ചൂടുള്ള ദക്ഷിണ നഗരങ്ങളില്‍ വളര്‍ന്ന എനിക്ക് വടക്കെ മേഖലയിലേക്ക് താമസം മാറിയപ്പോള്‍, ദൈര്‍ഘ്യമേറിയ മഞ്ഞുവീഴ്ചയുള്ള മാസങ്ങളില്‍ സുരക്ഷിതമായി വാഹനമോടിക്കുന്നത് പഠിക്കാന്‍ വളരെ സമയം വേണ്ടിവന്നു. എന്റെ ആദ്യത്തെ കഠിനമായ ശരത്കാലത്ത്, മൂന്ന് പ്രാവശ്യം ഞാന്‍ മഞ്ഞില്‍ പൂഴ്ന്നുപോയി. എന്നാല്‍ ദീര്‍ഘവര്‍ഷങ്ങളിലെ പരിശീലന ഫലമായി, ഇത്തരം സാഹചര്യങ്ങളില്‍ വാഹനമോടിക്കുന്നത് എനിക്ക് പ്രയാസകരമല്ലാതായി. വാസ്തവത്തില്‍, കുറേ കൂടുതല്‍ സുഖകരമായിട്ടെനിക്കതു തോന്നി. തല്‍ഫലമായി ജാഗ്രത പുലര്‍ത്തുന്നത് ഞാന്‍ നിര്‍ത്തി. അപ്പോഴാണ് ഒരു മഞ്ഞുകൂമ്പാരത്തില്‍ കാര്‍ ഇടിച്ചു തെന്നി വഴിയരികിലെ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്.

ആര്‍ക്കും പരുക്കുണ്ടായില്ല എന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. എങ്കിലും സുപ്രധാനമായ ഒരു കാര്യം ഞാന്‍ അന്ന് പഠിച്ചു. സുഖകരമെന്നു തോന്നുന്നത് എത്ര അപകടകരമാകാം എന്നു ഞാന്‍ ഗ്രഹിച്ചു, സൂക്ഷിക്കുന്നതിന് പകരം, ഞാന്‍ ‘ഓട്ടോ പൈലറ്റില്‍” യാത്ര ചെയ്തു.

നമ്മുടെ ആത്മീയ ജീവിതത്തിലും ഇതേ വിധത്തിലുള്ള ജാഗ്രത നാം പാലിക്കേണ്ടതാണ്. ജീവിതത്തില്‍ ആലോചനയില്ലാതെ കാറ്റിനനുകൂലമായി ഒഴുകാതെ ‘ഉണര്‍ന്നിരിപ്പിന്‍” എന്ന് പത്രൊസ് വിശ്വാസികള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നു (1 പത്രൊസ് 5:8). പിശാച് നമ്മെ നശിപ്പിക്കാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ നാമും ജാഗരൂകരായിരിക്കുകയും പരീക്ഷകളില്‍ എതിര്‍ത്തുനിന്നുകൊണ്ട് വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായിരിക്കുകയും വേണം (വാ. 9). അത് നമ്മുടെ സ്വന്ത ശക്തിയില്‍ നാം ചെയ്യേണ്ടുന്ന ഒന്നല്ല. നമ്മുടെ കഷ്ടതകളില്‍ നമ്മോടു കൂടിയിരിക്കാമെന്ന്, ആത്യന്തികമായി, നമ്മെ ‘യഥാസ്ഥാനപ്പെടുത്തി, ഉറപ്പിച്ചു, ശക്തീകരിക്കാമെന്ന്” ദൈവം വാഗ്ദത്തം ചെയ്യുന്നു (വാ. 10). അവന്റെ ശക്തിയാല്‍, പിശാചിനോടെതിര്‍ക്കുന്നതിലും കര്‍ത്താവിനെ പിന്തുടരുന്നതിലും ജാഗ്രതയുള്ളവരും സൂക്ഷ്മതയുള്ളവരുമായി നില്‍ക്കാന്‍ നാം പഠിക്കുന്നു.