വിശുദ്ധം എന്നു വിളിക്കപ്പെട്ട ഒരു അഗ്നി
നിരവധി വര്‍ഷത്തെ വരള്‍ച്ചയ്ക്കുശേഷം, അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ, അവ ദൈവത്തിന്റെ പ്രവൃത്തികളാണെന്നു ചിന്തിക്കാന്‍ ചിലരെ പ്രേരിപ്പിച്ചു. വാര്‍ത്താ സ്രോതസ്സുകള്‍ അതിലൊന്നിനെ വിശുദ്ധ അഗ്‌നി എന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ അസ്വസ്ഥജനകമായ ധാരണ കൂടുതല്‍ ശക്തിപ്പെട്ടു. എന്നിരുന്നാലും ഈ പ്രദേശത്തെ ''ഹോളി ജിം മലയിടുക്ക് പ്രദേശം'' എന്നാണ് വിളിച്ചിരുന്നത് എന്നത് പലര്‍ക്കും അറിയാത്ത കാര്യമായിരുന്നു.
''പരിശുദ്ധാത്മാവിലും തീയിലും'' ഉളള സ്‌നാനത്തെക്കുറിച്ചുള്ള യോഹന്നാന്‍ സ്‌നാപകന്റെ പരാമര്‍ശവും അതിനെ സംബന്ധിച്ച കഥയോടും വിശദീകരണത്തോടുമൊപ്പമാണ് നമുക്കു ലഭിക്കുന്നത് (ലൂക്കോസ് 3:16). പുറകോട്ടു തിരിഞ്ഞുനോക്കി, മലാഖി പ്രവാചകന്‍ മുന്‍കൂട്ടി കണ്ട തരത്തിലുള്ള മശിഹായെക്കുറിച്ചും തീകൊണ്ടുള്ള ശുദ്ധീകരണത്തെക്കുറിച്ചുമായിരിക്കാം അവന്‍ ചിന്തിച്ചിരിക്കുക (3:1-3; 4:1). എന്നാല്‍, ദൈവാത്മാവ് കാറ്റും തീയും പോലെ യേശുവിന്റെ അനുയായികളുടെമേല്‍ വന്നതിനുശേഷം മാത്രമാണ് മലാഖിയുടെയും യോഹന്നാന്റെയും വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടത് (പ്രവൃ. 2:1-4).
യോഹന്നാന്‍ പ്രവചിച്ച അഗ്‌നിയല്ല അവര്‍ പ്രതീക്ഷിച്ചത്. ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ പ്രവൃത്തി എന്ന നിലയില്‍, വ്യത്യസ്തമായ ഒരു മശിഹായെയും വിശുദ്ധ അഗ്നിയെയും കുറിച്ചു പ്രഖ്യാപിക്കാന്‍ അവര്‍ ധൈര്യത്തോടെ വന്നു. യേശുവിന്റെ ആത്മാവില്‍, അത് നമ്മുടെ വ്യര്‍ത്ഥമായ മനുഷ്യ ശ്രമങ്ങളെ തുറന്നുകാട്ടുകയും നശിപ്പിക്കുകയും ചെയ്തു- അപ്പോള്‍ തന്നേ, പരിശുദ്ധാത്മാവിന്റെ സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ നമ്മില്‍ ഇടം പിടിക്കുന്നു (ഗലാത്യര്‍ 5:22-23 കാണുക). അവ നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ദൈവം ആഗ്രഹിക്കുന്ന അവന്റെ പ്രവൃത്തികളാണ്.

സൗന്ദര്യത്തിന് ഒരു സമയം
പല പാശ്ചാത്യ രാജ്യങ്ങളിലും ഡിസംബര്‍, ജനുവരി എന്നീ ശൈത്യകാല മാസങ്ങള്‍ ആഴ്ചകളോളം തണുപ്പും മങ്ങിയതുമാണ്: മഞ്ഞിനു മുകളില്‍ തലനീട്ടി നില്‍ക്കുന്ന സ്വര്‍ണ്ണനിറത്തിലുള്ള പുല്ലുകള്‍, ചാരനിറത്തിലുള്ള ആകാശം, ഇല കൊഴിഞ്ഞ വൃക്ഷങ്ങളും. എങ്കിലും ഒരു ദിവസം അസാധാരണമായ എന്തോ ഒറ്റരാത്രികൊണ്ട് സംഭവിച്ചു. ഒരു മഞ്ഞ് വീഴ്ച എല്ലാത്തിനെയും ഐസ് പരലുകള്‍ കൊണ്ട് പൊതിഞ്ഞു. നിര്‍ജീവവും നിരാശാജനകവുമായ പ്രകൃതി സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന മനോഹരമായ ഒരു രംഗമായി മാറി.
ചില സമയങ്ങളില്‍ വിശ്വാസമുണ്ടാകാന്‍ പ്രചോദനമാകുന്ന ഭാവനയില്ലാതെ നമ്മള്‍ പ്രശ്‌നങ്ങളെ മാത്രം കാണുന്നു. വേദനയും ഭയവും നിരാശയും എല്ലാ ദിവസവും രാവിലെ നമ്മെ അഭിവാദ്യം ചെയ്യുമെന്ന് നാം പ്രതീക്ഷിക്കുന്നു, എന്നിട്ട് എപ്പോഴെങ്കിലും വ്യത്യസ്തമായ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയുന്നു. ദൈവത്തിന്റെ ശക്തിയിലൂടെ സംഭവിക്കുന്ന വീണ്ടെടുക്കല്‍, വളര്‍ച്ച അല്ലെങ്കില്‍ വിജയം നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും പ്രയാസകരമായ സമയങ്ങളില്‍ നമ്മെ സഹായിക്കുന്നവനാണ് ദൈവം എന്ന് ബൈബിള്‍ പറയുന്നു. തകര്‍ന്ന ഹൃദയങ്ങളെ അവന്‍ നന്നാക്കുകയും ആളുകളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു. അവന്‍ ദുഃഖിതനെ ആശ്വസിപ്പിക്കുന്നു ''ദുഃഖിതനമാര്‍ക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുന്നു...'' (യെശയ്യാവ് 61:3).
നമുക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നമ്മെ ധൈര്യപ്പെടുത്താന്‍ മാത്രം ദൈവം ആഗ്രഹിക്കുന്നുവെന്നല്ല. പരീശോധനകളില്‍ നമ്മുടെ പ്രതീക്ഷ അവനാണ്. ആത്യന്തിക ആശ്വാസം ലഭിക്കാന്‍ നാം സ്വര്‍ഗ്ഗത്തിന്റെ ഇടപെടലിനായി കാത്തിരിക്കേണ്ടിവന്നാലും, ദൈവം നമ്മോടൊപ്പമുണ്ട്, നമ്മെ പ്രോത്സാഹിപ്പിക്കുകയും പലപ്പോഴും നമുക്ക് തന്നെത്തന്നെ കാണിച്ചുതരികയും ചെയ്യുന്നു. ജീവിതത്തിലൂടെയുള്ള നമ്മുടെ യാത്രയില്‍, വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം: ''എന്റെ അഗാധമായ മുറിവില്‍ ഞാന്‍ നിന്റെ മഹത്വം കണ്ടു, അത് എന്നെ അമ്പരപ്പിച്ചു.''

പൂര്‍ണ്ണ ശ്രദ്ധ
സാങ്കേതികവിദ്യ ഇന്ന് നമ്മുടെ നിരന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്നതായി തോന്നുന്നു. ഇന്റര്‍നെറ്റ് എന്ന ആധുനിക ''അത്ഭുതം'' (ഇപ്പോള്‍ ആര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകും) മാനവികതയുടെ ആകമാനമായ പഠനത്തെ സ്മാര്‍ട്ട്ഫോണ്‍ വഴി നമ്മുടെ കൈക്കുമ്പിളില്‍ സ്വീകരിക്കുവാനുള്ള അതിശയകരമായ ശേഷി നല്‍കുന്നു. എന്നാല്‍ ഇന്നും അനേകര്‍ക്ക് അത്തരം നിരന്തരമായ ലഭ്യത ചിലവേറിയതാണ്.
നാം ഒന്നും തന്നെ നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, എന്താണ് പുറത്തു സംഭവിക്കുന്നത് എന്നറിയാനുള്ള ആധുനിക പ്രവണതയെ വിവരിക്കുന്നതിനായി ''തുടര്‍ച്ചയായയ ഭാഗിക ശ്രദ്ധ'' എന്ന ഒരു പുതിയ പ്രയോഗം അടുത്തിയെ വിരചിക്കപ്പെട്ടു.
അപ്പൊസ്തലനായ പൗലൊസിന് ഉത്കണ്ഠയ്ക്കുള്ള വ്യത്യസ്ത കാരണങ്ങള്‍ നേരിട്ടുവെങ്കിലും, ദൈവത്തില്‍ സമാധാനം കണ്ടെത്തുന്നതിനായി നമ്മുടെ ആത്മാവ് അവനോടു ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് അവനറിയാമായിരുന്നു. അതുകൊണ്ടാണ് പീഡനം സഹിക്കുന്ന പുതിയ വിശ്വാസികള്‍ക്ക് എഴുതിയ കത്തില്‍ (1 തെസ്സലൊനീക്യര്‍ 2:14) 'എപ്പോഴും സന്തോഷിപ്പിന്‍; ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍; എല്ലാറ്റിനും സ്‌തോത്രം ചെയ്യുവിന്‍'' (5: 16-18) എന്ന് അവന്‍ അവരെ പ്രോത്സാഹിപ്പിച്ചത്.
'നിരന്തരം'' പ്രാര്‍ത്ഥിക്കുന്നത് പ്രയാസകരമായി തോന്നാം. എന്നാല്‍, നാം എത്ര തവണ നമ്മുടെ ഫോണുകള്‍ പരിശോധിക്കും? പകരം ആ പ്രേരണയെ ദൈവത്തോട് സംസാരിക്കാനുള്ള പ്രേരണയായി നാം മാറ്റിയാലോ?
അതിലും പ്രധാനമായി, ദൈവസന്നിധിയില്‍ നിരന്തരവും പ്രാര്‍ത്ഥനാപൂര്‍വ്വവുമായ വിശ്രമത്തിനായി എല്ലായ്‌പ്പോഴും ''അറിവില്‍'' ആയിരിക്കേണ്ടതിന്റെ ആവശ്യകത കൈമാറാന്‍ നമ്മള്‍ പഠിച്ചാലോ? ക്രിസ്തുവിന്റെ ആത്മാവിനെ ആശ്രയിക്കുന്നതിലൂടെ, ഓരോ ദിവസവും നാം സഞ്ചരിക്കുമ്പോള്‍ നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന് നമ്മുടെ മുഴുവന്‍ ശ്രദ്ധയും നല്‍കാന്‍ പഠിക്കാം.

പോകുന്നു, പോകുന്നു, പോയി
കുസൃതിക്കാരനായ കലാകാരന്‍ ബാങ്ക്‌സേ മറ്റൊരു പ്രായോഗിക തമാശ പുറത്തെടുത്തു. അദ്ദേഹത്തിന്റെ പെണ്‍കുട്ടി ബലൂണുമായി എന്ന പെയിന്റിംഗ്, ലണ്ടനിലെ സോത്ത്ബി ഓക്ഷന്‍ ഹൗസില്‍ വിറ്റുപോയത് ഒരു ദശലക്ഷം പൗണ്ടിനാണ് (9.36 കോടി രൂപ). ലേലം വിളിക്കുന്നവന്‍ 'വിറ്റു'' എന്നു പ്രഖ്യാപിച്ചയുടനെ ഒരു അലാറം മുഴങ്ങുകയും ഫ്രെയിമിന്റെ അടിയില്‍ ഘടിപ്പിച്ചിരുന്ന ഒരു പൊടിക്കല്‍ യന്ത്രത്തിലേക്ക് പെയിന്റിംഗിന്റെ പാതിഭാഗം ഇറങ്ങിപ്പോകുകയും ചെയ്തു. ലേലത്തില്‍ പങ്കെടുത്തവര്‍ തന്റെ മാസ്റ്റര്‍ പീസ് തവിടുപൊടിയാകുന്നത് വിശ്വസിക്കാനാവാതെ നോക്കി നില്‍ക്കുന്നതിന്റെ ഫോട്ടോ ബാങ്ക്‌സേ ട്വീറ്റു ചെയ്തത് ഈ തലക്കെട്ടോടെയാണ്, 'പോകുന്നു, പോകുന്നു, പോയി.''
സമ്പന്നരുടെമേല്‍ കുസൃതി കാണിക്കുന്നത് ബാങ്ക്‌സേ ആസ്വദിച്ചു എങ്കിലും അദ്ദേഹത്തിന് ഭാരപ്പെടേണ്ട കാര്യമില്ലായിരുന്നു. സമ്പത്തിന്റെ കൈയില്‍ തന്നെ ധാരാളം കുസൃതികള്‍ ഉണ്ട്. ദൈവം പറയുന്നു, ''ധനവാനാകേണ്ടതിനു പണിപ്പെടരുത്; ... നിന്റെ ദൃഷ്ടി ധനത്തിന്മേല്‍ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായ്‌പ്പോകുമല്ലോ. കഴുകന്‍
ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും' (വാ. 4-5).
പണം പോലെ സുരക്ഷിതമല്ലാത്തത് വളരെക്കുറച്ചേയുള്ളു. അതു സമ്പാദിക്കാന്‍ നാം കഠിനമായി അധ്വാനിക്കുന്നു എങ്കിലും അതു നഷ്ടപ്പെടാന്‍ ഒരുപാടു മാര്‍ഗ്ഗങ്ങളുണ്ട്. നിക്ഷേപങ്ങള്‍ പരാജയപ്പെടാം, നാണയപ്പെരുപ്പം ഉണ്ടാകാം, ബില്ലുകള്‍ വരാം, കള്ളന്മാര്‍ മോഷ്ടിക്കാം, തീയും പ്രളയവും നശിപ്പിക്കാം. നമ്മുടെ പണം സൂക്ഷിക്കുന്നതില്‍ നാം വിജയിച്ചാലും, അതു ചിലവഴിക്കാനുള്ള നമ്മുടെ സമയം തീര്‍ന്നുപോയേക്കാം. കണ്ണടച്ചു തുറക്കും മുമ്പെ നിങ്ങളുടെ ജീവിതം പോകുന്നു, പോകുന്നു, പോയി.
എന്താണു ചെയ്യേണ്ടത്? ചില വാക്യങ്ങള്‍ക്കു ശേഷം ദൈവം പറയുന്നു, 'നീ എല്ലായ്‌പ്പോഴും യഹോവാ ഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല'' (വാ. 17-18). നിങ്ങളുടെ ജീവിതത്തെ യേശുവില്‍ നിക്ഷേപിക്കുക; അവന്‍ മാത്രമാണ് നിങ്ങളെ എന്നേക്കും സൂക്ഷിക്കുന്നത്.

ബലഹീനനെ ശക്തീകരിക്കുക
ഞാന്‍ ഒരു കുട്ടിയായിരിക്കുമ്പോള്‍, 'അവന്‍ എന്റെ തെറ്റിനു അപ്പുറമായി നോക്കി എന്റെ ആവശ്യം കണ്ടു'' എന്ന പേരിലുള്ള ഒരു പാട്ടു കേട്ടു. 1967 ല്‍ അമേരിക്കന്‍ ഗായികയായ ഡോട്ടി റാംബോ ആണ് ഈ പാട്ട് എഴുതിയത്. അവളുടെ സഹോദരനായ എഡ്ഢി ചെയ്ത തെറ്റുകളുടെ പേരില്‍ താന്‍ സ്‌നേഹിക്കപ്പെടുന്നില്ല എന്നുള്ള അവന്റെ വിശ്വാസത്തിനോടുള്ള പ്രതികരണമായി ദൈവത്തിന്റെ നിരുപാധികമായ സ്‌നേഹത്തെക്കുറിച്ചാണ് ഡോട്ടി ഈ ഗാനം രചിച്ചത് എന്ന് പില്‍ക്കാലത്ത് അറിയുന്നതു വരെ ഈ ഗാനത്തിന്റെ ആഴമായ അര്‍ത്ഥം ഞാന്‍ ഗ്രഹിച്ചിരുന്നില്ല. ദൈവം അവന്റെ ബലഹീനതകളെ കാണുന്നു എങ്കിലും അവനെ സ്‌നേഹിക്കുന്നു എന്ന് പാട്ടുകാരി അവനെ ഉറപ്പിക്കുന്നു.
ദൈവത്തിന്റെ നിരുപാധിക സ്‌നേഹം യിസ്രായേല്‍ ജനത്തിന്റെയും യെഹൂദയുടെയും അനേക ബലഹീന നിമിഷങ്ഹളില്‍ വ്യക്തമായിരുന്നു. വഴിതെറ്റിയ തന്റെ ജനത്തിനോടുള്ള സന്ദേശങ്ങളുമായി ദൈവം യെശയ്യാവിനെപ്പോലെയുള്ള ധാരാളം പ്രവാചകന്മാരെ അയച്ചു. യെശയ്യാവ് 35 ല്‍ ദൈവം നല്‍കുന്ന യഥാസ്ഥാപനത്തിന്റെ പ്രത്യാശ പ്രവാചകന്‍ പങ്കുവയ്ക്കുന്നു.. പ്രത്യാശയെ ആശ്ലേഷിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രോത്സാഹനം 'തളര്‍ന്ന കൈകളെ ബലപ്പെടുത്തുകയും കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കയും'' ചെയ്യും (വാ. 3). അവര്‍ക്കു ലഭിച്ച പ്രോത്സാഹന ഫലമായി, ദൈവജനം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാന്‍ പ്രാപ്തരാകും. അതുകൊണ്ടാണ് വാ. 4 ല്‍ യെശയ്യാവ് നിര്‍ദ്ദേശിക്കുന്നത്, 'മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിന്‍, ഭയപ്പെടേണ്ടാ... എന്നു പറവിന്‍.''
ബലഹീനനെന്നു തോന്നുന്നുവോ? നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിനോടു സംസാരിക്കുക. തിരുവചനത്തിന്റെ സത്യത്തിലൂടെയും തന്റെ സാന്നിധ്യത്തിന്റെ ശക്തികൊണ്ടും അവന്‍ ബലഹീനരെ ശക്തീകരിക്കും. എന്നിട്ട് മറ്റുള്ളവരെ ശക്തീകരിക്കാന്‍ നിങ്ങള്‍ പ്രാപ്തരാകും.
