നമ്മെപ്പോലെ, നമുക്ക് വേണ്ടി
തന്റെ മകൾ ഷോപ്പിങ്ങ് മോളിലായിരുന്ന സമയം മുഴുവൻ തൊപ്പി തലയിൽ നിന്ന് മാറ്റാത്തത് കാൻസർ ചികിത്സയുടെ ഭാഗമായുള്ള തുടർച്ചയായ കീമോ തെറാപ്പിയുടെ ഫലമായി മുടിയെല്ലാം പോയതിനെക്കുറിച്ച് സ്വയം നല്ല ബോധ്യമുള്ളതുകൊണ്ടാണെന്ന് പ്രീതിക്ക് മനസ്സിലായി. തന്റെ മകളോട് തദാത്മ്യപ്പെടുന്നതിനായി, പ്രീതിയും തന്റെ മനോഹരമായ നീണ്ട മുടി മുഴുവൻ ഷേവ് ചെയ്ത് കളയാൻ വേദനയോടെ തീരുമാനിച്ചു.
തന്റെ മകളോടുള്ള പ്രീതിയുടെ ഈ സ്നേഹം ദൈവത്തിന് തന്റെ മക്കളോടുള്ള സ്നേഹത്തിന്റെ ഒരു പ്രതിഫലനമാണ്. കാരണം, അവന്റെ മക്കളായ നാം “ജഢരക്തങ്ങളോടു കൂടിയവർ” (എബ്രായർ 2:14) ആകയാൽ യേശു നമുക്ക് സദൃശരായി മനുഷ്യ രൂപത്തിലായി നമ്മെ മരണത്തിന്റെ അധികാരത്തിൽ നിന്നും വിടുവിച്ചു. നമുക്കായി സകലവും ദൈവത്തോട് നിരപ്പിക്കുന്നതിനു വേണ്ടി അവൻ “സകലത്തിലും തന്റെ സഹോദരന്മാരോട് സദൃശനായി തീരുവാൻ ആവശ്യമായിരുന്നു” (വാ. 17).
തന്റെ മകളുടെ സ്വയാവബോധത്തെ അതിജീവിക്കുവാൻ സഹായിക്കുന്നതിനു വേണ്ടി പ്രീതി സ്വയം തന്റെ മകളെപ്പോലെയായി. യേശു ഇതിനെക്കാൾ വലുതായ, പാപത്തിന്റെ അടിമത്തം എന്ന നമ്മുടെ പ്രശ്നം അതിജീവിക്കാൻ നമ്മെ സഹായിച്ചു. അവൻ നമ്മിലൊരുവനെപ്പോലെയായി നമ്മുടെ പാപത്തിന്റെ പരിണിത ഫലമെല്ലാം ഏറ്റെടുത്ത് നമുക്ക് പകരമായി മരിച്ചു കൊണ്ട് നമുക്കു വേണ്ടി ഈ പ്രശ്നം പരിഹരിച്ചു.
യേശു നമ്മുടെ മനുഷ്യത്വം പങ്കുവെക്കുവാൻ മനസ്സായതു മൂലം നമുക്ക് ദൈവവുമായി നല്ല ബന്ധം ലഭിച്ചു എന്നത് മാത്രമല്ല, നമ്മുടെ സംഘർഷങ്ങളുടെ നിമിഷങ്ങളിൽ അവനെ ചാരുവാൻ നമുക്ക് സാധ്യമാകുകയും ചെയ്യുന്നു. നാം പ്രലോഭനങ്ങളും പ്രതികൂലങ്ങളും അഭിമുഖീകരിക്കുമ്പോൾ ശക്തിക്കും ബലത്തിനുമായി “സഹായിക്കുവാൻ കഴിവുള്ളവനായ” (വാ.18) അവനിൽ ചാരുവാൻ നമുക്കാകുന്നു. സ്നേഹമുള്ള പിതാവിനെപ്പോലെ നമ്മെ മനസ്സിലാക്കുകയും കരുതുകയും ചെയ്യും.

സമയം തക്കത്തിൽ ഉപയോഗിക്കുക
നോർത്ത് കരോളിന യൂണിവേഴ്സിറ്റിയുടെ പുരാവസ്തു ലൈബ്രറിയിലുള്ള ഒരു പോക്കറ്റ് വാച്ചിന്റെ നിന്നു പോയ സൂചികൾക്ക് ഒരു ദുരന്തകഥ പറയാനുണ്ട്. ആ സൂചികൾ സൂചിപ്പിക്കുന്ന സമയത്താണ് (8:19 മിനിറ്റ് 56 സെക്കന്റ്) ആ വാച്ചിന്റെ ഉടമസ്ഥനായ എലീഷ മിച്ചൽ, 1857 ജൂൺ 27ന്, അപ്പലേച്ചിയൻ മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിൽ തെന്നിവീണ് മരിച്ചത്.
ആ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്ന മിച്ചൽ, താൻ നിന്ന ആ കൊടുമുടിയാണ് മിസ്സിസിപ്പിക്ക് കിഴക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന കൊടുമുടിയെന്ന് തെളിയിക്കാനുള്ള പര്യവേഷണ ദൗത്യത്തിലായിരുന്നു.ഈ നിഗമനം പിന്നീട് ശരിയെന്ന് തെളിഞ്ഞു. ഈ കൊടുമുടിക്ക് ഇപ്പോൾ മിച്ചലിന്റെ പേരാണുള്ളത്. അദ്ദേഹം വീണു മരിച്ചതിനടുത്ത് കൊടുമുടിയുടെ ഉച്ചിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം ഉള്ളത്.
അടുത്തിടെ, ഞാൻ ആ കൊടുമുടി കയറിയപ്പോൾ മിച്ചലിന്റെ കഥ ഓർത്തു; ജീവിതത്തിന്റെ ക്ഷണികതയും എത്ര ചുരുക്കമാണ് നമുക്കുള്ള സമയം എന്നും ചിന്തിച്ചു. ഒലിവുമലയിൽ നിന്ന്, യേശു തന്റെ മടങ്ങിവരവിനേക്കുറിച്ച് ശിഷ്യന്മാരോട് പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തു.”അങ്ങനെ നിങ്ങൾ നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുവിൻ” (മത്തായി 24:44).
യേശു വളരെ വ്യക്തമായി പറയുന്നുണ്ട്, അവൻ തന്റെ നിത്യരാജ്യം സ്ഥാപിക്കാനായി വരുന്ന നാൾ ഏതാണെന്നോ അല്ലെങ്കിൽ എപ്പോഴാണ് അവൻ നമ്മെ ഈ ലോകത്തിൽ നിന്നും തന്റെ പക്കലേക്ക് വിളിക്കുന്നതെന്നോ ആർക്കും അറിയില്ല എന്ന്. എന്നാൽ എപ്പോഴും തയ്യാറായി “ഉണർന്നിരിക്കുവാൻ” അവൻ പറയുന്നു (വാ. 42).
ടിക്.. ടിക്.. നമ്മുടെ ജീവിത ഘടികാരം ചലിച്ചു കൊണ്ടിരിക്കുന്നു; പക്ഷെ, എത്ര നാൾ? നമുക്ക് ഓരോ നിമിഷവും നമ്മുടെ കാരുണ്യവാനായ രക്ഷകനെ സ്നേഹിച്ചും അവനായി കാത്തിരുന്നും കൊണ്ട് അവന്റെ വേല ചെയ്യാം.

കഴുതയുടെ പുറത്ത് ഒരു രാജാവ്
അതൊരു ഞായറാഴ്ച ആയിരുന്നു-ഇന്ന് നമ്മൾ ഓശാന ഞായർ എന്ന് വിളിക്കുന്ന ദിവസം. ഇത് യേശുവിന്റെ ആദ്യത്തെ യരുശലേം സന്ദർശനമല്ലായിരുന്നു എന്നതിൽ സംശയമില്ല. ഒരു ഭക്തനായ യഹൂദൻ എന്ന നിലയിൽ എല്ലാ വർഷവും മൂന്ന് പ്രധാന പെരുന്നാളിനും യേശു പോയിട്ടുണ്ടാകും (ലൂക്കൊസ് 2:41-42; യോഹന്നാൻ 2:13; 5:1). കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ക്രിസ്തു യെരുശലേമിലും തന്റെ ശുശ്രൂഷ ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ ഞായറാഴ്ച പട്ടണത്തിലേക്കുള്ള തന്റെ വരവ് തികച്ചും വ്യത്യസ്തമായിരുന്നു.
ആയിരക്കണക്കിന് ആളുകൾ ആരാധനക്കായി നഗരത്തിലേക്ക് വന്നു കൊണ്ടിരിക്കേ, ഒരു കഴുതക്കുട്ടിയുടെ പുറത്ത് യരൂശലേമിലേക്ക് പ്രവേശിച്ച യേശുവായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം (മത്തായി 21:9-11). എന്തുകൊണ്ടാണ് കഴിഞ്ഞ മൂന്ന് വർഷക്കാലം ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാതെ ബോധപൂർവം മാറിനിന്ന യേശു ഇപ്പോൾ ആയിരങ്ങളുടെ മുമ്പിലേക്ക് ഇങ്ങനെ എഴുന്നെള്ളി വന്നത്? എന്തുകൊണ്ടാണ് മരണത്തിന് കേവലം അഞ്ച് ദിവസങ്ങൾ മാത്രം അവശേഷിക്കേ, രാജാവാണെന്ന ജനങ്ങളുടെ ഘോഷണം അംഗീകരിച്ചത്?
ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട രാജാവായവൻ യരുശലേമിലേക്ക് “നീതിമാനും ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്ത്” (സെഖര്യാവ് 9:9; ഉല്പത്തി 49:10-11) വരുന്നു എന്ന അഞ്ഞൂറ് വർഷം മുമ്പുള്ള ഒരു പ്രവചനത്തിന്റെ പൂർത്തീകരണമായിട്ടാണിത് സംഭവിച്ചതെന്ന് മത്തായി പറയുന്നു (മത്തായി 21:4, 5).
ജയാളിയായ ഒരു രാജാവ് പട്ടണത്തിലേക്ക് പ്രവേശിക്കുന്ന സാധാരണ രീതി ഇതായിരുന്നില്ല. പടജയിച്ചു വരുന്ന രാജാക്കന്മാർ വലിയ കുതിരപ്പുറത്താണ് സഞ്ചരിക്കുക. എന്നാൽ യേശു ഒരു പടക്കുതിരയുടെ മേൽ അല്ല സഞ്ചരിച്ചത്. യേശു എപ്രകാരമുള്ള രാജാവാണ് എന്നതാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അവൻ സൗമ്യതയും താഴ്മയും ഉള്ളവനായി വന്നു. യേശു വന്നത് പടവെട്ടാനല്ല, സമാധാനത്തിനായിട്ടാണ്; ദൈവത്തിനും നമുക്കും ഇടയിൽ സമാധാനം സ്ഥാപിക്കുന്നതിനായിട്ട് (അപ്പ.പ്രവൃത്തി 10:36; കൊലൊസ്യർ 1:20).

സംസാരിക്കുന്ന ബസ്
2019 ൽ ഓക്സ്ഫോർഡ് ബസ് കമ്പനി “സംസാരിക്കുന്ന ബസ് (chatty bus)” എന്ന പേരിൽ ഒരു സർവ്വീസ് ആരംഭിച്ചു. താല്പര്യമുള്ള യാത്രക്കാരോട് സംസാരിക്കാനായി പ്രത്യേകം ആളുകളെ ബസ്സിൽ നിയോഗിച്ചു. വളരെ പെട്ടെന്ന് ശ്രദ്ധയാകർഷിച്ച ഈ സർവീസ് ആരംഭിച്ചത് സർക്കാരിന്റെ ഒരു ഗവേഷണഫലത്തോടുള്ള പ്രതികരണമെന്ന നിലയിലാണ്. പ്രസ്തുത ഗവേഷണം കണ്ടെത്തിയത് 30 ശതമാനത്തോളം ബ്രിട്ടീഷുകാർ ഓരോ ആഴ്ചയിലും കുറഞ്ഞത് ഒരു ദിവസത്തോളം സമയമെങ്കിലും അർത്ഥവത്തായ സംഭാഷണമില്ലാതെ കഴിയുന്നു എന്നാണ്.
ആവശ്യനേരത്ത് സംസാരിക്കാൻ പറ്റിയ ആരുമില്ലാത്തതിനാൽ നമ്മിൽ അനേകരും ഈ ഏകാന്തത അനുഭവിക്കുന്നുണ്ട്. എന്റെ ജീവിതത്തിൽ അനുഭവിക്കാനായ ചില നല്ല ചർച്ചകൾ ഓർക്കുമ്പോൾ ഗൗരവമേറിയ സംഭാഷണത്തിന്റെ വില എത്രയധികമാണെന്ന് എനിക്ക് മനസ്സിലാകുന്നു. പ്രസ്തുത അവസരങ്ങളൊക്കെ എനിക്ക് ആനന്ദവും പ്രോത്‌സാഹനവും നല്കുകയും ആഴമേറിയ വ്യക്തിബന്ധങ്ങൾ രൂപപ്പെടുത്തുവാൻ ഉതകുകയും ചെയ്തു.
കൊലോസ്യർക്കുള്ള ലേഖനത്തിന്റെ അവസാനം, പൗലോസ് ക്രിസ്തുവിശ്വാസികളുടെ വിജയകരമായ ജീവിതത്തിനുള്ള മാർഗനിർദേശങ്ങൾ നല്കുമ്പോൾ, എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്നതിൽ സംസാരത്തിനുള്ള പ്രാധാന്യവും എടുത്തു പറയുന്നുണ്ട്. ”നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടു കൂടിയത്” (4:6) ആയിരിക്കട്ടെ എന്ന് അപ്പൊസ്തലൻ എഴുതി. കേവലം സംസാരം ഉണ്ടാകണമെന്നല്ല, കേൾക്കുന്നവർക്ക് യഥാർത്ഥത്തിൽ പ്രോത്സാഹനമാകുന്ന വിധത്തിൽ മൂല്യമുള്ള “കൃപയോടു കൂടിയ” വാക്കുകൾ പറയണമെന്നാണ് ആഹ്വാനം ചെയ്തത്.
ഇനിയുള്ള ഏതവസരത്തിലും നിങ്ങൾക്ക് കൂട്ടുകാരോടോ സഹപ്രവർത്തകരോടോ അല്ലെങ്കിൽ ബസ്സിലോ വിശ്രമ മുറിയിൽ ഇരിക്കുന്ന അപരിചിതരോടോ ഒരു സംഭാഷണത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കുമ്പോൾ, അത് നിങ്ങൾ രണ്ടു പേരുടെയും ജീവിതത്തിൽ അനുഗ്രഹകരമാകുന്ന വിധം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുമല്ലോ.

സ്ഥിരമായ മേൽവിലാസം
കുറച്ചു നാൾ മുമ്പ് ഞങ്ങൾക്ക് തൊട്ടടുത്ത് തന്നെയുള്ള ഒരു പുതിയ വീട്ടിലേക്ക് താമസം മാറേണ്ടി വന്നു. വില്പനയും വാങ്ങലും സംബന്ധിച്ച പണമിടപാടുകളിൽ വന്ന താമസം മൂലം സാധനങ്ങളെല്ലാം ഒരു ട്രക്കിലേക്ക് മാറ്റേണ്ടിവന്നു; ഞങ്ങൾ ഒരു തല്ക്കാലികസ്ഥലത്തും താമസിച്ചു. വീട്ടിൽ അല്ല എങ്കിലും വീട്ടുസാധനങ്ങൾ എല്ലാം ട്രക്കിൽ ആയിട്ടും എനിക്ക് വീട്ടിൽ തന്നെ താമസിക്കുന്നതു പോലെ തോന്നി-കാരണം ഞാൻ ഏറ്റവും സ്നേഹിക്കുന്ന എന്റെ കുടുംബത്തോടൊപ്പമായിരുന്നു.
ജീവിതത്തിന്റെ ഒരു കാലഘട്ടം ദാവീദിന് ഭവനമില്ലാതെ കഴിയേണ്ടി വന്നു. ശൗൽ രാജാവിൽ നിന്ന് ഒളിച്ച് താമസിച്ച കാലം. ദാവീദിനെ തന്റെ പിൻഗാമിയായി ദൈവം അഭിഷേകം ചെയ്തു എന്ന് മനസ്സിലാക്കിയ ശൗൽ ദാവീദിനെ തനിക്ക് ഭീഷണിയായി കണ്ട് കൊല്ലാൻ ശ്രമിച്ചു. ദാവീദ് വീട് വിട്ട് ഓടിപ്പോയി ഒളിവിടങ്ങളിൽ പാർത്തു. തന്റെ കൂട്ടാളികൾ എല്ലാം കൂടെയുണ്ടായിട്ടും ദാവീദിന്റെ ഹൃദയത്തിന്റെ താല്പര്യം “ആയുഷ്കാലമൊക്കെയും യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നേ” ആയിരുന്നു (സങ്കീ.27:4) ദൈവവുമായുള്ള ഒരു സ്ഥിരമായ കൂട്ടായ്മാബന്ധം ദാവീദ് ആഗ്രഹിച്ചിരുന്നു.
യേശുവാണ് നമ്മുടെ സ്ഥിരമായ സഹചാരി. അതുകൊണ്ട് നാം എവിടെയായിരുന്നാലും അസ്വസ്ഥത വേണ്ട. നമ്മുടെ പ്രശ്നങ്ങളിലെല്ലാം അവൻ കൂടെ ആയിരിക്കുകയും അവനോടൊപ്പം നിത്യവുമായിരിക്കുവാൻ നമുക്കായി സ്ഥലമൊരുക്കുകയും ചെയ്യുന്നു (യോഹന്നാൻ 14:3). ഈ ഭൂമിയിലെ പൗരന്മാർ എന്ന നിലയിൽ നാം അസ്ഥിരതയും മാറ്റങ്ങളും അഭിമുഖീകരിക്കേണ്ടതുണ്ടെങ്കിലും ദൈവവുമായുള്ള കൂട്ടായ്മാബന്ധത്തിൽ നമുക്ക് സ്ഥിരവാസമനുഭവിക്കാനാകും; എവിടെയും എല്ലാ ദിവസവും.
