Category  |  odb

സമാധാനത്തിന് ഊന്നൽ നൽകുക

മാറ്റം ജീവിതത്തിലെ വലിയ സമ്മർദങ്ങളിലൊന്നാണ്. ഏകദേശം ഇരുപത് വർഷത്തോളം ഞാൻ എന്റെ മുൻ വീട്ടിൽ താമസിച്ചതിനു ശേഷം ഞങ്ങൾ നിലവിലെ വീട്ടിലേക്ക് മാറി. വിവാഹത്തിനു മുമ്പ് എട്ട് വർഷം ഞാൻ ആ വീട്ടിൽ തനിച്ചായിരുന്നു താമസം. പിന്നെ എന്റെ ഭർത്താവ് എല്ലാ സാധനങ്ങളും സഹിതം കടന്നുവന്നു. പിന്നീട് ഒരു കുഞ്ഞും വന്നു, അതായത് കൂടുതൽ സാധനങ്ങൾ.

പുതിയ വീട്ടിലേക്ക് ഞങ്ങൾ നീങ്ങുന്ന ദിവസം സംഭവരഹിതമായിരുന്നില്ല. "മൂവേർഴ്സ്" എത്തുന്നതിനു അഞ്ച് മിനിറ്റു മുമ്പ് പോലും ഞാൻ ഒരു പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി പൂർത്തിയാക്കുകയായിരുന്നു. പുതിയ വീടിന് നിരവധി കോണിപ്പടികൾ ഉണ്ടായിരുന്നു, അതിനാൽ ആസൂത്രണം ചെയ്തതിനേക്കാൾ ഇരട്ടി സമയവും ജോലിക്കാരും ആവശ്യമായി വന്നു. 

പക്ഷേ അന്നത്തെ സംഭവങ്ങളിൽ എനിക്ക് സമ്മർദം തോന്നിയില്ല. പിന്നെ എനിക്ക് മനസ്സിലായി: ഒരു പുസ്തകം എഴുതി പൂർത്തിയാക്കുവാൻ  ഞാൻ മണിക്കൂറുകളോളം ചിലവഴിച്ചു - തിരുവെഴുത്തുകളും ബൈബിൾ ആശയങ്ങളും നിറഞ്ഞ ഒരു പുസ്തകം. ദൈവകൃപയാൽ, ഞാൻ ബൈബിളിൽ പരതുകയും പ്രാർഥിക്കുകയും എന്റെ സമയപരിധിക്കുള്ളിൽ  എഴുതി തീർക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. തിരുവെഴുത്തിലും പ്രാർഥനയിലും ഞാൻ മുഴുകി എന്നതായിരുന്നു എനിക്ക് ആരോഗ്യം തന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. 

പൗലൊസ് എഴുതി, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്" (ഫിലി. 4:6). നാം പ്രാർഥിക്കുകയും ദൈവത്തിൽ "സന്തോഷിക്കകയും'' ചെയ്യുമ്പോൾ (വാ.4), പ്രശ്നത്തിൽ നിന്ന് നമ്മുടെ ദാതാവിലേക്ക് നാം മനസ്സിനെ കേന്ദ്രീകരിക്കുന്നു. ഒരു സമ്മർദത്തെ നേരിടാൻ നാം ദൈവത്തോട് സഹായം അഭ്യർത്ഥിക്കുകയായിരിക്കാം, പക്ഷേ അതുമൂലം നാം അവനുമായി ബന്ധപ്പെടുന്നു, അത് "സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം" പ്രദാനം ചെയ്യുന്നു (വാ.7).

ദൈവം കേൾക്കുന്നുണ്ട്

നടനും ആയോധന കലാകാരനുമായ ചക്ക് നൂറാം ജന്മദിനമാഘോഷിക്കുന്ന തന്റെ അമ്മയെ ആദരിച്ചു, തന്റെ ആത്മീയ പരിവർത്തനത്തിൽ അമ്മ എത്രത്തോളം സഹായകമായിരുന്നുവെന്ന് പങ്കുവച്ചു. "സ്ഥിരോത്സാഹത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകയാണ് അമ്മ," അദ്ദേഹം എഴുതി. മഹാമാന്ദ്യകാലത്ത് അവർ മൂന്ന് ആൺകുട്ടികളെ സ്വന്തമായി വളർത്തി; രണ്ട് ഭർത്താക്കൻമാർ, ഒരു മകൻ, ഒരു വളർത്തുമകൻ, പേരകുട്ടികൾ എന്നിവരുടെ മരണം അനുഭവിച്ചു; നിരവധി ശസ്ത്രക്രിയകൾ സഹിച്ചു. "എല്ലാ കാലത്തും അവർ എനിക്കു വേണ്ടി പ്രാർഥിച്ചു." അദ്ദേഹം തുടർന്നു, "ഹോളിവുഡിന് ഞാൻ എന്റെ ആത്മാവിനെ ഏതാണ്ട് വിട്ടുകൊടുത്തപ്പോൾ, [അവർ] വീട്ടിലിരുന്ന് എന്റെ രക്ഷയ്ക്കും വിജയത്തിനും വേണ്ടി പ്രാർഥിച്ചു കൊണ്ടിരുന്നു." അദ്ദേഹം ഉപസംഹരിച്ചു, "ഞാൻ ആയതും ആകേണ്ടതുമെല്ലാം ആക്കി തീർക്കുവാൻ ദൈവത്തെ സഹായിച്ചതിന് ഞാൻ [എന്റെ അമ്മയോട്] നന്ദി പറയുന്നു.''

ചക്കിന്റെ അമ്മയുടെ പ്രാർഥനകൾ രക്ഷ കണ്ടെത്താൻ അവനെ സഹായിച്ചു - ദൈവഭക്തയായ ഒരു ഭാര്യയേയും. അവർ തന്റെ മകനു വേണ്ടി ആത്മാർഥമായി പ്രാർഥിച്ചു, ദൈവം അവരുടെ പ്രാർഥന കേട്ടു. നമ്മുടെ പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന രീതിയിൽ എപ്പോഴും ഉത്തരം ലഭിക്കില്ല. അതിനാൽ പ്രാർഥനയെ ഒരു മാന്ത്രികവടിയായി ഉപയോഗിക്കുവാൻ  കഴിയില്ല. എന്നിരുന്നാലും, "നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു" എന്ന് യാക്കോബ് ഉറപ്പ് നൽക്കുന്നു (5:16). ഈ അമ്മയെപ്പോലെ രോഗികൾക്കും ദുരിതത്തിലായവർക്കും വേണ്ടി നാം പ്രാർഥിക്കുന്നത് തുടരണം (വാ.13-15). അവരെ പോലെ പ്രാർഥനയിലൂടെ നാം ദൈവവുമായി സംവദിക്കുമ്പോൾ, പ്രോത്സാഹനവും സമാധാനവും ആത്മാവ് പ്രവർത്തിക്കുന്നു എന്ന ഉറപ്പും നാം കണ്ടെത്തുന്നു.

നിങ്ങളുടെ ജീവിതത്തിൽ ആർക്കെങ്കിലും രക്ഷയോ രോഗശാന്തിയോ സഹായമോ ആവശ്യമുണ്ടോ? വിശ്വാസത്തോടെ നിങ്ങളുടെ പ്രാർഥനകൾ ദൈവത്തിങ്കലേക്ക് ഉയർത്തുക. അവിടുന്നു കേൾക്കുന്നുണ്ട്.

പറയാനുള്ള മുറി

വടക്കൻ സ്പെയിൻ കൂട്ടായ്മയും സൗഹൃദവും പ്രകടിപ്പിക്കുന്നതിനുള്ള മനോഹരമായ ഒരു മാർഗം ഉണ്ട്. 

നാട്ടിൻപുറങ്ങൾ നിറയെ കൈകൊണ്ട് നിർമിച്ച ഗുഹകളുള്ളതിനാൽ, ഓരോ വിളവെടുപ്പിനു ശേഷവും ചില കർഷകർ ഗുഹയുടെ മുകളിലെ ഒരു മുറിയിൽ ഇരുന്ന് അവരുടെ വിവിധ വിഭവങ്ങളുടെ പട്ടിക എടുക്കും. കാലം കഴിഞ്ഞപ്പോൾ ആ മുറി "പറയാനുള്ള മുറി" എന്നറിയപ്പെട്ടു - സുഹൃത്തുക്കളും കുടുംബങ്ങളും അവരുടെ കഥകളും രഹസ്യങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കാൻ ഒത്തുകൂടുന്ന കൂട്ടായ്മയുടെ ഒരിടം. നിങ്ങൾക്ക് സുരക്ഷിത സുഹൃത്തുക്കളുടെ അടുത്ത സഹവാസം ആവശ്യമാണെങ്കിൽ, നിങ്ങൾ "പറയാനുള്ള മുറിയിലേക്ക്" പോകും.

അവർ വടക്കൻ സ്പെയിനിലാണ് ജീവിച്ചിരുന്നതെങ്കിൽ, യോനാഥാനും ദാവീദും പങ്കിട്ട ആഴത്തിലുള്ള സൗഹൃദം അവരെ ഒരു പറയാനുള്ള മുറി സൃഷ്ടിക്കുവാൻ  പ്രേരിപ്പിക്കുമായിരിക്കാം. അസൂയ കൂടി ശൗൽ രാജാവ് ദാവീദിനെ കൊല്ലാൻ തുനിഞ്ഞപ്പോൾ, ശൗലിന്റെ മൂത്ത മകനായ യോനാഥാൻ അവനെ സംരക്ഷിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇരുവരുടെയും മനസ്സ് ''പറ്റിച്ചേർന്നു'' (1 ശമൂ. 18:1). "യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്ക കൊണ്ട്" (വാ.1,3) - താൻ സിംഹാസനത്തിന്റെ അവകാശിയായിരുന്നെങ്കിലും, രാജാവാകാനുള്ള ദാവീദിന്റെ ദൈവീക തിരഞ്ഞെടുപ്പിനെ തിരിച്ചറിഞ്ഞു. അവൻ "തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു" (വാ.4). ഒരു സുഹൃത്തെന്ന നിലയിൽ തന്നോടുള്ള യോനാഥാന്റെ അഗാധമായ സ്നേഹം വിസ്മയമേറിയതെന്ന് പിന്നീട് ദാവീദ് പ്രഖ്യാപിച്ചു (2 ശമൂ. 1:26).

യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, ക്രിസ്തുതുല്യമായ സ്നേഹവും കരുതലും പ്രതിഫലിപ്പിക്കുന്ന നമ്മുടെ സ്വന്തം "പറയാനുള്ള മുറികൾ" - സൗഹൃദങ്ങൾ - കെട്ടിപ്പടുക്കുവാൻ  അവൻ നമ്മെ സഹായിക്കട്ടെ. സുഹൃത്തുക്കളോടൊപ്പം താമസിക്കാനും ഹൃദയം തുറക്കാനും യേശുവിൽ പരസ്പരം യഥാർത്ഥ കൂട്ടായ്മയിൽ ജീവിക്കാനും നമുക്ക് സമയമെടുക്കാം.

കൃപയുടെ പുനരാവിഷ്കാരം

കഴിഞ്ഞ നിരവധി ദശകങ്ങളായി, ഒരു പുതിയ വാക്ക് നമ്മുടെ സിനിമാ പദസഞ്ചയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു: പുനരാവിഷ്കാരം. സിനിമയുടെ വാക്ശൈലിയിൽ, ഒരു പുനരാവിഷ്കാരം ഒരു പഴയ കഥയെ എടുത്ത് പുതുക്കി അവതരിപ്പിക്കുന്നു. ചില പുനരാവിഷ്കാരങ്ങൾ  ഒരു വീരകഥയോ പുരാണകഥയോ പോലെ പരിചിതമായ ഒരു കഥ വീണ്ടും പറയുന്നു. മറ്റ് പുനരാവിഷ്കാരങ്ങൾ അധികം അറിയപ്പെടാത്ത ഒരു കഥ എടുത്ത് പുതിയ രീതിയിൽ വീണ്ടും പറയുന്നു. എന്നാൽ എല്ലാ സാഹചര്യത്തിലും, പുനരാവിഷ്കാരം ഒരു 'പുതു സൃഷ്ടി' പോലെയാണ്. അതൊരു പുതിയ തുടക്കമാണ്, പഴയതിനു ഒരു പുതിയ ജീവൻ കൊടുക്കാനുള്ള അവസരമാണ്.

പുനരാവിഷ്കാരത്തിന്റെ മറ്റൊരു കഥയുണ്ട് - സുവിശേഷ കഥ. അതിൽ, യേശു അവന്റെ പാപമോചന വാഗ്ദാനത്തിലേക്കും അതുപോലെ സമൃദ്ധവും നിത്യവുമായ പുതുജീവനിലേക്കും നമ്മെ ക്ഷണിക്കുന്നു (യോഹ. 10:10). വിലാപങ്ങളുടെ പുസ്‌തകത്തിൽ, ദൈവത്തിന് നമ്മോടുള്ള സ്നേഹം ഓരോ ദിവസവും "പുതുതാക്കപ്പെടുന്നു" എന്ന് യിരെമ്യാവ് നമ്മെ ഓർമിപ്പിക്കുന്നു: "നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു" (വിലാ. 3:22-23). 

അവിടുത്തെ വിശ്വസ്തത അനുഭവിക്കാനുള്ള പുതിയ ഒരു അവസരമായി ഓരോ ദിവസത്തെയും സ്വീകരിക്കുവാൻ  ദൈവകൃപ നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ പഴയ പാപങ്ങളുടെ ഫലവുമായി മല്ലിടുകയാണെങ്കിലും, അല്ലെങ്കിൽ മറ്റ് പ്രയാസങ്ങളിലൂടെ കടന്നു പോകുകയാണെങ്കിലും, ദൈവത്തിന്റെ ആത്മാവിന് ഓരോ പുതിയ ദിനത്തിലും നമ്മിൽ പാപക്ഷമയും പുതുജീവനും പ്രത്യാശയും പകരാൻ കഴിയും. അതേ, ഓരോ ദിവസവും ഒരു പുനരാവിഷ്കാരണം ആണ്, മഹാനായ സംവിധായകന്റെ പാത പിന്തുടരാനുള്ള അവസരമാണ്, അവൻ നമ്മുടെ കഥയെ തന്റെ വലിയ കഥയിലേക്ക് നെയ്തെടുക്കുന്നു.  

ദൈവശബ്ദം തിരിച്ചറിയുക

വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക് ശേഷം, ചെന്നായ്ക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്ന വ്യത്യസ്തമായ ശബ്ദങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി. ഒരു പ്രത്യേക ശബ്ദ വിശകലന കോഡ് ഉപയോഗിച്ച്, ചെന്നായയുടെ അലർച്ചയിലെ വിവിധ ശബ്ദമാത്രയും പിച്ചുകളും 100 ശതമാനം കൃത്യതയോടെ നിർദ്ദിഷ്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുന്നു എന്ന് ഒരു ശാസ്ത്രജ്ഞൻ കണ്ടെത്തി.

ദൈവം തന്റെ പ്രിയപ്പെട്ട സൃഷ്ടികളുടെ വ്യതിരിക്തമായ ശബ്ദങ്ങൾ തിരിച്ചറിയുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. അവൻ മോശെയെ പേരെടുത്ത് വിളിച്ച് നേരിട്ട് സംസാരിച്ചു (പുറപ്പ. 3:4-6). സങ്കീർത്തനക്കാരനായ ദാവീദ് പ്രഖ്യാപിച്ചു, "ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു" (സങ്കീ. 3:4). അപ്പൊസ്തലനായ പൗലൊസ് ദൈവജനം അവിടുത്തെ ശബ്ദം തിരിച്ചറിയുന്നതിന്റെ മൂല്യം ഊന്നിപ്പറഞ്ഞു.

എഫെസ്യയിലെ അധ്യക്ഷന്മാരോട് വിടപറയുമ്പോൾ, യെരുശലേമിലേക്കു പോകാൻ ആത്മാവു തന്നെ "നിർബന്ധിച്ചു" എന്ന് പൗലൊസ് പറഞ്ഞു. ദൈവത്തിന്റെ ശബ്ദം പിന്തുടരാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം സ്ഥിരീകരിച്ചു, എന്നിരുന്നാലും തന്റെ വരവിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു (അപ്പൊ. പ്രവൃത്തി. 20:22,23). "കൊടിയ ചെന്നായ്ക്കൾ" സഭയ്ക്കുള്ളിൽ നിന്നുപോലും എഴുന്നേല്ക്കുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്യും എന്ന് അപ്പൊസ്തലൻ മുന്നറിയിപ്പു നൽകി (വാ.29-30). എന്നിട്ട്, ദൈവത്തിന്റെ സത്യം വിവേചിച്ചറിയുന്നതിൽ ശുഷ്കാന്തിയുള്ളവരായിരിക്കുവാൻ  അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു (വാ.31).

ദൈവം നമ്മെ കേൾക്കുകയും ഉത്തരം നല്കുകയും ചെയ്യുന്നു എന്നറിയാനുള്ള വിശേഷാവകാശം യേശുവിലുള്ള എല്ലാ വിശ്വാസികൾക്കും ഉണ്ട്. എല്ലായ്പോഴും തിരുവെഴുത്തിലെ വചനങ്ങളുമായി യോജിക്കുന്ന ദൈവശബ്ദം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയും നമുക്കുണ്ട്.