Category  |  odb

സ്‌നേഹിക്കാന്‍ ലൈനില്ല

എന്റെ നായയ്ക്ക് എന്റെ ശ്രദ്ധ ആവശ്യമായി വരുമ്പോഴൊക്കെ, അവന്‍ എന്റെ എന്തെങ്കിലും സാധനം കൈക്കലാക്കിയിട്ട് എന്റെ മുമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഒരു പ്രഭാതത്തില്‍ ഞാന്‍ മേശയ്ക്കരികില്‍ പുറം തിരിഞ്ഞിരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോള്‍, എന്റെ നായ മാക്‌സ് എന്റെ പേഴ്‌സ് തട്ടിയെടുത്തുകൊണ്ട് ഓടി. അവനതു ചെയ്തത് ഞാന്‍ കണ്ടില്ലെന്നു മനസ്സിലായപ്പോള്‍, അവന്‍ മടങ്ങിവന്ന് മൂക്കുകൊണ്ട് എന്നെ ഉരസി-പേഴ്‌സ് വായില്‍ വെച്ച് നൃത്തം ചെയ്യുന്ന കണ്ണുകളോടെ, വാലാട്ടിക്കൊണ്ട് കളിക്കാന്‍ എന്നെ ക്ഷണിച്ചു.

മാക്‌സിന്റെ കോമാളിത്തം എന്നില്‍ ചിരിയുണര്‍ത്തി, എങ്കിലും മറ്റുള്ളവര്‍ക്ക് ശ്രദ്ധ കൊടുക്കുന്നതിലുള്ള എന്റെ പരിമിതിയെക്കുറിച്ച് അതെന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പലപ്പോഴും കുടുംബാംഗങ്ങളും സ്‌നേഹിതരുമായി സമയം ചിലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുമെങ്കിലും മറ്റു കാര്യങ്ങള്‍ എന്റെ സമയത്തെയും ശ്രദ്ധയെയും അപഹരിക്കും; ഞാന്‍ ബോധവാനാകുംമുമ്പെ ദിവസങ്ങള്‍ കടന്നുപോകയും സ്‌നേഹം പ്രകടിപ്പിക്കാതെ പോകയും ചെയ്യും.

നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നാം ഓരോരുത്തര്‍ക്കും ഏറ്റവും ഗാഢമായ നിലയില്‍ ശ്രദ്ധ തരുവാന്‍ തക്കവിധം വലിയവനാണ് എന്നത് എത്രമാത്രം ആശ്വാസകരമാണ്-നാം ജീവിക്കും കാലമത്രയും നമ്മുടെ ശ്വാസകോശത്തിലെ ഓരോ ശ്വാസത്തെയും നിലനിര്‍ത്തുന്നത് അവനാണ്. അവന്‍ തന്റെ ജനത്തിനു നല്‍കുന്ന വാഗ്ദത്തം: 'നിങ്ങളുടെ വാര്‍ദ്ധക്യം വരെ ഞാന്‍ അനന്യന്‍ തന്നേ; നിങ്ങള്‍ നരയ്ക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ നിങ്ങളെ നിര്‍മ്മിച്ചിരിക്കുന്നു; ഞാന്‍ നിങ്ങളെ വഹിക്കും'' (യെശയ്യാവ് 46:4).

ദൈവത്തിന് എല്ലായ്‌പ്പോഴും നമുക്കുവേണ്ടി സമയമുണ്ട്. നമ്മുടെ സാഹചര്യങ്ങളുടെ എല്ലാ വിശദാംശങ്ങളും അവന്‍ മനസ്സിലാക്കുന്നു-അതെത്രമാത്രം സങ്കീര്‍ണ്ണവും പ്രയാസകരവും ആയാലും-നാം പ്രാര്‍ത്ഥനയില്‍ എപ്പോള്‍ അവനെ വിളിച്ചാലും അവനവിടെയുണ്ട്. നമ്മുടെ രക്ഷകന്റെ പരിതിയില്ലാത്ത സ്‌നേഹത്തിനായി നാം ഒരിക്കലും ലൈനില്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ല.

ആമയോടൊപ്പം കാത്തിരിക്കുക

എല്ലാ, ശൈത്യകാലത്തും ശൈത്യകാലം ആഗതമാകുന്നു എന്നു ചിത്ര ആമ മനസ്സിലാക്കുമ്പോള്‍, അത് കുളത്തിന്റെ അടിയിലേക്ക് ഊളിയിട്ട് ചെളിയില്‍ പൂണ്ടു കിടക്കുന്നു. തോടിനടിയിലേക്ക് കൈകാലുകള്‍ വലിച്ചുവെച്ച് അനങ്ങാതെ കിടക്കുന്നു. അതിന്റെ ഹൃദയമിടിപ്പ് കുറഞ്ഞ് നിന്നതുപോലെയാകുന്നു. അതിന്റെ ശരീരോഷ്മാവ് കുറഞ്ഞ് മരവിക്കുന്നതിനു തൊട്ടു മുകളില്‍ നില്‍ക്കുന്നു. അത് ശ്വാസോച്ഛ്വാസം നിര്‍ത്തുന്നു, അത് കാത്തിരിക്കുന്നു. ആറു മാസം അതു ചെളിയില്‍ അടക്കം ചെയ്യപ്പെട്ട്, ശരീരം അസ്ഥിയില്‍ നിന്നുള്ള കാത്സ്യം രക്തത്തിലേക്ക് കടത്തിവിടുകയും ക്രമേണ അതിന്റെ ആകൃതിതന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ കുളം ഉരുകുമ്പോള്‍ അതു മുകളിലേക്ക് ഉയരുകയും വീണ്ടും ശ്വസിക്കുകയും ചെയ്യും. അതിന്റെ അസ്ഥികള്‍ വീണ്ടും രൂപപ്പെടുകയും തന്റെ തോടില്‍ സൂര്യപ്രകാശത്തിന്റെ ചൂട് ആസ്വദിക്കുകയും ചെയ്യും.

ദൈവത്തെ കാത്തിരിക്കുന്നതിനെക്കുറിച്ചുള്ള സങ്കീര്‍ത്തനക്കാരന്റെ വിവരണം വായിച്ചപ്പോള്‍ ചിത്ര ആമയെക്കുറിച്ചു ഞാന്‍ ചിന്തിച്ചു. സങ്കീര്‍ത്തനക്കാരന്‍ 'നാശകരമായ കുഴിയിലും'' 'കുഴഞ്ഞ ചേറ്റിലും'' ആയിരുന്നു എങ്കിലും ദൈവം അവന്റെ നിലവിളി കേട്ടും (സങ്കീര്‍ത്തനം 40:2). ദൈവം അവനെ ഉയര്‍ത്തി പുറത്തുകൊണ്ടുവന്നു അവന് ഉറച്ചു നില്‍ക്കാന്‍ ഒരിടം നല്‍കി. ദൈവം 'എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു'' അവന്‍ പാടി (വാ. 17).

ഒരുപക്ഷേ ചിലതിനു മാറ്റം വരുവാന്‍ നിങ്ങള്‍ നാളുകളായി കാത്തിരിക്കുകയായിരിക്കാം-തൊഴിലില്‍ ഒരു പുതിയ കാല്‍വെയ്പിനായി, ഒരു ബന്ധം പുനഃസ്ഥാപിക്കപ്പെടാനായി, ഒരു ദുശ്ശീലത്തെ തകര്‍ക്കുന്നതിനുള്ള ഇച്ഛാശക്തിക്കായി, ഒരു പ്രയാസകരമായ സാഹചര്യത്തില്‍ നിന്നുള്ള വിടുതലിനായി. ചിത്ര ആമയും സങ്കീര്‍ത്തനക്കാരനും ദൈവത്തില്‍ ആശ്രയിക്കാനായി ഇവിടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: അവന്‍ കേള്‍ക്കുന്നു, അവന്‍ വിടുവിക്കും.

കൃപ പ്രദര്‍ശിപ്പിക്കുക

'ദുരന്തങ്ങള്‍ സംഭവിക്കുകയോ അല്ലെങ്കില്‍ മുറിവേല്‍ക്കുകയോ ചെയ്യുമ്പോള്‍, അവയാണ് കൃപ പ്രദര്‍ശിപ്പിക്കുവാനോ അല്ലെങ്കില്‍ പ്രതികാരം നടത്തുന്നതിനോ ഉള്ള അവസരങ്ങള്‍'' അടുത്തയിടെ വേര്‍പാടിന്റെ വേദനയനുഭവിച്ച മനുഷ്യന്‍ പറഞ്ഞു. ''ഞാന്‍ കൃപ പ്രദര്‍ശിപ്പിക്കുന്നതു തിരഞ്ഞെടുത്തു.'' പാസ്റ്റര്‍ എറിക് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ ഭാര്യ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു; ക്ഷിണിച്ച ഒരു ഫയര്‍ ഫൈറ്റര്‍ വീട്ടിലേക്കുള്ള യാത്രയില്‍ കാറിലിരുന്ന് ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായത്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമോയെന്നു നിയമ പ്രോസിക്യൂട്ടര്‍മാര്‍ പാസ്റ്റര്‍ എറിക്കിനോട് ചോദിച്ചു. താന്‍ കൂടെക്കൂടെ പ്രസംഗിക്കുന്ന ക്ഷമ പ്രാവര്‍ത്തികമാക്കാന്‍ അ്േദ്ദഹം തീരുമാനിച്ചു. അദ്ദേഹത്തെയും ഫയര്‍ ഫൈറ്ററെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും പിന്നീട് സ്‌നേഹിതരായിത്തീര്‍ന്നു.

പാസ്റ്റര്‍ എറിക്ക്, തന്റെ മുഴുവന്‍ പാപങ്ങളും ക്ഷമിച്ചുകൊണ്ട് ദൈവം തനിക്കു നല്‍കിയ കൃപ ജീവിച്ചു കാണിക്കുകയായിരുന്നു. തന്റെ പ്രവൃത്തികളിലൂടെ, നാം തെറ്റു ചെയ്യുമ്പോള്‍ പാപം മോചിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തെ സ്തുതിക്കുന്ന പ്രവാചകനായ മീഖായുടെ വാക്കുകള്‍ അദ്ദേഹം പ്രതിധ്വനിപ്പിച്ചു (മീഖാ 7:18). തന്റെ ജനത്തിന്റെ പാപം ക്ഷമിക്കുവാന്‍ ദൈവം എത്രമാത്രം പോകുമെന്നു വെളിപ്പെടുത്തുന്നതിനായി അതിശയകരമാം ദൃശ്യവല്‍ക്കരിച്ച വാക്കുകളാണ് പ്രവാചകനായ മീഖാ ഉപയോഗിച്ചത്: അവന്‍ 'നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും'' അവയെ 'സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയും'' (വാ. 19). ഫയര്‍ ഫൈറ്റര്‍ അന്നേദിനം ക്ഷമയുടെ ദാനം സ്വീകരിച്ചു, അതയാളെ ദൈവത്തിങ്കലേക്കടുപ്പിച്ചു.

എന്തു പ്രയാസം നാം നേരിട്ടാലും ദൈവം തന്റെ വിരിച്ച സ്‌നേഹമസൃണ കരങ്ങളുമായി തന്റെ സുരക്ഷിത ആലിംഗനത്തിലേക്കു നമ്മെ സ്വീകരിക്കുമെന്ന് നമുക്കറിയാം. ''കരുണ കാണിക്കുന്നതില്‍ അവന്‍ സന്തോഷിക്കുന്നു'' (വാ. 18). നാം അവന്റെ സ്‌നേഹവും കൃപയും ഏറ്റുവാങ്ങുമ്പോള്‍, - പാസ്റ്റര്‍ എറിക്ക് ചെയ്തതുപോലെ - നമ്മെ മുറിവേല്പിച്ചവരോടു ക്ഷമിക്കുവാനുള്ള ശക്തിയും അവന്‍ നമുക്കു നല്‍കുന്നു.

എങ്ങോട്ടാണ് നിന്റെ പോക്ക്?

ഉത്തര തായ്‌ലന്റില്‍, കുട്ടികളുടെ ഒരു ഫുട്‌ബോള്‍ ടീം ഒരു ഗുഹ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഒരു മണിക്കൂറിനുശേഷം അവര്‍ മടങ്ങിപ്പോകാനായി തിരിഞ്ഞപ്പോഴാണ് ഗുഹാമുഖത്തു വെള്ളം നിറഞ്ഞതായി കണ്ടത്. ഉയര്‍ന്നുകൊണ്ടിരുന്ന വെള്ളം ഓരോ ദിവസം കഴിയുന്തോറും അവരെ കൂടുതല്‍ ഉള്ളിലേക്ക് പായിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ഗുഹാമുഖത്തുനിന്നും 2 മൈല്‍ (3 കിലോമീറ്റര്‍) അകലെ കുടുങ്ങി. രണ്ടാഴ്ചയ്ക്കുശേഷം അവരെ സാഹസികമായി രക്ഷിച്ചപ്പോള്‍, അവരെങ്ങനെ ഇത്രയും പ്രത്യാശയ്ക്കു വകയില്ലാത്തവിധം കുടുങ്ങിപ്പോയി എന്നു പലരും അത്ഭുതപ്പെട്ടു. ഉത്തരം: ഒരു സമയം ഒരു ചുവടു വീതം.

യിസ്രായേലില്‍, തന്റെ വിശ്വസ്ത പടയാളിയായ ഊരിയാവിനെ കൊന്നതിന്റെ പേരില്‍ ദാവീദിനെ നാഥാന്‍ പ്രവാചകന്‍ എതിരിടുന്നു. 'ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള'' (1 ശമൂവേല്‍ 13:14) ഒരു മനുഷ്യന് എങ്ങനെ കൊലപാതകിയാകാന്‍ കഴിയും? ഒരു സമയം ഒരു ചുവടു വീതം. ദാവീദ് ഒരു ഉച്ചകഴിഞ്ഞ് പെട്ടെന്ന് പൂജ്യത്തില്‍നിന്ന് കൊലപാതകത്തില്‍ എത്തിച്ചേര്‍ന്നതല്ല. അവന്‍ പതുക്കെപ്പതുക്കെ അതിനായി ചൂടുപിടിച്ചു, ഒരു തെറ്റായ തീരുമാനം മറ്റൊന്നിലേക്കു നയിച്ചു. ഒരു രണ്ടാം നോട്ടത്തിലാരംഭിച്ച് മോഹപരവശമായ നോട്ടത്തില്‍ കലാശിച്ചു. ബേത്ത്‌ശേബയെ കൊണ്ടുവരുവാന്‍ ആളയച്ചതിലൂടെ തന്റെ രാജകീയ അധികാരം ദുരുപയോഗം ചെയ്യുകയും തുടര്‍ന്ന് അവളുടെ ഗര്‍ഭം മറച്ചുവയ്ക്കാന്‍ അവളുടെ ഭര്‍ത്താവിനെ യുദ്ധമുന്നണിയില്‍ നിന്നു വിളിച്ചു വരുത്തുകയും ചെയ്തു. തന്റെ സഹപ്രവര്‍ത്തകര്‍ യുദ്ധമുന്നണിയിലായിരിക്കെ താന്‍ വീട്ടില്‍ പോകയില്ല എന്നു ശഠിച്ച് ഭാര്യയുടെ അടുത്തുപോകാന്‍ ഊരിയാവ് വിസമ്മതിച്ചപ്പോള്‍, അവന്‍ മരിക്കേണം എന്നു ദാവീദ് തീരുമാനിച്ചു.

നാം ഒരു പക്ഷേ കൊലപാതകം ചെയ്തവരായിരിക്കയില്ല, അല്ലെങ്കില്‍ നാം തന്നെ നിര്‍മ്മിച്ച ഗുഹയില്‍ അകപ്പെട്ടിട്ടുമില്ലായിരിക്കാം, എങ്കിലും നാം ഒന്നുകില്‍ യേശുവിങ്കലേക്ക് നീങ്ങുകയോ അല്ലെങ്കില്‍ പ്രശ്‌നത്തിലേക്കു നീങ്ങുകയോ ആകാം. വലിയ പ്രശ്‌നങ്ങള്‍ ഒറ്റ രാത്രികൊണ്ടല്ല രൂപപ്പെടുന്നത്. അവ ഒരു സമയം ഒരു ചുവടു വീതം ക്രമേണയാണ് പൊട്ടിപ്പുറപ്പെടുന്നത്.

ശുദ്ധിയുള്ള പാത്രങ്ങള്‍

'പക അതു വഹിക്കുന്ന പാത്രത്തെ ദ്രവിപ്പിക്കും.'' ജോര്‍ജ്ജ് ഡബ്ല്യു. എച്ച്. ബുഷിന്റെ ശവസംസ്‌കാരത്തില്‍ മുന്‍ സെനറ്റര്‍ അലന്‍ സിംപ്‌സണ്‍ പ്രസ്താവിച്ചതാണ് ഈ വാക്കുകള്‍. തന്റെ പ്രിയ സുഹൃത്തിന്റെ ദയയെക്കുറിച്ച് വിവരിക്കാനുള്ള ശ്രമത്തില്‍, അമേരിക്കന്‍ ഐക്യനാടുകളുടെ നാലപ്‌ത്തൊന്നാമത്തെ പ്രസിഡന്റ് തന്റെ ഔദ്യോഗിക നേതൃത്വത്തിലും വ്യക്തിപരമായ ബന്ധങ്ങളിലും പക വെച്ചു പുലര്‍ത്തുന്നതിനു പകരം നര്‍മ്മവും സ്‌നേഹവും എപ്രകാരമാണ് സൂക്ഷിച്ചതെന്ന് സെനറ്റര്‍ സിംപ്‌സണ്‍ ഓര്‍മ്മിച്ചു.

സെനറ്ററുടെ ഉദ്ധരണിയോട് ഞാന്‍ യോജിക്കുന്നു, നിങ്ങളോ? ഞാന്‍ പക കൊണ്ടുനടക്കുമ്പോള്‍ എനിക്കു കേടു സംഭവിക്കുന്നു.

നാം നെഗറ്റീവായതിനോടു പറ്റിയിരിക്കുമ്പോഴും കോപത്തോടെ പൊട്ടിത്തെറിക്കുമ്പോഴും നമ്മുടെ ശരീരത്തിനു സംഭവിക്കുന്ന കേട് മെഡിക്കല്‍ ഗവേഷണം വെളിപ്പെടുത്തുന്നു: നമ്മുടെ രക്തസമ്മര്‍ദ്ദം ഉയരുന്നു. നമ്മുടെ ഹൃദയം ശക്തിയായി മിടിക്കുന്നു. നമ്മുടെ ചൈതന്യം ക്ഷയിക്കുന്നു. നമ്മുടെ പാത്രം ദ്രവിക്കുന്നു.

സദൃശവാക്യങ്ങള്‍ 10:12 ല്‍ ശലോമോന്‍ രാജാവ് ഇപ്രകാരം നിരീക്ഷിക്കുന്നു: 'പക വഴക്കുകള്‍ക്കു കാരണം ആകുന്നു; സ്‌നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.'' ഇവിടെ പറയുന്ന പകയില്‍ നിന്നുളവാകുന്ന വഴക്ക് വ്യത്യസ്ത ാേഗത്രങ്ങളിലും കുലത്തിലും പെട്ട എതിരാളികള്‍ തമ്മിലുള്ള രക്തരൂക്ഷിത യുദ്ധമാണ്. അത്തരം പക പ്രതികാരത്തിനുള്ള വാഞ്ഛയെ ജ്വലിപ്പിക്കുകയും പരസ്പരം വെറുക്കുന്ന ജനത്തിന് ബന്ധങ്ങള്‍ അസാദ്ധ്യമാകയും ചെയ്യുന്നു.

നേരെ മറിച്ച്, ദൈവത്തിന്റെ സ്‌നേഹത്തിന്റെ മാര്‍ഗ്ഗം സകല തെറ്റുകളെയും മൂടുന്നു - മൂടുപടം ഇടുന്നു, ഒളിപ്പിക്കുന്നു അല്ലെങ്കില്‍ ക്ഷമിക്കുന്നു. അതിനര്‍ത്ഥം നാം തെറ്റുകളെ കണ്ടില്ലെന്നു നടിക്കുകയോ തെറ്റുകാരനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു എന്നല്ല. മറിച്ച് ഒരുവന്‍ യഥാര്‍ത്ഥമായി അനുതപിക്കുമ്പോള്‍ പിന്നെ നാം തെറ്റുകളെ താലോലിക്കുന്നില്ല. അവര്‍ ഒരിക്കലും ക്ഷമി ചോദിക്കുന്നില്ലെങ്കില്‍ നാം നമ്മുടെ ഭാരങ്ങളെ ദൈവത്തിനു വിട്ടുകൊടുക്കുന്നു. ഏറ്റവും നന്നായി സ്‌നോഹിക്കന്നവനെ അറിയുന്ന നാം 'ഉറ്റസ്‌നേഹം ഉള്ളവരായിരിക്കണം. സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു' 1 പത്രൊസ് 4:8).