Category  |  odb

അതു ദൈവത്തിന്റെ തളികയിൽ വയ്ക്കുക

ഒരമ്മ വർഷങ്ങളോളം, തന്റെ മുതിർന്ന മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ആരോഗ്യസംരക്ഷണ സംവിധാനം ഉപയോഗപ്പെടുത്താനും കൗൺസിലിംഗും മികച്ച മരുന്നുകളും കണ്ടെത്താനും അവളെ സഹായിച്ചു. മകളുടെ അങ്ങേയറ്റത്തെ ഉയർച്ചകളും ആഴത്തിലുള്ള താഴ്ചകളും ആ അമ്മയുടെ ഹൃദയത്തെ ദിവസം തോറും ഭാരപ്പെടുത്തിക്കൊണ്ടിരുന്നു. പലപ്പോഴും സങ്കടത്താൽ തളർന്നു പോകുമ്പോൾ, സ്വന്തം കാര്യത്തിൽ കരുതൽ കാണിക്കേണ്ടതുണ്ടെന്ന് അവൾ മനസ്സിലാക്കി. അവളുടെ ആകുലതകളും അവൾക്കു നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളും ചെറിയ കടലാസുകളിൽ എഴുതി അവളുടെ കിടക്കയുടെ അരികിലുള്ള “ദൈവത്തിന്റെ തളികയിൽ” വയ്ക്കാൻ ഒരു സുഹൃത്ത് ഒരിക്കൽ നിർദ്ദേശിച്ചു. ഈ ലളിതമായ പ്രവൃത്തിക്ക് അവളുടെ സമ്മർദ്ദങ്ങൾ എല്ലാം ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിലും ആ തളിക കാണുമ്പോഴെല്ലാം ആ ആശങ്കകൾ അവളുടെ പക്കലല്ല, ദൈവത്തിന്റെ തളികയിലാണ് എന്ന് അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരു വിധത്തിൽ പറഞ്ഞാൽ, തന്റെ വൈഷമ്യങ്ങൾ അക്കമിട്ടു നിരത്തി ദൈവത്തിന്റെ തളികയിൽ വയ്ക്കുന്നതായിരുന്നു ദാവീദിന്റെ പല സങ്കീർത്തനങ്ങളും (സങ്കീർത്തനങ്ങൾ 55:1, 16-17). തന്റെ മകൻ അബ്ശാലോമിന്റെ അട്ടിമറി ശ്രമം വിവരിക്കുന്നതാണ് ഈ സങ്കീർത്തനമെങ്കിൽ, ദാവീദിന്റെ “അടുത്ത സുഹൃത്ത്” അഹീഥോഫെൽ വാസ്തവത്തിൽ അവനെ ഒറ്റിക്കൊടുത്ത്, അവനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടു (2 ശമൂവേൽ 15-16). അതുകൊണ്ടു ദാവീദ് “വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു ” കരയുകയും ദൈവം അവന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്തു (സങ്കീർത്തനങ്ങൾ 55:1-2, 16-17). അവൻ “[തന്റെ] ഭാരം യഹോവയുടെമേൽ” വച്ചുകൊണ്ടു ദൈവത്തിന്റെ കരുതൽ അനുഭവിക്കാൻ തീരുമാനിച്ചു (വാ. 22).

ആശങ്കകളും ഭയങ്ങളും നമ്മെ ഏവരെയും ബാധിക്കാറുണ്ടെന്നു നമുക്ക് ആധികാരികമായി തന്നെ അംഗീകരിക്കാവുന്നതാണ്. ദാവീദിന്റെ പോലുള്ള ചിന്തകൾ നമുക്കുമുണ്ടായേക്കാം: “പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” (വാ. 6). ദൈവം സമീപസ്ഥനാണ്. സാഹചര്യങ്ങൾ മാറ്റാനുള്ള ശക്തി അവനു മാത്രമേയുള്ളൂ. ഭാരങ്ങളെല്ലാം അവന്റെ തളികയിൽ വയ്ക്കുക. 

 

ഒരു ജീവിതം നാലു വാക്കുകളിൽ

ജെ. ഐ. പാക്കർ എന്നറിയപ്പെടുന്ന ജെയിംസ് ഇന്നൽ പാക്കർ 2020-ൽ തന്റെ തൊണ്ണൂറ്റി നാലാമത്തെ ജന്മദിനത്തിന് വെറും അഞ്ചു ദിവസം ബാക്കിനിൽക്കെ മരണപ്പെട്ടു. പണ്ഡിതനും എഴുത്തുകാരനുമായ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം, നോയിംഗ് ഗോഡ്, 1.5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. വേദപുസ്തക ആധികാരികത, ശിഷ്യത്വ-രൂപീകരണം എന്നീ വിഷയങ്ങളിൽ അഗാധ പണ്ഡിതനായിരുന്ന പാക്കർ യേശുവിനു വേണ്ടി ജീവിക്കുന്നതു ഗൗരവമായി എടുക്കാൻ ലോകത്തെമ്പാടുമുള്ള ക്രിസ്തു വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നു. സഭയോടുള്ള തന്റെ അവസാന വാക്കുകൾക്കായി ജീവിതത്തിന്റെ വൈകിയ വേളയിൽ അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി. പാക്കറിന് ഒരു വരി മാത്രമേ ഉണ്ടായിരുന്നുള്ളൂ പറയാൻ, വെറും നാലു വാക്കുകൾ: “എല്ലാ വിധത്തിലും ക്രിസ്തുവിനെ മഹത്വപ്പെടുത്തുക.” നാടകീയമായ തന്റെ മാനസാന്തരത്തിനുശേഷം, തന്റെ മുമ്പിലുള്ള വേല വിശ്വസ്തതയോടെ ചെയ്യാൻ ഒരുങ്ങുകയും ഫലങ്ങൾക്കായി ദൈവത്തിൽ ആശ്രയിക്കുകയും ചെയ്ത അപ്പൊസ്തലനായ പൗലൊസിന്റെ ജീവിതത്തെയാണ് ആ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്. റോമർക്കെഴുതിയ ലേഖനത്തിൽ കാണപ്പെടുന്ന പൗലൊസിന്റെ വാക്കുകൾ, പുതിയ നിയമത്തിൽ ഏറ്റവും കൂടുതൽ ദൈവശാസ്ത്രം നിറഞ്ഞിരിക്കുന്നവയാണ്. അപ്പൊസ്തലൻ എഴുതിയതുമായി ചേർന്നുനിന്നു കൊണ്ടു പാക്കർ സംഗ്രഹിക്കുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു . . . കൃപ നല്കുമാറാകട്ടെ” (റോമർ 15:5-6).

പൗലൊസിന്റെ ജീവിതം നമുക്കൊരു മാതൃകയാണ്. നമുക്കു പല തരത്തിൽ ദൈവത്തെ മഹത്വപ്പെടുത്താൻ (ആദരിക്കാൻ) കഴിയുമെങ്കിലും നമുക്കു മുന്നിൽ വെച്ചിരിക്കുന്ന ജീവിതം നയിക്കുകയും അതിന്റെ ഫലങ്ങൾ ദൈവത്തിന്റെ മാറ്റമില്ലാത്ത കരങ്ങളിൽ ഏൽപ്പിക്കുകയും ചെയ്യുക എന്നതാണ് അതിൽ ഏറ്റവും മികച്ച ഒന്ന്. പുസ്തകങ്ങൾ എഴുതുകയോ മിഷനറി യാത്രകൾ നടത്തുകയോ പ്രാഥമിക വിദ്യാഭ്യാസം നൽകുകയോ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുകയോ ചെയ്താലും അതിന്റെയെല്ലാം ലക്ഷ്യം ഒന്നാണ്: ക്രിസ്തുവിനെ എല്ലാ വിധത്തിലും മഹത്വപ്പെടുത്തുക! നാം പ്രാർത്ഥിക്കുകയും തിരുവെഴുത്ത് വായിക്കുകയും ചെയ്യുമ്പോൾ, അർപ്പണബോധത്തോടെയുള്ള അനുസരണയിൽ ജീവിക്കാനും നാം പറയുന്നതും ചെയ്യുന്നതുമായ എല്ലാറ്റിലും യേശുവിനെ മഹത്വപ്പെടുത്തുന്നതിനായി നമ്മുടെ ദൈനംദിന ജീവിതം ഉപയോഗപ്പെടുത്താനും ദൈവം നമ്മെ സഹായിക്കുന്നു. 

 

മറ്റുള്ളവരിൽ നമ്മുടെ സ്വാധീനം

ഞങ്ങളുടെ സ്കൂൾ കസ്റ്റോഡിയനായ ബെൻജി ഉച്ചഭക്ഷണത്തിനു എത്തിച്ചേരാൻ വൈകുമെന്ന് എന്റെ സെമിനാരി പ്രൊഫസറായ ഡോ. ലീ മനസ്സിലാക്കിയപ്പോൾ, അദ്ദേഹം മൗനമായി ഒരു പ്ലേറ്റ് ഭക്ഷണം അദ്ദേഹത്തിനുവേണ്ടി മാറ്റിവച്ചു. ഞാനും എന്റെ സഹപാഠികളും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഡോ. ലീ ബെൻജിക്കുവേണ്ടി അവസാന കഷ്ണം റൈസ് കേക്കും അതിനു സ്വാദിഷ്ടമായ ടോപ്പിംഗായി കുറച്ചു തേങ്ങ ചിരകിയതും മാറ്റിവെച്ചു. ഒരു പ്രമുഖ ദൈവശാസ്ത്രജ്ഞന്റെ ഇത്തരത്തിലുള്ള പല പ്രവൃത്തികളിൽ ഒന്നായ ഇത്, ഡോ. ലീയുടെ ദൈവത്തോടുള്ള വിശ്വസ്തതയുടെ അതിപ്രസരമായി ഞാൻ കരുതുന്നു. ഇരുപതു വർഷങ്ങൾക്കു ശേഷവും അദ്ദേഹം എന്നിൽ സൃഷ്ടിച്ച ആഴത്തിലുള്ള മതിപ്പ് അവശേഷിക്കുന്നു.

അനേകം വിശ്വാസികളിൽ ആഴത്തിലുള്ള മതിപ്പു സൃഷ്ടിച്ച ഒരു പ്രിയ സുഹൃത്ത് അപ്പൊസ്തലനായ യോഹന്നാനും ഉണ്ടായിരുന്നു. ദൈവത്തോടും തിരുവെഴുത്തുകളോടും വിശ്വസ്തത പുലർത്തുകയും “സത്യത്തിൽ” തുടർച്ചയായി നടക്കുകയും ചെയ്യുന്ന ഒരാളായാണ് അവർ ഗായൊസിനെ കുറിച്ചു സംസാരിച്ചത് (3 യോഹന്നാൻ 1:3). അപരിചിതരായിട്ടുകൂടി, സഞ്ചാരികളായ സുവിശേഷ പ്രസംഗകർക്ക് ഗായൊസ് ആതിഥ്യമരുളി (വാ. 5). തത്ഫലമായി, യോഹന്നാൻ അവനോടു പറഞ്ഞു, “അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു” (വാ. 6). ദൈവത്തോടും യേശുവിലുള്ള മറ്റു വിശ്വാസികളോടുമുള്ള ഗായൊസിന്റെ വിശ്വസ്തത സുവിശേഷം വ്യാപിക്കാൻ സഹായിച്ചു.

എന്റെ അദ്ധ്യാപകൻ എന്നിൽ ചെലുത്തിയ സ്വാധീനവും തന്റെ നാളിൽ ഗായൊസ് ചെലുത്തിയ സ്വാധീനവും നമുക്കു മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലുകളാണ് — മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കാൻ ദൈവത്തിന് ഉപയോഗിക്കാൻ കഴിയുന്ന സ്വാധീനം. നാം ദൈവത്തോടൊപ്പം വിശ്വസ്തതയോടെ നടക്കുമ്പോൾ, അവനോടൊപ്പം വിശ്വസ്തതയോടെ നടക്കാൻ മറ്റു വിശ്വാസികളെ സഹായിക്കുന്ന വിധത്തിൽ നമുക്കു ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം. 

 

പ്രക്ഷുബ്ധതയിൽ ശാന്തത

ഏകദേശം ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ മാതുവിനു ജോലിയൊന്നും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, അനിശ്ചിതത്വം നിറഞ്ഞ ഭാവിയെക്കുറിച്ചുള്ള ഭയാനകമായ ചിന്തകൾ അവളുടെ മനസ്സിനു മങ്ങലേൽപ്പിച്ചു. ഈ സമയത്ത് ആളുകൾ അവളോടു പറഞ്ഞ ദയയില്ലാത്ത വാക്കുകൾ നിമിത്തം അവൾക്ക് ഉറക്കവും ജീവിക്കാനുള്ള മോഹം പോലും നഷ്ടപ്പെട്ടു. എന്നാൽ ഒരു ദിനം, സൂര്യകിരണം പോലെ, ഒരു ബൈബിൾ വാക്യം അവളുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിച്ചു. അവൾ അതൊരു പ്ലക്കാർഡിൽ എഴുതി. അത് ഉറക്കെ വായിക്കുമ്പോഴെല്ലാം അവളുടെ വിശ്വാസം ശക്തിപ്പെട്ട്, അവളുടെ ഭയം കുറഞ്ഞ്, അവൾ സമാധാനം കൈവരിച്ചു.

സമാധാനം നിറഞ്ഞ ഒരു മനസ്സ് പരിപോഷിപ്പിച്ചെടുക്കുന്നതിനുള്ള പ്രായോഗിക ഉൾക്കാഴ്ചകൾ യെശയ്യാവ് 26 നൽകുന്നു. നമ്മെ രക്ഷിക്കുന്ന ദൈവത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതാണ് ആദ്യത്തെ കാര്യം (വാ. 2-3). ദൈവത്തിൽ വിശ്വസിക്കുന്നതിനു പുറമേ, നമ്മുടെ മനസ്സും ചിന്തകളും അവനിൽ ഉറപ്പിച്ചുനിർത്തണം (വാ. 3). അവനിൽ നാം വിശ്വസിക്കുകയും നമ്മുടെ ജീവിതം അവനു സമർപ്പിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ മനസ്സിനെ അവൻ കാക്കുമെന്നും നമുക്കു “പൂർണ്ണസമാധാനം” (വാ. 3) നൽകുമെന്നും അവൻ വാഗ്ദത്തം ചെയ്യുന്നു. മനസ്സാക്ഷിയുടെ സമാധാനം, അകൃത്യഭാരത്തിൽ നിന്നുള്ള സമാധാനം, ഉത്കണ്ഠയിൽ നിന്നുള്ള സമാധാനം, നമുക്കു നിയന്ത്രണമില്ലാത്ത സാഹചര്യങ്ങളിന്മേലുള്ള സമാധാനം എന്നിവ ഈ “പൂർണ്ണസമാധാനത്തിൽ” ഉൾപ്പെടുന്നു. നാം വിശ്വസിക്കുന്നവൻ “ശാശ്വതമായോരു പാറ” (വാ.4) ആണെന്നുള്ളതാണു നമ്മുടെ ഉറപ്പ്. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, അവന്റെ സ്വഭാവത്തിനും സ്നേഹത്തിനും ഒരിക്കലും മാറ്റം സംഭവിക്കില്ല. അനിശ്ചിതത്വത്തിന്റെ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഉത്കണ്ഠയോടും അസ്വസ്ഥവുമായ ചിന്തകളോടും നമ്മുടെ മനസ്സ് പോരാടിയേക്കാം. എന്നാൽ, മാതു ചെയ്തതുപോലെ, ദൈവസന്നിധിയിലേക്കു നമ്മുടെ കഷ്ടതകൾ കൊണ്ടുചെന്ന്, അവന്മേൽ മനസ്സുറപ്പിച്ച് അവന്റെ അത്ഭുതകരമായ വാഗ്ദത്തങ്ങളാൽ നമ്മുടെ ചിന്തകളെ നിറച്ചാൽ, ജീവിതത്തിന്റെ പ്രക്ഷുബ്ധതകൾക്കിടയിലും നമുക്ക് അവന്റെ സമാധാനം അനുഭവിക്കാൻ സാധിക്കും. ദൈവത്തെ വിശ്വസിച്ചു നമ്മുടെ അശാന്തത അവനിൽ സമർപ്പിക്കുമ്പോൾ, അവൻ തന്റെ “പൂർണ്ണസമാധാനത്താൽ” നമ്മുടെ മനസ്സിനെ ശാന്തമാക്കി നമ്മുടെ ഭയത്തെ ഇല്ലാതാക്കുന്നു. അനിശ്ചിതത്വത്തെക്കുറിച്ച് ഓർത്തു വിചാരപ്പെടുന്നതിനുപകരം, പരാജയപ്പെടാത്ത ഒരുവനിൽ — യേശുവിൽ — നമുക്കു വിശ്വാസമർപ്പിക്കാം. 

 

സ്വർഗ്ഗം പാടുന്നു

അർജന്റീനിയൻ ഗാനമായ “എൽ സീലോ കാന്റ അലെഗ്രിയ” ഹൈസ്കൂൾ ഗായകസംഘം ആലപിച്ചപ്പോൾ അവരുടെ ശബ്ദത്തിൽ ആനന്ദം പ്രകടമായിരുന്നു. ഞാൻ പ്രകടനം ആസ്വദിച്ചുവെങ്കിലും എനിക്കു സ്പാനിഷ് അറിയാത്തതിനാൽ വരികൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ അധികം താമസിയാതെ, പരിചിതമായ ഒരു പദം ഞാൻ തിരിച്ചറിഞ്ഞു. ഗായകസംഘം “ആലേലൂയാ!” എന്ന് ആഹ്ലാദത്തോടെ പ്രഖ്യാപിക്കാൻ തുടങ്ങി. ലോകമെമ്പാടുമുള്ള മിക്ക ഭാഷകളിലും സമാനമായി തോന്നുന്ന ദൈവത്തോടുള്ള സ്തുതിയുടെ ഒരു പ്രഖ്യാപനമായ “ആലേലൂയ” ഞാൻ ആവർത്തിച്ചു കേട്ടു. ഗാനത്തിന്റെ പശ്ചാത്തലം അറിയാനുള്ള ആകാംക്ഷയിൽ, സംഗീതമേളക്കു ശേഷം ഞാൻ ഓൺലൈനിൽ പോയി, “സ്വർഗ്ഗം സന്തോഷം പാടുന്നു” എന്നാണ് ഗാനത്തിന്റെ തലക്കെട്ടിന്റെ അർത്ഥം എന്നു കണ്ടെത്തി.

വെളിപ്പാട് 19-ലെ ആഘോഷത്തിന്റെതായ ഒരു വചനഭാഗത്ത്, ആ ഗായകസംഘത്തിന്റെ ഗാനത്തിൽ പ്രകടിപ്പിക്കുന്ന യാഥാർത്ഥ്യത്തിന്റെ ഒരു നേർക്കാഴ്ച നമുക്കു ലഭിക്കുന്നു — സ്വർഗ്ഗം മുഴുവൻ സന്തോഷിക്കുന്നു! പുതിയ നിയമത്തിലെ അവസാന പുസ്തകത്തിൽ കൊടുത്തിരിക്കുന്ന ഭാവിയെക്കുറിച്ചുള്ള അപ്പൊസ്തലനായ യോഹന്നാന്റെ ദർശനത്തിൽ, സ്വർഗത്തിൽ ദൈവത്തോടു കൃതജ്ഞത പ്രഖ്യാപിക്കുന്ന ഒരു വലിയ ജനക്കൂട്ടത്തെയും ദൂതസൃഷ്ടികളെയും അവൻ കണ്ടു. തിന്മയെയും അനീതിയെയും അതിജീവിച്ച ദൈവത്തിന്റെ ശക്തിയെയും, മുഴുവൻ ഭൂമിയുടെയും മേലുള്ള അവന്റെ ഭരണത്തെയും, അവനോടൊപ്പമുള്ള നിത്യജീവനെയും ഗായകസംഘത്തിന്റെ ശബ്ദം ആഘോഷിക്കുന്നുവെന്നു യോഹന്നാൻ എഴുതി. സ്വർഗ്ഗത്തിലെ എല്ലാ നിവാസികളും വീണ്ടും വീണ്ടും “ഹല്ലേലൂയാ!” (വാ. 1, 3, 4, 6), അഥവാ “ദൈവത്തിനു സ്തുതി!” എന്നു പ്രഖ്യാപിക്കുന്നു.

ഒരു ദിവസം “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള” (5:9) ജനം ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കും. എല്ലാ ഭാഷകളിലുമുള്ള നമ്മുടെ ശബ്ദങ്ങൾ സന്തോഷത്തോടെ ഒരുമിച്ചു “ഹല്ലേലൂയാ” എന്നു ആർക്കും!