
ആരോഗ്യമുള്ള ഹൃദയം
മനുഷ്യ ഹൃദയം ഒരു അത്ഭുതാവഹമായ അവയവമാണ്. ഒരു മുഷ്ടിയുടെ വലിപ്പമുള്ള ഈ പമ്പിംഗ് കേന്ദ്രത്തിന്റെ ഭാരം 230 മുതൽ 340 ഗ്രാം വരെയാണ്. ദിവസവും ഇത് ഏകദേശം 1,00,000 തവണ മിടിക്കുകയും നമ്മുടെ ശരീരത്തിലെ 96,000 കിലോമീറ്റർ രക്തക്കുഴലുകളിലൂടെ 7,500 ലിറ്റർ രക്തം പമ്പു ചെയ്യുകയും ചെയ്യുന്നു! അത്തരമൊരു തന്ത്രപരമായ ചുമതലയും കനത്ത ജോലിഭാരവും ഉള്ളതിനാൽ, മുഴുവൻ ശരീരത്തിന്റെയും ക്ഷേമത്തിന് ഹൃദയാരോഗ്യം കേന്ദ്രമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയും ആരോഗ്യത്തിന്റെ ഗുണനിലവാരവും പരസ്പര പൂരകമായതിനാൽ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാൻ വൈദ്യശാസ്ത്രം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
വൈദ്യശാസ്ത്രം നമ്മുടെ ശാരീരിക ഹൃദയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോൾ, ദൈവം മറ്റൊരു തരത്തിലുള്ള “ഹൃദയത്തെ” കുറിച്ചു കൂടുതൽ അധികാരത്തോടെ സംസാരിക്കുന്നു. നമ്മുടെ അസ്തിത്വത്തിന്റെ മാനസികവും വൈകാരികവും ആത്മീയവും ധാർമ്മികവുമായ “കേന്ദ്രത്തെ” അവൻ അഭിസംബോധന ചെയ്യുന്നു. ഹൃദയമെന്നതു ജീവന്റെ കേന്ദ്ര പ്രക്രിയ ഏകകമായതിനാൽ, അത് സംരക്ഷിക്കപ്പെടേണ്ടതു അനിവാര്യമാണ്: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു” (സദൃശവാക്യങ്ങൾ 4:23). നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കുന്നത് നമ്മുടെ സംസാരത്തിൽ നമ്മെ സഹായിക്കും (വാ. 24), നമ്മുടെ കണ്ണുകൾ കൊണ്ട് വിവേചിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കും (വാ. 25), നമ്മുടെ ചുവടുകൾക്കായി ഏറ്റവും മികച്ച വഴികൾ തിരഞ്ഞെടുക്കും (വാ. 27). ജീവിതത്തിന്റെ ഘട്ടമോ പ്രായമോ പരിഗണിക്കാതെ, നമ്മുടെ ഹൃദയങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ, നമ്മുടെ ജീവൻ സംരക്ഷിക്കപ്പെടുന്നു, നമ്മുടെ ബന്ധങ്ങൾ പരിപാലിക്കപ്പെടുന്നു, ദൈവം ആദരിക്കപ്പെടുന്നു.

തിരഞ്ഞു രക്ഷിക്കുക
കൊടുങ്കാറ്റിനുള്ള സാധ്യത അറിയിച്ചുകൊണ്ടുള്ള കാലാവസ്ഥ പ്രവചനം മാറുമെന്ന പ്രതീക്ഷയിൽ ചില സുഹൃത്തുക്കൾ ഇംഗ്ലീഷ് ചാനലിലൂടെ വള്ളത്തിൽ യാത്ര പോയി. എന്നാൽ കാറ്റ് ഉയർന്നു, തിരമാലകൾ ആഞ്ഞടിച്ചുകൊണ്ടു അവരുടെ വള്ളത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തി. അതിനാൽ അവർ RNLIലേക്ക് (റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ) സഹായത്തിനായി റേഡിയോ സന്ദേശമയച്ചു. പ്രക്ഷുബ്ധമായ ചില നിമിഷങ്ങൾക്ക് ശേഷം, തങ്ങളുടെ രക്ഷാപ്രവർത്തകരെ അവർ ദൂരെയായി കാണുകയും തങ്ങൾ ഉടൻതന്നെ സുരക്ഷിതരാകുമെന്ന് ആശ്വാസത്തോടെ മനസ്സിലാക്കുകയും ചെയ്തു. “വ്യക്തികൾ കടലിന്റെ നിയമങ്ങൾ അവഗണിച്ചാലും ഇല്ലെങ്കിലും, RNLI ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് വരുന്നു” എന്ന് എന്റെ സുഹൃത്തു പിന്നീടു നന്ദിനിറഞ്ഞ ചിന്തയോടെ പറയാൻ ഇടയായി.
അവൻ ഈ കഥ വിവരിക്കുമ്പോൾ, ദൈവത്തിന്റെ തിരച്ചിൽ-രക്ഷാദൗത്യം എങ്ങനെ യേശു നയിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. നമ്മളിൽ ഒരാളായി ജീവിക്കുന്ന മനുഷ്യനാകാനാണ് അവൻ ഭൂമിയിലേക്ക് വന്നത്. നമ്മുടെ പാപവും അനുസരണക്കേടും നമ്മെ ദൈവത്തിൽ നിന്നു വേർപെടുത്തിയപ്പോൾ, തന്റെ മരണ-പുനരുത്ഥാനത്തിലൂടെ അവൻ നമുക്ക് ഒരു രക്ഷാപദ്ധതി പ്രദാനം ചെയ്തു. ഗലാത്യ സഭയ്ക്ക് എഴുതിയപ്പോൾ ഈ സത്യം പൗലൊസ് ഊന്നിപ്പറയുകയുണ്ടായി: “ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തു...” (ഗലാത്യർ 1:3,4). അനുദിനം ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനായി, യേശുവിന്റെ മരണത്തിലൂടെ അവർക്കു ലഭിച്ച പുതുജീവന്റെ ദാനത്തെക്കുറിച്ച് പൗലൊസ് ഗലാത്യരെ ഓർമ്മിപ്പിച്ചു.
നാം നഷ്ടപ്പെട്ടുപോകുന്നതിൽ നിന്ന് നമ്മെ രക്ഷിക്കാനായി നമ്മുടെ രക്ഷകനായ യേശു മനസ്സോടെ മരണത്തിന് ഏല്പിച്ചുകൊടുത്തു. അവൻ അപ്രകാരം ചെയ്തതിനാൽ, നമുക്കു ദൈവരാജ്യത്തിൽ ജീവിതമുണ്ട്. ആ നന്ദിയോടെ നമ്മുടെ സമൂഹത്തിലുള്ളവരുമായി ജീവൻ രക്ഷിക്കുന്ന ആ വാർത്തകൾ നമുക്കു പങ്കിടാൻ കഴിയും.

ധിക്കാരിയും നിർഭയനും
ഇംഗ്ലണ്ടിലെ ഒരു വേലിയേറ്റ ദ്വീപാണ് ഹോളി ഐലൻഡ് എന്നും അറിയപ്പെടുന്ന ലിൻഡിസ്ഫാർൺ. ഇടുങ്ങിയ റോഡാണ് ആ ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നത്. ദിവസത്തിൽ രണ്ടുതവണ കടൽ കോസ്‌വേയെ മൂടുന്നു. വേലിയേറ്റസമയത്ത് ആ റോഡിലൂടെ കടക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചു സന്ദർശകർക്കു മുന്നറിയിപ്പു നൽകുന്ന സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിനോദസഞ്ചാരികൾ പതിവായി മുന്നറിയിപ്പുകൾ അവഗണിക്കുകയും പലപ്പോഴും വെള്ളത്തിനടിയിലായ കാറുകൾക്ക് മുകളിൽ ഇരിക്കുകയോ രക്ഷപ്പെടുത്താനായി ഉയർത്തി സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ഇടങ്ങളിലേക്ക് നീന്തുകയോ ചെയ്യുന്നു. സൂര്യന്റെ ഉദയം പോലെ ഉറപ്പോടെ പ്രവചിക്കാവുന്നതാണ് ഈ വേലിയേറ്റം. മുന്നറിയിപ്പുകളും എല്ലായിടത്തും ഉണ്ട്; നിങ്ങൾ അവ കാണാതെ പോകാനുള്ള യാതൊരു സാധ്യതയുമില്ല. എന്നിരുന്നാലും, ഒരു എഴുത്തുകാരൻ വിവരിച്ചതുപോലെ, “അശ്രദ്ധരായവർ വേലിയേറ്റത്തെ മറികടക്കാൻ ശ്രമിക്കുന്നിടമാണ്” ലിൻഡിസ്ഫാർൺ.
“ധിക്കാരംപൂണ്ടു നിർഭയനായി” (14:16) ഇരിക്കുന്നത് വിഡ്ഢിത്തമാണെന്നു സദൃശവാക്യങ്ങൾ നമ്മോടു പറയുന്നു. ധിക്കാരംപൂണ്ട ഒരു വ്യക്തിക്ക് ജ്ഞാനത്തെയോ ജ്ഞാനപൂർമായ ഉപദേശത്തെയോ കാര്യമാക്കുന്നില്ല. മറ്റുള്ളവരോടെ കാര്യത്തിൽ ശ്രദ്ധയോ കരുതലോ അവർ കാണിക്കില്ല (വാ. 7-8). എന്നിരുന്നാലും, കേൾക്കാനും ചിന്തിക്കാനും സമയം നൽകിക്കൊണ്ട് ജ്ഞാനം നമ്മെ മന്ദഗതിയിലാക്കുന്നു. തത്ഫലമായി, എടുത്തുചാട്ടത്തോടെയുള്ള വികാരങ്ങളിലോ പാതിവെന്ത ആശയങ്ങളിലോ പെട്ടുപോകാതെ നമ്മെ അകറ്റിനിർത്തുന്നു (വാക്യം 6). നല്ല ചോദ്യങ്ങൾ ചോദിക്കാനും നമ്മുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ പരിഗണിക്കാനും ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു. ധിക്കാരംപൂണ്ട വ്യക്തികൾ ബന്ധങ്ങളെയോ അനന്തരഫലങ്ങളെയോ - അല്ലെങ്കിൽ പലപ്പോഴും സത്യത്തെയോ - പരിഗണിക്കാതെ മുന്നോട്ട് പോകുമ്പോൾ, “സൂക്ഷ്മബുദ്ധിയോ [വ്യക്തികൾ] തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” (വാ. 15).
ചിലപ്പോഴെക്കെ നാം നിർണ്ണായകമായോ വേഗത്തിലോ പ്രവർത്തിക്കേണ്ടിവരുമെങ്കിലും അപ്പോഴും നമുക്ക് അശ്രദ്ധയെ ചെറുക്കാൻ കഴിയും. നാം ദൈവത്തിന്റെ ജ്ഞാനം സ്വീകരിക്കുകയും പരിശീലിക്കുകയും ചെയ്യുമ്പോൾ, വേണ്ടപ്പോഴൊക്കെ നമുക്ക് ആവശ്യമായ മാർഗനിർദേശം അവൻ നൽകും.

എന്തൊരു നല്ല സുഹൃത്ത്
പ്രിയപ്പെട്ട അയൽക്കാരെന്ന നിലയിൽ, എന്റെ അമ്മയും ഞങ്ങളുടെ അയൽക്കാരും സൗഹൃദപരമായ എതിരാളികളികളായിരുന്നു. പുതുതായി കഴുകിയ വസ്ത്രങ്ങൾ പുറത്തെ അഴയിൽ ആദ്യം തൂക്കിയിടാൻ ഇരുവരും എല്ലാ തിങ്കളാഴ്ചകളിലും മത്സരിച്ചു. “അവൾ എന്നെ വീണ്ടും തോൽപിച്ചു!” എന്റെ അമ്മ പറയും. എന്നാൽ അടുത്ത ആഴ്ച, മമ്മയായിരിക്കും ഒന്നാമത്. ഇങ്ങനെ ഇരുവരും തങ്ങളുടെ പ്രതിവാര സൗഹൃദ മത്സരം ആസ്വദിക്കുന്നു. പത്തുവർഷത്തിലേറെയായി ഒരു വീടിന്റെ പിറകിലെ ഇടവഴി പങ്കിട്ടുകൊണ്ട്, ഇരുവരും പരസ്പരം ജ്ഞാനവും കഥകളും പ്രത്യാശകളും പങ്കിട്ടു.
അത്തരമൊരു സൗഹൃദത്തിന്റെ ഗുണത്തെക്കുറിച്ചു വേദപുസ്തകം വളരെ ഊഷ്മളമായി സംസാരിക്കുന്നു. “സ്നേഹിതൻ എല്ലാക്കാലത്തും സ്നേഹിക്കുന്നു” (സദൃശവാക്യങ്ങൾ 17:17) എന്നു ശലോമോൻ നിരീക്ഷിച്ചു (സദൃശവാക്യങ്ങൾ 17:17). “ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.” (സദൃശവാക്യങ്ങൾ 27:9) എന്നും അവൻ രേഖപ്പെടുത്തി.
തീർച്ചയായും യേശുവാണ് നമ്മുടെ വലിയ സുഹൃത്ത്. തന്റെ ശിഷ്യന്മാർ തമ്മിൽ സ്നേഹനിർഭരമായ സൗഹൃദത്തിനായി പ്രേരിപ്പിച്ചുകൊണ്ട്, “സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” (യോഹന്നാൻ 15:13) എന്നു അവൻ അവരെ പഠിപ്പിച്ചു. അതിന്റെ തൊട്ടടുത്ത ദിവസം, അവൻ ക്രൂശിൽ അതു ചെയ്തു. “ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു” (വാ. 15) എന്നും അവൻ അവരോടു പറഞ്ഞു. തുടർന്ന് അവൻ പറഞ്ഞു, “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു” (വാ. 17).
തത്ത്വചിന്തകനായ നിക്കോളാസ് വോൾട്ടർസ്റ്റോർഫ് പറഞ്ഞതുപോലെ, അത്തരം വാക്കുകളിലൂടെ താഴ്ന്ന മനുഷ്യരിൽ നിന്ന് സഹജീവികളിലേക്കും വിശ്വസ്തരിലേക്കും യേശു “തന്റെ ശ്രോതാക്കളെ ഉയർത്തുന്നു.” ക്രിസ്തുവിൽ നാം മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ പഠിക്കുന്നു. ഇപ്രകാരമുള്ള സ്നേഹം പഠിപ്പിക്കുന്ന എന്തൊരു നല്ല സുഹൃത്ത്!

ആശ്ചര്യകരമായ ഉപദേശം
സോഫിയ റോബർട്ട്സ് ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കു സാക്ഷ്യം വഹിച്ചത് അവൾക്ക് ഏകദേശം പതിനൊന്നു വയസ്സുള്ളപ്പോഴാണ്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു വൈദ്യശാസ്ത്ര പ്രക്രിയ കാണുകയെന്നത് അൽപ്പം വിചിത്രമാണെന്നു തോന്നാമെങ്കിലും, അവളുടെ പിതാവു ഡോ. ഹരോൾഡ് റോബർട്ട്സ് ജൂനിയർ ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. ഇപ്പോൾ മുപ്പത് വയസ്സുള്ള ഒരു സർജറി റെസിഡന്റ് ഫിസിഷ്യനായ സോഫിയ, 2022-ൽ തന്റെ പിതാവിനോടൊപ്പം വിജയകരമായി അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കൽ നടത്തി. “ഇതിലും കൂടുതൽ എനിക്കെന്താണ് വേണ്ടത്?” ഹരോൾഡ് പറഞ്ഞു. “ഞാൻ ഈ കുട്ടിയെ സൈക്കിൾ ചവിട്ടുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു… ഇപ്പോൾ, മനുഷ്യഹൃദയത്തിൽ എങ്ങനെ ശസ്ത്രക്രിയ നടത്താമെന്ന് അവളെ പഠിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്ചര്യകരമായ കാര്യമാണ്.”
നമ്മളിൽ കുറച്ചുപേർ കുട്ടിയെ ശസ്ത്രക്രിയാ വൈദഗ്ധ്യം പഠിപ്പിക്കുമ്പോൾ, അടുത്ത തലമുറയ്ക്ക് മറ്റൊരു കാര്യം ഉപദേശിക്കുന്നതിന്റെ പ്രാധാന്യം ശലോമോൻ വിവരിക്കുന്നു - ദൈവത്തെയും അവന്റെ വഴികളെയും ബഹുമാനിക്കുക എന്ന കാര്യം. ജ്ഞാനിയായ രാജാവു ദൈവവുമായുള്ള തന്റെ ബന്ധത്തിൽനിന്നു താൻ പഠിച്ചതു തന്റെ കുട്ടിയോട് ആവേശത്തോടെ പങ്കുവെച്ചു: “മകനേ,… പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക” (സദൃശവാക്യങ്ങൾ 3:1, 5), “യഹോവയെ ഭയപ്പെടുക” (വാ. 7), “യഹോവയെ ബഹുമാനിക്ക” (വാക്യം 9), “യഹോവയുടെ ശിക്ഷയെ നിരസിക്കരുതു” (വാക്യം 11). തന്റെ തിരുത്തലും മാർഗനിർദേശവും മനസ്സോടെ സ്വീകരിക്കുന്ന തന്റെ മക്കളെ ദൈവം “സ്നേഹിക്കുന്നു” എന്നും അവരിൽ “ആനന്ദിക്കുന്നു” എന്നും ശലോമോന് അറിയാമായിരുന്നു (വാക്യം 12).
ഗംഭീരവാനും അത്ഭുതവാനുമായ നമ്മുടെ ദൈവത്തെ ആശ്രയിക്കുകയും വണങ്ങുകയും ആദരിക്കുകയും താഴ്മയോടെ അവനാൽ രൂപപ്പെടുകയും ചെയ്യുക എന്നതിന്റെ അർത്ഥമെന്താണെന്ന് അടുത്ത തലമുറയെ നമുക്കു പഠിപ്പിക്കാം. അങ്ങനെ ചെയ്യുന്നതിൽ അവനുമായി പങ്കാളിയാകുക എന്നത് ഒരു സുപ്രധാന പദവിയാണെന്നു മാത്രമല്ല, വളരെ ആശ്ചര്യകരവുമാണ്!