Category  |  odb

പൂര്‍ണ്ണമായി അറിയപ്പെട്ടത്

'നിങ്ങള്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കരുത്. മുകളില്‍ ആരോ നിങ്ങളെ അന്വേഷിക്കുന്നു.'' ചെങ്കുത്തായ പര്‍വത മലയിടുക്കിന്റെ അരികില്‍ നിന്ന് കാര്‍ വലിച്ചെടുത്തശേഷം ടയര്‍ ഉരഞ്ഞ പാടുകള്‍ പഠിച്ചുകൊണ്ട് ട്രക്ക് ഡ്രൈവര്‍ എന്റെ അമ്മയോട് പറഞ്ഞു. ആ സമയത്ത് അമ്മ എന്നെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഞാന്‍ വളരുമ്പോള്‍, ആ ദിവസം ദൈവം നമ്മുടെ രണ്ടു ജീവനുകള്‍ രക്ഷിച്ചതിന്റെ കഥ അവള്‍ പലപ്പോഴും വിവരിക്കുമായിരുന്നു. ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം എന്നെ വിലമതിച്ചിരുന്നുവെന്ന് അവള്‍ എനിക്ക് ഉറപ്പ് നല്‍കി.

നമ്മളാരും സര്‍വ്വജ്ഞനായ (എല്ലാം അറിയുന്ന) സ്രഷ്ടാവിന്റെ ശ്രദ്ധയില്‍ നിന്ന് മറഞ്ഞിരിക്കുന്നില്ല. 2,500 ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അവന്‍ യിരെമ്യാ പ്രവാചകനോട് പറഞ്ഞു, ''നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിനു മുമ്പെ ഞാന്‍ നിന്നെ അറിഞ്ഞു'' (യിരെമ്യാവ് 1:5). ഏതൊരു വ്യക്തിയെക്കാളും കൂടുതല്‍ അടുത്ത് ദൈവം നമ്മെ അറിയുന്നു, മറ്റേതില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ ജീവിതത്തിന് ലക്ഷ്യവും അര്‍ത്ഥവും നല്‍കാന്‍ അവനു കഴിയും. അവിടുന്ന് തന്റെ ജ്ഞാനത്തിലൂടെയും ശക്തിയിലൂടെയും നമ്മെ രൂപപ്പെടുത്തിയെന്നു മാത്രമല്ല, നമ്മുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷവും നമ്മെ നിലനിര്‍ത്തുകയും ചെയ്യുന്നു - നമ്മുടെ അവബോധമില്ലാതെ ഓരോ നിമിഷവും സംഭവിക്കുന്ന വ്യക്തിഗത വിശദാംശങ്ങള്‍ ഉള്‍പ്പെടെ അവന്‍ അറിയുന്നു. അതായത് നമ്മുടെ ഹൃദയമിടിപ്പു മുതല്‍ നമ്മുടെ തലച്ചോറിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനം വരെ അവനറിയുന്നു. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളും എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നതിനെക്കുറിച്ച് ദാവീദ് ഉദ്ഘോഷിച്ചു, ''ദൈവമേ, നിന്റെ വിചാരങ്ങള്‍ എനിക്ക് എത്ര ഘനമായവ!'' (സങ്കീര്‍ത്തനം 139:17).

നമ്മുടെ അവസാന ശ്വാസത്തേക്കാള്‍ ദൈവം നമ്മോട് കൂടുതല്‍ അടുത്തിരിക്കുന്നു. അവന്‍ നമ്മെ സൃഷ്ടിച്ചു, അവന്‍ നമ്മെ അറിയുന്നു, നമ്മെ സ്‌നേഹിക്കുന്നു, നമ്മുടെ ആരാധനയ്ക്കും പ്രശംസയ്ക്കും അവന്‍ എപ്പോഴും യോഗ്യനാണ്.

വിട്ടുപോകാനുള്ള ആഹ്വാനം

ഒരു യുവതിയെന്ന നിലയില്‍, മുപ്പതാം വയസ്സില്‍ ഞാന്‍ വിവാഹിതയാണെന്നും നല്ല ജോലിയിലാണെന്നും ഞാന്‍ സങ്കല്‍പ്പിച്ചു - പക്ഷേ അത് സംഭവിച്ചില്ല. എന്റെ ഭാവി എന്റെ മുന്‍പില്‍ ശൂന്യമായി കിടന്നു, എന്റെ ജീവിതവുമായി എന്തുചെയ്യണമെന്നറിയാതെ ഞാന്‍ പോരാട്ടമനുഭവിച്ചു. ഒടുവില്‍ മറ്റുള്ളവരെ സേവിക്കുന്നതിലൂടെ ദൈവത്തെ സ്‌നേഹിക്കുന്നതിനായിട്ടാണ് ദൈവം എന്നെ വിളിക്കുന്നത് എന്നെനിക്കു മനസ്സിലാകുകയും ഞാന്‍ ഒരു സെമിനാരിയില്‍ ചേര്‍ന്നു. അപ്പോഴാണ് ഞാന്‍ എന്റെ വേരുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഞാന്‍ അകന്നുപോകുന്നതായുള്ള യാഥാര്‍ത്ഥ്യം എന്നെ തകര്‍ത്തത്. എങ്കിലും ദെവത്തിന്റെ വിളിയോട് പ്രതികരിക്കുന്നതിന്, എനിക്ക് പോകേണ്ടിവന്നു.

യേശു ഗലീല കടലിനരികിലൂടെ നടക്കുകയായിരുന്നു. പത്രൊസും സഹോദരന്‍ അന്ത്രെയാസും കടലില്‍ വല വീശുന്നത് അവന്‍ കണ്ടു. ''എന്റെ പിന്നാലെ വരുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും' എന്ന് അവരെ വിളിച്ചു (മത്തായി 4:19). യേശു മറ്റു രണ്ടു മത്സ്യത്തൊഴിലാളികളായ യാക്കോബിനെയും സഹോദരന്‍ യോഹന്നാനെയും കണ്ടു സമാനമായ രീതിയില്‍ അവരെയും വിളിച്ചു (വാ. 21).

ഈ ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തെത്തിയപ്പോള്‍ അവരും ചിലത് ഉപേക്ഷിച്ചാണു വന്നത്. പത്രൊസും അന്ത്രെയാസും ''വല ഉപേക്ഷിച്ചു'' (വാ. 20). യാക്കോബും യോഹന്നാനും ''പടകിനെയും അപ്പനെയും വിട്ട് അവനെ അനുഗമിച്ചു'' (വാ. 22). ലൂക്കൊസ് ഇപ്രകാരം പറയുന്നു: ''പിന്നെ അവര്‍ പടകുകളെ കരയ്ക്ക് അടുപ്പിച്ചിട്ടു സകലവും വിട്ട് അവനെ അനുഗമിച്ചു'' (ലൂക്കൊസ് 5:11).

യേശുവിലേക്കുള്ള ഓരോ വിളിയിലും മറ്റെന്തെങ്കിലും ഒന്നിനുവേണ്ടിയുള്ള വിളിയും ഉള്‍പ്പെടുന്നു. വല. പ
ടക്. പിതാവ്. സുഹൃത്തുക്കള്‍. വീട്. തന്നോടുള്ള ബന്ധത്തിലേക്ക് ദൈവം നമ്മെയെല്ലാം വിളിക്കുന്നു. പിന്നെ അവന്‍ നമ്മെ ഓരോരുത്തരെയും സേവനത്തിനായി വിളിക്കുന്നു.

ഒരു ലക്ഷ്യവും ഒരു ഉദ്ദേശ്യവും

2018 ല്‍, ഒരു അമേരിക്കന്‍ അത്ലറ്റായ കോളിന്‍ ഓ'ബ്രാഡി മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത ഒരു നടപ്പ് നടന്നു. ഒരു തന്റെ സാധനങ്ങള്‍ നിറച്ച ഒരു സ്ലെഡ് വലിച്ചുകൊണ്ട് ഓ'ബ്രാഡി അന്റാര്‍ട്ടിക്കയില്‍ ഒറ്റയ്ക്ക് യാത്രചെയ്തു - 54 ദിവസംകൊണ്ട് 932 മൈലുകള്‍. അര്‍പ്പണബോധത്തിന്റെയും ധൈര്യത്തിന്റെയും ഒരു സുപ്രധാന യാത്രയായിരുന്നു അത്.

മഞ്ഞ്, തണുപ്പ്, ഭയാനകമായ ദൂരം എന്നിവയെ ഏകനായി നേരിട്ടതിനെക്കുറിച്ച് ഓ'ബ്രാഡി പറഞ്ഞു, ''ആഴത്തിലുള്ള ഒഴുക്കിന്റെ അവസ്ഥയില്‍ ഞാന്‍ തളച്ചിടപ്പെട്ടു (പരിശ്രമത്തില്‍ പൂര്‍ണ്ണമായും മുഴുകി). മുഴുവന്‍ സമയവും ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടൊപ്പം ഈ യാത്രയില്‍ ലഭിച്ച ആഴത്തിലുള്ള പാഠങ്ങള്‍ അയവിറക്കാന്‍ എന്റെ മനസ്സിനെ അനുവദിച്ചു.'

യേശുവില്‍ വിശ്വാസം അര്‍പ്പിച്ചവരായ നമ്മെ സംബന്ധിച്ച്, ആ പ്രസ്താവന പരിചിതമായി തോന്നാം. വിശ്വാസികളെന്ന നിലയില്‍ നമ്മുടെ വിളിയെയാണ് ഇത് ഓര്‍പ്പിക്കുന്നത്: അതായത് ദൈവത്തെ മഹത്വപ്പെടുത്തുകയും അവനെ മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യുന്ന വിധത്തില്‍ ജീവിക്കുക എന്ന ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രവൃത്തികള്‍ 20:24-ല്‍, അപകടകരമായ യാത്രകള്‍ അപരിചിതമല്ലാത്ത പൗലൊസ് പറഞ്ഞു, ''എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കര്‍ത്താവായ യേശു തന്ന ശുശ്രൂഷയും തികയ്‌ക്കേണം എന്നേ എനിക്കുള്ളു.'

യേശുവുമായുള്ള ബന്ധത്തില്‍ നാം മുന്നോട്ടുപോകുമ്പോള്‍, നമ്മുടെ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മുടെ രക്ഷകനെ മുഖാമുഖം കാണുന്ന ദിവസം വരെ മുന്നോട്ടു പോകാം.

രഹസ്യം

ചില സമയങ്ങളില്‍ എന്റെ പൂച്ച ടോം ഫോമോ (നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം) എന്ന ഒരു മോശം അവസ്ഥയാല്‍ കഷ്ടപ്പെടുന്നതായി ഞാന്‍ സംശയിക്കുന്നു. ഞാന്‍ പലചരക്ക് സാധനങ്ങളുമായി വീട്ടിലെത്തുമ്പോള്‍, ടോം ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ ഓടുന്നു. ഞാന്‍ പച്ചക്കറികള്‍ അരിയുമ്പോള്‍, അതു നോക്കിക്കൊണ്ട് അവന്‍ രണ്ടു കാലില്‍ നില്‍ക്കുകയും പങ്കിടാന്‍ എന്നോട് അപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ടോമിന് ഇഷ്ടപ്പെടുന്നതെന്തും ഞാന്‍ നല്‍കുമ്പോള്‍, അവനു പെട്ടെന്ന് താല്‍പര്യം നഷ്ടപ്പെടും, വിരസമായ നീരസത്തോടെ അകന്നുപോകുന്നു.

പക്ഷെ എന്റെ കൊച്ചു കൂട്ടുകാരനോട് കോപിക്കുന്നത് കപടമാണ്. എന്റെ സ്വന്തം തൃപ്തി വരാത്ത വിശപ്പിനെയാണ് അവന്റെ സ്വഭാവം പതിഫലിപ്പിക്കുന്നത്, അതായത് 'ഇപ്പോള്‍'' എന്നത് രിക്കലും മതിയാകില്ലെന്ന എന്റെ ധാരണ.

പൗലൊസിന്റെ അഭിപ്രായത്തില്‍, സംതൃപ്തി സ്വാഭാവികമല്ല - അത് പഠിച്ചതാണ് (ഫിലിപ്പിയര്‍ 4:11). സ്വന്തമായിട്ടാണെങ്കില്‍, തൃപ്തികരമെന്ന് നമ്മള്‍ കരുതുന്നതെന്തും നമ്മള്‍ തീവ്രമായി പിന്തുടരുന്നു, അത് തൃപ്തിപ്പെടുത്തുകയില്ല എന്നറിയുന്ന നിമിഷം അടുത്ത കാര്യത്തിലേക്ക് നീങ്ങുന്നു. മറ്റ് സമയങ്ങളില്‍, സംശയാസ്പദമായ എല്ലാ ഭീഷണികളില്‍ നിന്നും നമ്മെത്തന്നെ സംരക്ഷിക്കുന്ന ഉല്‍ക്കണ്ഠയുടെ രൂപത്തിലേക്ക് നമ്മുടെ അസംതൃപ്തി മാറുന്നു.

വിരോധാഭാസമെന്നു പറയട്ടെ, ചില സമയങ്ങളില്‍ യഥാര്‍ത്ഥ സന്തോഷത്തില്‍ എത്തുന്നതിന് നാം ഏറ്റവും ഭയപ്പെടുന്ന കാര്യങ്ങള്‍ അനുഭവിക്കേണ്ടതുണ്ട്. ഏറ്റവും മോശമായ ജീവിതത്തിന്റെ പല അനുഭവങ്ങളും അനുഭവിച്ചറിഞ്ഞ പൗലൊസിന് യഥാര്‍ത്ഥ സംതൃപ്തിയുടെ ''രഹസ്യത്തിന്'' സാക്ഷ്യം വഹിക്കാന്‍ കഴിയും (വാ. 11-12) - നിഗൂഢമായ യാഥാര്‍ത്ഥ്യം, സമ്പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള നമ്മുടെ ആഗ്രഹങ്ങള്‍ നാം ദൈവത്തിങ്കലേക്കു കൊണ്ടുവരുമ്പോള്‍, നാം വിശദീകരിക്കാനാവാത്ത സമാധാനം അനുഭവിക്കുകയും (വാ. 6-7), ക്രിസ്തുവിന്റെ ശക്തി, സൗന്ദര്യം, കൃപ എന്നിവയുടെ ആഴങ്ങളിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യുന്നു.

സഹിക്കാനുള്ള വിശ്വാസം

ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ (1874-1922) 1914-ല്‍ നടത്തിയ അന്റാര്‍ട്ടിക്ക പര്യവേഷണം പരാജയപ്പെട്ടു. എന്‍ഡുറന്‍സ് എന്ന് പേരിട്ടിരുന്ന അദ്ദേഹത്തിന്റെ കപ്പല്‍ വെഡ്ഡല്‍ കടലില്‍ കനത്ത ഹിമത്തില്‍ കുടുങ്ങിയപ്പോള്‍, അതിജീവിക്കാനുള്ള ഒരു സഹിഷ്ണുത ഓട്ടമായി ഇത് മാറി. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ആശയവിനിമയം നടത്താന്‍ യാതൊരു മാര്‍ഗവുമില്ലാതെ, ഏറ്റവും അടുത്ത തീരത്ത് - എലഫന്റ് ദ്വീപ് - എത്താന്‍ ഷാക്കിള്‍ട്ടണും സംഘവും ലൈഫ് ബോട്ടുകള്‍ ഉപയോഗിച്ചു. ഭൂരിഭാഗം ജോലിക്കാരെയും ദ്വീപില്‍ വിട്ടിട്ട്, ഷാക്കിള്‍ട്ടണും അഞ്ച് ജോലിക്കാരും സഹായം തേടി രണ്ടാഴ്ച കൊണ്ട് സമുദ്രത്തിന് കുറുകെ 800 മൈല്‍ യാത്ര ചെയ്ത് സൗത്ത് ജോര്‍ജിയയിലെത്തി. ഷാക്കിള്‍ട്ടന്റെ സംഘത്തിലെ എല്ലാവരും രക്ഷപ്പെട്ടപ്പോള്‍ ''പരാജയപ്പെട്ട'' പര്യവേഷണം ചരിത്രപുസ്തകങ്ങളിലെ വിജയകരമായ ഒരു സംഭവമായി മാറി - അവരുടെ ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും പേരില്‍.

സഹിക്കേണ്ടതിന്റെ അര്‍ത്ഥമെന്താണെന്ന് അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ വിചാരണ നേരിടാന്‍ റോമിലേക്കുള്ള കടല്‍ യാത്രയ്ക്കിടെ, കൊടുങ്കാറ്റിലകപ്പെട്ട് കപ്പല്‍ മുങ്ങുമെന്ന് പൗലൊസ് ഒരു ദൈവദൂതനില്‍ നിന്ന് മനസ്സിലാക്കി. കപ്പല്‍ നഷ്ടപ്പെട്ടിട്ടും എല്ലാവരും രക്ഷപ്പെടുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിന് നന്ദി പറഞ്ഞുകൊണ്ട് അപ്പൊസ്തലന്‍ കപ്പലിലുള്ള ആളുകളെ ധൈര്യപ്പെടുത്തി (പ്രവൃത്തികള്‍ 27:23-24).

ദുരന്തമുണ്ടാകുമ്പോള്‍, ദൈവം ഉടനടി എല്ലാം മികച്ചതാക്കണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നാല്‍ സഹിഷ്ണുതയിലൂടെ വളര്‍ച്ച പ്രാപിക്കാനുള്ള വിശ്വാസം ദൈവം നമുക്കു നല്‍കുന്നു. പൗലൊസ് റോമാക്കാര്‍ക്ക് എഴുതിയതുപോലെ, ''കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു'' (റോമര്‍ 5:3). അത് അറിയുന്നതിലൂടെ, പ്രയാസകരമായ സമയങ്ങളില്‍ ദൈവത്തെ ആശ്രയിക്കാന്‍ നമുക്ക് പരസ്പരം പ്രോത്സാഹിപ്പിക്കാം.