ഇതൊന്നു സങ്കല്പിച്ചു നോക്കുക!
ഒരു ജനപ്രിയ, ഭവന നവീകരണ ടെലിവിഷന്‍ പ്രോഗ്രാമിനിടെ, 'ഇതൊന്നു സങ്കല്പിച്ചു നോക്കുക!' എന്ന് അവതാരക കൂടെക്കൂടെ പറയുന്നത് പ്രോക്ഷകര്‍ കേള്‍ക്കാറുണ്ട്. തുടര്‍ന്ന്, പഴയ വസ്തുക്കള്‍ പുനര്‍നിര്‍മ്മിക്കുകയോ ഭിത്തികളും തറയും പെയിന്റടിക്കുകയോ നിറംപിടിപ്പിക്കുകയോ ചെയ്തത് അവള്‍ അനാവരണം ചെയ്യുന്നു. ഒരു എപ്പിസോഡില്‍, നവീകരണത്തിനുശേഷം വീട്ടുടമസ്ഥ വളരെയധികം സന്തോഷിക്കുന്നതു പ്രേക്ഷകര്‍ കണ്ടു. വിവിധ സന്തോഷപ്രകടനങ്ങളോടൊപ്പം, 'അത് മനോഹരമാണ്!' എന്ന വാക്കുകള്‍ അവളുടെ നാവില്‍ നിന്നു മൂന്നു പ്രാവശ്യം പുറപ്പെട്ടു.
ബൈബിളിലെ, നമ്മെ അതിശയിപ്പിക്കുന്ന 'ഇതൊന്നു സങ്കല്പിച്ചു നോക്കുക!'' ഭാഗങ്ങളിലൊന്നാണ് യെശയ്യാവ് 65:17-25. എത്ര വര്‍ണ്ണാഭമായ പുനഃസൃഷ്ടി രംഗമാണത്! ആകാശത്തിന്റെയും ഭൂമിയുടെയും ഭാവിയിലെ പുതുക്കലാണവിടെ കാണുന്നത് (വാ. 17). അതു കേവലം സൗന്ദര്യവല്കരണമല്ല. ഇത് ആഴമേറിയതും യഥാര്‍ത്ഥവുമാണ്, ജീവിതത്തിനു മാറ്റം വരുത്തുന്നതും ജീവന്‍ സംരക്ഷിക്കുന്നതുമാണത്. 'അവര്‍ വീടുകളെ പണിതു പാര്‍ക്കും; അവര്‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം
അനുഭവിക്കും'' (വാ. 21). അക്രമം പഴങ്കഥയായി മാറും: 'എന്റെ വിശുദ്ധപര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല' (വാ. 25).
യെശയ്യാവ് 65 ല്‍ ദര്‍ശിക്കുന്ന ഫലങ്ങള്‍ ഭാവിയില്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ തന്നേ, പ്രപഞ്ച നവീകരണം ആസൂത്രണം ചെയ്യുന്ന ദൈവം ഇപ്പോള്‍ ജീവിതനവീകരണത്തിന്റെ ബിസിനസ്സിലാണ്. അപ്പൊസ്തലനായ പൗലൊസ് നമുക്ക് ഉറപ്പു നല്‍കുന്നു, 'ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു' (2 കൊരിന്ത്യര്‍ 5:17). പുനഃസ്ഥാപനം ആവശ്യമുണ്ടോ? നിങ്ങളുടെ ജീവിതം സംശയം, അനുസരണക്കേട്, വേദന എന്നിവയാല്‍ തകര്‍ന്നിട്ടുണ്ടോ? യേശുവിലൂടെയുള്ള ജീവിതരൂപാന്തരം യഥാര്‍ത്ഥവും മനോഹരവും ആണ്; അതു ചോദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു ലഭ്യവുമാണ്.

ദൈവം അവിടെയുണ്ട്
പ്രായമായ തന്റെ പിതാവിനായി ഓബ്രി ഒരു കമ്പിളിക്കോട്ടു വാങ്ങിയെങ്കിലും, അതു ധരിക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു. തുടര്‍ന്ന്, അവള്‍ ഒരു പ്രോത്സാഹനക്കുറിപ്പും 20 ഡോളറിന്റെ നോട്ടും പോക്കറ്റില്‍ ഇട്ട് ജാക്കറ്റ് ജീവകാരുണ്യത്തിനായി നല്‍കി.
തൊണ്ണൂറു മൈല്‍ അകലെ, കുടുംബത്തിലെ ഛിദ്രം സഹിക്കവയ്യാതെ, പത്തൊന്‍പതുകാരനായ കെല്ലി തന്റെ കോട്ടുപോലും എടുക്കാതെ വീടു വിട്ടു. തനിക്കു പോകാന്‍ കഴിയുന്ന ഒരിടത്തെക്കുറിച്ചു മാത്രമേ അവനറിയുമായിരുന്നുള്ളു- അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന മുത്തശ്ശിയുടെ വീട്. മണിക്കൂറുകള്‍ക്കു ശേഷം അവന്‍ ബസ്സിറങ്ങി മുത്തശ്ശിയുടെ കരവലയത്തിലമര്‍ന്നു. ശീതക്കാറ്റില്‍ നിന്ന് അവനെ രക്ഷിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു, ''നിനക്കുവേണ്ടി നമുക്കൊരു കോട്ടു വാങ്ങണം!'' മിഷന്‍ സ്‌റ്റോറില്‍, കെല്ലി തനിക്കിഷ്ടപ്പെട്ട ഒരു കോട്ടു കണ്ടെത്തി. കൈകള്‍ പോക്കറ്റിലേക്കു താഴ്ത്തിയപ്പോള്‍ ഒരു കവര്‍ കൈയില്‍ തടഞ്ഞു - അതില്‍ 20 ഡോളറും ഓബ്രിയുടെ കുറിപ്പും.
യാക്കോബ് തന്റെ ജീവനെ ഭയന്ന്, ഛിദ്രിച്ച കുടുംബത്തില്‍നിന്ന് ഓടിപ്പോയി (ഉല്പത്തി 27:41-45). രാത്രിയില്‍ അവന്‍ ഒരിടത്തു വിശ്രമിച്ചപ്പോള്‍, ദൈവം സ്വപ്‌നത്തില്‍ യാക്കോബിനു സ്വയം വെളിപ്പെടുത്തി. 'ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്്; നീ പോകുന്നിടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും'' എന്നു ദൈവം അവനോടു പറഞ്ഞു (28:15). യാക്കോബ് ഒരു നേര്‍ച്ച നേര്‍ന്നു, ''ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിക്കുവാന്‍ ആഹാരവും ധരിക്കുവാന്‍ വസ്ത്രവും എനിക്കു തരികയും ... ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും' (വാ. 20-21).
യാക്കോബ് ഒരു പരുക്കന്‍ യാഗപീഠം ഉണ്ടാക്കി, ആ സ്ഥലത്തിന് 'ദൈവത്തിന്റെ ഭവനം' എന്നു പേരിട്ടു (വാ. 22). ഓബ്രിയുടെ കുറിപ്പും ആ 20 ഡോളറും താന്‍ പോകുന്നിടത്തെല്ലാം കെല്ലി കൊണ്ടുപോകുന്നു. നാം എവിടേക്ക് ഓടിയാലും അവിടെ ദൈവം ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് അവ രണ്ടും.

അവന്‍ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും
മുറിവേറ്റ കുതിരയ്ക്ക്് ഡ്രമ്മര്‍ ബോയ് എന്നു പേരിട്ടു. ചാര്‍ജ്ജ് ഓഫ് ലൈറ്റ് ബ്രിഗേഡ് എന്ന പേരില്‍ പ്രസിദ്ധമായ യുദ്ധത്തിലേക്കു ബ്രിട്ടീഷ് സൈനികരെ എത്തിച്ച 112 കുതിരകളിലൊന്നായിരുന്നു അത്. ആ മൃഗം അത്യധികം ധൈര്യവും ശക്തിയും പ്രകടിപ്പിച്ചതിനാല്‍, ധീരരായ മനുഷ്യരെപ്പോലെ കുതിരയും ഒരു മെഡലിന് അര്‍ഹനാണെന്നു നിയുക്ത കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ ഡി സാലിസ് തീരുമാനിച്ചു. ശത്രുസൈന്യത്തിനെതിരായ അവരുടെ സൈനിക നടപടി പരാജയപ്പെട്ടെങ്കിലും അദ്ദേഹമിതു ചെയ്തു. കുതിരപ്പടയുടെ വീര്യം, അവരുടെ കുതിരകളുടെ ധൈര്യവുമായി പൊരുത്തപ്പെട്ടിരുന്നതിനാല്‍, ഈ ഏറ്റുമുട്ടല്‍ ബ്രിട്ടന്റെ ഏറ്റവും വലിയ സൈനിക നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു, അതിന്നും ആഘോഷിക്കപ്പെടുന്നു.
എന്നിരുന്നാലും, ഈ ഏറ്റുമുട്ടല്‍ ഒരു പുരാതന ബൈബിള്‍ സദൃശവാക്യത്തിന്റെ ജ്ഞാനം വെളിപ്പെടുത്തുന്നു: 'കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു'' (സദൃശവാക്യങ്ങള്‍ 21:31). തിരുവെഴുത്ത് ഈ തത്വം വ്യക്തമായി സ്ഥിരീകരിക്കുന്നു. 'നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിക്കുവാന്‍ നിങ്ങളോടുകൂടെ പോരുന്നു എന്ന് അവരോടു പറയണം'' (ആവര്‍ത്തനം 20:4). മരണത്തിന്റെ വിഷമുള്ളിനെതിരെ പോലും അപ്പൊസ്തലനായ പൗലൊസ് എഴുതി, 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്‌തോത്രം'' (1 കൊരിന്ത്യര്‍ 15:56-57).
ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങള്‍ക്കു തയ്യാറാകുക എന്നതാണ് ഇതറിയുന്ന നാം ചെയ്യേണ്ടത്. ഒരു ശുശ്രൂഷ കെട്ടിപ്പടുക്കുന്നതിന്, നാം പഠിക്കുകയും ജോലി ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മനോഹരമായ ഒരു കലാരൂപം സൃഷ്ടിക്കുന്നതിന്, നാം ഒരു വൈദഗ്ദ്ധ്യം നേടുന്നു. ഒരു പര്‍വ്വതത്തെ കീഴടക്കുന്നതിന്, നാം ഉപകരണങ്ങള്‍ സമ്പാദിക്കുകയും ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരുക്കപ്പെടുന്ന നാം, ക്രിസ്തുവിന്റെ ശക്തമായ സ്‌നേഹത്തിലൂടെ വിജയികളാണ്.

ദൈവത്തോടൊപ്പം സമയം ചെലവഴിക്കുക
ഒരു പ്രസ്ബിറ്റേറിയന്‍ ശുശ്രൂഷകനായ പിതാവിനോടൊപ്പം അമേരിക്കയിലെ ഒരു പടിഞ്ഞാറന്‍ സംസ്ഥാനത്തു വളര്‍ന്നുവന്ന രണ്ട് ആണ്‍കുട്ടികളുടെ കഥപറയുന്ന, നോര്‍മന്‍ മക്ലീന്റെ പ്രശ്‌സതമായ കഥയാണ് അതിലൂടെ ഒരു നദി ഒഴുകുന്നു (എ റിവര്‍ റണ്‍സ് ത്രൂ ഇറ്റ്). ഞായറാഴ്ച പ്രഭാതങ്ങളില്‍, നോര്‍മനും സഹോദരന്‍ പോളും പള്ളിയില്‍ പോയി, അവിടെ പിതാവിന്റെ പ്രസംഗം കേട്ടു. ഞായറാഴ്ച വൈകുന്നേരം മറ്റൊരു ശുശ്രൂഷ ഉണ്ടായിരുന്നു, അവിടെയും അവരുടെ പിതാവു വീണ്ടും പ്രസംഗിക്കും. എന്നാല്‍ ഈ രണ്ടു ശുശ്രൂഷകള്‍ക്കിടയില്‍, ''വിശ്രമിക്കുന്നതിനായി'' അദ്ദേഹം അവരോടൊപ്പം കുന്നുകളിലൂടെയും അരുവികളിലൂടെയും ചുറ്റി നടക്കും. ''തന്റെ ആത്മാവിനെ പുനഃസ്ഥാപിക്കുന്നതിനും സായാഹ്ന പ്രഭാഷണത്തില്‍ കവിഞ്ഞൊഴുകുന്നതിനായി വീണ്ടും നിറയ്ക്കുന്നതിനുമുള്ള'' അവരുടെ പിതാവിന്റെ മനഃപൂര്‍വ്വമായ പിന്‍വലിയലായിരുന്നു അത്.
സുവിശേഷങ്ങളിലുടനീളം, മലഞ്ചരിവുകളിലും പട്ടണങ്ങളിലുംവെച്ച് യേശു ജനക്കൂട്ടത്തെ പഠിപ്പിക്കുകയും, തന്റെയടുത്തേക്കു കൊണ്ടുവന്ന രോഗികളെയും വ്യാധികള്‍ ബാധിച്ചവരെയും സൗഖ്യമാക്കുകയും ചെയ്യുന്നതായി കാണുന്നു. ഈ ഇടപെടലുകളെല്ലാം തന്നെ ''കാണാതെപോയതിനെ തിരഞ്ഞു രക്ഷിക്കുക'' (ലൂക്കൊസ് 19:10)എന്ന മനുഷ്യപുത്രന്റെ ദൗത്യവുമായി പൊരുത്തപ്പെട്ടുപോകുന്നതായിരുന്നു. എങ്കിലും അവിടുന്നു പലപ്പോഴും 'നിര്‍ജ്ജനദേശത്തേക്കു വാങ്ങിപ്പോയി'' (5:16). അവിടെ യേശു പിതാവിനോട് ആശയവിനിമയം നടത്തി, പുതുക്കം പ്രാപിക്കുകയും വര്‍ദ്ധിത ഉത്സാഹത്തോടെ തന്റെ ദൗത്യത്തിലേക്കു വീണ്ടും ചുവടുവയ്ക്കുകയും ചെയ്തു.
ശുശ്രൂഷിക്കാനുള്ള നമ്മുടെ വിശ്വസ്തമായ ശ്രമങ്ങളില്‍, യേശു ''പലപ്പോഴും'' പിന്‍വാങ്ങിപ്പോയി എന്ന കാര്യം ഓര്‍മ്മിക്കുന്നതു നല്ലതാണ്. ഈ പരിശീലനം യേശുവിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നുവെങ്കില്‍, നമുക്ക് എത്രയധികം ആവശ്യമായിരിക്കുന്നു? നമ്മെ വീണ്ടും കവിഞ്ഞൊഴുകുന്ന അവസ്ഥയില്‍ നിറയ്ക്കാന്‍ കഴിയുന്ന നമ്മുടെ പിതാവിനോടൊപ്പം പതിവായി നമുക്കു സമയം ചെലവഴിക്കാം.

നമ്മുടെ പ്രശ്‌നങ്ങളേക്കാള്‍ വലിയവന്‍
ദിനോസറുകള്‍ ജീവിച്ചിരുന്നപ്പോള്‍ എങ്ങനെയായിരുന്നുവെന്നാണു നിങ്ങള്‍ സങ്കല്പിക്കുന്നത്? വലിയ പല്ലുകള്‍? ശല്ക്കങ്ങള്‍ നിറഞ്ഞ ത്വക്ക്? നീണ്ട വാല്? വംശനാശം സംഭവിച്ച ഈ ജീവികളെ ഒരു കലാകാരി വലിയ ചുവര്‍ച്ചിത്രങ്ങളില്‍ പുനര്‍നിര്‍മ്മിക്കുന്നു. അവളുടെ വലിയ ചിത്രങ്ങളിലൊന്നിന് ഇരുപതടിയിലധികം ഉയരവും അറുപതടി നീളവുമുണ്ട്. അതിന്റെ വലിപ്പം കാരണം, സാം നോബിള്‍ ഒക്ലഹോമ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ അതു സ്ഥാപിക്കുന്നതിനായി വിദഗ്ധരുടെ ഒരു വലിയ സംഘം വേണ്ടിവന്നു.
ദിനോസറുകളുടെ മുമ്പില്‍ നാം എത്ര ചെറുതാണ് എന്നു ചിന്തിക്കാതെ, ഈ ചുവര്‍ച്ചിത്രത്തിനു മുമ്പില്‍ നില്‍ക്കാന്‍ പ്രയാസമാണ്. ''നദീഹയം'' (ഇയ്യോബ് 40:15) എന്ന ശക്തനായ മൃഗത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വിവരണം വായിക്കുമ്പോള്‍ എനിക്കു സമാനമായ ഒരു തോന്നലാണുണ്ടാകുന്നത്. ഈ ഭീമന്‍ കക്ഷി, കാളയെപ്പോലെ പുല്ലുതിന്നുന്നതാണ്; അതിന്റെ വാലിന് ഒരു മരത്തിന്റെ വലിപ്പമുണ്ട്. അവന്റെ അസ്ഥികള്‍ ഇരുമ്പ് പൈപ്പുകള്‍ പോലെയായിരുന്നു. അതു കുന്നിന്‍ ചരിവില്‍ മേഞ്ഞുനടക്കുകയും ഇടയ്ക്കിടെ ചതുപ്പിലിറങ്ങി വിശ്രമിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ നദീഹയം ഒരിക്കലും പുരികം ചുളിച്ചില്ല.
ഈ അസാധാരണ സൃഷ്ടിയെ അതിന്റെ സ്രഷ്ടാവിനൊഴികെ ആര്‍ക്കും മെരുക്കുവാന്‍ കഴിയില്ല (വാ. 19). ഇയ്യോബിന്റെ പ്രശ്‌നങ്ങള്‍ അവന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ഒരു സമയത്താണ് ദൈവം ഈ സത്യം ഇയ്യോബിനെ ഓര്‍മ്മിപ്പിച്ചത്. ദുഃഖവും പരിഭ്രാന്തിയും നിരാശയും അവന്റെ കാഴ്ചപ്പാടിനെ തടഞ്ഞപ്പോള്‍ അവന്‍ ദൈവത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ദൈവത്തിന്റെ പ്രതികരണം, ഇയ്യോബിനെ കാര്യങ്ങളുടെ യഥാര്‍ത്ഥ വലിപ്പം കാണാന്‍ സഹായിച്ചു. ദൈവം തന്റെ എല്ലാ പ്രശ്‌നങ്ങളെക്കാളും വലിയവനും തനിക്കു സ്വന്തമായി പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശക്തനുമായിരുന്നു. അവസാനം, ''നിനക്കു സകലവും കഴിയുമെന്നും ... ഞാന്‍ അറിയുന്നു'' (42:2) എന്ന് ഇയ്യോബ് സമ്മതിച്ചു.
