വാര്‍ത്ത നിരാശാജനകമായിരുന്നു. എന്റെ പിതാവിന് നെഞ്ചു വേദനയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയ പരിശോധന ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഫലമോ? മൂന്ന് ഹൃദയ ധമനികളില്‍ ബ്ലോക്ക്.

ട്രിപ്പിള്‍ – ബൈപ്പാസ് സര്‍ജറി ഫെബ്രുവരി 14 നു നടത്താന്‍ നിശ്ചയിച്ചു. ഡാഡി, ഉത്കണ്ഠാകുലനായിരുന്നു

വെങ്കിലും ആ തീയതിയെ പ്രതീക്ഷാ ലക്ഷണമായി കണ്ടു: ‘വാലെന്റൈന്‍ ദിനത്തില്‍ എനിക്കൊരു പുതിയ ഹൃദയം ലഭിക്കാന്‍ പോകുന്നു!” അത് സംഭവിച്ചു. സര്‍ജറി വിജയകരമായിരുന്നു. രോഗാതുരമായിരുന്ന ഹൃദയത്തിലൂടെ – ഇപ്പോള്‍ ‘പുതുക്കപ്പെട്ട’ ഹൃദയത്തിലൂടെ – ജീവദായ രക്തം ഒഴുകിത്തുടങ്ങി.

ദൈവം നമുക്കും ഒരു പുതുജീവിതം വാഗ്ദാനം ചെയ്യുന്നു എന്നാണ് എന്റെ പിതാവിന്റെ സര്‍ജറി എന്നെ ഓര്‍മ്മിപ്പിച്ചത്. പാപം നമ്മുടെ ആത്മീയ ‘ധമനി’ കളെ – ദൈവവുമായി ബന്ധം പുലര്‍ത്താനുള്ള നമ്മുടെ കഴിവിനെ – തടസ്സപ്പെടുത്തിയതിനാല്‍, അവയുടെ തടസ്സം നീക്കുവാന്‍ നമുക്ക് ആത്മീയ ‘ശസ്ത്രക്രിയ” ആവശ്യമാണ്.

അതാണ് യെഹെസ്‌കേല്‍ 36:26 ല്‍ ദൈവം തന്റെ ജനത്തിനു വാഗ്ദത്തം ചെയ്തത്. അവന്‍ യിസ്രായേല്യര്‍ക്ക് ഉറപ്പ് കൊടുത്തു: ‘ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായിത്തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകല വിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും’ (വാ. 25). വീണ്ടും അവന്‍ അവര്‍ക്ക് ഉറപ്പു കൊടുത്തു, ‘ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കും” (വാ. 27). പ്രത്യാശ നഷ്ടപ്പെട്ട ഒരു ജനത്തിന്, അവരുടെ ജീവിതങ്ങളെ പുതുക്കാന്‍ കഴിവുള്ളവന്‍ എന്ന നിലയില്‍ ദൈവം പുതിയ തുടക്കം വാഗ്ദാനം ചെയ്തു.

ആ വാഗ്ദത്തം യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ആത്യന്തികമായി നിറവേറി. നാം അവനില്‍ ആശ്രയിക്കുമ്പോള്‍ നമ്മുടെ പാപത്തില്‍ നിന്നും പ്രതീക്ഷയറ്റ അവസ്ഥയില്‍ നിന്നും മോചനവും ശുദ്ധീകരണവും പ്രാപിച്ച ഒരു പുതിയ ആത്മീയ ഹൃദയം നാം പ്രാപിക്കുന്നു. ക്രിസ്തുവിന്റെ ആത്മാവിനാല്‍ നിറയപ്പെട്ട നമ്മുടെ പുതിയ ഹൃദയം, ദൈവത്തിന്റെ ആത്മീയ ജീവരക്തത്താല്‍ ‘ജീവന്റെ പുതുക്കത്തില്‍ ജീവിക്കുന്നു” (റോമര്‍ 6:4).