ലളിതമായ ദയാപ്രവൃത്തികൾ
എന്റെ മാതാവ് ഭൂമിയിലെ തന്റെ അവസാന നാളുകളിലേക്ക് അടുത്തുകൊണ്ടു പരിചരണകേന്ദ്രത്തിലായിരിക്കുമ്പോൾ, പരിചരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാർത്ഥമായ ദയ എന്നെ സ്പർശിക്കുവാൻ ഇടയായി. ദുർബ്ബലയായ എന്റെ മാതാവിനെ കസേരയിൽ നിന്നു മെല്ലെ ഉയർത്തി കട്ടിലിൽ കിടത്തിയ ശേഷം, ആ നഴ്സിംഗ് അസിസ്റ്റസ്റ്റന്റ് അമ്മയുടെ തലയിൽ തലോടിക്കൊണ്ട് കുനിഞ്ഞു അടുത്തേക്കുവന്നു പറഞ്ഞു, “അമ്മ വളരെ നല്ലവളാണ്”. അതിനുശേഷം എന്നോട് “എങ്ങനെയുണ്ട്?’’ എന്ന് അവൾ ചോദിച്ചു. അവളുടെ ദയ അന്ന് എന്നെ കണ്ണീരിലാഴ്ത്തി, ഇന്നും അതിനു വ്യത്യാസം സംഭവിച്ചിട്ടില്ല.
അവളുടേതു ദയ നിറഞ്ഞ ലളിതമായ ഒരു പ്രവൃത്തിയായിരുന്നു. പക്ഷേ ആ ഒരു നിമിഷത്തിൽ എനിക്കു വേണ്ടത് അതു മാത്രമായിരുന്നു. ഈ സ്ത്രീയുടെ നോട്ടത്തിൽ എന്റെ മാതാവു വെറുമൊരു രോഗി മാത്രമായിരുന്നില്ല എന്നറിഞ്ഞത് ആ പ്രതികൂല സാഹചര്യത്തെ നേരിടാൻ എന്നെ സഹായിച്ചു. അത്യന്തം മൂല്യമുള്ള ഒരു വ്യക്തിയായി അവൾ എന്റെ മാതാവിനെ കാണുകയും പരിപാലിക്കുകയും ചെയ്തു.
ഭർത്താക്കന്മാർ നഷ്ടപ്പെട്ടതിനെത്തുടർന്നു നൊവൊമിയും രൂത്തും വ്യസനത്തിൽ ആയിരുന്നപ്പോൾ, കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ മിച്ചം വന്ന ധാന്യം പെറുക്കാൻ അനുവദിച്ചുകൊണ്ടു ബോവസ് രൂത്തിനോടു ദയ കാണിച്ചു. അവളെ തൊടരുതെന്ന് അവൻ ബാല്യക്കാരോട് കല്പിക്കുകയും ചെയ്തു (രൂത്ത് 2:8-9). നൊവൊമിയോടു രൂത്ത് കാണിച്ച കരുതലാണ് ദയ കാണിക്കാൻ അവനെ പ്രേരിപ്പിച്ചത്: “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും… ഞാൻ കേട്ടിരിക്കുന്നു” (വാ. 11). അവൻ അവളെ ഒരു അന്യദേശക്കാരിയോ വിധവയോ ആയിട്ടല്ല, മറിച്ച് ആവശ്യത്തിൽ ഇരിക്കുന്ന ഒരു സ്ത്രീയായി കണ്ടു.
നാം “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു” (കൊലൊസ്സ്യർ 3:12) ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഇതിനായി ദൈവം നമ്മെ സഹായിക്കുമ്പോൾ, ദയ നിറഞ്ഞ ലളിതമായ നമ്മുടെ പ്രവൃത്തികൾക്കു ഹൃദയങ്ങളെ സന്തോഷിപ്പിക്കാനും പ്രത്യാശ പകർന്നു നൽകാനും മറ്റുള്ളവരിൽ ദയ പ്രചോദിപ്പിക്കാനും കഴിയും.

ഒരുമിച്ചു പർവ്വതങ്ങൾ കീഴടക്കുക
“വേഗത്തിൽ പോകണമെങ്കിൽ ഒറ്റയ്ക്കു പോകുക. എന്നാൽ ദൂരെ പോകണമെങ്കിൽ ഒരുമിച്ചു പോകുക.” ഈ പഴഞ്ചൊല്ലിന്റെ ചില വകഭേദങ്ങൾ നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്തിരിക്കാം. ഇതൊരു മനോഹരമായ ചിന്തയാണ്, അല്ലേ? എന്നാൽ കേവലം മനോഹരമായ കുറച്ചു വാക്കുകളല്ല, മറിച്ചു സത്യമാണെന്നു നമുക്ക് ഉറപ്പുനൽകുന്ന എന്തെങ്കിലും ശക്തമായ ഗവേഷണങ്ങൾ നടന്നിട്ടുണ്ടോ?
ഉവ്വ്! വാസ്തവത്തിൽ, ഒറ്റയ്ക്കു നിൽക്കുന്നതിൽ നിന്നു വ്യത്യസ്തമായി മറ്റാരുടെയെങ്കിലും കൂടെ നിൽക്കുമ്പോൾ പർവതങ്ങളുടെ വലുപ്പം വളരെ ചെറുതായി ആളുകൾ കണക്കാക്കുന്നതായി ബ്രിട്ടീഷ് ഗവേഷകരും അമേരിക്കൻ ഗവേഷകരും നടത്തിയ അത്തരത്തിലുള്ള ഒരു പഠനം തെളിയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “സാമൂഹിക പിന്തുണ” പ്രധാനമാണ് - അതു നമ്മുടെ മനസ്സിൽ പർവതങ്ങളുടെ വലിപ്പം പോലും ചുരുങ്ങാൻ ഇടയാക്കുന്നു.
യോനാഥാനുമായുള്ള സൗഹൃദത്തിൽനിന്നു അത്തരത്തിലുള്ള പ്രോത്സാഹനം മനോഹരവും പരമാർത്ഥവുമാണെന്നു ദാവീദ് മനസ്സിലാക്കി. ശൗൽ രാജാവിന്റെ അസൂയ നിറഞ്ഞ കോപം ദാവീദിന്റെ ജീവിതകഥയിൽ തന്റെ ജീവനു ഭീഷണയാകും വിധം അതിജീവിക്കാൻ കഴിയാത്ത ഒരു പർവതം പോലെയായിരുന്നു (1 ശമൂവേൽ 19:9-18 കാണുക). ഏതെങ്കിലും തരത്തിലുള്ള പിന്തുണയില്ലെങ്കിൽ - ഈ സാഹചര്യത്തിൽ അവന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ - കഥ വളരെ വ്യത്യസ്തമാകുമായിരുന്നു. എന്നാൽ യോനാഥാൻ, “തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു” (20:34). അവൻ തന്റെ സുഹൃത്തിനൊപ്പം നിലകൊണ്ടു. “അവനെ എന്തിന്നു കൊല്ലുന്നു?” (വാ. 32) എന്നു യോനാഥാൻ ചോദിച്ചു. ദൈവനിശ്ചയ പ്രകാരമുള്ള അവരുടെ സൗഹൃദം ദാവീദിനെ താങ്ങിനിറുത്തി, അവനെ യിസ്രായേലിന്റെ രാജാവാകാൻ അനുവദിച്ചു.
നമ്മുടെ സൗഹൃദങ്ങൾ പ്രധാനമാണ്. ദൈവം അതിന്റെ കേന്ദ്രത്തിൽ ആയിരിക്കുമ്പോൾ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്കു പരസ്പരം പ്രേരിപ്പിക്കാൻ സാധിക്കും.

ഹാനികരമായ വഴിയിൽ
എന്റെ പ്രഭാത നടത്തത്തിൽ, തെറ്റായ ദിശയിലേക്കു തിരിച്ചു ഒരു വാഹനം റോഡിൽ നിർത്തിയിട്ടിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. താൻ ഉറങ്ങിപ്പോയതിനാലും മദ്യലഹരിയിലായിരുന്നതിനാലും തനിക്കും മറ്റുള്ളവർക്കും ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ചു വാഹന ഉടമ ബോധവതിയല്ലായിരുന്നു. അപകടകരമായ സാഹചര്യമായിരുന്നു അത്, എനിക്ക് പ്രവർത്തിക്കേണ്ടി വന്നു. എനിക്കു ഡ്രൈവർ സീറ്റിൽ കയറാൻ കഴിയും വിധം അവളെ ഉണർത്തി കാറിന്റെ പാസഞ്ചർ സൈഡിലേക്കു മാറ്റിയിരുത്തിയ ശേഷം, ഞാൻ അവളെ സുരക്ഷിതമായ സ്ഥലത്തേക്കു ഓടിച്ചുകൊണ്ടുപോയി.
നാം നേരിടുന്ന ഒരേയൊരു ഹാനി ശാരീരിക അപകടം മാത്രമല്ല. “നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ” ലൗകിക ജ്ഞാനികളും നിപുണരുമായ അഥേനയിലെ ജനങ്ങളെ ആത്മീയ അപകടത്തിൽ കണ്ടപ്പോൾ പൗലൊസിന്റെ “മനസ്സിന്നു ചൂടുപിടിച്ചു” (പ്രവൃത്തികൾ 17:16). ക്രിസ്തുവിനെ പരിഗണിക്കുന്നതിൽ പരാജയപ്പെട്ട ആശയങ്ങളുമായി ഉല്ലസിക്കുന്നവരോട് അപ്പൊസ്തലന്റെ സഹജമായ പ്രതികരണം, യേശുവിലൂടെയുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പങ്കുവെക്കുക എന്നതായിരുന്നു (വാ. 18, 30-31). കേട്ടവരിൽ ചിലർ വിശ്വസിച്ചു (വാ. 34).
ക്രിസ്തുവിലുള്ള വിശ്വാസത്തിനു വെളിയിൽ പരമമായ അർത്ഥം തേടുന്നത് അപകടകരമാണ്. യേശുവിൽ പാപമോചനവും യഥാർത്ഥ സഫലീകരണവും കണ്ടെത്തിയവർ ഒന്നിലേക്കും നയിക്കാത്ത യത്നങ്ങളിൽ നിന്നു രക്ഷിക്കപ്പെടുകയും അവർക്കു നിരപ്പിന്റെ സന്ദേശം നൽകപ്പെടുകയും ചെയ്തു (2 കൊരിന്ത്യർ 5:18-21 കാണുക). ഈ ജീവിതത്തിന്റെ ലഹരിയിൽ അകപ്പെട്ടിരിക്കുന്നവരുമായി യേശുവിന്റെ സുവാർത്ത പങ്കുവെക്കുന്നത്, മനുഷ്യരെ ഹാനികരമായ വഴിയിൽ നിന്നു തട്ടിമാറ്റാൻ ഇപ്പോഴും ദൈവം ഉപയോഗിക്കുന്ന മാർഗമാണ്.

എപ്പോഴും പ്രാർത്ഥിക്കുക
പരീക്ഷയിൽ എനിക്കു 84 കിട്ടി!
ഫോണിൽ അവളുടെ സന്ദേശം വായിച്ചപ്പോൾ എന്റെ മകളുടെ ആവേശം എനിക്കും അനുഭവപ്പെട്ടു. അവൾ ഒരു ഹൈസ്കൂളിൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങിയിരുന്നു. അവിടെ ഉച്ചഭക്ഷണ സമയത്താണ് അവളുടെ ഫോണിൽ നിന്നു എനിക്കു സന്ദേശം ലഭിച്ചത്. എന്റെ മാതൃഹൃദയം കുതിച്ചുചാടി. വെല്ലുവിളി നിറഞ്ഞ ഒരു പരീക്ഷയിൽ എന്റെ മകൾ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ടല്ല, മറിച്ച് അത് എന്നോട് ആശയവിനിമയം നടത്താൻ അവൾ തയ്യാറായതുകൊണ്ടാണ്. അവളുടെ സന്തോഷവാർത്ത എന്നോടു പങ്കിടാൻ അവൾ ആഗ്രഹിച്ചു!
അവളുടെ ടെക്സ്റ്റ് മെസേജ് അന്നത്തെ എന്റെ ദിവസം ആനന്ദകരമാക്കി മാറ്റി എന്നു മനസ്സിലാക്കിയ ഞാൻ പിന്നീടു ചിന്തിച്ചു, ഞാൻ ദൈവത്തെ തേടിചെല്ലുമ്പോൾ ദൈവത്തിന് എന്തായിരിക്കും അനുഭവപ്പെടുക. ഞാൻ അവനോടു സംസാരിക്കുമ്പോൾ അവന് പ്രസാദം തോന്നുമോ? ദൈവവുമായി നമുക്ക് ആശയവിനിമയം നടത്താനുള്ള ഉപാധിയാണു പ്രാർത്ഥന. അതു “ഇടവിടാതെ” (1 തെസ്സലൊനീക്യർ 5:17) ചെയ്യാൻ നമ്മോടു പറഞ്ഞിരിക്കുന്നു. നല്ലതും തീയതുമായ കാര്യങ്ങളിൽ അവൻ നമ്മോടൊപ്പമുണ്ടെന്നു അവനോടു സംസാരിക്കുന്നതു നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ വാർത്തകൾ ദൈവവുമായി പങ്കുവെക്കുന്നത്, അവൻ നമ്മെക്കുറിച്ച് എല്ലാം അറിയുന്നുവെങ്കിലും, അതു നമ്മുടെ ശ്രദ്ധ മാറ്റുകയും അവനെക്കുറിച്ചു ചിന്തിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നതിനാൽ സഹായകരമാണ്. യെശയ്യാവ് 26:3 പറയുന്നു, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.” നമ്മുടെ ശ്രദ്ധ ദൈവത്തിലേക്കു തിരിക്കുമ്പോൾ സമാധാനം നമ്മെ കാത്തിരിക്കുന്നു.
നാം അഭിമുഖീകരിക്കുന്നത് എന്തുതന്നെയായാലും, ദൈവവുമായി നമുക്കു നിരന്തരം സംസാരിക്കാം, നമ്മുടെ സ്രഷ്ടാവും രക്ഷകനും ആയവനുമായി ബന്ധം നിലനിർത്താം. സ്വകാര്യമായി ഒന്നു പ്രാർത്ഥിക്കുക. സന്തോഷിക്കാനും “സ്തോത്രം ചെയ്യുവാനും” ഓർക്കുക. എല്ലാത്തിനുമുപരി, ഇതാണു നമ്മെക്കുറിച്ചുള്ള “ദൈവേഷ്ടം” (1 തെസ്സലൊനീക്യർ 5:18) എന്നു പൗലൊസ് പറയുന്നു.

അതിരുകൾക്കപ്പുറമുള്ള സ്നേഹം
“ദൈവം ഞങ്ങൾക്കു വളരെ നല്ലവനാണ്! ഞങ്ങളുടെ വാർഷികത്തിനായി അവനോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ടെറിയുടെ ശബ്ദം സ്ഥിരതയാർന്നതായിരുന്നു, അവളുടെ കണ്ണുകളിലെ കണ്ണുനീർ അവളുടെ ആത്മാർത്ഥത എടുത്തുകാണിച്ചു. ഞങ്ങളുടെ ചെറിയ കൂട്ടത്തിലുള്ളവർ വളരെയേറെ വികാരഭരിതരായി. ടെറിയേയും അവളുടെ ഭർത്താവിനേയും സംബന്ധിച്ചു കഴിഞ്ഞ കുറച്ചു വർഷങ്ങൾ എങ്ങനെയിരുന്നുവെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. വിശ്വാസിയാണെങ്കിലും, പെട്ടെന്നുണ്ടായ കടുത്ത മാനസികരോഗത്താൽ ക്ലേശമനുഭവിച്ച റോബർട്ട് തങ്ങളുടെ നാലു വയസ്സുള്ള മകളുടെ ജീവൻ അപഹരിച്ചു. പതിറ്റാണ്ടുകളോളം റോബർട്ട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചിലവഴിക്കേണ്ടി വരുമായിരുന്നു. പക്ഷേ, ടെറി അവനെ സന്ദർശിച്ചു. അവളുടെ ഉള്ളിലെ മുറിവുണക്കിക്കൊണ്ടു ദൈവം മനോഹരമായി പ്രവർത്തിച്ചതിന്റെ ഫലമായി അവൾക്കു അവനോടു ക്ഷമിക്കാൻ സാധിച്ചു. അഗാധമായ ഹൃദയവേദന ഉണ്ടായിരുന്നിട്ടും, അവരുടെ പരസ്പര സ്നേഹം വർദ്ധിച്ചുവന്നു.
അത്തരത്തിലുള്ള ക്ഷമയും സ്നേഹവും ഒരു ഉറവിടത്തിൽ നിന്നു മാത്രമേ ഉത്ഭവിക്കൂ. ദാവീദു ദൈവത്തെക്കുറിച്ച് ഇപ്രകാരം എഴുതുന്നു, “അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല… ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു” (സങ്കീർത്തനങ്ങൾ 103:10, 12).
ദൈവം നമ്മോടു കാണിക്കുന്ന കാരുണ്യം അവന്റെ വ്യാപ്തിയുള്ള സ്നേഹത്തിലൂടെയാണു വരുന്നത്: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ദയ” (വാ. 11) നമ്മോടു വലുതായിരിക്കുന്നു. അവനെ “കൈക്കൊള്ളുന്ന” (യോഹന്നാൻ 1:12) ഏവരെയും തന്റെ ഭവനത്തിലേക്കു കൊണ്ടുവരുന്നതിനായി നമ്മുടെ പാപങ്ങൾ നീക്കാൻ ക്രൂശിന്റെയും കല്ലറയുടെയും ആഴങ്ങളിലേക്കു പോകാൻ അത്രമാത്രം അഗാധമായ സ്നേഹം അവനെ നിർബന്ധിച്ചു.
ടെറി പറഞ്ഞതു ശരിയായിരുന്നു. “ദൈവം നമ്മോടു വളരെ നല്ലവനാണ്!” അവന്റെ സ്നേഹവും ക്ഷമയും അചിന്തനീയമായ അതിരുകൾക്കപ്പുറത്തേക്ക് എത്തുകയും ഒരിക്കലും അവസാനിക്കാത്ത ജീവിതം നമുക്കു പ്രദാനം ചെയ്യുകയും ചെയ്യുന്നു.
