Category  |  odb

വൃത്തിയാക്കല്‍ രീതി

വാഷ്‌ബേസിനില്‍ കൈകഴുകിക്കൊണ്ട്, രണ്ടു കൊച്ചുകുട്ടികള്‍ പരസ്പരം ''ഹാപ്പി ബര്‍ത്ത്‌ഡേ'' എന്നു രണ്ടു പ്രാവശ്യം വീതം സന്തോഷത്തോടെ പാടുന്നു. ''അണുക്കളെ കഴുകിക്കളയാന്‍ അത്രയധികം സമയമെടുക്കും,'' അവരുടെ അമ്മ അവരോടു പറയുന്നു. കോവിഡ്-19 മഹാമാരിക്കു മുമ്പുതന്നെ, സമയമെടുത്ത് അവരുടെ കൈകളില്‍ നിന്ന് അഴുക്കു വൃത്തിയാക്കാന്‍ അവര്‍ പഠിച്ചു.

മഹാമാരിയില്‍നിന്നു നാം പഠിച്ചതുപോലെ, വസ്തുക്കളെ വൃത്തിയായി സൂക്ഷിക്കുന്നതു ശ്രമകരമായ ഒരു പ്രക്രിയയാണ്. എന്നിരുന്നാലും, പാപത്തെ മായിച്ചുകളയുക എന്നതിനര്‍ത്ഥം, ദൈവത്തിലേക്കു മടങ്ങിച്ചെല്ലുന്നതിനുള്ള ചുവടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. 

റോമാ സാമ്രാജ്യത്തിലുടനീളം ചിതറിക്കിടക്കുന്ന യേശുവിലുള്ള വിശ്വാസികളോട് തങ്ങളുടെ ശ്രദ്ധ ദൈവത്തിലേക്കു തിരിക്കാന്‍ യാക്കോബ് ആവശ്യപ്പെട്ടു. കലഹങ്ങളും തമ്മില്‍ത്തല്ലും, നേതൃത്വം, സമ്പത്ത്, ലൗകിക സുഖങ്ങള്‍, പണം, അംഗീകാരം എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും അവരെ ദൈവത്തിന്റെ ശത്രുക്കളാക്കി മാറ്റി. ''ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്‍; പിശാചിനോട് എതിര്‍ത്തുനില്ക്കുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും. ... പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിന്‍'' (യാക്കോബ് 4:7-8) എന്നു യാക്കോബ് അവര്‍ക്കു മുന്നറിയിപ്പു നല്‍കി.  പക്ഷെ എങ്ങനെ?

''ദൈവത്തോട് അടുത്തു ചെല്ലുവിന്‍; എന്നാല്‍ അവന്‍ നിങ്ങളോട് അടുത്തുവരും'' (വാ. 8). നമ്മുടെ ജീവിതത്തില്‍ നിന്ന് പാപത്തിന്റെ അഴുക്കു നീക്കിക്കളയാന്‍ ദൈവത്തിങ്കലേക്കു തിരിയേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന വാക്കുകളാണ് ഇവ. ശുദ്ധീകരണ രീതി യാക്കോബ് വിശദീകരിച്ചു: ''സങ്കടപ്പെട്ടു ദുഃഖിച്ചു കരയുവിന്‍; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും'' (വാ. 9-10).

നമ്മുടെ പാപത്തെ കൈകാര്യം ചെയ്യുന്നത് നമ്മെ വിനയപ്പെടുത്തും. എന്നാല്‍ ഹല്ലേലൂയാ, നമ്മുടെ ''കഴുകല്‍'' ആരാധനയാക്കി മാറ്റാന്‍ ദൈവം വിശ്വസ്തനാണ്.

ദൈവത്തെ ബഹുമാനിക്കുന്നതു തിരഞ്ഞെടുക്കുക

ലിയോ ടോള്‍സ്റ്റോയിയുടെ ഫാമിലി ഹാപ്പിനെസ് എന്ന നോവലില്‍, പ്രധാന കഥാപാത്രങ്ങളായ സെര്‍ജിയും മാഷയും, മാഷ ചെറുപ്പവും ആകര്‍ഷകയുമായിരുന്നപ്പോഴാണ് കണ്ടുമുട്ടുന്നത്. മാഷ ഗ്രാമീണ പശ്ചാത്തലത്തിലുള്ള തനി നാടന്‍ പെണ്‍കുട്ടിയാണ്. സെര്‍ജിയാകട്ടെ പ്രായമുള്ളവനും ധാരാളം യാത്ര ചെയ്യുന്നവനും ലോകപരിചയമുള്ളവനുമായ ബിസ്സിനസുകാരനും. കാലക്രമേണ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു.

അവര്‍ നാട്ടിന്‍പുറത്തു സ്ഥിരതാമസമാക്കുന്നു, പക്ഷേ മാഷയ്ക്ക് അവളുടെ ചുറ്റുപാടുകളില്‍ മടുപ്പുളവാകുന്നു. അവളെ ആരാധിക്കുന്ന സെര്‍ജി, സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗിലേക്ക് ഒരു യാത്ര ക്രമീകരിക്കുന്നു. അവിടെ, മാഷയുടെ സൗന്ദര്യവും മനോഹാരിതയും അവളെ തല്‍ക്ഷണം പ്രശസ്തയാക്കുന്നു. ദമ്പതികള്‍ നാട്ടിലേക്കു മടങ്ങാന്‍ തയ്യാറാകുന്നതിനിടയില്‍, ഒരു രാജകുമാരന്‍ അവളെ കാണാന്‍ ആഗ്രഹിച്ച് പട്ടണത്തിലെത്തുന്നു. മാഷയെ നിര്‍ബന്ധിച്ച് തന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയുമെന്നു സെര്‍ജിക്ക് അറിയാമെങ്കിലും ഒരു തീരുമാനമെടുക്കാന്‍ അയാള്‍ അവളെ അനുവദിക്കുന്നു. അവള്‍ രാജകുമാരനോടൊപ്പം താമസിക്കുന്നതു തിരഞ്ഞെടുക്കുന്നു, അവളുടെ വിശ്വാസവഞ്ചന സെര്‍ജിയുടെ ഹൃദയത്തെ തകര്‍ക്കുന്നു.

സെര്‍ജി ചെയ്തതുപോലെ, തന്നോടു വിശ്വസ്തരായിരിക്കാന്‍ ദൈവം ഒരിക്കലും നമ്മെ നിര്‍ബന്ധിക്കുന്നില്ല. അവിടുന്നു നമ്മെ സ്‌നേഹിക്കുന്നതിനാല്‍ അവിടുത്തെ തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ അവിടുന്നു നമ്മെ അനുവദിക്കുന്നു. നമ്മുടെ ആദ്യ തിരഞ്ഞെടുപ്പ് നമ്മുടെ പാപത്തിനു പരിഹാരമായിത്തീര്‍ന്ന തന്റെ പുത്രനായ യേശുക്രിസ്തുവിനെ ( യോഹന്നാന്‍ 4:9-10) നാം സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നു. അതിനുശേഷവും, നമുക്ക് ആജീവനാന്തം തീരുമാനമെടുക്കാനുണ്ട്.

ദൈവത്തിന്റെ ആത്മാവു നമ്മെ നയിക്കുന്നതുപോലെ നാം ദൈവത്തോടുള്ള വിശ്വസ്തത തിരഞ്ഞെടുക്കുമോ അതോ ലോകം നമ്മെ വശീകരിക്കാന്‍ അനുവദിക്കുമോ? ദാവീദിന്റെ ജീവിതം പൂര്‍ണ്ണതയുള്ളതായിരുന്നില്ല, എന്നാല്‍ 'യഹോവയുടെ വഴികള്‍' പിന്തുടരുന്നതിനെക്കുറിച്ചും അങ്ങനെ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നല്ല ഫലങ്ങളെക്കുറിച്ചും അവന്‍ പലപ്പോഴും എഴുതിയിട്ടുണ്ട് (സങ്കീര്‍ത്തനം 18:21-24). നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ദൈവത്തെ ബഹുമാനിക്കുമ്പോള്‍, ദാവീദ് വിവരിച്ച അനുഗ്രഹം നമുക്ക് അനുഭവിക്കാന്‍ കഴിയും - നിഷ്‌കളങ്കനോടു നീ നിഷ്‌കളങ്കനായിരിക്കും.

തിരക്കിട്ട പ്രാര്‍ത്ഥന വേണ്ട

ഹവായിയന്‍ ജനത, ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനുമുമ്പ് അതിനു തയ്യാറെടുത്തുകൊണ്ട് തങ്ങളുടെ ക്ഷേത്രങ്ങള്‍ക്കു പുറത്ത് വളരെ സമയം ചിലവഴിക്കുന്നതിനെക്കുറിച്ച് ഒരു കഥ ആലീസ് കഹോളുസുന വിവരിക്കുന്നു. പ്രവേശിച്ചതിനുശേഷവും അവര്‍ പ്രാര്‍ത്ഥിക്കുന്നതിനായി ശ്രീകോവിലിലേക്ക് ഇഴഞ്ഞാണു ചെല്ലുന്നത്. അതിനുശേഷം, അവര്‍ തങ്ങളുടെ പ്രാര്‍ത്ഥനയിലേക്കു ''ജീവശ്വാസം  ഊതാന്‍'' വളരെ നേരം കാത്തിരിക്കും. മിഷനറിമാര്‍ ദ്വീപിലെത്തിയപ്പോള്‍, ഹവായിക്കാര്‍ക്ക് ചിലപ്പോഴൊക്കെ അവരുടെ പ്രാര്‍ത്ഥന വിചിത്രമായി തോന്നി. മിഷനറിമാര്‍ എഴുന്നേറ്റു നിന്നു കുറച്ചു വാചകം ഉച്ചരിക്കുകയും അതിനെ ''പ്രാര്‍ത്ഥന'' എന്ന് വിളിക്കുകയും ആമേന്‍ പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രാര്‍ത്ഥനകളെ ''ജീവശ്വാസമില്ലാത്തവ'' എന്നാണ് ഹവായിക്കാര്‍ വിശേഷിപ്പിച്ചത്.

''മിണ്ടാതിരുന്ന് അറിയുവാന്‍'' (സങ്കീര്‍ത്തനം 46:10) ദൈവജനം എല്ലായ്പ്പോഴും അവസരം എടുക്കാതിരിക്കുന്നതിനെക്കുറിച്ചാണ് ആലീസ് പറഞ്ഞ കഥ സൂചിപ്പിക്കുന്നത്. തെറ്റിദ്ധരിക്കരുത് - നമ്മുടെ പ്രാര്‍ത്ഥനകള്‍ വേഗത്തിലായാലും സാവധാനത്തിലായാലും ദൈവം കേള്‍ക്കുന്നു. എന്നാല്‍ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ വേഗത നമ്മുടെ ഹൃദയത്തിന്റെ വേഗതയെ വെളിപ്പെടുത്തുന്നു. കൂടാതെ, നമ്മുടെ ജീവിതത്തോടു മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതത്തോടും സംസാരിക്കാന്‍ ദൈവത്തിനു ധാരാളം സമയം നാം അനുവദിക്കേണ്ടതുണ്ട്. തിരക്കിട്ട്, ആമേന്‍ പറഞ്ഞ്, അവസാനിപ്പിക്കുന്നതുകൊണ്ട് എത്രയോ ജീവദായക നിമിഷങ്ങളാണു നമുക്കു നഷ്ടമായിട്ടുള്ളത്?

മന്ദഗതിയിലുള്ള ആളുകളോടു മുതല്‍ മന്ദഗതിയിലുള്ള ട്രാഫിക്ക് വരെ എല്ലാ കാര്യങ്ങളിലും നാം പലപ്പോഴും അക്ഷമരാണ്. എന്നിരുന്നാലും, ദൈവം തന്റെ ദയയില്‍ പറയുന്നു, ''ശാന്തമായിരിക്കുക. നിശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുക,  പതുക്കെ പോകുക, ഞാന്‍ ദൈവമാണെന്ന് ഓര്‍ക്കുക, നിങ്ങളുടെ സങ്കേതവും ശക്തിയും കഷ്ടങ്ങളില്‍ എറ്റവും അടുത്ത തുണയും ആണെന്നോര്‍ക്കുക.'' അങ്ങനെ ചെയ്യുന്നതിലൂടെ ദൈവം ദൈവമാണെന്ന് അറിയുകയാണു നാം ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ നാം ദൈവത്തിലാശ്രയിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നാം ജീവിക്കുകയാണ്.

സംതൃപ്തിയുടെ രഹസ്യം

നീന്തല്‍ അപകടത്തെ തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്ന ജോനി എറെക്‌സണ്‍ ടാഡ വീട്ടിലേക്കു മടങ്ങിയെത്തിയപ്പോള്‍, അവളുടെ ജീവിതം പാടേ വ്യത്യാസപ്പെട്ടിരുന്നു. ഇപ്പോള്‍ വീടിന്റെ വാതിലുകള്‍ അവളുടെ വീല്‍ചെയറിനു കടക്കാന്‍ കഴിയാത്തവിധം ഇടുങ്ങിയതും സിങ്കുകള്‍ വളരെ ഉയര്‍ന്നതുമായിരുന്നു. സ്വയം ഭക്ഷണം കഴിക്കാന്‍ അവള്‍ പഠിക്കുന്നതുവരെ ആരെങ്കിലും അവള്‍ക്കു ഭക്ഷണം നല്‍കേണ്ടിയിരുന്നു. കൈയുടെ സ്ഥാനത്തുള്ള സ്പ്ലിന്റില്‍ ഘടിപ്പിച്ച സ്പൂണ്‍ അവള്‍ ആദ്യമായി വായിലേക്ക് ഉയര്‍ത്തിയപ്പോള്‍, ആപ്പിള്‍ സോസ് വസ്ത്രങ്ങളിലെല്ലാം വീണത് അവള്‍ക്ക് അപമാനകരമായി തോന്നി. പക്ഷേ അവള്‍ തളര്‍ന്നില്ല. അവള്‍ പറയുന്നതുപോലെ, 'യേശുവിനെ ആശ്രയിക്കുന്നതും 'ഓ, ദൈവമേ, എന്നെ ഇതിനു സഹായിക്കൂ!' എന്നു പറയുന്നതും ആയിരുന്നു എന്റെ രഹസ്യം.''  ഇന്ന് അവള്‍ ഒരു സ്പൂണ്‍ നന്നായി കൈകാര്യം ചെയ്യുന്നു.

തന്റെ തടവിലാക്കപ്പെട്ട അവസ്ഥ, മറ്റൊരു തടവുകാരനെയും - റോമന്‍ ജയിലില്‍ അടയ്ക്കപ്പെട്ട അപ്പൊസ്തലനായ പൗലൊസിനെ - ഫിലിപ്പിയര്‍ക്ക് അദ്ദേഹമയച്ച കത്തിനെയും നോക്കിക്കാണാന്‍ തന്നെ സഹായിച്ചതായി ജോനി പറയുന്നു. പൗലൊസ് നേടിയ നേട്ടങ്ങള്‍ക്കായി ജോനി പരിശ്രമിക്കുന്നു: ''ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്'' (ഫിലിപ്പിയര്‍ 4:11). സമാധാനമായിരിക്കാന്‍ പൗലൊസിന് പഠിക്കേണ്ടതുണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധിക്കുക. അവന്‍ സഹജമായി സമാധാനത്തിലായിരുന്നില്ല. എങ്ങനെയാണ് അവന്‍ സംതൃപ്തി കണ്ടെത്തിയത്? ക്രിസ്തുവില്‍ ആശ്രയിച്ചതിലൂടെ: ''എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു'' (വാ. 13).

നാമെല്ലാവരും വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്നു; ആ സമയങ്ങളിലെല്ലാം സഹായത്തിനും ശക്തിക്കും സമാധാനത്തിനുമായി നമുക്കെല്ലാവര്‍ക്കും യേശുവിനെ നോക്കാനാകും. നമ്മുടെ പ്രിയപ്പെട്ടവരെ പഴിചാരുന്നതില്‍ നിന്നു പിന്തിരിയാന്‍ അവിടുന്നു നമ്മെ സഹായിക്കും; കഠിനമായ അടുത്ത കാര്യം ചെയ്യാന്‍ അവിടുന്നു നമുക്കു ധൈര്യം നല്‍കും. അവങ്കലേക്കു നോക്കുക, സംതൃപ്തി കണ്ടെത്തുക.

നിങ്ങളുടെ ജീവിതത്തിന്റെ അഭിനിവേശം

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സായാഹ്നത്തില്‍, ഞാനും ഭാര്യയും രണ്ടു സുഹൃത്തുക്കളോടൊപ്പം ഒരു മലയോര പാതയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പാത ഇടുങ്ങിയതും ഒരു വശം കിഴുക്കാംതൂക്കായുള്ളതും മറുവശം ചെങ്കുത്തായ മലയുമായിരുന്നു. 

ഞങ്ങള്‍ ഒരു വളവു തിരിഞ്ഞുവരുമ്പോള്‍, ഒരു വലിയ കരടി റോഡിനു നടുവില്‍ തല ഇരുവശത്തേക്കും ആട്ടിക്കൊണ്ടും പതുക്കെ മുരണ്ടുകൊണ്ടും നില്‍ക്കുന്നതു കണ്ടു. ഞങ്ങള്‍ ഇറക്കം ഇറങ്ങുകയായിരുന്നു. അവന്‍ ഞങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയില്ല, പക്ഷേ അവന്‍ ഉടന്‍ ഞങ്ങളെ കാണുമെന്നുറപ്പായിരുന്നു.

ഞങ്ങളുടെ സുഹൃത്ത് ക്യാമറയ്ക്കായി അവളുടെ ജാക്കറ്റില്‍ പരതാന്‍ തുടങ്ങി. ''ഓ, ഒരു ചിത്രം എടുക്കണം!'' അവള്‍ പറഞ്ഞു. ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന അപകടത്തില്‍ അസ്വസ്ഥയായി ഞാന്‍ പറഞ്ഞു, ''വേണ്ട, നമുക്ക്  ഇവിടെ നിന്ന് രക്ഷപ്പെടണം.'' അങ്ങനെ ഞങ്ങള്‍ കരടിയുടെ കാഴ്ചയ്ക്കപ്പുറത്തേക്കു പതുക്കെ പുറകോട്ടു നടന്നു - അഥവാ ഓടി രക്ഷപ്പെട്ടു.

സമ്പന്നരാകാനുള്ള അപകടകരമായ അഭിനിവേശത്തെക്കുറിച്ച് അങ്ങനെയാണു നമുക്കു തോന്നേണ്ടത്. പണത്തില്‍ തെറ്റൊന്നുമില്ല; ഇത് ഒരു കൈമാറ്റ മാധ്യമം മാത്രമാണ്. എന്നാല്‍ സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നവര്‍ ''പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു'' എന്ന് പൗലൊസ് എഴുതി (1 തിമൊഥെയൊസ് 6:9). സമ്പത്ത് എന്നത് കൂടുതല്‍ നേടാനുള്ള ഒരു പ്രേരണ മാത്രമാണ്.

പകരം, നാം നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരണം'' (വാ. 11). നാം അവയെ പിന്തുടരുകയും അവ നമ്മുടെ ഉള്ളില്‍ രൂപപ്പെടാന്‍ ദൈവത്തോട്് അപേക്ഷിക്കുകയും ചെയ്യുമ്പോള്‍ ഈ സ്വഭാവവിശേഷങ്ങള്‍ നമ്മില്‍ വളരുന്നു. ഇങ്ങനെയാണ് ദൈവത്തില്‍ നാം അന്വേഷിക്കുന്ന അഗാധമായ സംതൃപ്തി നമുക്കു ലഭിക്കുന്നത്.