മനപ്പൂര്‍വ്വമായ ദയ
തന്റെ മക്കളോടുകൂടി ഏകയായി വിമാനം കയറിയ ഒരു യുവതിയായ മാതാവ്്, തൊഴിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്ന തന്റെ മൂന്നുവയസ്സുകാരിയായ മകളെ ശാന്തായാക്കാന്‍ ഏറെ പാടുപെട്ടു. ആ സമയം നാലു മാസം പ്രായമുള്ള മകന്‍ വിശന്നു കരയാന്‍ തുടങ്ങി.
പെട്ടെന്ന് അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍ കുഞ്ഞിനെ പിടിക്കാമെന്ന് ഏറ്റു-ആ സമയം ജെസിക്കാ മകളെ ശാന്തയാക്കി, സീറ്റ് ബെല്‍റ്റിട്ടിരുത്തി. തുടര്‍ന്ന് ജെസീക്ക കുഞ്ഞിനു പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ ആ യാത്രക്കാരന്‍ - ഒരു പിതാവെന്ന നിലയിലുള്ള തന്റെ ആരംഭകാലത്തെ ഓര്‍ത്തുകൊണ്ട് - മകളെ ചിത്രത്തിനു നിറം കൊടുക്കാന്‍ സഹായിച്ചു. അടുത്ത കണക്ടിംഗ് ഫ്ളൈറ്റിലും ആവശ്യമെങ്കില്‍ തന്റെ സഹായം ആ മനുഷ്യന്‍ വാഗ്ദാനം ചെയ്തു.
'ഇതില്‍ ദൈവത്തിന്റെ കരം ഞാന്‍ കണ്ടു' ജെസിക്കാ അയവിറക്കി. ആരുടെയെങ്കിലും അടുത്ത് ഞങ്ങളെ ഇരുത്താമായിരുന്നു, എങ്കിലും ഞാന്‍ കണ്ടുമുട്ടിയതില്‍വെച്ചേറ്റവും നല്ല മനുഷ്യന്റെ അടുത്താണ് ഞങ്ങളെ ഇരുത്തിയത്.'
2 ശമൂവേല്‍ 9 ല്‍, മനപ്പൂര്‍വ്വമായ ദയ എന്നു ഞാന്‍ വിളിക്കുന്ന കാര്യത്തിന്റെ മറ്റൊരു ഉദാഹരണം നാം വായിക്കുന്നു. ശൗല്‍ രാജാവും അവന്റെ മകന്‍ യോനാഥാനും കൊല്ലപ്പെട്ടശേഷം, തന്റെ സിംഹാസനത്തിനു വെല്ലുവിളിയായിത്തീര്‍ന്നേക്കാവുന്ന എല്ലാവരെയും ദാവീദ് കൊല്ലുമെന്ന് ചിലര്‍ പ്രതീക്ഷിച്ചു. പകരം അവന്‍ ചോദിച്ചത്, 'ഞാന്‍ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ?'' എന്നാണ് (വാ. 3). തുടര്‍ന്ന് യോനാഥാന്റെ മകനായ മെഫീബോശെത്തിനെ ദാവീദിന്റെ മുമ്പില്‍ കൊണ്ടുവരികയും ദാവീദ് അവന്റെ അവകാശം അവനു പുനഃസ്ഥാപിച്ചു കൊടുക്കുകയും - അവനെ സ്വന്ത മകന്‍ എന്നപോലെ - തന്റെ മേശയിങ്കല്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു (വാ. 11).
ദൈവത്തിന്റെ അളവറ്റ ദയയുടെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മനപ്പൂര്‍വ്വമായ ദയ കാണിക്കുന്നതിനുള്ള അവസരങ്ങള്‍ നമുക്കന്വേഷിക്കാം (ഗലാത്യര്‍ 6:10).

കുറ്റംവിധിക്കലില്‍നിന്നു സ്വതന്ത്രം
ഒരു ദമ്പതികള്‍ അവരുടെ ട്രെയിലറില്‍ ഉത്തര കാലിഫോര്‍ണിയയിലൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന്്് ഒരു ടയര്‍ പൊട്ടുന്ന ശബ്ദവും ലോഹക്കഷണം തറയില്‍ ഉരസുന്ന ശബ്ദവും കേട്ടു. അതിന്റെ തീപ്പൊരി 2018 ലെ കാര്‍ ഫയറിനു തുടക്കമിട്ടു - 2,30,000 ഏക്കര്‍ ചാമ്പലാക്കുകയും 1,000-ലധികം വീടുകള്‍ നശിപ്പിക്കുകയും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത കാട്ടുതീയായിരുന്നു അത്.
ഇതുമൂലം ആ ദമ്പതികള്‍ അതിദുഃഖത്തിലാണ്ടുപോയി എന്ന് അഗ്‌നിയില്‍ നിന്നു രക്ഷപെട്ടവര്‍ കേട്ടപ്പോള്‍, 'അവരെ മൂടിയ ലജ്ജയുടെയും പരിഭ്രാന്തിയുടെയും നടുവില്‍ കൃപയും കനിവും പ്രദര്‍ശിപ്പിക്കുന്നതിനായി' ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. ഒരുസ്ത്രീ എഴുതി, 'ഈ അഗ്‌നിയില്‍ ഭവനം നഷ്ടപ്പെട്ട ഒരുവള്‍ എന്ന നിലയില്‍, എന്റെ കുടുംബമോ ഭവനം നഷ്ടപ്പെട്ട മറ്റേതെങ്കിലും കുടുംബമോ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നു നിങ്ങള്‍ അറിയണമെന്നു ഞാനാഗ്രഹിക്കുന്നു. അപകടങ്ങള്‍ സംഭവിക്കുന്നു. ഈ ദയാപൂര്‍വ്വമായ സന്ദേശങ്ങള്‍ നിങ്ങളുടെ ഭാരം കുറയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്കിതിനെ ഒരുമിച്ച് അതിജീവിക്കാം.'
കുറ്റംവിധിക്കല്‍, വീണ്ടെടുക്കാനാവാത്ത ഒരു കാര്യം നാം ചെയ്തു എന്ന ഭയം മനുഷ്യാത്മാവിനെ നരഭോജി സമാനമാക്കി മാറ്റും. എന്നാല്‍ ദൈവവചനം പറയുന്നു, 'ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കില്‍ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവന്‍ ... എന്നു ... ഉറപ്പിക്കാം'' (1 യോഹന്നാന്‍ 3:20). നമ്മുടെ മറഞ്ഞിരിക്കുന്ന ലജ്ജ എന്തായിരുന്നാലും, ദൈവം അതിനെക്കാളെല്ലാം വലിയവനാണ്. അനുതാപത്തിന്റെ സൗഖ്യദായക പ്രവൃത്തിയിലേക്ക് യേശു നമ്മെ വിളിക്കുന്നു (ആവശ്യമെങ്കില്‍), അല്ലെങ്കില്‍ നമ്മെ വിഴുങ്ങുന്ന ലജ്ജയെ ലളിതമായി പുറത്തുകൊണ്ടുവരുന്നു. എന്നിട്ട് ദൈവിക വിണ്ടെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തെ അവന്റെ സാന്നിധ്യത്തിലെ സമാധാനത്തില്‍ സ്വസ്ഥമാക്കുന്നു (വാ. 19).
ചെയ്യാതിരുന്നെങ്കിലെന്ന് നാം ചിന്തിച്ചു ദുഃഖിക്കുന്നതെന്തായാലും, ദൈവം നമ്മെ തങ്കലേക്ക് അടുപ്പിക്കുന്നു. യേശു നമ്മെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറയുന്നു, 'നിന്റെ ഹൃദയം സ്വതന്ത്രമാണ്.''

നഷ്ടപ്പെട്ട കവര്‍
മറ്റൊരു സംസ്ഥാനത്തുള്ള കുടുംബത്തെ സന്ദര്‍ശിച്ചതിനുശേഷമുള്ള മടക്കയാത്രയിലാണ് ഞാനതു കണ്ടെത്തിയത്. കാറിനു പെട്രോള്‍ അടിച്ചുകൊണ്ടിരുന്ന ഞാന്‍ തറയില്‍ ഒരു വൃത്തികെട്ട കവര്‍ കിടക്കുന്നതു കണ്ടു. ചെളി പിടിച്ച ആ കവര്‍ ഞാനെടുത്തു തുറന്നുനോക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനുള്ളില്‍ നൂറു ഡോളര്‍ ഉണ്ടായിരുന്നു.
ആര്‍ക്കോ നഷ്ടപ്പെട്ടതും ആ നിമിഷം അയാള്‍ പരിഭ്രാന്തിയോടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതുമായ നൂറു ഡോളര്‍. ആരെങ്കിലും അന്വേഷിച്ചു വന്നാല്‍ കൊടുക്കാന്‍വേണ്ടി ഞങ്ങളുടെ ഫോണ്‍ നമ്പര്‍ ഞാന്‍ ഗ്യാസ് സ്റ്റേഷനിലെ ജോലിക്കാരുടെ പക്കല്‍ ഏല്പിച്ചു. എന്നാല്‍ ആരും ഒരിക്കലും വിളിച്ചില്ല.
ആരുടെയോ പണമായിരുന്നു അത്, എന്നാല്‍ അതു നഷ്ടപ്പെട്ടു. ഭൂമിയിലെ സമ്പത്ത് പലപ്പോഴും അതുപോലെ നഷ്ടപ്പെടും. അതു നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ധൂര്‍ത്തടിച്ചു നശിപ്പിക്കുകയോ ചെയ്യാം. മോശം നിക്ഷേപത്തിലൂടെയോ നമുക്കു നിയന്ത്രണമില്ലാത്ത ധന മാര്‍ക്കറ്റിലൂടെയോ അതു നഷ്ടപ്പെടാം. എന്നാല്‍ യേശുവില്‍ നമുക്കുള്ള സ്വര്‍ഗ്ഗീയ നിക്ഷേപം - ദൈവവുമായുള്ള പുനഃസ്ഥാപിക്കപ്പെട്ട ബന്ധവും നിത്യജീവന്റെ വാഗ്ദത്തവും - അതുപോലെയല്ല. ഒരു ഗ്യാസ് സ്റ്റേഷനില്‍ വെച്ചോ മറ്റെവിടെയെങ്കിലും വെച്ചോ അതു നമുക്കു നഷ്ടപ്പെടുകയില്ല.
അതിനാലാണ് 'സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍' ക്രിസ്തു നമ്മോടു പറഞ്ഞത് (മത്തായി 6:20). സല്‍പ്രവൃത്തികളില്‍ സമ്പന്നര്‍'' ആകുമ്പോഴും 'വിശ്വാസത്തില്‍ സമ്പന്നര്‍' ആകുമ്പോഴും (യാക്കോബ് 2:5) - മറ്റുള്ളവരെ സ്നേഹപൂര്‍വ്വം സഹായിക്കുകയും അവരോട് യേശുവിനെ പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ - നാം അതാണു ചെയ്യുന്നത്. ദൈവം നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതനുസരിച്ച്, അവനോടൊപ്പമുള്ള നിത്യഭാവി നാം പ്രതീക്ഷിക്കുന്നതോടൊപ്പം നിത്യനിക്ഷേപം നമുക്കു സ്വരൂപിക്കുകയും ചെയ്യാം.

പ്രത്യാശയ്ക്കു വകയുണ്ടോ?
ക്രിസ്തുവിന്റെ കാലത്തെ റോമന്‍ സത്രങ്ങള്‍ കുപ്രസിദ്ധമായിരുന്നതിനാല്‍ റബ്ബിമാര്‍ തങ്ങളുടെ മൃഗങ്ങളെപ്പോലും അവയില്‍ വിട്ടിട്ടു പോകുമായിരുന്നില്ല. അത്തരം മോശം സാഹചര്യങ്ങള്‍ നിമിത്തം യാത്രക്കാരായ ക്രിസ്ത്യാനികള്‍ ആതിഥേയത്വത്തിനായി ക്രിസ്ത്യാനികളുടെ വീടുകള്‍ തേടുമായിരുന്നു.
ആദിമകാല യാത്രികരുടെ കൂട്ടത്തില്‍ യേശു, മശിഹായാണെന്ന സത്യം നിഷേധിക്കുന്ന ദുരുപദേഷ്ടാക്കളും ഉണ്ടായിരുന്നു. അക്കാരണത്താലാണ് 2 യോഹന്നാന്‍, ആതിഥേയത്വം നിഷേധിക്കുന്നതിനെക്കുറിച്ചു പറയുന്നത്. 'ദുരുപദേഷ്ടാക്കള്‍ പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന എതിര്‍ക്രിസ്തുക്കളാണ്'' എന്ന് യോഹന്നാന്‍ തന്റെ മുന്‍ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു (1 യോഹന്നാന്‍ 2:22). 2 യോഹന്നാനില്‍ ഇക്കാര്യം കുറെക്കൂടെ വിശദീകരിക്കുന്നു, അതായത് യേശു ക്രിസ്തു ആണെന്നു വിശ്വസിക്കുന്നവന് 'പിതാവും പുത്രനും ഉണ്ട്'' (വാ. 9).
തുടര്‍ന്ന്, ''ഒരുത്തന്‍ ഈ ഉപദേശവുംകൊണ്ടല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നു എങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുത്; അവനു കുശലം പറയുകയും അരുത്'' (വാ. 10) എന്ന് അവന്‍ മുന്നറിയിപ്പു നല്‍കുന്നു. വ്യാജസുവിശേഷം പ്രസംഗിക്കുന്ന ഒരുവന് ആതിഥ്യം അരുളുക എന്നു പറഞ്ഞാല്‍, ആളുകളെ ദൈവത്തില്‍ നിന്നകറ്റുന്നതിനു സഹായിക്കുക എന്നാണര്‍ത്ഥം.
ദൈവസ്നേഹത്തിന്റെ ഒരു 'മറുവശം'' നമുക്കു കാണിച്ചുതരികയാണ് യോഹന്നാന്റെ രണ്ടാം ലേഖനം. വിരിക്കപ്പെട്ട കരവുമായി എല്ലാവരെയും സ്വീകരിക്കുന്ന ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ സ്നേഹം, വഞ്ചനാപരമായി തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ദോഷം വരുത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നില്ല. അനുതാപത്തോടെ തന്നെ സമീപിക്കുന്നവരെ കരം നീട്ടി ദൈവം അശ്ലേഷിക്കും, എങ്കിലും ഒരു ഭോഷ്‌കിനെ അവന്‍ ഒരിക്കലും ആശ്ലേഷിക്കുകയില്ല.

പ്രത്യാശയ്ക്കു വകയുണ്ടോ?
എഡ്വേര്‍ഡ് പെയ്സണ്‍ (1783-1827) അത്യധികം പ്രയാസകരമായ ഒരു ജീവിതമാണ് നയിച്ചത്. തന്റെ ഇളയ സഹോദരന്റെ മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. കടുത്ത വിഷാദത്തിലേക്കു നയിക്കുന്ന ബൈപോളാര്‍ ഡിസോര്‍ഡര്‍ അദ്ദേഹത്തെ ബാധിക്കുകയും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മൈഗ്രേന്‍ തലവേദനയാല്‍ കഷ്ടപ്പെടുകയും ചെയ്തിരുന്നു. അതും പോരാഞ്ഞിട്ട് കുതിരപ്പുറത്തുനിന്നു വീണ് ഒരു കൈ തളര്‍ന്നുപോകുകയും ചെയ്തു. ക്ഷയരോഗത്താല്‍ മരണത്തോളം അദ്ദേഹം എത്തി. അതിശയകരമെന്നു പറയട്ടെ അദ്ദേഹത്തിന്റെ പ്രതികരണം ആശയറ്റതും നിരാശ്രയത്വത്തിന്റെയും അല്ലായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹിതര്‍ പറഞ്ഞത്, എഡ്വേര്‍ഡ് മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ സന്തോഷം അവര്‍ണ്ണനീയമായിരുന്നു എന്നാണ്. എങ്ങനെയതു സാധിക്കും?
റോമിലെ വിശ്വാസികള്‍ക്കെഴുതിയ ലേഖനത്തില്‍, ഏതു സാഹചര്യത്തിലും ലഭ്യമാകുന്ന ദൈവസ്നേഹത്തിന്റെ യാഥാര്‍ത്ഥ്യത്തിലുള്ള തന്റെ പൂര്‍ണ്ണ ഉറപ്പ് പൗലൊസ് പ്രകടമാക്കുന്നു. ''ദൈവം നമുക്ക് അനുകൂലമെങ്കില്‍ പ്രതികൂലം ആര്‍?'' (റോമര്‍ 8:31) എന്ന് ഉറപ്പോടെ അവന്‍ ചോദിക്കുന്നു. നമ്മെ രക്ഷിക്കുവാനായി ദൈവം തന്റെ പുത്രനായ യേശുവിനെ നല്‍കിയെങ്കില്‍, ഈ ജീവിതം പൂര്‍ത്തിയാക്കുന്നതിനായി നമുക്കാവശ്യമായതെല്ലാം അവന്‍ നല്‍കും. താന്‍ വ്യക്തിപരമായി നേരിട്ട അസാധ്യമെന്നു തോന്നിയ ഏഴു സാഹചര്യങ്ങളെക്കുറിച്ച് പൗലൊസ് രേഖപ്പെടുത്തുന്നു. കഷ്ടത, സങ്കടം, ഉപദ്രവം, പട്ടിണി, നഗ്‌നത, ആപത്ത്, വാള്‍ (വാ. 35). മോശം കാര്യങ്ങള്‍ സംഭവിക്കുന്നതിനെ ക്രിസ്തുവിന്റെ സ്നേഹം തടയുമെന്ന് അവന്‍ പറഞ്ഞില്ല. മറിച്ച് 'നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു' എന്നവന്‍ പറയുന്നു (വാ. 37).
ഈ ലോകത്തിന്റെ അനിശ്ചിതത്വങ്ങളില്‍, ഒന്നിനും ഒന്നിനുപോലും, 'യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുവാന്‍ കഴിയുകയില്ല'' എന്ന് ദൈവത്തില്‍ പൂര്‍ണ്ണമായി നമുക്കാശ്രയിക്കാന്‍ കഴിയും.
