
ഡൊണാവൂരിലെ സ്നേഹം
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ. [ 1 യോഹന്നാൻ 4:8 ]
ഡൊണാവൂരിലെ സ്നേഹം
എമി കാർമൈക്കിളിന്റെ കല്ലറയുടെ സ്ഥാനത്തു സ്ഥാപിച്ചിട്ടുള്ള ബേർഡ്ബാത്തിൽ കൊത്തിവച്ചിരിക്കുന്നതു “അമ്മ” എന്ന തമിഴ് വാക്കു മാത്രമാണ്. ദേവദാസി വൃത്തിയിൽ കുടുങ്ങിയപ്പോയ ആയിരക്കണക്കിനു പെൺകുട്ടികളുടെ അഭയസ്ഥാനമായി മാറിയ ഇടമായിരുന്നു തമിഴ്നാട്ടിലെ ഡൊണാവൂരിലുള്ള അവരുടെ മിഷൻ സ്കൂൾ. അവരുടെ ആദ്യകാലങ്ങളിൽ പല രാത്രികളിലും, കൊച്ചു പെൺകുട്ടികളെ രക്ഷിക്കാനായി അവർ സാരി ധരിച്ചു സൈക്കിൾ ചവിട്ടുമായിരുന്നുവെന്നു പറയപ്പെടുന്നു. 1931-ലെ ദാരുണമായ ഒരു വീഴ്ചയെത്തുടർന്ന് അവർ കിടക്കയിലേക്കു ഒതുങ്ങിപ്പോയതിനുശേഷവും അവർ ഈ കുട്ടികളെ മറ്റുള്ളവരിലൂടെ രക്ഷിക്കുന്നതു തുടർന്നു. ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കൊണ്ടു തന്റെ പ്രയത്നത്തെ അവർ നിലനിർത്തുകയും സ്കൂളിനു ധനസഹായം ലഭ്യമാക്കുകയും ചെയ്തു. എന്താണ് അവരെ എമിയിലേക്ക് ആകർഷിച്ചതെന്നു കുട്ടികളോടു ചോദിച്ചപ്പോൾ, “സ്നേഹമാണു കാരണം. അമ്മ ഞങ്ങളെ സ്നേഹിച്ചു” എന്ന് അവർ പറഞ്ഞു.
എല്ലാ സദ്ഗുണങ്ങളുടെയും മാതാവ് സ്നേഹമാണെന്നു ചിലപ്പോഴൊക്കെ നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. യഥാർത്ഥ സ്നേഹം ക്രിസ്തുവിൽ അനുഭവിക്കാൻ കഴിയും, കാരണം അവൻ സ്നേഹത്തിന്റെ മൂർത്തീകരണമാണ് (വാ. 8). ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമുക്കു യഥാർഥ സ്നേഹത്തിന്റെ ഒരു നേർക്കാഴ്ച ലഭിച്ചിട്ടുണ്ട്. യേശുവിന്റെ സ്നേഹം ഉപാധികളില്ലാത്തതായിരുന്നു. അർഹതയില്ലാത്തവരെപ്പോലും അവൻ സ്നേഹിച്ചു (വാ. 11). ദൈവം നമ്മെ സ്നേഹിച്ച വിധത്തിൽ നാം സ്നേഹത്തെ വീക്ഷിക്കുമ്പോൾ, അത് എങ്ങനെ പ്രകടിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ അതു മാറ്റുന്നു. യേശു സ്നേഹിച്ചതുപോലെ നാം സ്നേഹിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തെ യഥാർഥത്തിൽ അറിയാൻ കഴിയില്ല എന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കുന്നു (വാ. 7-8).
ഭൂമിയിലെ ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:27). നാം കണ്ടുമുട്ടുന്ന ഏവർക്കും സ്നേഹം ആവശ്യമാണ്. സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നവർക്കു പരമാർത്ഥവും കളങ്കമില്ലാത്തതുമായ സ്നേഹത്തിന്റെ അർത്ഥം കാണിച്ചുകൊടുക്കാനുള്ള ഏറ്റവും നല്ല അവസരം ദൈവമക്കൾ എന്ന നിലയിൽ നമുക്കുണ്ട്. ഡൊണാവൂരിലെ അടിമകളായ പെൺകുട്ടികളോടുള്ള സ്നേഹത്തിന്റെ മൂർത്തിരൂപമായി മാറിയ എമിയെപ്പോലെ, നമ്മുടെ ഓരോ പ്രവൃത്തിയിലും വാക്കിലും ഇടപാടിലും യേശുവിന്റെ യഥാർത്ഥ സ്നേഹം അവതരിക്കട്ടെ. റെബേക്ക വിജയൻ
ക്രിസ്തുവിന്റെ സ്നേഹം നിങ്ങളുടെ ജീവിതത്തിൽ എപ്രകാരമാണു മാറ്റം വരുത്തിയത്? ആരെന്നതു പരിഗണിക്കാതെ ഏവർക്കും ക്രിസ്തുവിന്റെ സ്നേഹം
കാട്ടിക്കൊടുക്കാൻ നിങ്ങളെക്കൊണ്ട് എന്തു ചെയ്യാൻ കഴിയും?
പ്രിയ യേശുവേ, പകരം യാതൊന്നും പ്രതീക്ഷിക്കാതെയും ലോകം അതിനെ
എങ്ങനെ നോക്കിക്കാണുന്നു എന്നതിനു പ്രാധാന്യം നൽകാതെയും
അങ്ങു സ്നേഹിക്കുന്ന വിധം സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ.

ജീവിതമാകുന്ന തീർത്ഥാടനം
അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; [ എബ്രായർ 11:16 ]
ജീവിതമാകുന്ന തീർത്ഥാടനം
വിവിധ മതങ്ങളിൽ നിന്നുള്ള ഇരുപത് കോടിയിലധികം ആളുകൾ ഓരോ വർഷവും തീർത്ഥാടനം നടത്തുന്നു. ഏതെങ്കിലും ഒരു പുണ്യസ്ഥലത്തേക്ക് യാത്ര ചെയ്ത് അവിടെനിന്ന് അനുഗ്രഹം പ്രാപിക്കുന്നതിനു വേണ്ടിയാണ് പണ്ടുകാലം മുതൽ ആളുകൾ തീർത്ഥാടനത്തിന് പോകുന്നത്. ക്ഷേത്രം, കത്തീഡ്രൽ, പൂജ്യസ്ഥാനം അല്ലെങ്കിൽ, അനുഗ്രഹം ലഭിക്കാവുന്ന മറ്റ് ഉദ്ദിഷ്ടസ്ഥാനങ്ങൾ എന്നിവയിൽ എത്തിച്ചേരുക എന്നതാണ് തീർത്ഥാടനത്തിന്റെ ലക്ഷ്യം.
എന്നാൽ, ബ്രിട്ടനിലെ കെൽറ്റിക് ക്രിസ്ത്യാനികളുടെ തീർത്ഥാടനം വ്യത്യസ്തമായിരുന്നു. അവർ ഒരു പ്രത്യേക ലക്ഷ്യമില്ലാതെ ഏതെങ്കിലും കാട്ടിലേക്ക് പുറപ്പെടുന്നു. അല്ലെങ്കിൽ, ഒരു ബോട്ടിൽ കയറി, സമുദ്രം അവരെ എവിടെ കൊണ്ടുപോകുന്നുവോ അവിടേക്ക് ഒഴുകിപ്പോകുന്നു. അവർക്ക് തീർത്ഥാടനമെന്നാൽ, അപരിചിതമായ പ്രദേശത്ത് ദൈവത്തെ ആശ്രയിക്കുന്നതാണ്; അനുഗ്രഹം ലഭിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തല്ല, യാത്രയ്ക്കിടയിലാണ്.
കെൽറ്റുകളെ സംബന്ധിച്ചിടത്തോളം എബ്രായർ 11 ഒരു പ്രധാന വേദഭാഗമായിരുന്നു. ക്രിസ്തുവിലുള്ള ജീവിതം, ലോകത്തിന്റെ വഴികൾ ഉപേക്ഷിച്ച് പരദേശികളെപ്പോലെ ദൈവത്തിന്റെ നഗരത്തിലേക്കുള്ള യാത്രയായതുകൊണ്ട്, ഒരു തീർത്ഥാടനം അവരുടെ ജീവിതയാത്രയുടെ പ്രതിഫലനമായിരുന്നു (വാ. 13-16). ബുദ്ധിമുട്ടുള്ളതും അപരിചിതവുമായ പാതയിലൂടെ ദൈവത്തിന്റെ കരുതലിൽ ആശ്രയിച്ചുകൊണ്ട് ആ തീർത്ഥാടകർ, പഴയകാല വിശ്വാസവീരന്മാർ ജീവിച്ചിരുന്ന തരത്തിലുള്ള വിശ്വാസം വളർത്തിയെടുത്തു (വാ. 1-12).
നാം ശാരീരികമായി യാത്രചെയ്താലും ഇല്ലെങ്കിലും പഠിക്കേണ്ട ഒരു പാഠം: യേശുവിൽ വിശ്വസിച്ചവർക്ക് ജീവിതം, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തേക്കുള്ള ഒരു തീർത്ഥാടനമാണ്. അത് ഇരുണ്ട വനങ്ങളും അടഞ്ഞ വഴികളും പരീക്ഷണങ്ങളും നിറഞ്ഞതാണ്. അതിലൂടെ നാം യാത്ര ചെയ്യുമ്പോൾ, വഴിയിൽ ദൈവത്തിന്റെ കരുതൽ അനുഭവിക്കുന്നതിനുള്ള അനുഗ്രഹം നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം. ഷെരിദാൻ വോയ്സി
ജീവിത പാതയിൽ ദൈവത്തിന്റെ ദാനങ്ങൾ സ്വീകരിക്കുന്നതിന്
നിങ്ങൾക്ക് ഇന്ന് എങ്ങനെ ഒരുങ്ങിയിരിക്കാൻ കഴിയും?
ഇപ്പോഴുള്ള ഈ ലോകം, നിങ്ങളുടെ യഥാർത്ഥ ഭവനമല്ലെന്ന്
നിങ്ങളെത്തന്നെ എങ്ങനെ ഓർമ്മിപ്പിക്കാനാകും?
പ്രിയ ദൈവമേ, ജീവിതത്തിലെ പരീക്ഷണങ്ങൾ എനിക്ക് അങ്ങയിൽ ആഴത്തിലുള്ള വിശ്വാസം വളർത്തിയെടുക്കാനുള്ള അവസരങ്ങളാണെന്ന് കാണിച്ചുതന്നതിന് നന്ദി.

അന്യോന്യമുള്ള പഠനം
നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ടു... [ എഫെസ്യർ 1:16 ]
വിനീതനായ ജോൺ
പറമ്പിൽ പാട്ടത്തിന് കൃഷി ചെയ്യുന്ന ജോണിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും, കാഴ്ചക്കുറവും മറ്റ് ശാരീരിക പരിമിതികളും ഉണ്ടായിരുന്നിട്ടും, നോർവേയിലെ തന്റെ ഗ്രാമത്തിലുള്ളവർക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു, വേദന മൂലം ഉറങ്ങാൻ കഴിയാതിരുന്ന പല രാത്രികളിലും പ്രാർത്ഥിച്ചു. ഓരോ വീടുകളിലും ഉള്ളവരുടെ പേരുകൾ പറഞ്ഞു പ്രാർത്ഥിച്ചു, ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത കുട്ടികൾക്കു വേണ്ടി പോലും പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ സൗമ്യത ആളുകളെ ആകർഷിക്കുകയും, അവർ അദ്ദേഹത്തിന്റെ ജ്ഞാനവും ഉപദേശവും തേടുകയും ചെയ്തു. അദ്ദേഹത്തിന് അവരെ പ്രായോഗികമായി സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ സ്നേഹം അനുഭവിച്ച് മടങ്ങിപ്പോകുന്നത് തന്നെ അനുഗ്രഹമായി അവർ കണക്കാക്കിയിരുന്നു. തനിക്ക് അവിടെ കുടുംബം ഇല്ലെങ്കിലും, ജോർൺ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ശവസംസ്കാരം ആ സമൂഹത്തിലെ എക്കാലത്തെയും വലിയ ശുശ്രൂഷയായി നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ പൂവണിയുകയും താൻ സങ്കൽപ്പിച്ചതിലും അധികം ഫലം പുറപ്പെടുവിക്കുകയും ചെയ്തു.
താൻ സേവിക്കുന്നവരെ സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത അപ്പൊസ്തലനായ പൗലൊസിന്റെ മാതൃകയാണ് ഈ എളിയ മനുഷ്യൻ പിന്തുടർന്നത്. താൻ റോമിൽ തടവിലായിരിക്കുമ്പോൾ എഫെസൊസിൽ ഉള്ളവർക്ക് എഴുതി, ദൈവം അവർക്ക് “ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ” നൽകണമെന്നും അവരുടെ ഹൃദയദൃഷ്ടി “പ്രകാശിപ്പിക്കണമെന്നും” പ്രാർത്ഥിച്ചു (എഫെസ്യർ 1:17-18). അവർ യേശുവിനെ അറിയണമെന്നും ആത്മാവിന്റെ ശക്തിയാൽ സ്നേഹത്തോടും ഐക്യത്തോടും കൂടെ ജീവിക്കണമെന്നും അവൻ ആഗ്രഹിച്ചു.
ജോർണും അപ്പൊസ്തലനായ പൗലൊസും, തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തവരെ പ്രാർത്ഥനയിൽ ദൈവത്തിനു സമർപ്പിച്ചു. അവരുടെ മാതൃകകൾ അനുസരിച്ച് നമുക്കും മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യാം. എമി ബോഷർ പൈ
സൗമ്യനും പ്രാർത്ഥനാ വീരനുമായ ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? അദ്ദേഹത്തിൽ എങ്ങനെയാണ് യേശുവിന്റെ ഹൃദയം വെളിപ്പെടുന്നത്?
യേശുവേ, അവിടുന്ന് മറ്റുള്ളവരെ ശുശ്രൂഷിക്കുകയും അവരുടെ
ആവശ്യങ്ങളെ പ്രഥമമായി കാണുകയും ചെയ്തു. അനുദിനം അങ്ങയെ
സ്നേഹിച്ച് സന്തോഷപൂർവ്വം സേവിക്കാൻ എന്നെ സഹായിക്കണമേ.

വിനീതനായ ജോൺ
പറമ്പിൽ പാട്ടത്തിന് കൃഷി ചെയ്യുന്ന ജോണിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും, കാഴ്ചക്കുറവും മറ്റ് ശാരീരിക പരിമിതികളും ഉണ്ടായിരുന്നിട്ടും, നോർവേയിലെ തന്റെ ഗ്രാമത്തിലുള്ളവർക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു, വേദന മൂലം ഉറങ്ങാൻ കഴിയാതിരുന്ന പല രാത്രികളിലും പ്രാർത്ഥിച്ചു. ഓരോ വീടുകളിലും ഉള്ളവരുടെ പേരുകൾ പറഞ്ഞു പ്രാർത്ഥിച്ചു, ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത കുട്ടികൾക്കു വേണ്ടി പോലും പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ സൗമ്യത ആളുകളെ ആകർഷിക്കുകയും, അവർ അദ്ദേഹത്തിന്റെ ജ്ഞാനവും ഉപദേശവും തേടുകയും ചെയ്തു. അദ്ദേഹത്തിന് അവരെ പ്രായോഗികമായി സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ സ്നേഹം അനുഭവിച്ച് മടങ്ങിപ്പോകുന്നത് തന്നെ അനുഗ്രഹമായി അവർ കണക്കാക്കിയിരുന്നു. തനിക്ക് അവിടെ കുടുംബം ഇല്ലെങ്കിലും, ജോർൺ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ശവസംസ്കാരം ആ സമൂഹത്തിലെ എക്കാലത്തെയും വലിയ ശുശ്രൂഷയായി നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ പൂവണിയുകയും താൻ സങ്കൽപ്പിച്ചതിലും അധികം ഫലം പുറപ്പെടുവിക്കുകയും ചെയ്തു.
താൻ സേവിക്കുന്നവരെ സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത അപ്പൊസ്തലനായ പൗലൊസിന്റെ മാതൃകയാണ് ഈ എളിയ മനുഷ്യൻ പിന്തുടർന്നത്. താൻ റോമിൽ തടവിലായിരിക്കുമ്പോൾ എഫെസൊസിൽ ഉള്ളവർക്ക് എഴുതി, ദൈവം അവർക്ക് “ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ” നൽകണമെന്നും അവരുടെ ഹൃദയദൃഷ്ടി “പ്രകാശിപ്പിക്കണമെന്നും” പ്രാർത്ഥിച്ചു (എഫെസ്യർ 1:17-18). അവർ യേശുവിനെ അറിയണമെന്നും ആത്മാവിന്റെ ശക്തിയാൽ സ്നേഹത്തോടും ഐക്യത്തോടും കൂടെ ജീവിക്കണമെന്നും അവൻ ആഗ്രഹിച്ചു.
ജോർണും അപ്പൊസ്തലനായ പൗലൊസും, തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തവരെ പ്രാർത്ഥനയിൽ ദൈവത്തിനു സമർപ്പിച്ചു. അവരുടെ മാതൃകകൾ അനുസരിച്ച് നമുക്കും മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യാം.

ദൈവഭയത്തിൽ
ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും ... അവങ്കലുള്ള ഭയം നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു. [ പുറപ്പാട് 20:20 ]
ദൈവഭയത്തിൽ
ചില കാര്യങ്ങളെയോ, സാഹചര്യങ്ങളെയോ കുറിച്ചുള്ള “യുക്തിരഹിതമായ ഭയം” എന്നാണ് ഒരു ഫോബിയയെ നിർവചിച്ചിരിക്കുന്നത്. അരക്നോഫോബിയ എന്നത് ചിലന്തികളെ ഭയപ്പെടുന്നതാണ് (ഇത് തികച്ചും യുക്തിസഹമായ കാര്യമാണ് എന്നു ചിലർ വാദിച്ചേക്കാം!). പിന്നെ ഗ്ലോബോഫോബിയയും, ചോക്കൊലേറ്റോഫോബിയയും ഉണ്ട്. ഇങ്ങനെ നാനൂറോളം ഭയങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്തിനേയും നാം ഭയപ്പെടാൻ സാധ്യതയുണ്ട് എന്ന് ചുരുക്കം.
പത്തു കൽപ്പനകൾ ലഭിച്ചശേഷം യിസ്രായേല്യർ ഭയപ്പെട്ടിരുന്നതായി ബൈബിൾ പറയുന്നു: “ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും . . . വിറെച്ചുകൊണ്ടു ദൂരത്തു നിന്നു” (പുറപ്പാട് 20:18). ഏറ്റവും രസകരമായ ഈ പ്രസ്താവന നൽകി മോശ അവരെ ആശ്വസിപ്പിച്ചു: “ഭയപ്പെടേണ്ട. ദൈവഭയം നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണ്ടതിന് നിങ്ങളെ പരീക്ഷിക്കാനാണ് ദൈവം വന്നിരിക്കുന്നത്” (വാ. 20). മോശ പറഞ്ഞതിൽ വിരോധാഭാസം തോന്നുന്നു: “ഭയപ്പെടേണ്ട, എന്നാൽ ഭയപ്പെടണം.” വാസ്തവത്തിൽ, “ഭയം” എന്നതിനുള്ള എബ്രായ പദത്തിൽ കുറഞ്ഞത് രണ്ട് അർഥങ്ങളെങ്കിലും അടങ്ങിയിരിക്കുന്നു—എന്തിനെയെങ്കിലും കുറിച്ചുള്ള ഭയം, അല്ലെങ്കിൽ ദൈവത്തോടുള്ള ആദരവോടെയുള്ള ഭയം.
ഗ്ലോബോഫോബിയ ബലൂണുകളോടുള്ള ഭയമാണെന്നും, ചോക്ലേറ്റോഫോബിയ ചോക്ലേറ്റിനോടുള്ള ഭയമാണെന്നും മനസ്സിലാക്കുമ്പോൾ നാം ചിരിച്ചുപോകും. എല്ലാത്തരം കാര്യങ്ങളെയും നമുക്ക് ഭയപ്പെടാം എന്നതാണ് ഫോബിയയെക്കുറിച്ചുള്ള കൂടുതൽ ഗുരുതരമായ സത്യം. ചിലന്തികളെപ്പോലെ ഭയം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, ലോകം നമ്മെ ഭയപ്പെടുത്തുന്ന ഒരു സ്ഥലമായി മാറാം. ഫോബിയയോടും, ഭയത്തോടും പോരാടുമ്പോൾ, നമ്മുടെ ദൈവം ഭയങ്കരനായ ദൈവമാണെന്നും, ഇരുട്ടിന്റെ നടുവിൽ അവൻ ഏറ്റവും അടുത്ത ആശ്വാസം ആകുന്നു എന്നും ഓർമ്മിക്കുന്നത് നല്ലതാണ്. കെന്നത്ത് പീറ്റേഴ്സൺ
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?
ആ ഭയത്തെ മറികടക്കാൻ ദൈവസ്നേഹം
നിങ്ങളെ എങ്ങനെ സഹായിക്കുന്നു?
പ്രിയ ദൈവമേ, ഞാൻ ഭയപ്പെടുന്ന പല കാര്യങ്ങളുമുണ്ട്.
എന്റെ ഹൃദയത്തെ ആശ്വസിപ്പിക്കേണമേ. അങ്ങയുടെ സ്നേഹത്തിൽ
ആശ്വാസം കണ്ടെത്തുവാൻ എന്നെ സഹായിക്കേണമേ.