കുന്നു. അവിടെ, അവർ വസിക്കുന്ന നഗരത്തിൽ സ്ഥിരതാമസമാക്കാനും അവരെ സേവിക്കാനും ദൈവം തന്റെ ജനത്തിന് നിർദ്ദേശം നൽകി. അവർ പ്രവാസത്തിലായിരുന്നിട്ടും അവിടെ തുടരാൻ അവർ ആഗ്രഹിക്കാതിരുന്നിട്ടും അവൻ അതു കല്പിച്ചു.

പ്രവാചകൻ പറഞ്ഞു: “ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും” (വാ. 7). ഇവിടെ സമാധാനം എന്ന വാക്ക് ഷാലോം എന്ന ഹീബ്രു പദമാണ്. ദൈവത്തിന്റെ നന്മയ്ക്കും വീണ്ടെടുപ്പിനും മാത്രം സാധ്യമാക്കാവുന്ന സമ്പൂർണ്ണതയുടെയും അഭിവൃദ്ധിയുടെയും ആശയം ആ പദം ഉൾക്കൊള്ളുന്നു.

അതിശയകരമായി, ദൈവം നമ്മെ ഓരോരുത്തരെയും ഷാലോമിന്റെ പ്രതിനിധികളാകാൻ ക്ഷണിക്കുന്നു - നാം എവിടെയായിരിക്കുന്നുവോ അവിടെ. അവൻ നമ്മെ ആക്കിവച്ചിരിക്കുന്ന ഇടങ്ങളിൽ ലളിതവും മൂർത്തവുമായ രീതിയിൽ മനോഹാരിത സൃഷ്ടിക്കാനും വീണ്ടെടുപ്പു അഭ്യാസിക്കാനും നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു.