മറ്റുള്ളവരുടെ കാര്യങ്ങൾ
ഞങ്ങളുടെ നാല് പേരക്കുട്ടികൾ കളിപ്പാട്ട തീവണ്ടികളുടെ ഒരു സെറ്റുമായി കളിക്കുകയായിരുന്നു. അതിനിടയിൽ ഇളയ രണ്ടുപേർ ഒരു എഞ്ചിനെച്ചൊല്ലി വഴക്കിടുകയുണ്ടായി. എട്ടുവയസ്സുള്ള ഞങ്ങളുടെ പേരക്കുട്ടി അതിൽ ഇടപെടാൻ തുടങ്ങിയപ്പോൾ, അവന്റെ ആറുവയസ്സുള്ള സഹോദരി പറഞ്ഞു, “അവരുടെ കാര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ട.” സാധാരണഗതിയിൽ, നമുക്കെല്ലാവർക്കും വേണ്ടിയുള്ള ജ്ഞാനപൂർവമായ വാക്കുകൾ. എന്നാൽ തർക്കം കരച്ചിലായി മാറിയപ്പോൾ, മുത്തശ്ശി ഇടപെട്ട് വഴക്കിടുന്ന കുട്ടികളെ പിടിച്ചുമാറ്റി അവരെ ആശ്വസിപ്പിച്ചു.
നാം ഇടപെടുന്നതുകൊണ്ടു സ്ഥിതി വഷളാകുമെങ്കിൽ, മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുന്നതാണു നല്ലത്. എന്നാൽ ചിലപ്പോഴൊക്കെ നാം പ്രാർത്ഥനാപൂർവ്വം ഇടപെടേണ്ടതുണ്ട്. ഫിലിപ്പിയർക്കുള്ള തന്റെ ലേഖനത്തിൽ, എപ്പോൾ ഇടപെടണമെന്നതിന് ഒരു ഉദാഹരണം അപ്പൊസ്തലനായ പൗലൊസ് നൽകുന്നുണ്ട്. “കർത്താവിൽ ഏകചിന്തയോടിരിപ്പാൻ” (4:2) യുവൊദ്യ, സുന്തുക എന്നീ രണ്ടു സ്ത്രീകളെ അവൻ ഇവിടെ ഉദ്ബോധിപ്പിക്കുന്നു. താൻ തടവിലായിരുന്നിട്ടും, ഇടപെടാൻ അപ്പൊസ്തലൻ നിർബന്ധിതനാകും വിധം അവരുടെ അഭിപ്രായവ്യത്യാസം വളരെ തീവ്രമായിത്തീർന്നിരുന്നു.
ആ സ്ത്രീകളുടെ തർക്കം അനൈക്യത്തിന് കാരണമാവുകയും സുവിശേഷത്തിൽ നിന്ന് ശ്രദ്ധ എടുത്തുകളയുകയും ചെയ്യുന്നുവെന്ന് പൗലൊസിന് അറിയാമായിരുന്നു. അതിനാൽ, അവരുടെ പേരുകൾ “ജീവപുസ്തകത്തിൽ” (4:3) എഴുതപ്പെട്ടിട്ടുണ്ടെന്ന് അവരെ ഓർമ്മിപ്പിച്ചുകൊണ്ട് അവൻ സൗമ്യമായി സത്യം സംസാരിച്ചു. ഈ സ്ത്രീകളും സഭയിലെ എല്ലാവരും ചിന്തയിലും പ്രവൃത്തിയിലും ദൈവജനമായി ജീവിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചു (വാ. 4-9).
നിങ്ങൾ ഇടപെടേണ്ടതുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, “സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും” (വാക്യം 9; വാക്യം 7 കാണുക) എന്നതിൽ ആശ്രയിച്ചുകൊണ്ടു പ്രാർത്ഥിക്കുക.

ഏറെക്കുറെ ശരി എന്നത് തെറ്റാണ്
ഛായാഗ്രഹണം? നന്നായി ചെയ്തു. കാഴ്ചയ്‌ക്കെങ്ങനെ? വിശ്വസനീയം. ഉള്ളടക്കം? കൗതുകകരവും ജീവിതത്തിൽ നിന്ന് അടർത്തിയെടുത്തതും. പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാൻ രാഷ്ട്രീയ പ്രസ്താവന നടത്തുന്നതായിരുന്നു വീഡിയോ. അത്തരം പ്രസ്താവനകൾ നടത്തുന്ന ഒരു വ്യക്തിയായിരുന്നില്ല അദ്ദേഹം. ഓൺലൈനിൽ പലരും ഇത് സത്യമാണെന്ന് വിശ്വസിച്ചു. ഒരുപക്ഷേ ഇതു നടനിൽ നിന്നുള്ള പുതിയ പ്രഖ്യാപനമായിരിക്കാം എന്നു കരുതി.
എന്നാൽ വൈറലായ ഈ വീഡിയോ സത്യമല്ലായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുകൊണ്ടു നടന്റെ ഡീപ് ഫേക്ക് പ്രതിരൂപം നിർമ്മിച്ചെടുത്തതായിരുന്നു ആ വീഡിയോ. സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുക എന്ന സ്വാർത്ഥ താല്പര്യത്തോടെ ചെയ്ത പ്രവർത്തിയായിരുന്നു അത്. യഥാർത്ഥത്തിൽ നടൻ ആ പ്രസ്താവനകൾ നടത്തിയിട്ടില്ല. വീഡിയോ വളരെ ആവേശകരമായി തോന്നിയെങ്കിലും, അത് വ്യാജത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
നമ്മുടെ സാങ്കേതികവിദ്യകൾ കാരണം, നുണകൾ പെരുപ്പിച്ചു കാട്ടി അവ സത്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. സത്യവും നുണയും തമ്മിലുള്ള വ്യക്തമായ വ്യത്യാസത്തെക്കുറിച്ച് ദൈവിക ജ്ഞാനത്തിന്റെ സംഗ്രഹമായ സദൃശവാക്യങ്ങളുടെ പുസ്തകം പലപ്പോഴും സംസാരിക്കുന്നു. “സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;” സദൃശവാക്യങ്ങൾ പറയുന്നു, “വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു” (12:19). “ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.” (വാക്യം 20) എന്നു അടുത്ത വാക്യം നമ്മോട് പറയുന്നു.
ദൈവത്തിന്റെ കൽപ്പനകൾക്കു മുതൽ ബോളിവുഡ് അഭിനേതാക്കളെക്കുറിച്ചുള്ള വീഡിയോകൾക്കു വരെ സത്യസന്ധത ബാധകമാണ്. സത്യം “എന്നേക്കും നിലനിൽക്കും.”

ഇടയനിൽ നിന്നു ലഭിക്കുന്ന ധൈര്യം
2007-ലെ T20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുന്നതും കാത്തു ജോഹന്നാസ്ബർഗിലെ സ്റ്റേഡിയത്തിൽ ഏകദേശം 1,00,000 വ്യക്തികൾ അക്ഷമയോടെ ഇരുന്നു. അവസാന ഓവറിൽ 13 റൺസ് മാത്രം മതിയായിരുന്നു പാക്കിസ്ഥാനു ജയിക്കാൻ. 3 പന്തുകൾ ബാക്കി നിൽക്കെ മിസ്ബ ആദ്യം സിക്സർ പറത്തി. എന്നിരുന്നാലും, അപ്പോഴും ശാന്തനായി കാണപ്പെട്ട ജോഗീന്ദർ ശർമ്മ, വീണ്ടും പന്തെറിഞ്ഞു. ഇത്തവണ ഒരു ജോടി ഇന്ത്യൻ കൈകൾ ആ പന്തിനെ സ്വീകരിച്ചു - ഒരു വിക്കറ്റ്. മിസ്ബ പുറത്തായി. സ്റ്റേഡിയം ആർത്തുവിളിച്ചു, ഇന്ത്യ തങ്ങളുടെ ആദ്യ T 20 ലോകകപ്പ് നേടിയിരിക്കുന്നു.
അത്തരം തീവ്രമായ നിമിഷങ്ങളിലാണ് സങ്കീർത്തനം 23:1 പോലുള്ള വേദവാക്യങ്ങൾ പ്രധാന സ്ഥാനം പിടിക്കുന്നത്. സങ്കീർത്തനക്കാരൻ എഴുതുന്നു, “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” ശക്തിയും ഉറപ്പും നമുക്ക് ആവശ്യമായി വരുമ്പോൾ, ഒരു ഇടയനെന്ന നിലയിൽ ദൈവത്തിന്റെ ആഴത്തിലുള്ള വ്യക്തിപരമായ രൂപകത്തിൽ നമുക്ക് അവ നേടിയെടുക്കാനാകും.
നമുക്കു സമാധാനത്തിലായിരിക്കാനോ ആശ്വാസം പ്രാപിക്കാനോ കഴിയുമെന്നു ഉറപ്പുനൽകുന്നതിനാലാണ് സങ്കീർത്തനം 23 ഇത്രമാത്രം പ്രിയപ്പെട്ടതായിരിക്കുന്നത്. നമ്മെ സജീവമായി പരിപാലിക്കുന്ന സ്നേഹവാനും വിശ്വസ്തനുമായ ഒരു ഇടയൻ നമുക്കുണ്ടെന്നതാണ് ആ സമാധാനത്തിനും ആശ്വാസത്തിനും കാരണം. തീവ്രമോ ബുദ്ധിമുട്ടുള്ളതോ ആയ സാഹചര്യങ്ങളിലെ ഭയത്തിന്റെ യാഥാർത്ഥ്യത്തിനും ദൈവം നൽകുന്ന ആശ്വാസത്തിനും ദാവീദ് സാക്ഷ്യം വഹിച്ചു (വാക്യം 4). അവന്റെ മാർഗനിർദേശക സാന്നിദ്ധ്യം നിമിത്തം മുന്നോട്ട് പോകാനുള്ള ഉറപ്പ് അഥവാ ആത്മവിശ്വാസം, ധൈര്യം എന്നിവയെ “ആശ്വാസം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം പ്രതിപാദിക്കുന്നു.
അനന്തരഫലം എന്തായിരിക്കുമെന്ന് അറിയാതെ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലേക്ക് ചെന്നെത്തുമ്പോൾ നല്ല ഇടയൻ നമ്മോടൊപ്പം നടക്കുന്നുവെന്ന സൗമ്യമായ ഓർമ്മപ്പെടുത്തൽ ആവർത്തിച്ചുകൊണ്ടു നമുക്ക് സ്വയം ധൈര്യപ്പെടാം.

ജാതികളെ സ്നേഹിക്കുക
മധ്യ-ദക്ഷിണ അമേരിക്കയിൽ നിന്നുള്ള സ്നേഹസമ്പന്നരും കഠിനാധ്വാനികളുമായ മാതാപിതാക്കളുടെ മകൾ എന്ന നിലയിൽ, തങ്ങളുടെ കുടുംബങ്ങളിൽവച്ചു മെച്ചപ്പെട്ട അവസരങ്ങൾക്കായി അമേരിക്കയിലേക്ക് കുടിയേറിയ ഒന്നാമത്തെ കുടുംബമാകാൻ അവർ കാണിച്ച ധൈര്യത്തിൽ ഞാൻ നന്ദിയുള്ളവളാണ്. യൗവനത്തിൽ അവർ ന്യൂയോർക്ക് സിറ്റിയിൽവച്ചു കണ്ടുമുട്ടി, വിവാഹം കഴിച്ചു, എന്റെ സഹോദരിക്കും എനിക്കും ജന്മം നൽകി, തങ്ങളുടെ ബിസിനസ്സുകൾ നടത്തിക്കൊണ്ടു മുന്നോട്ടുപോയി.
ന്യൂയോർക്കിൽ ജനിച്ചുവളർന്ന ഞാൻ എന്റെ ഹിസ്പാനിക് പൈതൃകം ഉൾക്കൊണ്ടുകൊണ്ടു, വൈവിധ്യമാർന്ന പശ്ചാത്തലത്തിലുള്ള ആളുകളിൽ ആകൃഷ്ടയായി തീർന്നു. ഉദാഹരണത്തിന്, ബ്രോഡ്‌വേ തിയേറ്ററിൽ ചേരുന്ന, വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള വ്യക്തികൾ പങ്കെടുക്കുന്ന ഒരു സഭയിലെ സായാഹ്ന ശുശ്രൂഷയിൽ ഒരിക്കൽ ഞാൻ എന്റെ വിശ്വാസത്തിന്റെ കഥ പങ്കുവച്ചു. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള വ്യക്തികൾ ക്രിസ്തുവിന്റെ ശരീരമായി ഒത്തുചേരുന്നത് കാണുമ്പോൾ സ്വർഗ്ഗം എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു ക്ഷണദർശനം മാത്രമാണ് ദൈവസ്നേഹത്തെക്കുറിച്ച് ഒരു ബഹുസ്വര സംഘത്തോടു സംസാരിക്കുന്നത്.
വെളിപ്പാടിൽ, അപ്പൊസ്തലനായ യോഹന്നാൻ സ്വർഗ്ഗത്തെക്കുറിച്ചുള്ള ഈ അത്ഭുതകരമായ ചിത്രം നമുക്ക് നൽകുന്നു: “ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു” (വെളിപ്പാട് 7:9). നമ്മുടെ രക്ഷകനായ ദൈവത്തിനു “സ്തുതിയും മഹത്വവും” അവൻ “എന്നേക്കും” യോഗ്യനായതിനാൽ അതിലുപരിയും ലഭിക്കും (വാക്യം 12).
സ്വർഗം എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു ക്ഷണദർശനം നമുക്കിപ്പോൾ ലഭിച്ചു. എന്നാൽ ഒരു ദിവസം, യേശുവിൽ വിശ്വസിക്കുന്ന നാം അവനുമായും വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും ഭാഷകളിലും നിന്നുള്ള ആളുകളുമായി ഐക്യപ്പെടും. ദൈവം ജാതികളെ സ്നേഹിക്കുന്നതിനാൽ, ക്രിസ്തുവിലുള്ള നമ്മുടെ ആഗോള കുടുംബത്തെ നമുക്കും സ്നേഹിക്കാം.

നമ്മുടെ വിശ്വസ്തനായ പിതാവ്
ചിരിച്ചുകൊണ്ടിരിക്കുന്ന, പിച്ചവയ്ക്കാൻ മാത്രം പ്രായമുള്ള കുഞ്ഞു ക്സറിയാനെ ആറടി മൂന്നിഞ്ച് ഉയരമുള്ള എന്റെ മകൻ സേവ്യർ അനായാസം വായുവിലേക്ക് എടുത്തുയർത്തി. അവൻ തന്റെ വലിയ കൈ കുഞ്ഞിന്റെ ചെറിയ പാദങ്ങളിൽ ചുറ്റിക്കൊണ്ടു കൈപ്പത്തിയിൽ ഉറപ്പിച്ചുപിടിച്ചു. തന്റെ നീണ്ട കൈ നീട്ടി, സ്വന്തം നിലയിൽ ബാലൻസ് ചെയ്യാൻ കുഞ്ഞിനെ അവൻ പ്രോത്സാഹിപ്പിച്ചുവെങ്കിലും ആവശ്യമെങ്കിൽ അവനെ പിടിച്ചുനിർത്താനായി സ്വതന്ത്രമായ തന്റെ മറ്റെ കൈ തയ്യാറാക്കിവച്ചു. ക്സറിയാൻ തന്റെ കാലുകൾ നേരെയാക്കി നവർന്നുനിന്നു. വിടർന്ന പുഞ്ചിരിയോടെ കൈകൾ ശരീരത്തോടു ചേർത്തുവച്ചു കൊണ്ട് അവൻ തന്റെ പിതാവിന്റെ കണ്ണുകളിൽ നോക്കിനിന്നു.
നമ്മുടെ സ്വർഗീയ പിതാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രയോജനങ്ങൾ പ്രവാചകനായ യെശയ്യാവു പ്രഖ്യാപിച്ചു: “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാ വ് 26:3). തിരുവെഴുത്തുകളിൽ അവനെ അന്വേഷിക്കാനും പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും അവനുമായി ബന്ധം സ്ഥാപിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കാൻ അവൻ ദൈവജനത്തെ പ്രോത്സാഹിപ്പിച്ചു. പിതാവുമായുള്ള തങ്ങളുടെ സ്ഥാപിത കൂട്ടായ്മയിലൂടെ വളർത്തിയെടുക്കപ്പെട്ട ആത്മവിശ്വാസം നിറഞ്ഞ ആശ്രയത്വം വിശ്വസ്തരായ ഇവർ അനുഭവിച്ചറിയും.
ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളെന്ന നിലയിൽ, നമുക്ക് ധൈര്യത്തോടെ പറയാം: “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ” (വാക്യം 4). എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് വിശ്വസ്തനാണ്. തിരുവെഴുത്തുകൾക്കും അവനും ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല.
നമ്മുടെ സ്വർഗീയ പിതാവിൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുമ്പോൾ, അവൻ നമ്മുടെ പാദങ്ങൾ അവന്റെ കരങ്ങളിൽ ഉറപ്പിച്ചു നിർത്തും. അവൻ എന്നേക്കും സ്നേഹമുള്ളവനും വിശ്വസ്തനും നല്ലവനുമായി തുടരുമെന്നു നമുക്ക് ഉറപ്പിക്കാൻ സാധിക്കും!
