Category  |  odb

നമുക്കു സ്്തുതിക്കാം!

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3:16 ന് എസ്ഥേറിന്റെ ഫോണിലെ അലാറം അടിക്കുമ്പോള്‍, അവള്‍ ഒരു 'സ്തുതി ഇടവേള' എടുക്കുന്നു. അവള്‍ ദൈവത്തിന് നന്ദി പറയുകയും അവന്റെ നന്മയെ അംഗീകരിക്കുകയും ചെയ്യുന്നു. എസ്ഥേര്‍ ദിവസം മുഴുവന്‍ ദൈവവുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, ഈ ഇടവേള എടുക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നു, കാരണം അവനുമായുള്ള അടുപ്പത്തെ ആഘോഷിക്കാന്‍ ഇത് അവളെ സഹായിക്കുന്നു.
അവളുടെ സന്തോഷകരമായ ഭക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ക്രൂശിലെ ക്രിസ്തുവിന്റെ ത്യാഗത്തിന് നന്ദി പറയാനും ഇനിയും രക്ഷിക്കപ്പെടാത്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ഓരോ ദിവസവും ഒരു നിശ്ചിത സമയം നിശ്ചയിക്കാന്‍ ഞാന്‍ തീരുമാനിച്ചു. യേശുവിലുള്ള എല്ലാ വിശ്വാസികളും തങ്ങളുടേതായ രീതിയില്‍ അവനെ സ്തുതിക്കുന്നതിനും മറ്റുള്ളവര്‍ക്കുവേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്നതിനും സമയമെടുത്താല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.
67-ാം സങ്കീര്‍ത്തനത്തിലെ വാക്കുകളില്‍ ലോകമെമ്പാടും അലയടിക്കുന്ന മനോഹരമായ ഒരു ആരാധന അലകളുടെ ചിത്രം കാണാം. സങ്കീര്‍ത്തനക്കാരന്‍ ദൈവകൃപയ്ക്കായി അപേക്ഷിക്കുന്നു, എല്ലാ ജനതകളിലും തന്റെ നാമം മഹത്തരമാക്കാനുള്ള ആഗ്രഹം പ്രഖ്യാപിക്കുന്നു (വാ. 1-2). അദ്ദേഹം പാടുന്നു, ''ദൈവമേ, ജാതികള്‍ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും'' (വാ. 3). അവന്‍ ദൈവത്തിന്റെ പരമാധികാരവും വിശ്വസ്ത മാര്‍ഗനിര്‍ദ്ദേശവും ആഘോഷിക്കുന്നു (വാ. 4). ദൈവത്തിന്റെ മഹത്തായ സ്‌നേഹത്തിന്റെയും സമൃദ്ധമായ അനുഗ്രഹങ്ങളുടെയും ജീവനുള്ള സാക്ഷ്യമെന്ന നിലയില്‍, സങ്കീര്‍ത്തനക്കാരന്‍ ദൈവജനത്തെ സന്തോഷകരമായ സ്തുതിയിലേക്ക് നയിക്കുന്നു (വാ. 5-6).
ദൈവത്തിനു തന്റെ പ്രിയപ്പെട്ട മക്കളോടുള്ള വിശ്വസ്തത അവനെ അംഗീകരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. നാം ചെയ്യുന്നതുപോലെ, മറ്റുള്ളവര്‍ക്കും അവനില്‍ ആശ്രയിക്കാനും അവനെ ബഹുമാനിക്കാനും അവനെ അനുഗമിക്കാനും കര്‍ത്താവായി പ്രശംസിക്കാനും നമ്മോടൊപ്പം ചേരാനാകും.

വെള്ളത്തിലൂടെ

ദി ഫ്രീ സ്റ്റേറ്റ് ഓഫ് ജോണ്‍സ് എന്ന സിനിമ, യുഎസ് ആഭ്യന്തര യുദ്ധകാലത്ത് ഐക്യ സൈന്യത്തെ സഹായിക്കുകയും യുദ്ധാനന്തരം അടിമകളെ സൂക്ഷിച്ചവരോട് എതിരിടുകയും ചെയ്ത ന്യൂട്ടണ്‍ നൈറ്റിന്റെയും സൈന്യത്തില്‍ നിന്ന് പലായനം ചെയ്ത ചിലരുടെയും കഥപറയുന്നു. പലരും നൈറ്റിനെ വീരനായകനായി പ്രഖ്യാപിച്ചു, എന്നാല്‍ രണ്ട് അടിമകളാണ് ആദ്യം തന്റെ ജീവന്‍ രക്ഷിച്ചത്. അവര്‍ അവനെ ആളൊഴിഞ്ഞ ചതുപ്പുനിലത്തേക്ക് കൊണ്ടുപോകുകയും കോണ്‍ഫെഡറേറ്റ് സേനയില്‍ നിന്ന് ഓടിപ്പോകുമ്പോള്‍ കാലിനേറ്റ പരിക്ക് വച്ചുകെട്ടുകയും ചെയ്തു. അവര്‍ അവനെ ഉപേക്ഷിച്ചിരുന്നുവെങ്കില്‍, അവന്‍ മരിക്കുമായിരുന്നു.
യെഹൂദയിലെ ജനങ്ങള്‍ മുറിവേറ്റവരും നിരാശരും ശത്രുക്കളെ അഭിമുഖീകരിച്ചവരും നിസ്സഹായരുമായിരുന്നു. യിസ്രായേലിനെ അശ്ശൂര്‍ കീഴടക്കി, ഒരു ദിവസം അവരെ (യെഹൂദയെ) ഒരു ശത്രു - ബാബിലോണ്‍- കീഴടക്കുമെന്ന് യെശയ്യാവ് പ്രവചിച്ചു. യെഹൂദയ്ക്ക് തങ്ങളെ സഹായിക്കുകയും ഉപേക്ഷിക്കാതെ രക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ ആവശ്യമായിരുന്നു. അതിനാല്‍, ''ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളോടുകൂടെയുണ്ട്'' (യെശയ്യാവു 43:5) എന്ന ദൈവത്തിന്റെ ഉറപ്പ് ആളുകള്‍ കേട്ടപ്പോള്‍ അവര്‍ക്കുണ്ടായ പ്രത്യാശയെക്കുറിച്ച് സങ്കല്‍പ്പിക്കുക. ഏത് വിപത്ത് അവര്‍ക്കു നേരിട്ടാലും കഷ്ടത അവര്‍ സഹിച്ചാലും അവന്‍ അവരോടൊപ്പം ഉണ്ടായിരിക്കും. അവന്‍ അവരോടൊപ്പം ''വെള്ളത്തിലൂടെ കടക്കും'', അവരെ സുരക്ഷിതത്വത്തിലേക്ക് നയിക്കും (വാ. 2). അവന്‍ അവരോടൊപ്പം ''തീയിലൂടെ നടക്കുകയും'' കത്തുന്ന അഗ്‌നിജ്വാലയില്‍ അവരെ സഹായിക്കുകയും ചെയ്യും (വാ. 2).
തിരുവെഴുത്തിലുടനീളം, ദൈവം തന്റെ ജനത്തോടൊപ്പമുണ്ടാകുമെന്നും, നമ്മെ പരിപാലിക്കുമെന്നും നയിക്കുമെന്നും, ജീവിതത്തിലായാലും മരണത്തിലായാലും ഒരിക്കലും നമ്മെ കൈവിടില്ലെന്നും വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ പ്രയാസകരമായ സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവം നിങ്ങളോടൊപ്പമുണ്ട്. വെള്ളത്തിലൂടെ കടന്നുപോകാന്‍ അവന്‍ നിങ്ങളെ സഹായിക്കും.

നമ്മുടെ പിതാവ് പാടുന്നു

പാട്ടുപാടി ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് പീറ്റര്‍ ഇഷ്ടപ്പെടുന്നു. ഒരു ദിവസം ഞങ്ങള്‍ അവന്റെ പ്രിയപ്പെട്ട റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ഒരു പരിചാരിക വല്ലാതെ പ്രയാസപ്പെടുന്നത് ശ്രദ്ധിച്ചു. അവന്‍ അവളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു, എന്നിട്ട് അവളെ ആശ്വസിപ്പിക്കാന്‍ ആകര്‍ഷകമായ, ഉല്ലാസകരമായ ഒരു ഗാനം ആലപിക്കാന്‍ തുടങ്ങി. ''ശരി, ദയയുള്ള സര്‍, നിങ്ങള്‍ എന്റെ ദിവസത്തെ സന്തോഷകരമാക്കി. വളരെയധികം നന്ദി, ''അവള്‍ ഒരു വലിയ പുഞ്ചിരിയോടെ പറഞ്ഞു, എന്നിട്ട് ഞങ്ങളുടെ ഓര്‍ഡര്‍ എഴുതിയെടുത്തു.
സെഫന്യാവിന്റെ പുസ്തകം തുറക്കുമ്പോള്‍, ദൈവം പാടാന്‍ ഇഷ്ടപ്പെടുന്നുവെന്ന് നമുക്കു കാണാം. തന്റെ മക്കള്‍ക്കുവേണ്ടിയും അവരോടൊപ്പവും പാടാന്‍ ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞനെന്ന നിലയില്‍ ദൈവത്തെ വിശേഷിപ്പിച്ചുകൊണ്ട് പ്രവാചകന്‍ തന്റെ വാക്കുകളാല്‍ ദൈവത്തിന്റെ ഒരു ചിത്രം വരച്ചു. ദൈവം ''നിന്റെ ദൈവമായ യഹോവ; രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും; ... പാട്ടോടെ അവന്‍ നിന്നില്‍ ആനന്ദിക്കും'' (3:17). തന്റെ കാരുണ്യത്താല്‍ രൂപാന്തരപ്പെട്ടവരോടൊപ്പം എന്നേക്കും സന്നിഹിതനാകാമെന്ന് ദൈവം വാഗ്ദാനം ചെയ്തു. പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല! ''ഘോഷിച്ചാനന്ദിക്കുകയും പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിക്കുകയും ചെയ്യുവാന്‍'' അവന്‍ തന്റെ ജനത്തെ ഒപ്പം ക്ഷണിക്കുന്നു (വാ. 14).
ദൈവത്തോടൊപ്പവും അവരുടെ രക്ഷകനെന്ന നിലയില്‍ യേശുവില്‍ ആശ്രയിച്ച എല്ലാവരോടും ഒപ്പവും ആയിരിക്കുന്ന ദിവസത്തെ നമുക്ക് സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് നമുക്കുവേണ്ടിയും അല്ലാതെയും പാട്ടുകള്‍ പാടുന്നതും അവന്റെ സ്‌നേഹവും അംഗീകാരവും സ്വീകാര്യതയും അനുഭവിക്കുന്നതും എത്ര അത്ഭുതകരമായിരിക്കും.

വെല്ലുവിളിയിലേക്ക് ഓടിച്ചെല്ലുക

തന്റെ പാവപ്പെട്ട സുഹൃത്തിന്റെ ബൈക്ക് മോഷ്ടിച്ച യുവാക്കളെ ഡേവിഡ് പിന്തുടര്‍ന്നു. അവന് ഒരു പദ്ധതി ഇല്ല. അത് തിരികെ ലഭിക്കേണ്ടതുണ്ടെന്ന് അവനറിയാമായിരുന്നു. അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മൂന്ന് കള്ളന്മാരും അവനെ തിരിഞ്ഞു നോക്കിയിട്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോയി. ബൈക്ക് എടുത്ത് തിരിയുമ്പോള്‍ ഡേവിഡിന് ആശ്വാസവും ഒപ്പം അത്ഭുതവും അനുഭവപ്പെട്ടുു. അപ്പോഴാണ് തന്റെ പിന്നില്‍ തന്റെ അരോഗദൃഢഗാത്രനായ സുഹൃത്ത് സന്തോഷ് വരുന്നതു കണ്ടത്.
തന്റെ പട്ടണത്തെ ശത്രുസൈന്യം ചുറ്റിയിരിക്കുന്നതു കണ്ട എലീശയുടെ ദാസന്‍ പരിഭ്രാന്തനായി. അവന്‍ എലീശയുടെ അടുത്തേക്ക് ഓടി, ''ഓ, യജമാനനേ! നമ്മള്‍ എന്തുചെയ്യും?''എലീശ അവനോട് ശാന്തനാകാന്‍ പറഞ്ഞു. ''പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികം' എന്നു പറഞ്ഞു. അപ്പോള്‍ ദൈവം ദാസന്റെ കണ്ണുകള്‍ തുറന്നു, ''എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു'' (വാ. 15-17).
നിങ്ങള്‍ യേശുവിനെ അനുഗമിക്കാന്‍ ശ്രമിക്കുമ്പോള്‍, ചില മോശമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ അകപ്പെട്ടേക്കാം. നിങ്ങളുടെ മാന്യതയും ഒരുപക്ഷേ നിങ്ങളുടെ സുരക്ഷയും പോലും അപകടത്തിലാകാം, കാരണം ശരിയായത് ചെയ്യാന്‍ നിങ്ങള്‍ ദൃഢനിശ്ചയത്തിലാണ്. ഇതെന്തായിത്തീരുമെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട് നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടേക്കാം. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മ്മിക്കുക. നിങ്ങളുടെ മുമ്പിലുള്ള വെല്ലുവിളിയേക്കാള്‍ നിങ്ങള്‍ ശക്തനോ മിടുക്കനോ ആയിരിക്കേണ്ടതില്ല. യേശു നിങ്ങളോടൊപ്പമുണ്ട്, അവന്റെ ശക്തി എല്ലാ എതിരാളികളേക്കാളും വലുതാണ്. പൗലൊസിന്റെ ചോദ്യം സ്വയം ചോദിക്കുക, ''ദൈവം നമുക്ക് അനുകൂലം എങ്കില്‍ നമുക്കു പ്രതികൂലം ആര്?'' (റോമര്‍ 8:31). ശരിക്കും, ആരാണ്? ആരുമില്ല. ദൈവത്തോടൊപ്പം നിങ്ങളുടെ വെല്ലുവിളിക്കായി ഓടുക.

ദൈവികമായി വിന്യസിക്കപ്പെട്ടത്

ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നതിനാല്‍ രാത്രി ഉറക്കമുണര്‍ന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു. സത്യം പറഞ്ഞാല്‍, എന്റെ മനോഭാവം ദൈവത്തിനു പ്രാര്‍ഥനാപൂര്‍വ്വം സമര്‍പ്പിച്ച ഒന്നായിരുന്നില്ല, മറിച്ച് ചോദ്യം ചെയ്യലും കോപവുമായിരുന്നു. ഒരു വിടുതലും കണ്ടെത്താതെ ഞാന്‍ ഇരുന്ന് ഒരു വലിയ ജാലകത്തിലൂടെ ആകാശത്തേക്കു നോക്കി. നക്ഷത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ അപ്രതീക്ഷിതമായി ആകര്‍ഷിക്കപ്പെട്ടു- കൃത്യമായി ക്രമീകരിക്കപ്പെട്ട ഈ മൂന്ന് നക്ഷത്രങ്ങള്‍ പലപ്പോഴും വ്യക്തമായ രാത്രികളില്‍ ദൃശ്യമാകും. ഈ മൂന്ന് നക്ഷത്രങ്ങളും നൂറുകണക്കിന് പ്രകാശവര്‍ഷം അകലെയാണെന്ന് മനസ്സിലാക്കാന്‍ തക്ക ജ്യോതിശാസ്ത്രത്ത ജ്ഞാനം എനിക്കുണ്ടായിരുന്നു.
ആ നക്ഷത്രങ്ങളോട് ഞാന്‍ എത്ര കൂടുതല്‍ അടുക്കുമോ അത്രത്തോളം അവയുടെ ക്രമപ്രകാരമല്ലാത്ത വിന്യാസം ഞാന്‍ കാണും എന്നു ഞാന്‍ മനസ്സിലാക്കി. എന്നിട്ടും എന്റെ വിദൂര വീക്ഷണകോണില്‍ നിന്ന്, അവ ശ്രദ്ധാപൂര്‍വ്വം ആകാശത്ത് ക്രമീകരിക്കപ്പെട്ടിരിക്കുന്നതായി കാണപ്പെട്ടു. ആ നിമിഷം, ദൈവം എന്നെ കാണുന്നതുപോലെ കാണാന്‍ തക്കവണ്ണം ഞാന്‍ എന്റെ ജീവിതത്തോട് വളരെ അടുപ്പത്താണെന്ന് ഞാന്‍ മനസ്സിലാക്കി. അവന്റെ വലിയ ചിത്രത്തില്‍, എല്ലാം തികഞ്ഞ നിലയില്‍ വിന്യാസിക്കപ്പെട്ടിരിക്കുന്നു.
അപ്പൊസ്തലനായ പൗലൊസ്, ദൈവത്തിന്റെ ആത്യന്തിക ഉദ്ദേശ്യങ്ങളുടെ ഒരു സംഗ്രഹം പൂര്‍ത്തിയാക്കുമ്പോള്‍, ഒരു സ്തുതിഗീതത്തിലേക്കു മാറുന്നു (റോമര്‍ 11:33-36). അവന്റെ വാക്കുകള്‍ നമ്മുടെ പരമാധികാരിയായ ദൈവത്തിലേക്ക് നമ്മുടെ നോട്ടം ഉയര്‍ത്തുന്നു, അവന്റെ വഴികള്‍ നമുക്കു മനസ്സിലാക്കാനോ കണ്ടെത്താനോ ഉള്ള നമ്മുടെ പരിമിതമായ കഴിവിനപ്പുറത്താണ് (വാ. 33). എന്നിട്ടും ആകാശത്തിലും ഭൂമിയിലും എല്ലാം ഒരുമിച്ചുനിര്‍ത്തുന്നവന്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളുമായും അടുപ്പത്തോടെയും സ്‌നേഹത്തോടെയും ഇടപെടുന്നു (മത്തായി 6:25-34; കൊലൊസ്യര്‍ 1:16).
കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്ന് തോന്നുമ്പോഴും, ദൈവത്തിന്റെ ദിവ്യ പദ്ധതികള്‍ നമ്മുടെ നന്മയ്ക്കും ദൈവത്തിന്റെ ബഹുമാനത്തിനും മഹത്വത്തിനും വേണ്ടി പ്രവര്‍ത്തനക്ഷമമായിക്കൊണ്ടിരിക്കുന്നു.