
ഏകാന്ത മനുഷ്യൻ
1969 ജൂലൈ 20 ന്, നീൽ ആംസ്ട്രോങ്ങും ബ്യൂസ് ആൽഡ്രിനും അവരുടെ ചാന്ദ്ര ലാൻഡിംഗ് മൊഡ്യൂളിൽ നിന്ന് പുറത്തുകടന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ നടന്ന ആദ്യത്തെ മനുഷ്യരായി. എന്നാൽ അപ്പോളോ 11-ന്റെ കമാൻഡ് മോഡ്യൂൾ പറത്തുന്ന അവരുടെ ടീമിലെ മൂന്നാമത്തെ വ്യക്തിയായ മൈക്കൽ കോളിൻസിനെ കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല.
ചന്ദ്രോപരിതലം പരിശോധിക്കുന്നതിനായി ടീമംഗങ്ങൾ ഗോവണിയിലൂടെ ഇറങ്ങിയ ശേഷം, കോളിൻസ് ചന്ദ്രന്റെ അങ്ങേയറ്റത്ത് ഒറ്റയ്ക്ക് കാത്തുനിന്നു. നീൽ, ബ്യൂസ് എന്നിവരുമായി മാത്രമല്ല, ഭൂമിയിലെ എല്ലാവരുമായും അവന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടു. നാസയുടെ മിഷൻ കൺട്രോൾ അഭിപ്രായപ്പെട്ടു, “ആദാമിന് ശേഷം, മൈക്ക് കോളിൻസിനെപ്പോലെ ഒരു മനുഷ്യനും ഏകാന്തത ഉണ്ടായിട്ടില്ല.”
നമ്മൾ പൂർണ്ണമായും ഒറ്റയ്ക്കാണെന്ന് തോന്നുന്ന സമയങ്ങളുണ്ട്. ഉദാഹരണത്തിന്, യാക്കോബിന്റെ മകനായ ജോസഫിനെ തന്റെ സഹോദരന്മാർ വിറ്റശേഷം ഇസ്രായേലിൽ നിന്ന് ഈജിപ്തിലേക്ക് കൊണ്ടുപോകുമ്പോൾ അവന് എങ്ങനെ തോന്നി എന്ന് സങ്കൽപ്പിക്കുക (ഉല്പത്തി 37:23-28). വ്യാജകുറ്റാരോപണം നടത്തി അവനെ കാരാഗൃഹത്തിൽ അടയ്ക്കുക വഴി അവൻ കൂടുതൽ ഒറ്റപ്പെടലിലേക്ക് തള്ളപ്പെട്ടു (39:19-20).
അടുത്തെങ്ങും കുടുംബമില്ലാത്ത ഒരു വിദേശനാട്ടിലെ ജയിലിൽ ജോസഫ് അത് എങ്ങനെ അതിജീവിച്ചു? ഇത് ശ്രദ്ധിക്കുക: "എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു" (വാ. 21). ഉല്പത്തി 39-ലെ ആശ്വാസദായകമായ ഈ സത്യം നാല് തവണ നമ്മെ ഓർമ്മിപ്പിക്കുന്നു.
നിങ്ങൾ ഒറ്റയ്ക്കാണോ, അതോ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടതായി തോന്നുന്നുണ്ടോ? "ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്" (മത്തായി 28:20). നിങ്ങളുടെ രക്ഷകനായ യേശുവിനൊപ്പം, നിങ്ങൾ ഒരിക്കലും തനിച്ചല്ല.

എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ
പള്ളിയിലെ ആരാധനാ സംഘം "എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ" എന്ന പാട്ട് പാടാൻ തുടങ്ങിയപ്പോൾ ഞാൻ ആ സ്ത്രീയുടെ പുറകിലെ കസേരയിൽ ഇരുന്നു. ആ സ്ത്രീയുടെ മധുരസ്വരം എന്റേതുമായി ഇണങ്ങിച്ചേർന്നപ്പോൾ, ഞാൻ കൈകൾ ഉയർത്തി ദൈവത്തെ സ്തുതിച്ചു. പിന്നീട് അവളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ, അവളുടെ വരാനിരിക്കുന്ന കാൻസർ ചികിത്സകളിൽ ഒരുമിച്ച് പ്രാർത്ഥിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
കുറച്ച് മാസങ്ങൾക്ക് ശേഷം, ലൂയിസ് എന്നോട് പറഞ്ഞു, അവൾ മരിക്കുമെന്ന് ഭയപ്പെടുന്നു. അവളുടെ ആശുപത്രി കിടക്കയിൽ ചാരികൊണ്ട് ഞാൻ അവളുടെ തലയുടെ അരികിൽ തലചായ്ച്ച് ഒരു പ്രാർത്ഥന മന്ത്രിച്ചു, നിശബ്ദമായി ഒരു പാട്ട് പാടി. ഏതാനും ദിവസങ്ങൾക്കുശേഷം ലൂയിസ് യേശുവിനെ മുഖാമുഖം ആരാധിക്കുമ്പോൾ അത് എങ്ങനെയായിരിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ.
മരണത്തെ അഭിമുഖീകരിക്കുന്ന തന്റെ വായനക്കാർക്ക് അപ്പോസ്തലനായ പൗലോസ് ആശ്വാസകരമായ ഉറപ്പ് നൽകി (2 കൊരിന്ത്യർ 5:1). നിത്യതയുടെ ഇപ്പുറത്ത് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഞരക്കത്തിന് കാരണമായേക്കാം, എന്നാൽ നമ്മുടെ പ്രത്യാശ നമ്മുടെ സ്വർഗ്ഗീയ വാസസ്ഥലത്ത് നങ്കൂരമിട്ടിരിക്കുന്നു. അത് യേശുവിനൊപ്പമുള്ള നമ്മുടെ നിത്യമായ വാസത്തെ കാംക്ഷിക്കുന്നു (വാ. 2-4). അവനോടൊപ്പമുള്ള നിത്യജീവിതത്തിനായിട്ടാണ് ദൈവം നമ്മെ രൂപകല്പന ചെയ്തതിരിക്കുന്നെങ്കിലും (വാ. 5-6), അവന്റെ വാഗ്ദാനങ്ങൾ, നാം ഇപ്പോൾ അവനുവേണ്ടി ജീവിക്കുന്ന രീതിയെും സ്വാധീനിക്കുന്നതാണ് (വാ. 7-10).
യേശുവിനെ പ്രസാദിപ്പിക്കുന്നവരായി നാം ജീവിക്കുമ്പോൾ, അവൻ മടങ്ങിവരുന്നതിനോ നമ്മെ അവന്റെ ഭവനത്തിലേക്ക് വിളിക്കുന്നതിനോ നാം കാത്തിരിക്കുമ്പോൾ, അവന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ സമാധാനത്തിൽ നമുക്ക് സന്തോഷിക്കാം. നമ്മുടെ ഭൗമിക ശരീരങ്ങൾ ഉപേക്ഷിച്ച് നിത്യതയിൽ യേശുവിനോട് ചേരുന്ന നിമിഷം നമുക്ക് എന്ത് അനുഭവപ്പെടും? നമുക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ!

എന്താണ് നിങ്ങളുടെ പേര്?
ആദ്യ ഭർത്താവ് മരിച്ചതോടെ ജീന വീണ്ടും വിവാഹം കഴിച്ചു. അവളുടെ പുതിയ ഭർത്താവിന്റെ മക്കൾ ഒരിക്കലും അവളെ സ്വീകരിച്ചില്ല, ഇപ്പോൾ അവനും മരിച്ചതിനാൽ, അവൾ അവരുടെ വീട്ടിൽ താമസിക്കുന്നതു അവർ വെറുക്കുന്നു. അവളുടെ ഭർത്താവ് അവൾക്കായി ഒരു മിതമായ തുക കരുതിവച്ചിരുന്നു. എന്നാൽ അവൾ അവരുടെ അനന്തരാവകാശം മോഷ്ടിക്കുകയാണെന്ന് അവർ പറയുന്നു. ജീന നിരുത്സാഹപ്പെട്ടിരിക്കുന്നു, അവളുടെ ജീവിതത്തിൽ കയ്പ് നിറഞ്ഞിരിക്കുന്നു.
നവോമിയുടെ ഭർത്താവ് കുടുംബത്തെ മോവാബിലേക്ക് കൊണ്ടുവന്നു, അവിടെ അവനും അവരുടെ രണ്ട് ആൺമക്കളും മരിച്ചു. വർഷങ്ങൾക്കുശേഷം, മരുമകൾ രൂത്ത് ഒഴികെ മറ്റൊന്നുമില്ലാതെ നവോമി വെറുംകൈയോടെ ബെത്‌ലഹേമിലേക്ക് മടങ്ങി. നഗരം ഇളകി, “ഇവൾ നൊവൊമിയോ?” എന്നു സ്ത്രീജനം ചോദിച്ചു. (രൂത്ത് 1:19). അവർ അവളെ ആ പേര് വിളിക്കരുതെന്ന് അവൾ പറഞ്ഞു, അതിനർത്ഥം "സുഖകരമായ ഒന്ന്" എന്നാണ്. എന്നാൽ "കയ്പ്പുള്ള" എന്നർത്ഥം വരുന്ന "മാറ" എന്ന് അവളെ വിളിക്കാൻ അവൾ പറഞ്ഞു, കാരണം "നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു" (വാ. 20-21).
നിങ്ങളുടെ പേരും ഇതുപോലെ 'കയ്പേറിയതു' ആകുവാൻ സാധ്യതയുണ്ടോ? സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അല്ലെങ്കിൽ ആരോഗ്യം എന്നിവ ക്ഷയിക്കുന്നതിനാൽ നിങ്ങൾ നിരാശരാണോ? നിങ്ങൾ കൂടുതൽ അർഹിക്കുന്നു. പക്ഷേ നിങ്ങൾക്കത് കിട്ടിയില്ല. ഇപ്പോൾ നിങ്ങൾ കയ്പേറിയ അവസ്ഥയിൽ ആയിരിക്കുന്നു.
കയ്പേറിയ നവോമി ബേത്ലഹേമിൽ തിരിച്ചെത്തി, പക്ഷേ അവൾ മടങ്ങിവന്നു. നിങ്ങൾക്കും ഭവനത്തിലേക്ക് മടങ്ങിവരാം. ബെത്‌ലഹേമിൽ ജനിച്ച രൂത്തിന്റെ സന്തതിയായ യേശുവിന്റെ അടുക്കൽ വരിക. അവന്റെ സ്നേഹത്തിൽ വിശ്രമിക്കുക.
കാലക്രമേണ, ദൈവം തന്റെ പൂർണ്ണമായ പദ്ധതിയുടെ സന്തോഷകരമായ നിവൃത്തിയിലൂടെ നവോമിയുടെ കയ്പിനെ മാറ്റിസ്ഥാപിച്ചു (4:13-22). നിങ്ങളുടെ കയ്പിനെ സന്തോഷമാക്കി മാറ്റാൻ അവന് കഴിയും. അവന്റെ അടുത്തേക്ക്, ഭവനത്തിലേക്ക് മടങ്ങുക.

നമ്മൾ പരദേശികൾ
പുതിയ ഭാഷ, സ്‌കൂളുകൾ, ആചാരങ്ങൾ, ഗതാഗതം, കാലാവസ്ഥ എന്നിങ്ങനെ പുതിയ രാജ്യത്ത് അവർക്കെല്ലാം തികച്ചും വ്യത്യസ്തമായി തോന്നി. എങ്ങനെ അഡ്ജസ്റ്റ് ചെയ്യുമെന്ന് അവർ ചിന്തിച്ചു. പുതിയ ദേശത്ത് അവരുടെ പുതിയ ജീവിതത്തിൽ അവരെ സഹായിക്കാൻ അടുത്തുള്ള പള്ളിയിൽ നിന്നുള്ള ആളുകൾ അവർക്ക് ചുറ്റും കൂടി. എന്താണ് ലഭ്യമെന്നും സാധനങ്ങൾ എവിടെനിന്നു വാങ്ങാമെന്നും കാണിക്കാൻ പല്ലവി ആ ദമ്പതികളെ ഒരു പ്രാദേശിക ചന്തയിൽ ഷോപ്പിംഗിന് കൊണ്ടുപോയി. ചന്തയിൽ ചുറ്റിക്കറങ്ങുമ്പോൾ, അവരുടെ നാട്ടിൽ നിന്നുള്ള പ്രിയപ്പെട്ട മാതളനാരങ്ങ കണ്ടപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു, അവർ സന്തോഷത്തോടെ പുഞ്ചിരിച്ചു. അവർ ഓരോ മക്കൾക്കും ഓരോന്ന് വാങ്ങി. നന്ദിസൂചകമായി പല്ലവിയുടെ കൈകളിൽ ഒരെണ്ണം വച്ചു. ആ ചെറിയ പഴങ്ങളും അവരുടെ പുതിയ സുഹൃത്തുക്കളും, ആ അപരിചിതഭൂമിയിൽ അവർക്ക് വലിയ ആശ്വാസം നൽകി.
ദൈവം മോശയിലൂടെ തന്റെ ജനത്തിന് നിയമങ്ങളുടെ ഒരു പട്ടിക നൽകി, അതിൽ പരദേശികളെ "നിങ്ങളുടെ സ്വദേശികളായി" പരിഗണിക്കാനുള്ള കൽപ്പന ഉൾപ്പെടുന്നു (ലേവ്യപുസ്തകം 19:34). “നി അവരെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം,” ദൈവം തുടർന്നും കൽപ്പിച്ചു. ദൈവത്തെ സ്നേഹിക്കുക എന്നതിനു ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ കൽപ്പന എന്നാണ് യേശു ഇതിനെ വിളിച്ചത് (മത്തായി 22:39). കാരണം, ദൈവം പോലും "പരദേശികളെ പരിപാലിക്കുന്നു " (സങ്കീർത്തനം 146:9).
നമ്മുടെ രാജ്യത്തെ ജീവിതവുമായി പൊരുത്തപ്പെടാൻ പുതിയ സുഹൃത്തുക്കളെ സഹായിക്കുമ്പോൾ ദൈവത്തെ അനുസരിക്കുന്നതിനൊപ്പം, യഥാർത്ഥത്തിൽ നമ്മളും "ഭൂമിയിൽ അന്യരും പരദേശികളും" (എബ്രായർ 11:13) ആണെന്നു നമ്മെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, വരാനിരിക്കുന്ന പുതിയ സ്വർഗീയദേശത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയിൽ നാം വളരുകയും ചെയ്യും.

ഗുരുവിനെപ്പോലെ
മൂന്ന് വയസുള്ള വൈറ്റ്-ബെൽറ്റ് കരാട്ടെ വിദ്യാർത്ഥിനി തന്റെ ഗുരുവിനെ അനുകരിച്ച വീഡിയോ വൈറലായി. വലിയ ആവേശത്തോടെയും ഉറപ്പോടും ആ കൊച്ചു പെൺകുട്ടി തന്റെ ഗുരുവിനൊപ്പം കരാട്ടെ ശബ്ദം മുഴക്കി. പിന്നെ, സമചിത്തതയോടെ, ശ്രദ്ധയോടെ, ഭംഗിയും ചുറുചുറുക്കുമുള്ള ആ കൊച്ചു പെൺകുട്ടി അവളുടെ ഗുരു പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും അനുകരിച്ചു - കുറഞ്ഞപക്ഷം, അവൾ നന്നായി ശ്രമിക്കുകയെങ്കിലും ചെയ്തു!
യേശു ഒരിക്കൽ പറഞ്ഞു, "ശിഷ്യൻ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും" (ലൂക്കാ 6:40). തന്നെ അനുകരിക്കുന്നവൻ മനസ്സലിവുള്ളവനും സ്നേഹമുള്ളവനും വിവേചനരഹിതനും ആയിരിക്കണമെന്ന് അവൻ പറഞ്ഞു (വാ. 37-38). അവർ ആരെയാണ് പിന്തുടരുന്നതെന്ന് വിവേചിച്ചറിയണമെന്നും അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു: “കുരുടനു കുരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ?” (വാ. 39). അന്ധരായ വഴികാട്ടികളും ആളുകളെ ദുരന്തത്തിലേക്ക് നയിക്കുന്നവരുമായ പരീശന്മാർ ഈ മാനദണ്ഡം അനുസരിച്ച് അയോഗ്യരാണെന്ന് അവന്റെ ശിഷ്യന്മാർ തിരിച്ചറിയേണ്ടതുണ്ട് (മത്തായി 15:14). അവരുടെ ഗുരുവിനെ പിന്തുടരുന്നതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ ലക്ഷ്യം യേശുവിനെപ്പോലെ ആകുക എന്നതായിരുന്നു. അതിനാൽ, ദയയെ കുറിച്ചും സ്നേഹത്തെ കുറിച്ചും ഉള്ള ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ശ്രദ്ധാപൂർവം ശ്രവിയ്ക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് അവർക്ക് ആവശ്യമായിരുന്നു.
ഇന്ന് യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്ന വിശ്വാസികൾ എന്ന നിലയിൽ, നമുക്ക് നമ്മുടെ ജീവിതം നമ്മുടെ ഗുരുനാഥന് സമർപ്പിക്കാം, അങ്ങനെ നമുക്ക് അറിവിലും ജ്ഞാനത്തിലും പെരുമാറ്റത്തിലും അവനെപ്പോലെയാകുവാൻ കഴിയും. അവന്റെ ഉദാരവും സ്നേഹനിർഭരവുമായ വഴികൾ പ്രതിഫലിപ്പിക്കാൻ നമ്മെ സഹായിക്കാൻ അവനു മാത്രമേ കഴിയൂ.