Category  |  odb

വിശക്കുന്നവർക്കു ആഹാരം

വിളകൾ നശിപ്പിക്കുകയും കന്നുകാലികളെ കൊല്ലുകയും ദശലക്ഷക്കണക്കിനു പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത അതികഠിനമായ വരൾച്ചയാൽ വർഷങ്ങളോളം ഹോൺ ഓഫ് ആഫ്രിക്ക വലയുകയുണ്ടായി. യുദ്ധങ്ങളിൽ നിന്നും അടിച്ചമർത്തലിൽ നിന്നും പലായനം ചെയ്തുവന്ന കെനിയയിലെ കഹുമ അഭയാർത്ഥി ക്യാമ്പിലെ ജനത്തെപ്പോലെ ഏറ്റവും ദുർബലരായ ആളുകളെ സംബന്ധിച്ച് ഇതു കൂടുതൽ ഭയാനകമായിരുന്നു. യൗവ്വനക്കാരിയായ ഒരു മാതാവ് തന്റെ കുഞ്ഞിനെ ക്യാമ്പ് ഓഫീസർമാരുടെ അടുത്തേക്കു കൊണ്ടുവന്നതിക്കുറിച്ച് അടുത്തിടെ ഒരു റിപ്പോർട്ടു വിവരിക്കുകയുണ്ടായി. “അവളുടെ മുടിയും ചർമ്മവും... വരണ്ട്, പൊളിഞ്ഞിളകുമാറ്” കടുത്ത പോഷകാഹാരക്കുറവ് ആ കുഞ്ഞ് അനുഭവിച്ചിരുന്നു. അവൾ പുഞ്ചിരിക്കില്ലായിരുന്നു, ഭക്ഷണം കഴിക്കുകയുമില്ലായിരുന്നു. അവളുടെ ആ ചെറു ശരീരം പ്രവർത്തനരഹിതമായി തീരുകയായിരുന്നു. വിദഗ്ധർ ഉടൻ തന്നെ ഇടപെട്ടു. ആവശ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ടെങ്കിലും, ഉടനടി നടപടി വേണ്ടതോ മരണ കാരണമോ ആയ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്.

ദൈവജനം അവന്റെ വെളിച്ചവും സ്നേഹവും പ്രകാശിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നതു നിരാശാജനകമായ ഇത്തരം ഇടങ്ങളിലാണ് (യെശയ്യാവ് 58:8). ആളുകൾ പട്ടിണി കിടക്കുകയോ രോഗികളാകുകയോ ഭീഷണി നേരിടുകയോ ചെയ്യുമ്പോൾ ഭക്ഷണം, ആതുരസഹായം, സുരക്ഷിതത്വം എന്നിവ എല്ലാം യേശുവിന്റെ നാമത്തിൽ ആദ്യം നൽകാനായി ദൈവം തന്റെ ജനത്തെ വിളിക്കുന്നു. “വിശപ്പുള്ളവന്നു നിന്റെ അപ്പം” പങ്കിടുക, “അലഞ്ഞുനടക്കുന്ന സാധുക്കളെ” അഭയസ്ഥാനത്താക്കുക, “നഗ്നനെ” ഉടുപ്പിക്കുക (വാ. 7) തുടങ്ങി പ്രതിസന്ധി ഘട്ടത്തിൽ ആവശ്യമായ യഥാർത്ഥ കാരുണ്യ പ്രവർത്തനത്തെ അവഗണിച്ചുകൊണ്ട്, ഉപവാസത്തിലും പ്രാർത്ഥനയിലും സമയം ചിലവിട്ടുകൊണ്ടു തങ്ങൾ വിശ്വസ്തരാണെന്നു കരുതിയതിനു യെശയ്യാവ് പുരാതന യിസ്രായേലിനെ ശാസിച്ചു.

വിശക്കുന്നവർക്കു ആഹാരം നൽകണമെന്നു ദൈവം ആഗ്രഹിക്കുന്നു — ശാരീരികമായും ആത്മീയമായും. ആവശ്യങ്ങളെ പരിഹരിച്ചകൊണ്ടു അവൻ നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നു.

പരിശുദ്ധാത്മാവു സന്നിഹിതനാണ്

ആഭ്യന്തര വിമാനയാത്രയ്ക്കായി പ്രീഫ്ലൈറ്റ് പരിശോധന നടത്തവേ, ഒരു യാത്രക്കാരൻ പറക്കുന്നതിനെക്കുറിച്ച് ഉത്കണ്ഠയും ആശങ്കയും പ്രകടിപ്പിക്കുന്നത് ഒരു ഫ്ലൈറ്റ് അറ്റൻഡന്റ്‌ ശ്രദ്ധിച്ചു. അവൻ ഇടനാഴിയിൽ ഇരുന്ന ശേഷം ആ യാത്രക്കാരിയുടെ കൈപിടിച്ചുകൊണ്ട്, യാത്രാ പ്രക്രിയയുടെ ഓരോ ഘട്ടവും വിശദീകരിച്ചു. യാതൊന്നും പേടിക്കേണ്ടതില്ല എന്ന് പറഞ്ഞ് അവൻ അവളെ ആശ്വസിപ്പിച്ചു. “നിങ്ങൾ ഒരു വിമാനത്തിൽ കയറുമ്പോൾ, ഞങ്ങൾക്കല്ല, നിങ്ങൾക്കാണ് പ്രാധാന്യം,” അവൻ പറഞ്ഞു. “നിങ്ങൾക്കു യാത്ര സുഖപ്രദമായി അനുഭവപ്പെടുന്നില്ലെങ്കിൽ, ‘ഹേയ്, എന്താണു താങ്കൾ നേരിടുന്ന പ്രശ്നം? എനിക്ക് എന്തെങ്കിലും ചെയ്തു തരാൻ കഴിയുമോ?’ എന്നു ചോദിച്ചുകൊണ്ടു ഞാൻ അവിടെ കാണും.” പരിശുദ്ധാത്മാവു തന്നിൽ വിശ്വാസിക്കുന്നവർക്കായി എന്തുചെയ്യുമെന്നു യേശു പറഞ്ഞതിന്റെ ഒരു ചിത്രമായിരിക്കാം അവന്റെ കരുതലുള്ള സാന്നിധ്യം.

ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും വ്യക്തികളെ തങ്ങളുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാൻ അനിവാര്യവും പ്രയോജനപ്രദവുമായിരുന്നു. എങ്കിലും, അതു ശിഷ്യന്മാരുടെ ഹൃദയങ്ങളിൽ വൈകാരിക പ്രക്ഷുബ്ധതയും അഗാധമായ ദുഃഖവും സൃഷ്ടിക്കാൻ ഇടയാക്കുമായിരുന്നു (യോഹന്നാൻ 14:1). അതിനാൽ ലോകത്തിൽ തന്റെ ദൗത്യം നിർവഹിക്കാൻ അവരെ ഒറ്റയ്ക്കു വിടില്ല എന്നു അവൻ അവരെ ആശ്വസിപ്പിച്ചു. അവരോടൊപ്പം ആയിരിക്കാൻ അവൻ പരിശുദ്ധാത്മാവിനെ അയയ്ക്കും - “കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (വാ. 16). ആത്മാവു യേശുവിനെക്കുറിച്ചു സാക്ഷ്യം വഹിക്കുകയും ക്രിസ്തു ചെയ്തതും പറഞ്ഞതും എല്ലാം അവരെ ഓർമ്മിപ്പിക്കുകയും ചെയ്യും (വാ. 26). ക്ലേശകരമായ സമയങ്ങളിൽ അവർ അവനാൽ “ധൈര്യപ്പെടും” (പ്രവൃത്തികൾ 9:31).

ഈ ജീവിതത്തിൽ, എല്ലാവരും-ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഉൾപ്പെടെ-ആകുലത, ഭയം, വ്യസനം എന്നിവയുടെ പ്രക്ഷുബ്ധത അനുഭവിക്കും. എങ്കിലും, അവന്റെ അഭാവത്തിൽ നമ്മെ ആശ്വസിപ്പിക്കാൻ പരിശുദ്ധാത്മാവു സന്നിഹിതനായിരിക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്തിട്ടുണ്ട്. 

ഉള്ളിൽ നിന്നു രൂപാന്തരപ്പെടുക

യുകെയിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ തീപിടിത്തത്തിൽ, ഇരുപത്തിനാലു നിലകളുള്ള പശ്ചിമ ലണ്ടനിലെ ഗ്രെൻഫെൽ ടവർ കെട്ടിടത്തെ അഗ്നി വിഴുങ്ങി. ആ തീപിടിത്തം എഴുപതു വ്യക്തികളുടെ ജീവനും അപഹരിച്ചു. കെട്ടിടത്തിന്റെ പുറംഭാഗം മറയ്ക്കുന്ന നവീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ച നേർത്ത ആവരണമാണ് തീ ഇത്ര പെട്ടെന്നു പടരാനുള്ള പ്രാഥമിക കാരണം എന്നു അന്വേഷണത്തിൽ കണ്ടെത്തി. ആ ആവരണത്തിന്റെ പുറം ഭാഗത്ത് അലുമിനിയം ആണെങ്കിലും പെട്ടെന്നു തീ ആളിക്കത്തിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള അന്തർഭാഗമാണ് അതിനുള്ളത്.

ഇത്രയും അപകടകരമായ ഒരു സാമഗ്രി വിൽക്കാനും സ്ഥാപിക്കാനും എങ്ങനെ അനുമതി ലഭിച്ചു? അഗ്നി സുരക്ഷാ പരിശോധനയുടെ ഫലങ്ങൾ മോശമായിരുന്നു എന്നു വെളിപ്പെടുത്തുന്നതിൽ ഉൽപ്പന്നത്തിന്റെ വ്യാപാരികൾ പരാജയപ്പെട്ടു. സാമഗ്രിയുടെ തുച്ഛമായ വിലയിൽ ആകൃഷ്ടരായ ഉപഭോക്താക്കൾ മുന്നറിയിപ്പു സൂചനകൾ ശ്രദ്ധിക്കുന്നതിലും പരാജയപ്പെട്ടു. തിളക്കമുള്ള ആവരണം പുറമെ ആകർഷകമായി കാണപ്പെട്ടു.

ഭംഗിയുള്ള ബാഹ്യരൂപത്തിനു പിന്നിൽ ദുർമ്മാർഗ്ഗം മറച്ചുവെക്കുന്നുവെന്നു താൻ ആരോപിച്ച മതോപദേഷ്ടാക്കൾക്കു നേരെയുള്ളതായിരുന്നു യേശുവിന്റെ പരുഷമായ വാക്കുകളിൽ ചിലത്‌. “പുറമെ അഴകായി ശോഭിക്കുന്നെങ്കിലും” അകത്ത് ചത്തവരുടെ അസ്ഥികൾ നിറഞ്ഞ “വെള്ളതേച്ച ശവക്കല്ലറകൾ” (മത്തായി 23:27) പോലെയാണ് അവർ എന്നു അവൻ പറഞ്ഞു. “ന്യായം, കരുണ, വിശ്വസ്തത” (വാ. 23) എന്നിവ പിന്തുടരുന്നതിനുപകരം, പുറമെ മികച്ചതായി കാണപ്പെടുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. “കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു” എങ്കിലും “കവർച്ചയും അതിക്രമവും” (വാ. 25) നിറഞ്ഞ അകം അവർ വെടിപ്പാക്കുന്നില്ല.

നമ്മുടെ പാപവും തകർച്ചയും ദൈവമുമ്പാകെ സത്യസന്ധമായി കൊണ്ടുവരുന്നതിനേക്കാൾ പുറം മനോഹരമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എളുപ്പമാണ്. എന്നാൽ മനോഹരമായി കാണപ്പെടുന്ന ബാഹ്യരൂപം ദുഷിച്ച ഹൃദയത്തിന്റെ അപകടത്തെ കുറയ്ക്കുന്നില്ല. നമ്മെ ഏവരേയും ഉള്ളിൽ നിന്നു രൂപാന്തരപ്പെടുത്താൻ അവനെ അനുവദിക്കാനായി ദൈവം നമ്മെ ക്ഷണിക്കുന്നു (1 യോഹന്നാൻ 1:9).

യേശു എന്ന മുള

അരിസോണയിലെ ചുവന്ന പർവതങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന മനോഹരമായ ഒരു ചാപ്പലാണ്‌ ചാപ്പൽ ഓഫ് ദി ഹോളി ക്രോസ്സ്. ആ ചെറിയ ചാപ്പലിൽ പ്രവേശിക്കുമ്പോൾ, ക്രൂശിൽ കിടക്കുന്ന യേശുവിന്റെ അസാധാരണമായ ഒരു ശിൽപത്തിലേക്കു പെട്ടെന്ന് എന്റെ ശ്രദ്ധ ആകർഷിക്കപ്പെട്ടു. പരമ്പരാഗതമായി കണ്ടുവരുന്ന ക്രൂശിനുപകരം, രണ്ടു തായ്ത്തടികളായി പിരിഞ്ഞുപോകുന്ന ഒരു വൃക്ഷത്തിന്റെ ശാഖകളിൽ യേശുവിനെ ക്രൂശിച്ച നിലയിൽ കാണപ്പെടുന്നു. തിരശ്ചീനമായി, മുറിച്ചുമാറ്റപ്പെട്ടതും അറ്റുപോയതുമായ ഒരു തായ്ത്തടി ദൈവത്തെ നിരസിച്ച പഴയനിയമത്തിലെ യിസ്രായേൽ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്നു. മുകളിലേക്കു വളർന്നു ശാഖകളായി പടരുന്ന മറ്റേ തായ്ത്തടി യെഹൂദാ ഗോത്രത്തെയും ദാവീദു രാജാവിന്റെ കുടുംബപരമ്പരയെയും പ്രതീകപ്പെടുത്തുന്നു.

പ്രതീകാത്മകമായി പ്രാധാന്യമുള്ള ഈ കലാരൂപം യേശുവിനെക്കുറിച്ചുള്ള പഴയനിയമത്തിലെ ഒരു സുപ്രധാന പ്രവചനത്തിലേക്കു വിരൽ ചൂണ്ടുന്നു. യെഹൂദാ ഗോത്രം അടിമത്തത്തിൽ കഴിയുകയായിരുവെങ്കിലും, പ്രവാചകനായ യിരെമ്യാവ് ദൈവത്തിൽ നിന്നുള്ള ഒരു പ്രത്യാശാജനകമായ സന്ദേശം നൽകി: “ദേശത്തു നീതിയും ന്യായവും” (യിരെമ്യാവ് 33:15) നടത്താനായി ഒരു രക്ഷകനെ പ്രദാനം ചെയ്യുമെന്ന് “അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” (വാ. 14). ജനങ്ങൾക്കു രക്ഷകനെ തിരിച്ചറിയാനുള്ള ഒരു മാർഗം “ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും” (വാ. 15) എന്നതായിരുന്നു. അതായതു രക്ഷകൻ ദാവീദു രാജാവിന്റെ ഭൗതിക പിൻഗാമി ആയിരിക്കും.

താൻ വാഗ്ദത്തം ചെയ്തതെല്ലാം നിവർത്തിക്കാൻ ദൈവം വിശ്വസ്തനായിരുന്നു എന്ന യേശുവിന്റെ കുടുംബപരമ്പരയുടെ വിശദാംശങ്ങളിലുള്ള സുപ്രധാന സത്യം ആ ശിൽപം സമർത്ഥമായി പറഞ്ഞുവയ്ക്കുന്നു. അതിലുപരിയായി, കഴിഞ്ഞ കാലത്തിലെ അവന്റെ വിശ്വസ്തത, ഭാവിയിൽ നമുക്കുള്ള അവന്റെ വാഗ്ദത്തങ്ങൾ നിറവേറ്റാൻ അവൻ വിശ്വസ്തനായിരിക്കുമെന്ന ഉറപ്പു നമുക്കു നൽകുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.

പ്രതിഫലം

1921-ൽ കലാകാരനായ സാം റോഡിയ തന്റെ വാട്ട്സ് ടവറിന്റെ നിർമ്മാണം ആരംഭിച്ചു. മുപ്പത്തിമൂന്നു വർഷങ്ങൾക്കു ശേഷം, ലോസ് ഏഞ്ചൽസിനു മുകളിൽ പതിനേഴു ശിൽപങ്ങൾ മുപ്പതു മീറ്ററോളം ഉയരത്തിൽ ഉയർന്നുനിന്നു. സംഗീതജ്ഞൻ ജെറി ഗാർസിയ റോഡിയയുടെ ആയുഷ്ക്കാല പ്രയത്നത്തെ നിരാകരിച്ചു. “നിങ്ങളുടെ മരണശേഷവും നിലനിൽക്കുന്ന കാര്യം,” ഗാർസിയ പറഞ്ഞു. “അതാണു പ്രതിഫലം.” അദ്ദേഹം തുടർന്നു, “അയ്യോ, എന്നെക്കൊണ്ട് അതു പറ്റില്ല.” 

അപ്പോൾ പ്രതിഫലം എന്നത് അദ്ദേഹത്തെ സംബന്ധിച്ചു എന്തായിരുന്നു? അദ്ദേഹത്തിന്റെ ഗായകസംഘത്തിലെ മറ്റൊരു അംഗമായ ബോബ് വെയർ തങ്ങളുടെ തത്ത്വചിന്തയെ ഇപ്രകാരം സംഗ്രഹിച്ചു: “നിത്യതയിൽ, നിങ്ങളെക്കുറിച്ചുള്ള ഒന്നുംതന്നെ ഓർമ്മിക്കപ്പെടില്ല. അങ്ങനെയെങ്കിൽ എന്തുകൊണ്ടു വെറുതെ ആസ്വദിച്ചുകൂടാ?’’

ധനികനും ജ്ഞാനിയുമായ ഒരു മനുഷ്യൻ ഒരിക്കൽ തനിക്കു കഴിയുന്നതെല്ലാം ചെയ്തുകൊണ്ടു “പ്രതിഫലം” കണ്ടെത്താൻ ശ്രമിച്ചു. “ഞാൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക” (സഭാപ്രസംഗി 2:1) എന്നു അവൻ എഴുതി. പക്ഷേ, “ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല” (വാ. 16) എന്നും അവൻ കുറിക്കുന്നു. “അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു” (സഭാപ്രസംഗി 2:17) എന്നു എഴുതിക്കൊണ്ട് അവൻ ഉപസംഹരിച്ചു.

യേശുവിന്റെ ജീവിതവും സന്ദേശവും അത്തരം ദീർഘവീക്ഷണമില്ലാത്ത ജീവിതത്തെ സമൂലമായി എതിർക്കുന്നു. “ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും” (യോഹന്നാൻ 10:10) വേണ്ടിയാണു യേശു വന്നതു. കൂടാതെ, അടുത്ത വരാനിരിക്കുന്ന ജീവിതത്തെ മുൻനിർത്തി ഈ ജീവിതം ജീവിക്കാൻ അവൻ പഠിപ്പിച്ചു. “ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു,” അവൻ പറഞ്ഞു. “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” (മത്തായി 6:19-20). എന്നിട്ട് അവൻ ഇപ്രകാരം സംഗ്രഹിച്ചു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (വാ. 33).

അതാണു പ്രതിഫലം — സൂര്യനു കീഴിലും അതിനപ്പുറവും.