ഭാവി മരംവെട്ടുകാരന്‍
ഞാന്‍ കോളേജില്‍ പഠിക്കുന്ന ഒരു വര്‍ഷം, ഞാന്‍ വിറക് വെട്ടുകയും അടുക്കിവയ്ക്കുകയും വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഇത് ഒരു കഠിനമായ ജോലിയായിരുന്നു, അതിനാല്‍ 2 രാജാക്കന്മാര്‍ 6-ാം അധ്യായത്തിലെ മരംവെട്ടുകാരനോട് എനിക്കു സഹാനുഭൂതിയുണ്ട്.
എലീശയുടെ പ്രവാചകന്മാര്‍ക്കുള്ള വിദ്യാലയം അഭിവൃദ്ധി പ്രാപിച്ചു, അവരുടെ ക്ലാസ് മുറി വളരെ ചെറുതായിത്തീര്‍ന്നു. കാട്ടിലേക്ക് പോയി മരങ്ങള്‍ വെട്ടിക്കൊണ്ടുവന്ന് അവരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്ന് ആരോ നിര്‍ദ്ദേശിച്ചു. എലീശ സമ്മതിച്ച് ജോലിക്കാരോടൊപ്പം പോയി. കാര്യങ്ങള്‍ വളരെ നന്നായി നടക്കുന്നതിനിടയിലാണ് ആരുടെയോ കോടാലി വെള്ളത്തില്‍ വീണത് (വാ. 5).
ചിലര്‍ അഭിപ്രായപ്പെടുന്നത് എലീശ ഒരു വടികൊണ്ട് വെള്ളത്തില്‍ പരതി നോക്കി കോടാലി കണ്ടെത്തിയശേഷം കമ്പുകൊണ്ട് പതുക്കെ പൊക്കിയെടുത്തു എന്നാണ്. അങ്ങനെയായിരുന്നുവെങ്കില്‍ അത് എടുത്തുപറയേണ്ട കാര്യമില്ല. ഇല്ല, അതൊരു അത്ഭുതമായിരുന്നു: ദൈവത്തിന്റെ കരത്താല്‍ കോടാലി ചലിച്ച് പൊങ്ങിക്കിടക്കാന്‍ തുടങ്ങി, അങ്ങനെ ആ മനുഷ്യന് അത് വീണ്ടെടുക്കാന്‍ കഴിഞ്ഞു (വാ. 6-7).
ലളിതമായ അത്ഭുതം അഗാധമായ ഒരു സത്യം ഉള്‍ക്കൊള്ളുന്നു: നഷ്ടപ്പെട്ട കോടാലി, നഷ്ടപ്പെട്ട താക്കോലുകള്‍, നഷ്ടപ്പെട്ട ഗ്ലാസുകള്‍, നഷ്ടപ്പെട്ട ഫോണുകള്‍ എന്നിങ്ങനെ നമ്മെ വിഷമിപ്പിക്കുന്ന ചെറിയ കാര്യങ്ങളെക്കുറിച്ച് ദൈവം ശ്രദ്ധാലുവാണ്. നഷ്ടപ്പെട്ടവയെ അവന്‍ എല്ലായ്പ്പോഴും പുനഃസ്ഥാപിക്കുകയില്ല, പക്ഷേ നമ്മുടെ ദുരിതത്തില്‍ അവന്‍ നമ്മെ മനസ്സിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
നമ്മുടെ രക്ഷയുടെ ഉറപ്പിന് അടുത്തായി, ദൈവത്തിന്റെ കരുതലിന്റെ ഉറപ്പ് അത്യാവശ്യമാണ്. അതില്ലാതെ നമുക്ക് ലോകത്ത് ഒറ്റപ്പെടല്‍ അനുഭവപ്പെടും, അസംഖ്യം ആശങ്കകള്‍ക്ക് നാം വിധേയരാകും. അവന്‍ കരുതുന്നുവെന്നും നമ്മുടെ നഷ്ടങ്ങള്‍ - അവ എത്ര ചെറുതായിരുന്നാലും - അവനെ ചലിപ്പിക്കുമെന്നും അറിയുന്നത് നല്ലതാണ്. നമ്മുടെ ആശങ്കകള്‍ അവന്റെ ആശങ്കകളാണ്.

വിലയേറിയ കടന്നുപോക്ക്
പ്രശസ്ത ശില്പിയായ ലിസ് ഷെപ്പേര്‍ഡ് ഒരിക്കല്‍ അവളുടെ ശില്പങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അവളുടെ ഡാഡിയുടെ മരണസമയത്ത് അദ്ദേഹത്തിന്റെ കട്ടിലില്‍ അവള്‍ ചെലവഴിച്ച വിലയേറിയ അന്ത്യ നിമിഷങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതായിരുന്നു അത്. ഇത് ശൂന്യതയും നഷ്ടവും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങള്‍ക്ക് എത്തിച്ചേരാനാവാത്തയിടത്താണ് എന്ന തോന്നലും ഉളവാക്കുന്നതായിരുന്നു.
മരണം വിലപ്പെട്ടതാണെന്ന ആശയം സാധാരണ ധാരണകള്‍ക്ക് വിരുദ്ധമായതാണെന്നു തോന്നാം; എന്നിരുന്നാലും, 'തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു' എന്നു സങ്കീര്‍ത്തനക്കാരന്‍ പ്രഖ്യാപിക്കുന്നു (സങ്കീര്‍ത്തനം 116:15). ദൈവം തന്റെ ജനത്തിന്റെ മരണത്തെ അമൂല്യമായി കരുതുന്നു, കാരണം അവര്‍ കടന്നുപോകുമ്പോള്‍ അവരെ അവന്‍ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയാണ്.
ദൈവത്തിന്റെ വിശ്വസ്തരായ ഈ ദാസന്മാര്‍ (''വിശുദ്ധന്മാര്‍'') ആരാണ്? സങ്കീര്‍ത്തനക്കാരന്റെ അഭിപ്രായത്തില്‍, ദൈവത്തിന്റെ വിടുതലിനോടുള്ള നന്ദിയോടെ ദൈവത്തെ സേവിക്കുന്നവരും അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരും അവന്റെ മുമ്പില്‍ സംസാരിക്കുന്ന വാക്കുകളെ മാനിക്കുന്നവരുമാണ് (സങ്കീര്‍ത്തനം 116:16-18). അത്തരം പ്രവൃത്തികള്‍ ദൈവത്തോടൊപ്പം നടക്കാനും അവന്‍ നല്‍കുന്ന സ്വാതന്ത്ര്യം സ്വീകരിക്കാനും അവനുമായി ഒരു ബന്ധം വളര്‍ത്തിയെടുക്കാനുമുള്ള മനപ്പൂര്‍വമായ തിരഞ്ഞെടുപ്പുകളെ പ്രതിനിധീകരിക്കുന്നു.
അങ്ങനെ ചെയ്യുമ്പോള്‍, ''ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനും അവനു വിലപ്പെട്ടവനുമായ' യേശുവിന്റെ കൂട്ടായ്മയില്‍ നാം ഉള്‍പ്പെടുന്നു. തിരുവെഴുത്ത് ഇപ്രകാരം പറയുന്നു: 'ഞാന്‍ ശ്രേഷ്ഠവും മാന്യവുമായൊരു മൂലക്കല്ലു സീയോനില്‍ ഇടുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകുകയില്ല'' (1 പത്രൊസ് 2:4-6). നമ്മുടെ വിശ്വാസം ദൈവത്തില്‍ ആയിരിക്കുമ്പോള്‍, ഈ ജീവിതത്തില്‍ നിന്ന് നാം അകന്നുപോകുന്നത് അവിടുത്തെ ദൃഷ്ടിയില്‍ വിലപ്പെട്ടതാണ്.

രക്ഷ കാണുക
അമ്പത്തിമൂന്നാം വയസ്സില്‍, ബിസിനസും രാജ്യവും ഉപേക്ഷിച്ച് അഭയം തേടി ഒരു പുതിയ ദേശത്തേക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടം ആളുകളോടൊപ്പം ചേരുന്ന കാര്യം സോണിയ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അക്രമി സംഘം അവളുടെ അനന്തരവനെ കൊല്ലുകയും പതിനേഴു വയസ്സുള്ള മകനെ തങ്ങളുടെ സംഘത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കയും ചെയ്തപ്പോള്‍ രക്ഷപ്പെടലാണ് തന്റെ ഏക പോംവഴിയെന്ന് സോണിയയ്ക്ക് തോന്നി. ''ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. . . . ആവശ്യമായതെല്ലാം ഞാന്‍ ചെയ്യും,'' സോണിയ വിശദീകരിച്ചു. ''ഞാനും എന്റെ മകനും പട്ടിണി മൂലം മരിക്കാതിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും. . . ഒരു ബാഗിലോ കനാലിലോ അവസാനിക്കുന്നതിനേക്കാള്‍ അവന്‍ ഇവിടെ കഷ്ടപ്പെടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'
സോണിയയോടും മകനോടും ബൈബിളിന് എന്തെങ്കിലും പറയാനുണ്ടോ - അനീതിയും നാശവും അനുഭവിച്ച അനേകരോട്? യോഹന്നാന്‍ സ്‌നാപകന്‍ യേശുവിന്റെ വരവ് പ്രഖ്യാപിച്ചപ്പോള്‍, അവന്‍ സോണിയയോട്, നമ്മോട്, ലോകത്തോട് ഒരു സന്തോഷവാര്‍ത്ത അറിയിച്ചു. ''കര്‍ത്താവിനുള്ള വഴി ഒരുക്കുക'' എന്ന് യോഹന്നാന്‍ പ്രഖ്യാപിച്ചു (ലൂക്കൊസ് 3:4). യേശു വരുമ്പോള്‍ ദൈവം ശക്തവും സമഗ്രവുമായ ഒരു രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് അവന്‍ ഊന്നിപ്പറഞ്ഞു. ഈ രക്ഷാപ്രവര്‍ത്തനത്തിനുള്ള വേദപുസ്തക വാക്ക് ആണ രക്ഷ
രക്ഷ നമ്മുടെ പാപപങ്കില ഹൃദയങ്ങളുടെ സൗഖ്യവും - ഒരു ദിവസം - ലോകത്തിലെ എല്ലാ തിന്മകളുടെയും സൗഖ്യവും ഉള്‍ക്കൊള്ളുന്നു. ദൈവത്തിന്റെ രൂപാന്തരീകരണ ജോലി എല്ലാ കഥകള്‍ക്കും ഓരോ മനുഷ്യവ്യവസ്ഥയ്ക്കും ഓരോ വ്യക്തിക്കും വേണ്ടിയുള്ളതാണ. ''സകല ജഡവും ദൈവത്തിന്റെ രക്ഷയെ കാണും,'' യോഹന്നാന്‍ പറഞ്ഞു (വാ. 6).
നാം എന്ത് തിന്മ നേരിട്ടാലും, നാം ദൈവത്തിന്റെ രക്ഷ കാണുമെന്ന് ക്രിസ്തുവിന്റെ ക്രൂശും പുനരുത്ഥാനവും നമുക്ക് ഉറപ്പുനല്‍കുന്നു. ഒരു ദിവസം നാം അവന്റെ അന്തിമ വിമോചനം അനുഭവിക്കും.

ഇതു പ്രാര്‍ത്ഥിക്കുവാനുള്ള സമയം ... വീണ്ടും
എന്റെ അയല്‍വാസിയായ മിരിയാമിനും അവളുടെ കൊച്ചു മകള്‍ എലിസബത്തിനും നേരെ കൈവീശിക്കൊണ്ട് ഞാന്‍ എന്റെ വീട്ടിലേക്കുള്ള വഴിയിലേക്കു കാര്‍ തിരിച്ചു. കാലക്രമേണ, വാക്കു പറഞ്ഞ ''കുറച്ച് മിനിറ്റുകള്‍'' എന്നതിനേക്കാളും നീണ്ടുനില്‍ക്കുന്ന ഞങ്ങളുടെ കുശലം പറച്ചിലുകള്‍ക്കും പിന്നീടുള്ള പ്രാര്‍ത്ഥനാ മീറ്റീംഗുകളും എലിസബത്തിനു പരിചിതമായിച്ചുടങ്ങിയിരുന്നു. അവളുടെ അമ്മയും ഞാനും സംസാരിക്കുന്നതിനിടയില്‍ അവള്‍ അവരുടെ മുന്‍വശത്തെ മുറ്റത്ത് നട്ടുപിടിപ്പിച്ച മരത്തില്‍ കയറിയിരുന്നു കാലുകള്‍ ആട്ടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, എലിസബത്ത് താഴേക്കിറങ്ങി ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് ഓടിവന്നു. ഞങ്ങളുടെ കൈകള്‍ പിടിച്ച് അവള്‍ പുഞ്ചിരിച്ചു, എന്നിട്ടു പാടുന്നതുപോലെ പറഞ്ഞു, ''ഇത് പ്രാര്‍ത്ഥിക്കാനുള്ള സമയമാണ്. . . വീണ്ടും.'' ഞങ്ങളുടെ സുഹൃദ്ബന്ധത്തില്‍ പ്രാര്‍ഥന എത്ര പ്രധാനമാണെന്ന് ചെറുപ്പത്തില്‍ത്തന്നെ എലിസബത്തിന് മനസ്സിലായി.
''കര്‍ത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിന്‍'' എന്നു വിശ്വാസികളെ പ്രോത്സാഹിപ്പിച്ചതിനുശേഷം (എഫെസ്യര്‍ 6:10), നിരന്തരമായ പ്രാര്‍ത്ഥനയുടെ നിര്‍ണായക പങ്കിനെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പ്രത്യേക ഉള്‍ക്കാഴ്ച നല്‍കി. കര്‍ത്താവിനോടൊപ്പമുള്ള ആത്മീയ നടത്തത്തില്‍ ദൈവജനത്തിന് ആവശ്യമായിരിക്കുന്നതും സംരക്ഷണവും വിവേചനവും തന്റെ സത്യത്തിലുള്ള ഉറപ്പും നല്‍കുന്ന ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗത്തെക്കുറിച്ച് തുടര്‍ന്ന് അവന്‍ വിവരിച്ചു (വാ. 11-17). എന്നിരുന്നാലും, ദൈവം നല്‍കുന്ന ഈ ശക്തി, പ്രാര്‍ത്ഥനയുടെ ജീവദായക വരത്തില്‍ മനപ്പൂര്‍വ്വം മുഴുകുന്നതിലൂടെയാണ് വളര്‍ച്ച പ്രാപിക്കുന്നതെന്ന് അപ്പൊസ്തലന്‍ ഊന്നിപ്പറഞ്ഞു (വാ. 18-20).
ധൈര്യത്തോടെ സംസാരിച്ചാലും നിശബ്ദമായി സംസാരിച്ചാലും വേദനിക്കുന്ന ഹൃദയത്തില്‍ ആഴത്തില്‍ ഞരങ്ങിയാലും ദൈവം നമ്മുടെ ആശങ്കകള്‍ ശ്രദ്ധിക്കുകയും കരുതുകയും ചെയ്യുന്നു. അവിടുത്തെ ശക്തിയില്‍ നമ്മെ ശക്തരാക്കാന്‍ അവന്‍ എപ്പോഴും തയ്യാറാണ്, കാരണം അവന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കാന്‍ നമ്മെ ക്ഷണിക്കുന്നു.

മണി
കുട്ടിക്കാലം മുതലേ നാവികസേനയുടെ കമാന്‍ഡോ ആകുന്നതു ജോണ്‍സന്‍സ്വപ്‌നം കണ്ടു - ഇത് വര്‍ഷങ്ങളോളമുള്ള ശാരീരിക ശിക്ഷണത്തിനും ആത്മത്യാഗത്തിനും അവനെ പ്രേരിപ്പിച്ചു. പരിശീലകര്‍ ''നരക ആഴ്ച'' എന്ന് പരാമര്‍ശിക്കുന്ന പരിശീലനം് ഉള്‍പ്പെടെ, ശക്തിയുടെയും സഹിഷ്ണുതയുടെയും കഠിനമായ പരിശോധനകള്‍ക്ക് അവന്‍ വിധേയനായി
.
സമഗ്രമായ പരിശീലനം പൂര്‍ത്തിയാക്കാന്‍ ജോണ്‍സന്‍ ശാരീരികമായി കഴിവുള്ളവനായിരുന്നില്ല. അതിനാല്‍ പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നുവെന്ന് കമാന്‍ഡറെയും സഹ ട്രെയിനികളെയും അറിയിക്കാന്‍ മനസ്സില്ലാമനസ്സോടെ അവന്‍ മണി മുഴക്കി. മിക്കവര്‍ക്കും ഇത് ഒരു പരാജയം പോലെ തോന്നും. കടുത്ത നിരാശ ഉണ്ടായിരുന്നിട്ടും, ജോണ്‍സന്് തന്റെ സൈനിക പരാജയം തന്റെ ജീവിത ദൗത്യത്തിനുള്ള ഒരുക്കമായി പില്‍ക്കാലത്തു കാണാന്‍ കഴിഞ്ഞു.
അപ്പൊസ്തലനായ പത്രൊസ് സ്വന്തം പരാജയം അനുഭവിച്ചു. ജയിലിലും മരണത്തിലും താന്‍ യേശുവിനോട് വിശ്വസ്തനായി തുടരുമെന്ന് അവന്‍ ധൈര്യത്തോടെ പ്രഖ്യാപിച്ചു (ലൂക്കൊസ് 22:33). എങ്കിലും തനിക്ക് യേശുവിനെ അറിയില്ല എന്നു തള്ളിപ്പറഞ്ഞതിനെയോര്‍ത്ത് അവനു പിന്നീട് കരയേണ്ടിവന്നു (വാ. 60-62). എന്നാല്‍ പരാജയത്തിനുമപ്പുറം ദൈവത്തിന് പദ്ധതികളുണ്ടായിരുന്നു. പത്രൊസിന്റെ തള്ളിപ്പറയലിനുമുമ്പ്, യേശു അവനോടു പറഞ്ഞു, ''നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല'' (മത്തായി 16:18; ലൂക്കൊസ് 22:31-32 കാണുക ).
നിങ്ങള്‍ യോഗ്യതയുള്ളവനല്ലെന്നും മുന്നോട്ടു പോകാന്‍ കഴിവുള്ളവനല്ലെന്നും ചിന്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു പരാജയവുമായി നിങ്ങള്‍ മല്ലിടുകയാണോ? പരാജയത്തിന്റെ മണിമുഴക്കം നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ വലിയ ഉദ്ദേശ്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ അനുവദിക്കരുത്.
