
നമുക്കു കഴിഞ്ഞിരുന്നു എങ്കില്‍
ശക്തിയേറിയ കൊടുങ്കാറ്റില്‍ അവരുടെ തോട്ടത്തിലെ വലിയ വൃക്ഷം ആടിയുലഞ്ഞു. വേനല്‍ക്കാലത്ത് ജ്വലിക്കുന്ന സൂര്യനില്‍ നിന്ന് അഭയം നല്‍കുക മാത്രമല്ല, കുടുംബത്തിന് തണലും നല്‍കുന്ന ആ വൃക്ഷത്തെ റെജി ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് നിലത്തു നിന്ന് അതിന്റെ വേരുകളെ പറിച്ചുകളയുകയായിരുന്നു. റെജി, വേഗം പതിനഞ്ചു വയസ്സുള്ള മകനോടൊപ്പം വൃക്ഷത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. അവളുടെ കൈകളും തൊണ്ണൂറ് റാത്തല്‍ ഭാരമുള്ള ശരീരവും അതിനെതിരെ ശക്തമായി ഊന്നിക്കൊണ്ട് അവളും മകനും അത് വീഴാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ അതിനു തക്ക ശക്തരായിരുന്നില്ല.
മറ്റൊരു തരത്തിലുള്ള കൊടുങ്കാറ്റിന്റെ നടുവില്‍ ദാവീദ് രാജാവ് വിളിച്ചപേക്ഷിച്ചപ്പോള്‍ ദൈവം അവന്റെ ബലമായിരുന്നു (സങ്കീര്‍ത്തനം 28:8). അവന്റെ ലോകം കാല്‍ക്കീഴെ തകര്‍ന്നുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് അവന്‍ ഇത് എഴുതിയതെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നു. സ്വന്തം മകന്‍ അവനെതിരെ മത്സരിച്ച് സിംഹാസനം തട്ടിയെടുക്കാന്‍ ശ്രമിച്ചു (2 ശമൂവേല്‍ 15). ദൈവം നിശബ്ദനായിരിക്കുമെന്നും താന്‍ മരിക്കുമെന്നും അവന്‍ ഭയപ്പെട്ടതിനാല്‍ താന്‍ ബലഹീനനും ക്ഷീണിതനും ആയി അവന് അനുഭവപ്പെട്ടു (സങ്കീര്‍ത്തനം 28:1). 'ഞാന്‍ നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കണമേ'' എന്നവന്‍ ദൈവത്തോട് പറഞ്ഞു (വാ. 2). മകനുമായുള്ള ബന്ധം ഒരിക്കലും മെച്ചപ്പെട്ടില്ലെങ്കിലും ദൈവം ദാവീദിന് മുന്നോട്ട് പോകാന്‍ ശക്തി നല്‍കി.
മോശം കാര്യങ്ങള്‍ സംഭവിക്കുന്നത് തടയാന്‍ നാം എത്രത്തോളം ആഗ്രഹിച്ചുപോകാറുണ്ട്! നമുക്കതു കഴിഞ്ഞിരുന്നു എങ്കില്‍. . .. എന്നാല്‍ നമ്മുടെ ബലഹീനതയില്‍, നമ്മുടെ പാറയായിരിക്കാന്‍ അവനെ എപ്പോഴും വിളിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു (വാ. 1-2). നമുക്ക് ശക്തിയില്ലാത്തപ്പോള്‍, അവന്‍ നമ്മുടെ ഇടയനാണ്, അവന്‍ നമ്മെ എന്നെന്നേക്കും വഹിക്കും (വാ. 8-9).

കടം വാങ്ങിയ ഷൂസ്
തന്റെ സമീപപ്രദേശങ്ങളെ അഗ്‌നി വിഴുങ്ങിയപ്പോള്‍ വീടുവിട്ട് ഓടിപ്പോകേണ്ടി വന്നതിനാല്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രോസ്-കണ്‍ട്രി റേസിനുള്ള സംസ്ഥാനതല യോഗ്യതാ മത്സരത്തിനുള്ള അവസരം നഷ്ടമായി. നാളുകളായി അവന്‍ അതിനായി പരിശീലിക്കുകയായിരുന്നു. ഈ മീറ്റില്‍ പങ്കെടുക്കാതിരുന്നതിനാല്‍ - തന്റെ നാലു വര്‍ഷ പരിശീലനത്തിന്റെ അന്തിമ ഘട്ടമായിരുന്ന - സംസ്ഥാന മീറ്റില്‍ പങ്കെടുക്കാനുള്ള അവസരം അവനു നഷ്ടമായി. സാഹചര്യങ്ങളുടെ വെളിച്ചത്തില്‍, സംസ്ഥാന അത്‌ലറ്റിക്‌സ് ബോര്‍ഡ് ഈ വിദ്യാര്‍ത്ഥിക്ക് മറ്റൊരു അവസരം നല്‍കി: ബുദ്ധിമുട്ടുള്ള ട്രാക്കില്‍ അവന്‍ ഒറ്റയ്ക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് ഓട്ടം പൂര്‍ത്തിയാക്കുക. ഓട്ടത്തിനുള്ള അവന്റെ ഷൂസ് അഗ്നി വിഴുങ്ങിയിരുന്നതിനാല്‍ 'സാധാരണ ധരിക്കുന്ന ഷൂസ്' ധരിച്ചുകൊണ്ടുവേണമായിരുന്നു അവന്‍ ഓടേണ്ടിയിരുന്നത്. 'ഓട്ടത്തിനായി' അവന്‍ എത്തിയപ്പോള്‍, അവന് ശരിയായ ഷൂസ് നല്‍കുന്നതിനും അവന്‍ മീറ്റിനു യോഗ്യത നേടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അവന്റെ വേഗം ക്രമീകരിക്കുന്നതിന് അവന്റെ ഒപ്പം ഓടുന്നതിനുമായി അവന്റെ എതിരാളികള്‍ വന്നതു കണ്ട് അവന്‍ അത്ഭുതപ്പെട്ടു.
എതിരാളികള്‍ക്ക് അവനെ സഹായിക്കാന്‍ ബാധ്യത ഉണ്ടായിരുന്നില്ല. സ്വന്ത നേട്ടം ഉറപ്പാക്കാനുള്ള അവരുടെ സ്വാഭാവിക ആഗ്രഹങ്ങള്‍ക്ക് അവര്‍ക്ക് വശംവദരാകാമായിരുന്നു (ഗലാത്യര്‍ 5:13); അങ്ങനെ ചെയ്യുന്നത് അവരുടെ വിജയസാധ്യത മെച്ചപ്പെടുത്തുമായിരുന്നു. എന്നാല്‍ ആത്മാവിന്റെ ഫലം നമ്മുടെ ജീവിതത്തില്‍ പ്രകടിപ്പിക്കണമെന്ന് പൗലൊസ് നമ്മോട് ആവശ്യപ്പെടുന്നു - 'സ്‌നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍.' ദയയും നന്മയും പ്രകടിപ്പിപ്പിന്‍ (വാ. 13, 22). നമ്മുടെ സ്വാഭാവിക സഹജാവബോധത്തില്‍ പ്രവര്‍ത്തിക്കാതെ നാം ആത്മാവിനെ ആശ്രയിക്കുമ്പോള്‍, നമുക്ക് ചുറ്റുമുള്ളവരെ നമുക്കു നന്നായി സ്‌നേഹിക്കാന്‍ കഴിയും.

നീങ്ങാത്ത തടസ്സങ്ങളൊന്നുമില്ല
ഒരു അധ്യാപകനെന്ന നിലയില്‍, ഒരു സാഹസിക പാര്‍ക്കിലേക്ക് എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യാത്ര ഞാന്‍ ക്രമീകരിച്ചു. സുരക്ഷാ ഗിയര്‍ ധരിച്ചുകൊണ്ട് എട്ട് അടി ഉയരമുള്ള മതില്‍ കയറാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു. ആദ്യം പോയവര്‍ തങ്ങളെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കയറുകളെ വിശ്വസിച്ചുകൊണ്ട്, താഴേക്കുനോക്കാതെ കയറാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരുവളുടെ അരയില്‍ ബെല്‍റ്റുകളും കൊളുത്തും ഞങ്ങള്‍ ഉറപ്പിക്കുമ്പോള്‍ അവള്‍ തടസ്സങ്ങളെയാണ് നോക്കിയത്. ''എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല,'' അവള്‍ പറഞ്ഞു. അവളുടെ സുരക്ഷാബെല്‍റ്റിന്റെ ഉറപ്പ് സ്ഥിരീകരിച്ച് ഞങ്ങള്‍ അവളെ പ്രോത്സാഹിപ്പിക്കുകയും അവള്‍ മതില്‍ കയറി ഉയര്‍ന്ന പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ അവളെ അഭിന്ദിക്കുകയും ചെയ്തു.
ജയിക്കാന്‍ അസാധ്യമെന്ന് തോന്നുന്ന പ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കുമ്പോള്‍, ഭയവും അരക്ഷിതാവസ്ഥയും സംശയങ്ങള്‍ ഉളവാക്കും. ദൈവത്തിന്റെ മാറ്റമില്ലാത്ത ശക്തി, നന്മ, വിശ്വസ്തത എന്നിവയുടെ ഉറപ്പ് വിശ്വാസത്തിന്റെ ശക്തമായ ഒരു സുരക്ഷാബെല്‍റ്റ് സൃഷ്ടിക്കുന്നു. ആത്മവിശ്വാസത്തിന്റെ ഈ ഉറപ്പ് പഴയനിയമ വിശുദ്ധന്മാരുടെ ധൈര്യത്തിന് ആക്കം കൂട്ടി. ദൈവത്തിന്റെ പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അറിയാനുള്ള നമ്മുടെ ആവശ്യത്തെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് അവര്‍ തെളിയിച്ചു (എബ്രായര്‍ 11:1-13, 39). അവനില്‍ വിശ്വസിക്കുമ്പോള്‍ പലപ്പോഴും ഒറ്റയ്ക്ക് നില്‍ക്കേണ്ടിവരുന്നു എങ്കിലും ദൃഢനിശ്ചയത്തോടെ നാം ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നു. നമ്മുടെ സാഹചര്യങ്ങളെ ശാശ്വതമായ വീക്ഷണകോണിലൂടെ - നമ്മുടെ പരിശോധനകള്‍ താല്‍ക്കാലികം മാത്രമാണെന്ന് അറിഞ്ഞുകൊണ്ട് - വീക്ഷിക്കുന്നതിലൂടെ നമ്മുടെ വെല്ലുവിളികളെ സമീപിക്കുന്ന രീതി ക്രമീകരിക്കാന്‍ നമുക്കു കഴിയും (വാ. 13-16).
ജീവിതത്തിലെ ദുര്‍ഘടമായ പാതകളിലും കുത്തനെയുള്ള കയറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൈവം നമ്മെ അപ്പുറത്തെത്തിക്കുമെന്ന് വിശ്വസിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നു. എന്നാല്‍ അവന്‍ നമ്മോടൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ, ഒരു കാലത്ത് അസാധ്യമെന്നു തോന്നിയ തടസ്സങ്ങളെ മറികടക്കാന്‍ സഹായിക്കുമെന്ന് ദൈവത്തെ വിശ്വസിച്ചുകൊണ്ട് നമ്മുടെ അനിശ്ചിതത്വങ്ങളെ നമുക്ക് വരുതിയിലാക്കാന്‍ കഴിയും.

അഗ്നിക്കുള്ളില്‍
സ്പെയിനിലുണ്ടായ ഒരു കാട്ടുതീ 50,000 ഏക്കറോളം വനഭൂമി കത്തിച്ചു ചാമ്പലാക്കി. എന്നിരുന്നാലും, ഈ നാശത്തിന്റെ മധ്യത്തില്‍, ആയിരത്തോളം പച്ചനിറത്തിലുള്ള സൈപ്രസ് മരങ്ങളുടെ ഒരു കൂട്ടം നാശമേല്‍ക്കാതെ നിലകൊണ്ടു. വെള്ളം ശേഖരിച്ചുനിര്‍ത്താനുള്ള ആ വൃക്ഷങ്ങളുടെ കഴിവ് അഗ്നിയെ സുരക്ഷിതമായി ചെറുത്തുനില്‍ക്കാന്‍ അവരെ സഹായിച്ചു.
ബാബിലോണില്‍ നെബൂഖദ്‌നേഖര്‍ രാജാവിന്റെ ഭരണകാലത്ത് സുഹൃത്തുക്കളുടെ ഒരു ചെറിയ സംഘം രാജാവിന്റെ ക്രോധാഗ്നിയെ അതിജീവിച്ചു. ശദ്രക്കും മേശക്കും അബേദ്‌നെഗോവും നെബൂഖദ്‌നേസര്‍ നിര്‍മ്മിച്ച ഒരു പ്രതിമയെ ആരാധിക്കാന്‍ വിസമ്മതിച്ചുകൊണ്ടുപറഞ്ഞു 'ഞങ്ങള്‍ സേവിക്കുന്ന ദൈവം ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍നിന്നും വിടുവിക്കും' (ദാനീയേല്‍ 3:17). കോപിഷ്ഠനായ രാജാവ് ചൂളയുടെ ചൂട് സാധാരണയേക്കാള്‍ ഏഴിരട്ടി വര്‍ദ്ധിപ്പിക്കുവാന്‍ കല്‍പ്പിച്ചു (വാ. 19).
തീയുടെ ചൂട് അതികഠിനമായിരുന്നതിനാല്‍ രാജാവിന്റെ കല്‍പ്പനയനുസരിച്ച് മൂന്നു യുവാക്കളെ തീയിലേക്ക് എറിഞ്ഞ സൈനികരെ തീ ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്കും മേശക്കും അബേദ്‌നെഗോവും കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതും അവര്‍ക്ക് ഒരു കേടും തട്ടിയിട്ടില്ലെന്നും ചുറ്റും നിന്നവര്‍ കണ്ടു. മറ്റൊരാള്‍ കൂടി ആ അഗ്നികുണ്ഡത്തില്‍ ഉണ്ടായിരുന്നു - നാലാമത്തവന്റെ രൂപം ഒരു 'ദൈവപുത്രനോട്' ഒത്തിരുന്നു (വാ. 25). പല പണ്ഡിതന്മാരും വിശ്വസിക്കുന്നത് ഇത് യേശുവിന്റെ ജഡധാരണത്തിനു മുമ്പുള്ള രൂപമായിരുന്നു എന്നാണ്.
ഭീഷണികളും പരിശോധനകളും നേരിടുമ്പോള്‍ യേശു നമ്മോടൊപ്പമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്കു കീഴ്‌പ്പെടാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്ന നിമിഷങ്ങളില്‍, നാം ഭയപ്പെടേണ്ടതില്ല. ദൈവം എങ്ങനെ അല്ലെങ്കില്‍ എപ്പോള്‍ നമ്മെ സഹായിക്കുമെന്ന് നമുക്ക് എല്ലായ്‌പ്പോഴും അറിയില്ലായിരിക്കാം, പക്ഷേ അവന്‍ നമ്മോടൊപ്പമുണ്ടെന്ന് നമുക്കറിയാം. നാം സഹിക്കുന്ന ഓരോ ''അഗ്‌നി''യിലും അവനോട് വിശ്വസ്തത പുലര്‍ത്താന്‍ അവന്‍ നമുക്ക് ശക്തി നല്‍കും.

ദൈവം സംസാരിക്കുമ്പോള്‍
ബൈബിള്‍ പരിഭാഷകയായ ലില്ലി വീട്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ടു. അവളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും, പുതിയ നിയമത്തിന്റെ ഒരു ഓഡിയോ കോപ്പി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും രണ്ട് മണിക്കൂര്‍ അവളെ ചോദ്യം ചെയ്യുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അവര്‍ അവളോട് തിരുവെഴുത്ത് ആപ്ലിക്കേഷന്‍ പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടു, അത് ഓപ്പണ്‍ ചെയ്തപ്പോള്‍ മത്തായി 7:1-2 ആണ് കേട്ടത്: ''നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.' ഈ വാക്കുകള്‍ സ്വന്തം ഭാഷയില്‍ കേട്ടപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ വിളറി. പിന്നീട് തുടര്‍നടപടികളൊന്നും കൂടാതെ അവള്‍ മോചിപ്പിക്കപ്പെട്ടു.
വിമാനത്താവളത്തിലെ ആ ഉദ്യോഗസ്ഥന്റെ ഹൃദയത്തില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല, എന്നാല്‍ (ദൈവത്തിന്റെ) വായില്‍ നിന്ന് പുറപ്പെടുന്ന വചനം'' അവന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിറവേറ്റുന്നുവെന്ന് നമുക്കറിയാം (യെശയ്യാവ് 55:11). പ്രവാസികളായ ദൈവജനത്തോട് യെശയ്യാവ് ഈ പ്രവചനവചനങ്ങള്‍ പ്രവചിച്ചു, മഴയും മഞ്ഞും ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ, ''അവന്റെ വായില്‍ നിന്ന് പുറപ്പെടുന്ന വചനം'' അവന്റെ ഉദ്ദേശ്യങ്ങള്‍ കൈവരിക്കുന്നുവെന്ന് ഉറപ്പുനല്‍കി (വാ. 10-11).
ദൈവത്തിലുള്ള നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഭാഗം വായിക്കാന്‍ കഴിയും. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായി ലില്ലി നേരിട്ടതുപോലുള്ള അനിയന്ത്രിതമായ സാഹചര്യങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍, ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്കു വിശ്വസിക്കാന്‍ കഴിയും-അന്തിമഫലം നാം കാണാത്തപ്പോള്‍ പോലും.