
ക്ഷമിക്കാന്‍ തിരഞ്ഞെടുത്തു
1999 ജനുവരി 23 ന് ഗ്രഹാം സ്‌റ്റെയ്ന്‍സും അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരായ ഫിലിപ്പും തിമോത്തിയും അവരുടെ ജീപ്പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. ഒഡീഷയിലെ കുഷ്ഠരോഗികളായ ദരിദ്രര്‍ക്കിടയില്‍ അവരുടെ സമര്‍പ്പിത സേവനത്തെക്കുറിച്ച് അതുവരെ ഇന്ത്യയ്ക്ക് പുറത്തുള്ള ലോകത്തിന് അത്രയൊന്നും അറിയില്ലായിരുന്നു. അത്തരം ദുരന്തങ്ങള്‍ക്കിടയില്‍, ഭാര്യ ഗ്ലാഡിസും മകള്‍ എസ്ഥേറും എല്ലാവരെയും അത്ഭുതപ്പെടുത്തി. അവര്‍ വെറുപ്പോടെയല്ല, ക്ഷമയോടെ പ്രതികരിക്കാനാണ് തിരഞ്ഞെടുത്തത്.
കേസിന്റെ വിചാരണ അവസാനിച്ച പന്ത്രണ്ടു വര്‍ഷത്തിനുശേഷം, ഗ്ലാഡിസ് ഒരു പ്രസ്താവന ഇറക്കി, 'ഞാന്‍ കൊലയാളികളോട് ക്ഷമിച്ചു, എനിക്കവരോട് ഒരു കൈപ്പും ഇല്ല... ക്രിസ്തുവിലൂടെ ദൈവം എന്നോട് ക്ഷമിച്ചു, തന്റെ അനുയായികളും അത് ചെയ്യുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു.'' മറ്റുള്ളവര്‍ നമ്മോട് ചെയ്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവസാനിപ്പിച്ച് യേശു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് തെറ്റുകള്‍ ക്ഷമിക്കുന്നതിന്റെ താക്കോല്‍ എന്ന് ദൈവം ഗ്ലാഡിസിനെ കാണിച്ചു. ത്‌ന്നെ ക്രൂശിച്ചവരെക്കുറിച്ച് ക്രൂശില്‍ വെച്ച് യേശു പറഞ്ഞ വാക്കുകള്‍ 'പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ' (ലൂക്കൊസ് 23:34) എന്നതായിരുന്നു. അങ്ങനെ യേശുവിന്റെ പാപമോചനത്തെക്കുറിച്ചുള്ള സെഖര്യാപുരോഹിതന്റെ പ്രവചനം നിറവേറുന്നു (1:77).
ഒഡീഷയില്‍ നടന്നതുപോലെയുള്ള സങ്കല്‍പ്പിക്കാനാവാത്ത ഒരു ദുരന്തം നമ്മില്‍ മിക്കവര്‍ക്കും സംഭവിക്കില്ലെങ്കിലും, നമ്മില്‍ ഓരോരുത്തര്‍ക്കും ഏതെങ്കിലും വിധത്തില്‍ അന്യായം സംഭവിച്ചിട്ടുണ്ട്. ഒരു പങ്കാളി ഒറ്റിക്കൊടുക്കുന്നു. ഒരു കുട്ടി മറുതലിക്കുന്നു. ഒരു തൊഴിലുടമ നമ്മെ ദുരുപയോഗം ചെയ്യുന്നു. നാം എങ്ങനെ മുന്നോട്ട് പോകും? ഒരുപക്ഷേ നാം നമ്മുടെ രക്ഷകന്റെ മാതൃകയിലേക്ക് നോക്കുന്നു. തിരസ്‌കരണത്തിന്റെയും ക്രൂരതയുടെയും മുമ്പില്‍ അവന്‍ ക്ഷമിച്ചു. യേശു നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചതിലൂടെയാണ് നാം മറ്റുള്ളവരെ ക്ഷമിക്കാനുള്ള കഴിവ് ഉള്‍ക്കൊള്ളുന്ന രക്ഷ കണ്ടെത്തുന്നത്. ഗ്ലാഡിസ് സ്റ്റെയിന്‍സിനെപ്പോലെ, ക്ഷമിക്കുന്നതിനായി നമ്മുടെ ഹൃദയം തുറക്കുന്നതിനായി നമ്മുടെ കൈപ്പ് ഒഴിവാക്കുന്നതു നമുക്കു തിരഞ്ഞെടുക്കാം.

അവന്റെ നടത്തിപ്പ് ആവശ്യമാകുമ്പോള്‍
പണ്ഡിതനായ കെന്നത്ത് ബെയ്ലിക്ക് സാക്കി അങ്കിള്‍ ഒരു സ്‌നേഹിതനെക്കാള്‍ അധികമായിരുന്നു; വിശാലമായ സഹാറ മരുഭൂമിയിലേക്കുള്ള അദ്ദേഹത്തിന്റെ സഹസിക യാത്രകളില്‍ വിശ്വസ്തനായ വഴികാട്ടിയായിരുന്നു അദ്ദേഹം. സാക്കി അങ്കിളിനെ പിന്തുടരുന്നതിലൂടെ, താനും സംഘവും അദ്ദേഹത്തിലുള്ള സമ്പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ബെയ്ലി പറയുന്നു. ചുരുക്കത്തില്‍ , ''ഞങ്ങള്‍ പോകുന്നിടത്തേക്കുള്ള വഴി ഞങ്ങള്‍ക്ക് അറിയില്ല, നിങ്ങള്‍ ഞങ്ങളെ വഴിതെറ്റിച്ചാല്‍ ഞങ്ങള്‍ എല്ലാവരും മരിക്കും. നിങ്ങളുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചു' എന്ന്് അവര്‍ സ്ഥിരീകരിക്കുകയായിരുന്നു.
വളരെ തളര്‍ച്ചയും ഹൃദയവേദനയും അനുഭവിച്ച ഒരു കാലഘട്ടത്തില്‍, ദാവീദ് ഏതൊരു മനുഷ്യ വഴികാട്ടിക്കും അപ്പുറത്തേക്ക് നോക്കി, താന്‍ സേവിക്കുന്ന ദൈവത്തിന്റെ നടത്തിപ്പ് അന്വേഷിച്ചു. സങ്കീര്‍ത്തനം 61:2-ല്‍ നാം ഇങ്ങനെ വായിക്കുന്നു: ''എന്റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തണമേ.' ദൈവസന്നിധിയില്‍ പുതുതായി പ്രവേശിക്കപ്പെടുന്നതിന്റെ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും അവന്‍ ആഗ്രഹിച്ചു (വാ. 3-4).
'വഴിതെറ്റിപ്പോയ ആടുകള്‍'' എന്ന് തിരുവെഴുത്തുകള്‍ വിശേഷിപ്പിക്കുന്ന ആളുകള്‍ക്ക് ജീവിതത്തില്‍ ദൈവത്തിന്റെ മാര്‍ഗനിര്‍ദേശം വളരെ ആവശ്യമാണ് (യെശയ്യാവ് 53:6). നമ്മെ തനിയെ വിട്ടാല്‍, തകര്‍ന്ന ലോകത്തിന്റെ മരുഭൂമിയില്‍ നാം പ്രതീക്ഷകളില്ലാതെ നഷ്ടപ്പെട്ടുപോകും.
എന്നാല്‍ നമ്മെ തനിയെ വിടുന്നില്ല! നമ്മെ 'സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്ക്' നയിക്കുകയും നമ്മുടെ പ്രാണനെ തണുപ്പിക്കുകയും നമ്മെ നടത്തുകയും ചെയ്യുന്ന ഒരു ഇടയന്‍ നമുക്കുണ്ട്. (സങ്കീര്‍ത്തനം 23:2-3).
ഇന്ന് നിങ്ങള്‍ക്ക് അവിടുത്തെ നടത്തിപ്പ് എവിടെയാണ് വേണ്ടത്? അവനെ വിളിച്ചപേക്ഷിക്കുക. അവന്‍ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല.

അനായാസം അതു ചെയ്യുന്നു
ഞാനും അച്ഛനും മരങ്ങള്‍ വെട്ടിയിട്ട് രണ്ടു പേര്‍ക്കുപയോഗിക്കാവുന്ന വട്ടവാള്‍ കൊണ്ട് മുറിക്കുന്നു. ഞാന്‍ ചെറുപ്പവും ഊര്‍ജ്ജസ്വലനുമായതിനാല്‍ ഞാന്‍ വാള്‍ അമര്‍ത്തി മുറിക്കാന്‍ ശ്രമിക്കാറുണ്ട്. ''അനായാസം അതു ചെയ്യുന്നു'' അച്ഛന്‍ പറയും. ''വാള്‍ ജോലി ചെയ്യാന്‍ അനുവദിക്കുക.''
ഫിലിപ്പിയ ലേഖനത്തിലെ പൗലൊസിന്റെ വാക്കുകളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു: ''നിങ്ങളില്‍ ദൈവമല്ലോ ...
പ്രവര്‍ത്തിക്കുന്നത്'' (2:13). അനായാസം അതു ചെയ്യുന്നു. നമ്മെ രൂപാന്തരപ്പെട്ടുത്തുന്നതിനുള്ള വേല അവിടുന്ന് ചെയ്യട്ടെ.
ക്രിസ്തു പറഞ്ഞ കാര്യങ്ങള്‍ വായിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനേക്കാള്‍ ഉപരിയായ കാര്യമാണ് വളര്‍ച്ച എന്നത് എന്നാണ് സി. എസ്. ലൂയിസ് പറഞ്ഞത്. അദ്ദേഹം വിശദീകരിച്ചു, ''ഒരു യഥാര്‍ത്ഥ വ്യക്തി, ക്രിസ്തു. . . നിങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യുന്നു. . . ക്രമേണ നിങ്ങളെ എന്നേക്കുമായി മാറ്റുന്നു. . . ഒരു പുതിയ ചെറിയ ക്രിസ്തുവായി, ഒരു സത്ത. . . അവന്റെ ശക്തി, സന്തോഷം, അറിവ്, നിത്യത എന്നിവയില്‍ പങ്കുവഹിക്കുന്ന ഒരു വ്യക്തിയായി...'
ദൈവം ഇന്ന് ആ പ്രക്രിയയിലാണ്. യേശുവിന്റെ കാല്‍ക്കല്‍ ഇരുന്ന് അവനു പറയാനുള്ളത് സ്വീകരിക്കുക. പ്രാര്‍ത്ഥിക്കുക. ''ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിക്കുക'' (യൂദാ 1:21), നിങ്ങള്‍ അവന്റേതാണെന്ന് ദിവസം മുഴുവന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുക. അവന്‍ നിങ്ങളെ ക്രമേണ മാറ്റുന്നുവെന്ന ഉറപ്പില്‍ ഉറച്ചുനില്‍ക്കുക.
''എന്നാല്‍ നാം നീതിക്കായി വിശപ്പും ദാഹവും ഉള്ളവരാകേണ്ടതല്ലേ?'' താങ്കള്‍ ചോദിക്കുന്നു. ഒരു ചെറിയ കുട്ടി ഒരു അലമാരയില്‍ ഉയരത്തില്‍ ഇരിക്കുന്ന ഒരു സമ്മാനം എടുക്കാന്‍ ശ്രമിക്കുന്നതായി ചിത്രീകരിക്കുക, അവന്റെ കണ്ണുകള്‍ മോഹത്തോടെ തിളങ്ങുന്നു. ആ ആഗ്രഹം മനസ്സിലാക്കിയ പിതാവ് സമ്മാനം അവന് എടുത്തുകൊടുക്കുന്നു.
പ്രവൃത്തി ദൈവത്തിന്റേതാണ്; സന്തോഷം നമ്മുടേതാണ്. അനായാസം അത് ചെയ്യുന്നു. നാം ഒരു ദിവസം അവിടെയെത്തും.

എന്തും ചെയ്യുക
അടുത്തിടെ ഇറങ്ങിയ ഒരു ഇംഗ്ലീഷ് സിനിമയില്‍, സ്വയം പ്രഖ്യാപിത ''പ്രതിഭ'' ലോകത്തെ ''ഭീകരത, അഴിമതി, അജ്ഞത, ദാരിദ്ര്യം'' എന്നിവയെക്കുറിച്ച് ക്യാമറയ്ക്കു മുമ്പില്‍ വമ്പുപറഞ്ഞുകൊണ്ട് ജീവിതം ദൈവമില്ലാത്തതും അസംബന്ധവുമാണെന്ന് പ്രഖ്യാപിക്കുന്നു. പല ആധുനിക ചലച്ചിത്ര സ്‌ക്രിപ്റ്റുകളിലും അത്തരം ചിന്ത അസാധാരണമല്ലെങ്കിലും, അത് എങ്ങോട്ടു നയിക്കുന്നു എന്നതാണ് രസകരമായിട്ടുള്ളത്. അവസാനം, പ്രധാന കഥാപാത്രം പ്രേക്ഷകരിലേക്ക് തിരിയുകയും ഒരു ചെറിയ സന്തോഷം കണ്ടെത്തുന്നതിന് എന്തും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതില്‍ പരമ്പരാഗത ധാര്‍മ്മികത ഉപേക്ഷിക്കുന്നതും ഉള്‍പ്പെടുന്നു.
എന്നാല്‍ ''എന്തും'' ചെയ്യാമോ? ജീവിതത്തിലെ ഭീകരതകളെക്കുറിച്ചുള്ള സ്വന്തം നൈരാശ്യത്തെ അഭിമുഖീകരിച്ച്, സഭാപ്രസംഗിയുടെ പഴയനിയമ എഴുത്തുകാരന്‍ വളരെക്കാലം മുമ്പ് ഇത് പരീക്ഷിച്ചുനോക്കി - സുഖം അനുഭവിക്കുന്നതിലൂടെയും (സഭാപ്രസംഗി 2:1,10), മഹത്തായ പ്രവര്‍ത്തന പദ്ധതികളിലൂടെയും (വാ. 4-6), സമ്പത്തിലൂടെയും (വാ. 7-9), ദാര്‍ശനിക അന്വേഷണത്തിലൂടെയും (വാ. 12-16) സന്തോഷം തേടി. അവന്റെ വിലയിരുത്തല്‍? ''എല്ലാം മായയും വൃഥാപ്രയത്‌നവും അത്രേ'' (വാ. 17). ഇവയൊന്നും മരണം, ദുരന്തം, അനീതി എന്നിവയില്‍ നിന്ന് മുക്തമല്ല (5: 13-17).
സഭാപ്രസംഗിയുടെ എഴുത്തുകാരനെ നിരാശയില്‍ നിന്ന് തിരികെ കൊണ്ടുവരുന്നത് ഒരു കാര്യം മാത്രമാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങള്‍ക്കിടയിലും, ദൈവം നമ്മുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഭാഗമാകുമ്പോള്‍ നമുക്ക് സമ്പൂര്‍ത്തി കണ്ടെത്താനാകും: ''അവന്‍ നല്കിയിട്ടല്ലാതെ ആരു ഭക്ഷിക്കും, ആര് അനുഭവിക്കും?'' (2:25). ജീവിതം ചിലപ്പോള്‍ അര്‍ത്ഥശൂന്യമായി അനുഭവപ്പെടും, പക്ഷേ ''നിന്റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്ളുക'' (12:1). ജീവിതം മനസ്സിലാക്കാന്‍ ശ്രമിച്ച് നിങ്ങള്‍ തളരരുത്, മറിച്ച് ''ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക'' (വാ. 13).
ദൈവം നമ്മുടെ കേന്ദ്രമായി മാറുന്നില്ലെങ്കില്‍, ജീവിതത്തിന്റെ ആനന്ദങ്ങളും സങ്കടങ്ങളും നിരാശയിലേക്കു മാത്രമേ നയിക്കുകയുള്ളൂ.

ചന്ദ്രനെ നിര്‍മ്മിച്ചവന്‍
ബഹിരാകാശ യാത്രികര്‍ ഈഗിളിനെ പ്രശാന്ത സാഗരത്തില്‍ ഇറക്കിയതിനുശേഷം നീല്‍ ആംസ്‌ട്രോംഗ് പറഞ്ഞു, ''ഇത് മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പാണ്, മനുഷ്യരാശിക്ക് ഒരു വലിയ കുതിപ്പും.'' ചന്ദ്രന്റെ ഉപരിതലത്തില്‍ നടന്ന ആദ്യത്തെ മനുഷ്യനായിരുന്നു അദ്ദേഹം. അവസാന അപ്പോളോ മിഷന്റെ കമാന്‍ഡര്‍ ജീന്‍ സെര്‍നാന്‍ ഉള്‍പ്പെടെ മറ്റ് ബഹിരാകാശ യാത്രക്കാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ''ഞാന്‍ അവിടെ ആയിരുന്നു, നിങ്ങള്‍ അവിടെയാണ്, ഭൂമി - ചലനാത്മകവും, അതിശയകരവും ആണ്, എനിക്ക് തോന്നുന്നത്. . . അത് ആകസ്മികമായി സംഭവിക്കാവുന്നതിനെക്കാള്‍ വളരെ മനോഹരമായിരുന്നു.'' സെര്‍നാന്‍ പറഞ്ഞു, ''നിങ്ങളെക്കാള്‍ വലുതും എന്നെക്കാള്‍ വലുതുമായ ആരെങ്കിലും ഉണ്ടായിരിക്കണം.' ബഹിരാകാശത്തിന്റെ ഉള്ളില്‍നിന്നുള്ള അവരുടെ അതുല്യമായ വീക്ഷണത്തില്‍ നിന്ന് പോലും, ഈ മനുഷ്യര്‍ പ്രപഞ്ചത്തിന്റെ വിശാലതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ലഘുത്വം മനസ്സിലാക്കി.
ഭൂമിയുടെയും അതിനപ്പുറത്തുള്ളതിന്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന്റെ അപാരതയെക്കുറിച്ച് യിരെമ്യാ പ്രവാചകനും ചിന്തിച്ചു. എല്ലാവരുടെയും സ്രഷ്ടാവ് തന്റെ ജനത്തിന് സ്‌നേഹവും പാപമോചനവും പ്രത്യാശയും വാഗ്ദാനം ചെയ്തതുപോലെ തന്നെത്തന്നെ വെളിപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തു (യിരെമ്യാവ് 31: 33-34). 'സൂര്യനെ പകല്‍ വെളിച്ചത്തിനും ചന്ദ്രനെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി
വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും'' എന്നിങ്ങനെ യിരെമ്യാവ് ദൈവത്തിന്റെ മഹത്വം സ്ഥിരീകരിക്കുന്നു (വാ. 35). നമ്മുടെ സ്രഷ്ടാവും സര്‍വശക്തനുമായ കര്‍ത്താവ് തന്റെ എല്ലാ ജനങ്ങളെയും വീണ്ടെടുക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ട് എല്ലാറ്റിനുമുപരിയായി വാഴും (വാ. 36-37).
ആകാശത്തിന്റെ അളവറ്റ വിശാലതയും ഭൂമിയുടെ അടിത്തട്ടിന്റെ ആഴവും പര്യവേക്ഷണം ചെയ്ത് നമ്മള്‍ ഒരിക്കലും പൂര്‍ത്തിയാക്കുകയില്ല. എന്നാല്‍ നമുക്ക് പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ട്് ചന്ദ്രന്റെ സ്രഷ്ടാവില്‍ - മറ്റെല്ലാറ്റിന്റെയും - ആശ്രയിക്കാന്‍ കഴിയും.