
ദൈവത്തിന്റെ സര്‍ഗ്ഗാത്മകതയെ ആഘോഷിക്കുക
സഭാ ഓഡിറ്റോറിയം സംഗീത മുഖരിതമാകെ, വര്‍ണ്ണാന്ധതയുള്ള കലാകാരന്‍ ലാന്‍സ് ബ്രൗണ്‍ സ്‌റ്റേജിലേക്കു വന്നു. സദസ്സിനു പുറംതിരിഞ്ഞ് ഒരു വലിയ വെള്ള ക്യാന്‍വാസിനു മുമ്പില്‍ നിന്നുകൊണ്ട് തന്റെ ബ്രഷ് കറുത്ത പെയിന്റില്‍ മുക്കി. ചില വരകള്‍കൊണ്ട് ഒരു ക്രൂശ് പൂര്‍ത്തിയാക്കി.തന്റെ കരവും ബ്രഷും വീണ്ടും വീണ്ടും പ്രയോഗിച്ച് യേശുവിന്റെ ക്രൂശീകരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും ചിത്രീകരിച്ചു. വലിയ ക്യാന്‍വാസില്‍ കറുത്ത ചായം കൊണ്ട് തലങ്ങും വിലങ്ങും വരയ്ക്കുകയും നീലയും വെള്ളയും ഉപയോഗിച്ച് രൂപരഹിത പശ്ചാത്തലം മെനയുകയും ചെയ്ത് ആറു മിനിട്ടുകൊണ്ട് ചിത്രം പൂര്‍ത്തിയാക്കി. അദ്ദേഹം ക്യാന്‍വാസ് പൊക്കിയെടുത്ത് തലതിരിച്ച് ഒരു മറഞ്ഞിരുന്ന ചിത്രം കാണിച്ചു-കരുണാര്‍ദ്രമായ ഒരു മുഖം - യേശു.
ഒരു സഭാ ആരാധനയില്‍ അതിവേഗം പെയിന്റു ചെയ്യാന്‍ ഒരു സുഹൃത്ത് നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ വിമുഖനായിരുന്നുവെന്ന് ബ്രൗണ്‍ പറഞ്ഞു. എങ്കിലും ഇപ്പോഴദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ച് പെയിന്റു ചെയ്തും യേശുക്രിസ്തുവിനെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞും ആളുകളെ ആരാധനയിലേക്കു നയിക്കുന്നു.
ദൈവം തന്റെ ജനത്തിനു പകര്‍ന്നുകൊടുത്ത വിവിധങ്ങളായ വരങ്ങളുടെ മൂല്യവും ഉദ്ദേശ്യവും പൗലൊസ് ഊന്നിപ്പറയുന്നു. തന്റെ കുടുംബത്തിലെ ഓരോ അംഗവും കര്‍ത്താവിനെ മഹത്വപ്പെടുത്താനും സ്‌നേഹത്തില്‍ മറ്റുള്ളവരെ പണിയുവാനും ആയി സജ്ജരാക്കപ്പെട്ടിരിക്കുന്നു (റോമര്‍ 12:3-5). ഉത്സാഹത്തോടെയും സന്തോഷത്തോടെയും മറ്റുള്ളവരെ സേവിച്ചുകൊണ്ട് അവരെ വളര്‍ത്തുവാനും യേശുവിലേക്കു നയിക്കുവാനും നമ്മുടെ വരങ്ങളെ മനസ്സിലാക്കി ഉപയോഗിക്കുവാന്‍ പൗലൊസ് ആഹ്വാനം ചെയ്യുന്നു (വാ. 6-8).
പിന്നണിയില്‍നിന്നുകൊണ്ടോ അല്ലെങ്കില്‍ മുന്‍നിരയില്‍ നിന്നുകൊണ്ടോ പൂര്‍ണ്ണ ഹൃദയത്തോടെ ശുശ്രൂഷ ചെയ്യുന്നതിനായി ദൈവം നമ്മിലോരോരുത്തര്‍ക്കും ആത്മീയ വരങ്ങളും താലന്തുകളും പ്രാപ്തികളും അനുഭവ പരിചയവും നല്‍കിയിട്ടുണ്ട്. നാം അവന്റെ സര്‍ഗ്ഗാത്മകതയെ ആഘോഷിക്കുമ്പോള്‍ സുവിശേഷം വ്യാപിപ്പിക്കുവാനും മറ്റു വിശ്വാസികളെ സ്‌നേഹത്തില്‍ വളര്‍ത്തിയെടുക്കുവാനും അവന്‍ നമ്മുടെ അതുല്യതയെ ഉപയോഗിക്കും.

'എങ്കിലും'
2017 ല്‍, യുഎസില്‍ ഹാര്‍വ്വി ചുഴലിക്കാറ്റ് വീശിയതിനുശേഷം ദുരിതത്തിലായവരെ സഹായിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങളുടെ സംഘം ഹൂസ്റ്റണിലേക്കു യാത്ര ചെയ്തു. ദുരിതബാധിതരെ പ്രോത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആ പ്രക്രിയയില്‍, അവരുടെ തകര്‍ന്ന സഭകളുടെയും ഭവനങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നപ്പോള്‍ ഞങ്ങളുടെ തന്നെ വിശ്വാസത്തിനുനേരെ വെല്ലുവിളി ഉയരുകയും അപ്പോള്‍ തന്നെ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു.
ഹാര്‍വ്വി വിതച്ച നാശനഷ്ടത്തിന്റെ നടുവിലും ഈ ആളുകള്‍ പ്രകടിപ്പിച്ച തിളക്കമാര്‍ന്ന വിശ്വാസമാണ്, എഴാം നൂറ്റാണ്ടിലെ തന്റെ പ്രവചന സൂക്തങ്ങളുടെ അന്ത്യഭാഗത്ത് ഹബക്കുക്ക് പ്രകടിപ്പിച്ചതായി നാം കാണുന്നത്. കഠിന സമയങ്ങള്‍ മുമ്പിലുള്ളതായി പ്രവാചകന്‍ പ്രവചിക്കുന്നു (1:5-2:1); കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുമ്പ് കൂടുതല്‍ മോശമാകുന്ന അവസ്ഥയാണ്. പ്രവചനത്തിന്റെ അവസാനം ഭൗമിക നഷ്ടങ്ങളെ വിലയിരുത്തുന്ന പ്രവാചകനെ നാം കാണുന്നു. മൂന്നു പ്രാവശ്യം അവിടെ 'എങ്കിലും' എന്ന പദം പ്രത്യക്ഷപ്പെടുന്നു: അത്തിവൃക്ഷം തളിര്‍ക്കുകയില്ല (എങ്കിലും); മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല (എങ്കിലും); ... ആട്ടിന്‍കൂട്ടം തൊഴുത്തില്‍നിന്ന്
നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കുകയില്ല (എങ്കിലും) (3:17).
ആരോഗ്യ നഷ്ടം, ജോലി നഷ്ടം, പ്രിയപ്പെട്ടവരുടെ വേര്‍പാട്, പ്രകൃതി ദുരന്തം തുടങ്ങിയ സങ്കല്‍പ്പാതീത നഷ്ടങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ നിലപാട് എന്തായിരിക്കും? ഹബക്കുക്കിന്റെ 'കഠിന സമയങ്ങളുടെ ഗീതം' നമ്മെ ഇന്നലെയും ഇന്നും എന്നേക്കും നമ്മുടെ രക്ഷയുടെയും (വാ. 18) ബലത്തിന്റെയും, സ്ഥിരതയുടെയും (വാ. 19) ഉറവിടമായ ദൈവത്തിലുള്ള ഉറപ്പേറിയ വിശ്വാസത്തിനും ആശ്രയത്തിനും ആഹ്വാനം ചെയ്യുന്നു. അവസാനം, അവനില്‍ ആശ്രയിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല.

പ്രോത്സാഹനത്തിന്റെ ശക്തി
കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ബെഞ്ചമിന്‍ വെസ്റ്റ് തന്റെ സഹോദരിയുടെ ഒരു ചിത്രം വരയ്ക്കാന്‍ ശ്രമിച്ചു എങ്കിലും വികലമായ ഒരു ചിത്രം വരയ്ക്കാനേ അവനു കഴിഞ്ഞുള്ളു. അവന്റെ കലാസൃഷ്ടി കണ്ടിട്ട് അമ്മ അവന്റെ ശിരസ്സില്‍ ചുംബിച്ചിട്ടു പറഞ്ഞു, 'നോക്കൂ, ഇതു സാലിയാണ്.' ആ ചുംബനം ആണ് തന്നെ ഒരു കലാകാരന്‍ - പ്രസിദ്ധ അമേരിക്കന്‍ ചിത്രകാരനും - ആക്കിയതെന്ന്് അദ്ദേഹം പില്‍ക്കാലത്തു പറഞ്ഞു. പ്രോത്സാഹനം ഒരു ശക്തിമത്തായ കാര്യമാണ്.
ചിത്രം വരയ്ക്കാന്‍ പഠിക്കുന്ന ഒരു കുട്ടിക്കു സമമായി, പൗലൊസിന് തന്റെ ശുശ്രൂഷയുടെ ആരംഭകാലത്ത് കാര്യമായ അംഗീകാരം ലഭിച്ചിരുന്നില്ല എങ്കിലും ബര്‍ന്നബാസ് അവന്റെ വിളിയെ സ്ഥിരീകരിച്ചു. ബര്‍ന്നബാസിന്റെ പ്രോത്സാഹനത്താലാണ് ഒരു സഹ വിശ്വാസിയായി പൗലൊസിനെ സഭ അംഗീകരിച്ചത് (പ്രവൃ. 9:27). അന്ത്യോക്യയിലെ ശിശു സഭയെയും ബര്‍ന്നബാസ് പ്രോത്സാഹിപ്പിക്കുകയും പുതിയ നിയമത്തിലെ ഏറ്റവും സ്വാധീനമുള്ള സഭകളിലൊന്നായി വളരുവാന്‍ അതിനെ സഹായിക്കുകയും ചെയ്തു (11:22-23). ബര്‍ന്നബാസിന്റെയും അതുപോലെ പൗലൊസിന്റെയും പ്രോത്സാഹനത്താലാണ് യെരൂശലേം സഭ ജാതീയ വിശ്വാസികളെ ക്രിസ്തുശിഷ്യരായി അംഗീകരിച്ചത് (15:19). അനേക നിലകളില്‍, ആദിമ സഭയുടെ കഥ പ്രോത്സാഹനത്തിന്റെ കഥയാണ്.
ഇതുതന്നെ നമ്മുടെ ജീവിതത്തിലും പ്രായോഗികമാക്കേണ്ടതാണ്. ഒരുവനോട് ഒരു നല്ല വാക്കു പറയുന്നതാണ് പ്രോത്സാഹനം എന്നു നാം ചിന്തിച്ചേക്കാം. എന്നാല്‍ ആ വിധത്തിലാണു നാം ചിന്തിക്കുന്തെങ്കില്‍, അതിന്റെ നിലനില്‍ക്കുന്ന ശക്തി തിരിച്ചറിയാന്‍ നാം പരാജയപ്പെട്ടിരിക്കുന്നു. സഭയിലെ വ്യക്തി ജീവിതങ്ങളെയും സഭയുടെ തന്നെ ജീവിതത്തെയും രൂപപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണത്.

നശിപ്പിക്കാനാവാത്ത സ്‌നേഹം
ഞങ്ങളുടെ വീടിന്റെ പുറകിലുള്ള തോട് ഞങ്ങള്‍ ആദ്യം കണ്ടപ്പോള്‍, വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ പാറക്കെട്ടിന്റെ ഉള്ളില്‍ നിന്നു കിനിയുന്ന നേരിയ ഒരു വെള്ളച്ചാലായിരുന്നു. അതിനു മുകളില്‍ കനമുള്ള പലകയിട്ടാല്‍ ഞങ്ങള്‍ക്ക് അപ്പുറം കടക്കാമായിരുന്നു. മാസങ്ങള്‍ക്കു ശേഷം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കനത്ത മഴ തുടര്‍ച്ചയായി ഞങ്ങളുടെ പ്രദേശത്തു പെയ്തു. ഞങ്ങളുടെ കളിത്തോട് നാലടി ആഴവും പത്തടി വീതിയുമുള്ള ശീഘ്ര ജലപ്രവാഹമായി മാറി. വെള്ളത്തിന്റെ ശക്തിയില്‍ ഞങ്ങളുടെ തടിപ്പാലം ഒഴുകി താഴേക്കുപോയി.
കുത്തിയൊഴുകുന്ന ജലത്തിന് അതിന്റെ വഴിയിലുള്ള എന്തിനെയും തകര്‍ക്കുവാനുള്ള ശക്തിയുണ്ട്. എങ്കിലും പ്രളയത്തിന്റെ പാതയിലും അതിനെ നശിപ്പിക്കുമെന്നു ഭീഷണി മുഴക്കുന്ന മറ്റു ശക്തികളുടെ മുമ്പിലും നശിക്കാതെ നില്‍ക്കുന്ന ഒന്നുണ്ട് - സ്‌നേഹം. 'ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുത്തുവാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളയുകയില്ല' (ഉത്തമഗീതം 8:7). സ്‌നേഹത്തിന്റെ വാശിയേറിയ ശക്തിയും തീവ്രതയും പലപ്പോഴും പ്രണയബന്ധങ്ങളില്‍ കാണാന്‍ കഴിയും എങ്കിലും അതു പൂര്‍ണ്ണമായും പ്രകടമാക്കപ്പെട്ടിട്ടുള്ളത് തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ ദൈവം തന്റെ ജനത്തോടു കാണിച്ചിട്ടുള്ള സ്‌നേഹമാണ്.
ഉറപ്പുള്ളതെന്നും ആശ്രയിക്കാവുന്നതെന്നും നാം കണക്കാക്കുന്ന കാര്യങ്ങള്‍ ഒഴുകിപ്പോകുമ്പോള്‍, നമ്മുടെ മോഹഭംഗങ്ങള്‍ നമ്മോടുള്ള ദൈവത്തിന്റെ സനേഹത്തെക്കുറിച്ച്് ഒരു പുതിയ അറിവിലേക്കുള്ള വഴി തുറക്കും. ഭൂമിയിലുള്ള എന്തിനേക്കാളും ഉന്നതവും ആഴമേറിയതും ശക്തവും ദീര്‍ഘവും നിലനില്‍ക്കുന്നതുമാണ് അവന്റെ സ്‌നേഹം. നാം നേരിടുന്നതെന്തായിരുന്നാലും, നമ്മെ കരം പിടിച്ച്, നമ്മെ സഹായിച്ച്, നാ സ്‌നേഹിക്കപ്പെടുന്നു എന്നു നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നമ്മുടെ കൂടെയുള്ള അവനോടൊപ്പമാണ് നാം അതു നേരിടുന്നത്.

വിശ്വാസത്തിന്റെ പൈതൃകം
ബില്ലി ഗ്രഹാം തന്റെ പതിനാറാം വയസ്സില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ക്രിസ്തുവിനോടുള്ള ഭക്തി വ്യക്തമായിരുന്നു. ഒരു വിശ്വാസ ഭവനത്തില്‍ ജനിച്ചുവളരുമ്പോഴാണ് അവര്‍ വിശ്വാസത്തിലേക്കു വന്നത്. വിവാഹത്തിനുശേഷം, തങ്ങളുടെ മക്കളെ സ്‌നേഹപുരസ്സരം വളര്‍ത്തുകയും അവരോടൊപ്പം പ്രാര്‍ത്ഥിക്കുകയും തിരുവചനം വായിക്കുകയും ആരാധനയില്‍ സംബന്ധിക്കുകയും ചെയ്തുകൊണ്ട് ആ പൈതൃകം നിലനിര്‍ത്തി. ബില്ലിഗ്രഹാമിന്റെ മാതാപിതാക്കള്‍ അവനുവേണ്ടി ഇട്ട ഉറപ്പുള്ള അടിസ്ഥാനം, അവനെ വിശ്വാസത്തിലേക്കു കൊണ്ടുവരുവാനും പിന്നീട് ധൈര്യശാലിയായ സുവിശേഷകനായി വിളിക്കുവാനും ദൈവം ഉപയോഗിച്ച വളക്കൂറുള്ള മണ്ണായിരുന്നു.
അപ്പൊസ്തലനായ പൗലൊസിന്റെ യുവശിഷ്യനായിരുന്ന തിമൊഥെയൊസും ശക്തമായ ആത്മിക അടിത്തറയുടെ നേട്ടം അനുഭവിച്ചവനായിരുന്നു. പൗലൊസ് എഴുതി, ''ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു' (2 തിമൊഥെയൊസ് 1:5). ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്കു തിമൊഥെയൊസിന്റെ ഹൃദയത്തെ ഒരുക്കുന്നതിനും തിരിക്കുന്നതിനും ഈ പൈതൃകം സഹായിച്ചു.
നമുക്കു ശക്തി നല്‍കുന്ന പരിശുദ്ധാത്മാവിലൂടെ (വാ. 6-7) അവന്റെ ഉള്ളില്‍ ഉള്ള 'ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിച്ചുകൊണ്ട്' (വാ. 6) ഈ പൈതൃകം നിലനിര്‍ത്താന്‍ പൗലൊസ് തിമൊഥെയൊസിനെ ആഹ്വാനം ചെയ്യുന്നു. കാരണം പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ തിമൊഥെയൊസിന് സുവിശേഷത്തിനുവേണ്ടി ഭയമില്ലാതെ ജീവിക്കാന്‍ കഴിയും (വാ. 8). ഒരു ശക്തമായ ആത്മിക പൈതൃകം നാം വിശ്വാസത്തിലേക്കു വരുമെന്നതിന്റെ ഉറപ്പല്ല, എങ്കിലും മറ്റുള്ളവരുടെ മാതൃകയും വഴികാട്ടലും അതിനുള്ള വഴി ഒരുക്കാന്‍ സഹായിക്കും. നാം യേശുവിനെ രക്ഷകനായി സ്വീകരിച്ചുകഴിയുമ്പോള്‍ ആത്മാവു നമ്മെ ശുശ്രൂഷയിലും അവനുവേണ്ടി ജീവിക്കുന്നതിലും മറ്റുള്ളവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.