Category  |  odb

മരണ മേഖല

2019 ല്‍, ഒരു പര്‍വ്വതാരോഹകന്‍ എവറസ്റ്റ് കൊടുമുടിയില്‍ നിന്നുകൊണ്ട് തന്റെ അവസാനത്തെ സൂര്യോദയം ദര്‍ശിച്ചു. അപകടകരമായ കയറ്റം അദ്ദേഹം കയറിയെങ്കിലും ഉയരത്തിലെ മര്‍ദ്ദം അദ്ദേഹത്തിന്റെ ഹൃദയത്തിനു താങ്ങാവുന്നതിലുമധികമായിരുന്നതിനാല്‍ ഇറങ്ങുന്നവേളയില്‍ അദ്ദേഹം മരിച്ചു. കൊടുമുടിയെ തങ്ങളുടെ യാത്രയുടെ അവസാനമായി കരുതരുതെന്ന് ഒരു മെഡിക്കല്‍ വിദഗ്ധന്‍ മലകയറ്റക്കാര്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. 'തങ്ങള്‍ മരണമേഖലയിലാണുള്ളത്' എന്ന് ഓര്‍മ്മിച്ചുകൊണ്ട് അവര്‍ വേഗത്തില്‍ താഴേയ്ക്കിറങ്ങണം.

മുകളിലേക്കുള്ള അപകടകരമായ കയറ്റത്തെ ദാവീദ് അതിജീവിച്ചു. അവന്‍ സിംഹങ്ങളെയും കരടികളെയും കൊന്നു, ഗൊല്യാത്തിനെ കൊന്നു, ശൗലിന്റെ കുന്തത്തെയും പിന്തുടര്‍ന്ന സൈന്യത്തെയും ഒഴിഞ്ഞുപോയി, ഫെലിസ്ത്യരെയും അമ്മോന്യരെയും കീഴടക്കി പര്‍വതത്തിന്റെ രാജാവായി.

എന്നാല്‍ താന്‍ മരണമേഖലയിലാണെന്ന് ദാവീദ് മറന്നു. അവന്റെ വിജയത്തിന്റെ ഉച്ചകോടിയില്‍, 'ചെന്നിടത്തൊക്കെയും യഹോവ അവനു ജയം നല്കിയ' (2 ശമൂവേല്‍ 8:6) സമയത്ത്, അവന്‍ വ്യഭിചാരവും കൊലപാതകവും ചെയ്തു. അവന്റെ പ്രാരംഭ തെറ്റ്? അവന്‍ കൊടുമുടിയില്‍ താമസിച്ചു. അവന്റെ സൈന്യം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുറപ്പെട്ടപ്പോള്‍, അവന്‍ “യെരൂശലേമില്‍ തന്നെ താമസിച്ചു’’ (11:1). ദാവീദ് ഒരിക്കല്‍ ഗൊല്യാത്തിനെതിരെ പോരാടാന്‍ സന്നദ്ധനായി; ഇപ്പോള്‍ അവന്‍ തന്റെ വിജയങ്ങളുടെ അംഗീകാരങ്ങളില്‍ വിശ്രമിച്ചു.

നിങ്ങള്‍ പ്രത്യേകതയുള്ളവനാണെന്ന് ദൈവമടക്കം എല്ലാവരും പറയുമ്പോള്‍, തറയില്‍ നില്‍ക്കാന്‍ പ്രയാസമാണ് (7:11-16). പക്ഷേ നാമതു ചെയ്യണം. നാം ചില വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കില്‍, നാം ഈ നേട്ടങ്ങള്‍ ഉചിതമായി ആഘോഷിക്കുകയും അഭിനന്ദനങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തേക്കാം, പക്ഷേ നാം മുന്നോട്ടു പോകണം. ഞങ്ങള്‍ മരണമേഖലയിലാണ്. മലയിറങ്ങുക. നിങ്ങളുടെ ഹൃദയത്തെയും ചുവടുകളെയും കാത്തുസൂക്ഷിക്കാന്‍ ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് താഴ്‌വരയിലുള്ള മറ്റുള്ളവരെ താഴ്മയോടെ സേവിക്കുക.

മഴവില്‍ പ്രഭാവലയം

ഒരു മലകയറ്റത്തിനിടയില്‍, താന്‍ നില്‍ക്കുന്നതിനു താഴെ മേഘങ്ങള്‍ ചലിക്കുന്നത് അഡ്രിയാന്‍ കണ്ടു. തനിക്കു പിന്നിലുള്ള സൂര്യന്‍, മലഞ്ചരിവില്‍ തന്റെ നിഴല്‍ വീഴ്ത്തിയതും ഒപ്പം ബ്രോക്കണ്‍ സ്‌പെക്ടര്‍ എന്നറിയപ്പെടുന്ന സുന്ദരമായ ഒരു പ്രഭാവലയം തനിക്കു ചുറ്റും വിരിയുന്നതും അഡ്രിയാന്‍ കണ്ടു. ഈ പ്രതിഭാസം ഒരു മഴവില്ലിന്റെ പ്രഭാവലയത്തോടു സാമ്യമുള്ളതാണ്, ഇതു വ്യക്തിയുടെ നിഴലിനെ പൊതിയുന്നു. സൂര്യപ്രകാശം താഴെയുള്ള മേഘങ്ങളില്‍ തട്ടി പ്രതിഫലിക്കുമ്പോളാണ് ഇതു സംഭവിക്കുന്നത്. അഡ്രിയാന്‍ അതിനെ ഒരു 'മാന്ത്രിക' നിമിഷമായി വിശേഷിപ്പിച്ചു, അതവനെ വളരെയധികം സന്തോഷിപ്പിച്ചു.

ആദ്യത്തെ മഴവില്ലു കാണുന്നതു നോഹയ്ക്ക് എത്രത്തോളം അത്ഭുതകരമായിരുന്നെന്നു നമുക്കു ഊഹിക്കാനാകും. അവന്റെ കണ്ണുകള്‍ക്ക് ആനന്ദം എന്നതിലുപരിയായി, വക്രീകരിച്ച പ്രകാശവും തല്‍ഫലമായുണ്ടാകുന്ന വര്‍ണ്ണങ്ങളും ദൈവത്തില്‍നിന്നുള്ള ഒരു വാഗ്ദത്തത്തോടൊപ്പം വന്നു. വിനാശകരമായ ഒരു വെള്ളപ്പൊക്കത്തിനുശേഷം, നോഹയ്ക്കും അന്നുമുതല്‍ ജീവിച്ചിരിക്കുന്ന എല്ലാ 'ജീവജാലങ്ങള്‍ക്കും' ദൈവം ഉറപ്പുനല്‍കി, “ഇനി സകല ജഡത്തെയും നശിപ്പിക്കുവാന്‍ വെള്ളം ഒരു പ്രളയമായിത്തീരുകയുമില്ല'' (ഉല്പത്തി 9:15).

നമ്മുടെ ഭൂമി ഇപ്പോഴും വെള്ളപ്പൊക്കവും ഭയാനകമായ ദുരന്തങ്ങള്‍ക്കു കാരണമാകുന്ന മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളും അനുഭവിക്കുന്നു. പക്ഷേ ലോകവ്യാപകമായ ജലപ്രളയത്തിലൂടെ ദൈവം ഭൂമിയെ ഒരിക്കലും ന്യായം വിധിക്കുകയില്ല എന്ന വാഗ്ദത്തമാണ് മഴവില്ല്. അവിടുത്തെ വിശ്വസ്തതയുടെ ഈ വാഗ്ദാനം, ഈ ഭൂമിയില്‍ വ്യക്തിപരമായ നഷ്ടങ്ങളും ശാരീരിക മരണവും - രോഗം, പ്രകൃതിദുരന്തം, തെറ്റായ പ്രവൃത്തികള്‍, അല്ലെങ്കില്‍ വാര്‍ദ്ധക്യം - അനുഭവിക്കുമെങ്കിലും, നാം നേരിടുന്ന പ്രതിസന്ധികളിലുടനീളം ദൈവം തന്റെ സ്‌നേഹവും സാന്നിധ്യവും ഉപയോഗിച്ച് നമ്മെ ശക്തിപ്പെടുത്തുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണിത്. വെള്ളത്തിലൂടെ വര്‍ണ്ണങ്ങളെ പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം, അവിടുത്തെ സ്വരൂപം വഹിക്കുകയും അവിടുത്തെ മഹത്വം മറ്റുള്ളവര്‍ക്കു പ്രതിഫലിപ്പിക്കുകയും ചെയ്യുന്നവരെക്കൊണ്ടു ഭൂമിയെ നിറയ്ക്കാനുള്ള അവിടുത്തെ വിശ്വസ്തതയുടെ ഓര്‍മ്മപ്പെടുത്തലാണ്.

വീണ്ടും തഴച്ചുവളരുക

ആവശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നതിനാല്‍, കാലിഫോര്‍ണിയയിലെ ആന്റലോപ് താഴ്‌വര, ഫിഗുവെറോവ പര്‍വ്വതം എന്നിവിടങ്ങളില്‍ വര്‍ണ്ണാഭമായ കാട്ടുപൂക്കള്‍ പരവതാനി തീര്‍ക്കുന്നു. എന്നാല്‍ വരള്‍ച്ച ബാധിക്കുമ്പോള്‍ എന്തു സംഭവിക്കും? ചില കാട്ടുപൂക്കള്‍, അവയുടെ വിത്തുകള്‍ മണ്ണിനു മുകളില്‍ വന്ന് പൂക്കുന്നതിന് അനുവദിക്കുന്നതിനു പകരം, വലിയ അളവില്‍ വിത്തുകള്‍ മണ്ണിനടിയില്‍  സംഭരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വരള്‍ച്ചയ്ക്കു ശേഷം ഈ സസ്യങ്ങള്‍ തങ്ങള്‍ സംരക്ഷിച്ച വിത്തുകള്‍ ഉപയോഗിച്ചു വീണ്ടും തഴച്ചുവളരാന്‍ തുടങ്ങുന്നു.

പുരാതന യിസ്രായേല്യര്‍, കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലും മിസ്രയീമില്‍ അഭിവൃദ്ധി പ്രാപിച്ചു. ഊഴിയ വിചാരകന്മാര്‍ വയലുകളില്‍ ജോലി ചെയ്യാനും ഇഷ്ടികകള്‍ ഉണ്ടാക്കാനും അവരെ നിര്‍ബന്ധിച്ചു. ദയയില്ലാത്ത മേല്‍വിചാരകര്‍ ഫറവോനുവേണ്ടി വന്‍ നഗരങ്ങള്‍ പണിയുവാന്‍ അവരോടാവശ്യപ്പെട്ടു. മിസ്രയീമിലെ രാജാവ്, അവരുടെ ജനസംഖ്യ കുറയ്ക്കുന്നതിനായി ശിശുഹത്യയ്ക്കു മുതിര്‍ന്നു. എന്നിരുന്നാലും, ദൈവം അവരെ നിലനിര്‍ത്തിയതിനാല്‍, 'അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു' (പുറപ്പാട് 1:12). മിസ്രയീമിലെ യിസ്രായേല്‍പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജനസംഖ്യ 2 ദശലക്ഷമോ അതില്‍ കൂടുതലോ ആയി വര്‍ദ്ധിച്ചുവെന്ന് പല ബൈബിള്‍ പണ്ഡിതന്മാരും കണക്കാക്കുന്നു.

അന്ന് തന്റെ ജനത്തെ സംരക്ഷിച്ച ദൈവം ഇന്നും നമ്മെ താങ്ങുന്നു. ഏതു സാഹചര്യത്തിലും ദൈവത്തിനു നമ്മെ സഹായിക്കാന്‍ കഴിയും. മറ്റൊരു ധാതുവില്‍ എങ്ങനെ നിലനില്‍ക്കുമെന്നതിനെക്കുറിച്ച് നാം വിഷമിച്ചേക്കാം. എന്നാല്‍ 'ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന'' ദൈവത്തിനു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നു ബൈബിള്‍ ഉറപ്പു നല്‍കുന്നു (മത്തായി 6:30). 

ധീരമായ സ്‌നേഹം

നാലു ചാപ്ലെയ്‌നുകളെ 'വീരന്മാര്‍' എന്നു വിളിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത്, 1943 ഫെബ്രുവരിയിലെ തണുത്തുറഞ്ഞ ഒരു രാത്രിയില്‍, അവരുടെ യാത്രക്കപ്പലായ എസ്എസ് ഡോര്‍ഷെസ്റ്ററിനു ഗ്രീന്‍ലാന്‍ഡ് തീരത്തുവെച്ചു റ്റോര്‍പ്പിഡോ ഏറ്റപ്പോള്‍, പരിഭ്രാന്തരായ നൂറുകണക്കിനു സൈനികരെ ശാന്തരാക്കാന്‍ ഈ നാലുപേരും തയ്യാറായി. മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍നിന്നു പരിക്കേറ്റ ആളുകള്‍ തിങ്ങിനിറഞ്ഞ ലൈഫ് ബോട്ടുകളിലേക്കു ചാടിക്കൊണ്ടിരുന്നപ്പോള്‍, ഈ നാലു ചാപ്ലെയിനുകളും 'ധൈര്യം പ്രസംഗിച്ചുകൊണ്ട്' ബഹളത്തെ ശാന്തമാക്കിയതായി അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.

ലൈഫ് ജാക്കറ്റുകള്‍ തീര്‍ന്നപ്പോള്‍, അവര്‍ ഓരോരുത്തരും തങ്ങളുടെ ജാക്കറ്റുകള്‍ അഴിച്ചെടുത്ത് പേടിച്ചരണ്ട ഓരോ ചെറുപ്പക്കാരനു നല്‍കി. മറ്റുള്ളവര്‍ ജീവിക്കേണ്ടതിന്, കപ്പലിനോടൊപ്പം മുങ്ങാന്‍ അവര്‍ തീരുമാനിച്ചു. അതിജീവിച്ച ഒരാള്‍ പറഞ്ഞു, “ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്, അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ ഈ ഒരു വശം ആയിരുന്നു അത്.’’

കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍, കരങ്ങള്‍ കോര്‍ത്തുപിടിച്ച് ചാപ്ലെയിനുകള്‍ ഒരുമിച്ച് ഉറക്കെ പ്രാര്‍ത്ഥിച്ചു, തങ്ങളോടൊപ്പം മരിക്കുന്നവര്‍ക്കു പ്രോത്സാഹനം നല്‍കി.

ധൈര്യമായിരുന്നു അവരുടെ കഥയുടെ അടയാളം. എന്നിരുന്നാലും, നാലുപേരും നല്‍കിയ സമ്മാനത്തെ സ്‌നേഹം നിര്‍വചിക്കുന്നു. കൊരിന്തിലെ ആടിയുലയുന്ന സഭയിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിശ്വാസികളോടും അത്തരം സ്‌നേഹം പ്രകടമാക്കാന്‍ പൗലൊസ് അഭ്യര്‍ത്ഥിച്ചു. കലഹവും അഴിമതിയും പാപവും ഉയര്‍ന്നു നില്‍ക്കുമ്പോള്‍ “ഉണര്‍ന്നിരിക്കുവിന്‍; വിശ്വാസത്തില്‍ നിലനില്ക്കുവിന്‍; പുരുഷത്വം കാണിക്കുവിന്‍; ശക്തിപ്പെടുവിന്‍. നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്‌നേഹത്തില്‍ ചെയ്യുവിന്‍'' (1 കൊരിന്ത്യര്‍ 16:13-14) എന്നു പൗലൊസ് അവരെ ആഹ്വാനം ചെയ്തു.

യേശുവിലുള്ള ഓരോ വിശ്വാസിക്കും, പ്രത്യേകിച്ച് ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇത് ഒരു കല്പനയാണ്. ജീവിതത്തില്‍, പ്രക്ഷുബ്ധത ഭീഷണി മുഴക്കുമ്പോള്‍, നമ്മുടെ ധീരമായ പ്രതികരണം, - മറ്റുള്ളവര്‍ക്ക് അവിടുത്തെ സ്‌നേഹം നല്‍കുന്നതിലൂടെ - ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു.

ന്യൂട്രലിലേക്കു മാറ്റുക

കാര്‍ വാഷില്‍ എന്റെ മുമ്പിലുള്ളയാള്‍ ഒരു ദൗത്യത്തിലായിരുന്നു. അയാള്‍ തന്റെ പിക്കപ്പിന്റെ പുറകിലേക്കു കയറി കൊളുത്തു നീക്കം ചെയ്തു, ശക്തിയേറിയ റോളിങ് ബ്രഷുകളെ അവ തടസ്സപ്പെടുത്താതിരിക്കാനായിരുന്നു അത്. ജോലിക്കാരനു പണം നല്‍കിയ ശേഷം, ഓട്ടോമേറ്റഡ് ട്രാക്കിലേക്കു ട്രക്ക് ഡ്രൈവ് മോഡില്‍ ഓടിച്ചുകയറ്റി. ജോലിക്കാരന്‍ വിളിച്ചു കൂവി, “ന്യൂട്രല്‍! ന്യൂട്രല്‍!'' എന്നാല്‍ ആ മനുഷ്യന്റെ ജനാലകള്‍ മുകളിലായിരുന്നു, അയാള്‍ക്കതു കേള്‍ക്കാന്‍ കഴിഞ്ഞില്ല. നാലു സെക്കന്‍ഡിനുള്ളില്‍ അയാള്‍ കാര്‍ വാഷിലൂടെ കടന്നുപോയി, അയാളുടെ ട്രക്ക് നനഞ്ഞുപോലുമില്ല!

ഏലീയാവും ഒരു ദൗത്യത്തിലായിരുന്നു. വലിയ രീതിയില്‍ ദൈവത്തെ സേവിക്കുന്ന തിരക്കിലായിരുന്നു ഏലീയാവ്. അമാനുഷിക പ്രകടനത്തിലൂടെ ബാലിന്റെ പ്രവാചകന്മാരെ ഏലീയാവ് പരാജയപ്പെടുത്തി, അത് ഏലീയാവിന്റെ ശക്തി ചോര്‍ത്തിക്കളഞ്ഞു (1 രാജാക്കന്മാര്‍ 18:16-39 കാണുക). അവന്‍ ന്യൂട്രലില്‍ സമയം ചിലവഴിക്കേണ്ടതാവശ്യമായിരുന്നു. ദൈവം ഏലീയാവിനെ ഹോരേബുപര്‍വ്വതത്തിലേക്കു കൊണ്ടുവന്നു. അവിടെ വളരെ മുമ്പുതന്നെ ദൈവം മോശെയ്ക്കു പ്രത്യക്ഷപ്പെട്ടിരുന്നു. വീണ്ടും ദൈവം പര്‍വ്വതത്തെ വിറപ്പിച്ചു. പക്ഷേ, പാറകളെ തകര്‍ക്കുന്ന കൊടുങ്കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ ദൈവം ഉണ്ടായിരുന്നില്ല. പകരം, ദൈവം ശാന്തമായ ഒരു ശബ്ദത്തില്‍ ഏലീയാവിന്റെ അടുക്കല്‍ വന്നു. “ഏലീയാവ് അതു കേട്ടിട്ട് തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്ന് ഗുഹാമുഖത്തുനിന്നു'' (1 രാജാക്കന്മാര്‍ 19:13).

നിങ്ങളും ഞാനും ഒരു ദൗത്യത്തിലാണ്. നമ്മുടെ രക്ഷകനുവേണ്ടി വലിയ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി നാം നമ്മുടെ ജീവിതം നയിക്കുന്നു. എന്നാല്‍ നാം ഒരിക്കലും ന്യൂട്രലിലേക്കു മാറുന്നില്ലെങ്കില്‍, നാം ജീവിതത്തിലൂടെ തെന്നിപ്പോകുകയും ദൈവത്തിന്റെ ആത്മാവിന്റെ വര്‍ഷം നഷ്ടപ്പെടുത്തുകയും ചെയ്യും. ദൈവം മന്ത്രിക്കുന്നു, 'മിണ്ടാതിരുന്നു ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍ക' (സങ്കീര്‍ത്തനം 46:10). 'ന്യൂട്രല്‍! ന്യൂട്രല്‍!''