ഇന്നലത്തെപ്പോലെ അല്ല
ഞങ്ങളുടെ കൊച്ചുമകന് ജെയ് കൊച്ചുകുട്ടിയായിരുന്നപ്പോള്‍ അവന്റെ ജന്മദിനത്തില് അവന്റെ മാതാപിതാക്കള്‍ അവനൊരു ടീഷര്‍ട്ട് നല്കി. അവനത് അപ്പോള്‍ത്തന്നെ ധരിക്കയും അന്ന് മുഴുവന്‍ അഭിമാനത്തോടെ അത് ധരിക്കയും ചെയ്തു.
പിറ്റേന്ന് അതേ ടീഷര്‍ട്ട് ധരിച്ച് അവന് എത്തിയപ്പോള്‍ അവന്റെ ഡാഡി ചോദിച്ചു, 'ജെയ്, ആ ഷര്‍ട്ട് നിന്നെ സന്തോഷിപ്പിക്കുന്നോ?'
'ഇന്നലത്തെയത്രയും ഇല്ല' എന്നായിരുന്നു മറുപടി.
ഭൗതിക നേട്ടങ്ങളുടെ പ്രശ്നമാണത്. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ക്ക്, നാം ശക്തിയായി ആഗ്രഹിക്കുന്ന ആഴമേറിയതും നിലനില്ക്കുന്നതുമായ സന്തോഷം നല്കാന് കഴികയില്ല. നമുക്ക് അനേക സമ്പാദ്യങ്ങള്‍ ഉണ്ടെങ്കിലും സന്തോഷമില്ലാത്തവരായിരിക്കും നാം.
ഭൗതിക വസ്തുക്കളുടെ സമ്പാദ്യത്തിലൂടെയുള്ള സന്തോഷമാണ് ലോകം വാഗ്ദാനം ചെയ്യുന്നത്: പുതിയ വസ്ത്രങ്ങള്‍, പുതിയ വാഹനം, നമ്മുടെ ഫോണിന് അല്ലെങ്കില്‍ വാച്ചിന് പുതിയ അപ്ഡേറ്റ് ആദിയായവ. എന്നാല്‍ ഒരു ഭൗതിക സമ്പാദ്യവും ഇന്നലത്തെയത്രയും ഇന്ന് നമ്മെ സന്തോഷിപ്പിക്കയില്ല. അതിന്റെ കാരണം നാം ദൈവത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്, അതില്‍ കുറഞ്ഞതൊന്നും നമ്മെ സന്തോഷിപ്പിക്കുകയില്ല.
ഒരു ദിവസം, യേശു ഉപവസിക്കുമ്പോള്‍ വിശപ്പുകൊണ്ട് തളര്‍ന്നു. സാത്താന് അവനെ സമീപിച്ചത്, അപ്പമുണ്ടാക്കി വിശപ്പടക്കാന്‍ അവനെ പ്രലോഭിപ്പിച്ചു. യേശു ആവര്‍ത്തനം 8:3 ഉദ്ധരിച്ച് പരീക്ഷയെ ജയിച്ചു: 'മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ക്കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു' (മത്തായി 4:4).
നാം അപ്പം കൊണ്ട് മാത്രം ജീവിക്കണം എന്നല്ല യേശു അര്‍ത്ഥമാക്കിയത്. മറിച്ച് ഒരു വസ്തുത അവന് ഉറപ്പിക്കുകയായിരുന്നു. നാം ആത്മീയ ജീവികളാണ്, നമുക്ക് ഭൗതിക വസ്തുക്കള്‍ കൊണ്ടുമാത്രം ജീവിക്കാന്‍ കഴികയില്ല.
ഏറ്റവും ചെറിയവരെ സേവിക്കുക
നിയന്ത്രണാതീതമായ ഒരു കാട്ടുതീയുടെ സമയത്ത് ഒരു മനുഷ്യന് റോഡിനരികില്‍ മുട്ടുകുത്തിയിരിക്കുന്നത് വീഡിയോയില്‍ കാണാം. അയാള്‍ കൈകൊട്ടിക്കൊണ്ട് എന്തിനെയോ മാടിവിളിക്കുകയാണ്. എന്താണത്? ഒരു നായ? നിമിഷങ്ങള്‍ക്കകം ഒരു മുയല് ചാടിവന്നു. അയാള്‍ ഭയന്നു വിറയ്ക്കുന്ന മുയലിനെ കോരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്കോടി.
ഇത്തരം ചെറിയ ഒന്നിന്റെ രക്ഷിക്കല്‍ എങ്ങനെയാണ് ദേശീയ വാര്‍ത്തയാകുന്നത്? കാരണം അതാണ്. ഏറ്റവും ചെറിയതിനോടുപോലും കാണിക്കുന്ന മനസ്സലിവില്‍ പ്രിയതരമായ ഒന്നുണ്ട്. ഏറ്റവും ചെറിയ ജീവികള്‍ക്ക് ഇടം കൊടുക്കണമെങ്കില്‍ വലിയ ഹൃദയം വേണം.
സ്വര്‍ഗ്ഗരാജ്യം, ഒരു മനുഷ്യന് വിരുന്നൊരുക്കിയിട്ട് വരുവാന്‍ മനസ്സുള്ള എല്ലാവര്ക്കും ഇടം കൊടുത്തതു പോലെയാണെന്ന് യേശു പറഞ്ഞു. പദവിയും സ്വാധീനവും ഉള്ളവരെ മാത്രമല്ല, 'ദരിദ്രന്മാര്, അംഗഹീനന്മാര്‍, കുരുടന്മാര്, മുടന്തന്മാര്' (ലൂക്കൊസ് 14:21) തുടങ്ങി ബലഹീനരെയും അപ്രധാനരെന്നു തോന്നുന്നവരെയും എല്ലാം ദൈവം ലക്ഷ്യം വയ്ക്കുന്നു എന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്, കാരണം അല്ലായിരുന്നുവെങ്കില്‍ എനിക്കിടം കിട്ടുമായിരുന്നില്ല. പൗലൊസ് പറഞ്ഞു, 'ജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു...ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നേ' (1 കൊരിന്ത്യര്‍ 1:27-29).
എന്നെപ്പോലെയുള്ള ചെറിയ ആളുകളെ രക്ഷിക്കണമെങ്കില്‍ ദൈവത്തിന്റെ ഹൃദയം എത്ര വലുതായിരിക്കണം. പ്രത്യുപകരമായി, എന്റെ ഹൃദയം എത്ര വലുതായി വളരണം? 'പ്രധാന ആളുകളെ' എങ്ങനെ ഞാന്‍ പ്രീതിപ്പെടുത്തുന്നു എന്നതിലൂടെയല്ല, ഏറ്റവും അപ്രധാനരെന്നു സമൂഹം കരുതുന്നവരെ എങ്ങനെ ഞാന്‍ സേവിക്കുന്നു എന്നതിലൂടെ എന്ന് എനിക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയും.
വെളിച്ചം കാണുക
ലോസ് ആഞ്ചലസിലെ തെരുവുകളില്‍, മയക്കുമരുന്നിനടിമപ്പെട്ട ഭവനരഹിതനായ ഒരു മനുഷ്യന് ദി മിഡ്നൈറ്റ് മിഷനില്‍ കയറിച്ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചു. അങ്ങനെ ബ്രിയാന്റെ വിടുതലിലേക്കുള്ള നീണ്ട യാത്ര ആരംഭിച്ചു.
ആ പ്രക്രിയയില്‍ സംഗീതത്തോടുള്ള തന്റെ ഇഷ്ടം ബ്രിയാന്‍ വീണ്ടും കണ്ടെത്തി. ക്രമേണ അവന്, ഭവന രഹിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഗീത ഗ്രൂപ്പായ സ്ട്രീറ്റ് സിംഫണിയില്‍ ചേര്‍ന്നു. അവര്‍ ബ്രിയാനോട് ഹാന്‍ഡെലിന്റെ മശിഹായിലെ 'ഇരുട്ടില്‍ നടന്ന ജനം' എന്ന ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. യിസ്രായേലിന്റെ ചരിത്രത്തിലെ അന്ധകാര കാലഘട്ടത്തില്‍ പ്രവാചകനായ യെശയ്യാവ് എഴുതിയ വാക്കുകളില്‍ അവന് പാടി, 'ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു' (യെശയ്യാവ് 9:2). ദി ന്യൂയോര്‍ക്കര്‍ മാസികയ്ക്കു വേണ്ടി ഒരു സംഗീത നിരൂപകന് എഴുതിയത്, ബ്രിയാന്‍ 'തന്റെ സ്വന്ത ജീവിതത്തില്‍ നിന്നും എടുത്തത് പോലെയാണ് ആ വരികള്‍ പാടിയത്' എന്നാണ്.
സുവിശേഷ രചയിതാവായ മത്തായി അതേ വേദഭാഗം ഉദ്ധരിച്ചു. തന്റെ സഹയിസ്രായേല്യരെ ചതിച്ചുകൊണ്ടിരുന്ന ഒരു ജീവിതത്തില്‍ നിന്നും യേശുവിന്റെ വിളികേട്ടിറങ്ങിയ മത്തായി, യേശു തന്റെ രക്ഷയെ 'യോര്‍ദാനക്കരെയും' 'ജാതികളുടെ ഗലീലിയിലും' (മത്തായി 4:13-15) എത്തിച്ചുകൊണ്ട് എങ്ങനെയാണ് യെശയ്യാവിന്റെ പ്രവചനം നിവര്‍ത്തിച്ചതെന്ന് വിവരിക്കുന്നു.
കൈസറിന്റെ ചുങ്കം പിരിവുകാരനായ കള്ളന്മാരില് ഒരുവനും (മത്തായി 9:9 കാണുക) ബ്രിയാനെപ്പോലെയുള്ള ഒരു തെരുവ് മയക്കുമരുന്നടിമയ്ക്കും അല്ലെങ്കില്‍ നമ്മെപ്പോലെയുള്ള ആളുകള്‍ക്കും നമ്മുടെ സ്വന്തജീവിതത്തില് വെളിച്ചവും ഇരുളും തമ്മിലുള്ള വ്യത്യാസം കാണിച്ചുകൊടുക്കാന്‍ ഒരവസരം ലഭിക്കുമെന്ന് ആരു വിചാരിച്ചു?
രണ്ടാം പാദ ശക്തി
രണ്ടു ലക്ഷ്യങ്ങളോടുകൂടിയാണ് 54-ാമത്തെ വയസ്സില്‍ ഞാന്‍ മില്‍വോക്കി മാരത്തണില്‍ ചേര്‍ന്നത് - ഒന്ന്, ഓട്ടം പൂര്‍ത്തിയാക്കുക, രണ്ട് അത് അഞ്ചു മണിക്കൂറില്‍ താഴെയുള്ള സമയം കൊണ്ട് പൂര്‍ത്തിയാക്കുക. ഒന്നാം പാദം പോലെ രണ്ടാം പാദത്തിലെ 13.1 മൈല്‍ നന്നായി പോയിരുന്നെങ്കില്‍ എന്റെ സമയം മികച്ചതാകുമായിരുന്നു. എന്നാല്‍ ഓട്ടം കഠിനമായിരുന്നു, രണ്ടാം പാദത്തില്‍ കിട്ടുമെന്ന് ഞാന്‍ വിചാരിച്ച ശക്തി ഒരിക്കലും കിട്ടിയില്ല. ഫിനിഷ് ലൈനിനോടു ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ ഉറച്ച ചുവടുകള്‍ കേവലം വേദനാജനകമായ നടത്തമായി മാറിയിരുന്നു.
കാലുകള്‍ ഉപയോഗിച്ചുള്ള ഓട്ടത്തില്‍ മാത്രമല്ല രണ്ടാം പാദ ശക്തി ആവശ്യമായിരിക്കുന്നത് - ജീവിത ഓട്ടത്തിനും വേണം. ക്ഷീണിച്ച, തളര്‍ന്ന ആളുകള്‍ക്ക് മുന്നോട്ട് പോകാന്‍ ദൈവത്തിന്റെ സഹായം വേണം. മുന്നോട്ട് പോകാന്‍ ബലം ആവശ്യമായിരിക്കുന്ന ജനത്തെ ഉത്തേജിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമായി യെശയ്യാവ് 40:27-31, കവിതയും പ്രവചനവും മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു. തളര്‍ന്നും നിരാശപ്പെട്ടും ഇരിക്കുന്ന ജനത്തോട് കര്‍ത്താവ് അകന്നു നില്‍ക്കുന്നവനോ കരുതലില്ലാത്തവനോ അല്ലെന്നും നമ്മുടെ കഷ്ടപ്പാടുകളെ അവന് ശ്രദ്ധിക്കാതെ പോകുന്നില്ലെന്നും ഈ കാലാതിവര്‍ത്തിയായ വചനങ്ങള്‍ പറയുന്നു (വാ. 27). ഈ വാക്കുകള്‍ ആശ്വാസവും ഉറപ്പും പകരുകയും ദൈവത്തിന്റെ അപരിമിതമായ ബലത്തെയും അടികാണാത്ത ജ്ഞാനത്തെയും നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു (വാ. 28).
വാ. 29-31 ല്‍ വിവരിച്ചിരിക്കുന്ന രണ്ടാം പാദ ശക്തി നമുക്ക് പര്യാപ്തമായതാണ് - നമ്മുടെ കുടുംബത്തിനുവേണ്ടി കരുതാനുള്ള ശ്രമത്തിലാണ് നാമെങ്കില്‍, ഭൗതികവും സാമ്പത്തികവുമായ ഭാരത്തിനു കീഴില്‍ പ്രയാസപ്പെടുകയാണ് നിങ്ങളെങ്കില്‍, അല്ലെങ്കില്‍ ബന്ധത്തിലെ തകര്‍ച്ച മൂലം നിരാശപ്പെടുകയോ അല്ലെങ്കില്‍ ആത്മീയ പോരാട്ടമനുഭവിക്കുകയോ ചെയ്യുന്നെങ്കില്‍. യഹോവയെ കാത്തിരിക്കുന്നവര്‍ക്ക് - തിരുവചന ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയുടെയും - ലഭിക്കുന്ന ശക്തി അതാണ്.
കഴുകി ശുദ്ധീകരിക്കപ്പെട്ടത്
കഴുകി ശുദ്ധീകരിക്കപ്പെട്ടത് എനിക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരു നീല ജെല്‍ പേന എന്റെ വെള്ള ടവ്വലിന്റെ മടക്കുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് വാഷിംഗ് മെഷീനെ അതിജീവിച്ചെങ്കിലും ഡ്രയറില്‍ വെച്ച് അതു പൊട്ടിത്തെറിച്ചു. വൃത്തികെട്ട നീല കറകള്‍ എല്ലായിടത്തും വ്യാപിച്ചു. എന്റെ വെള്ള ടവലുകള്‍ നശിച്ചു. എത്ര തന്നെ ബ്ലീച്ച് ഉപയോഗിച്ചാലും കറുത്ത കറകള്‍ പോകുമായിരുന്നില്ല.
മടിയോടെ ചവറ്റുകൂട്ടയിലേക്ക് ടവലുകള്‍ എറിയാന്‍ തുടങ്ങുമ്പോള്‍, പാപത്തിന്റെ നശീകരണ ഫലത്തെക്കുറിച്ച് വിവരിക്കുന്ന പഴയനിയമ പ്രവാചകനായ യിരെമ്യാവിന്റെ വിലാപങ്ങള്‍ എനിക്കോര്‍മ്മ വന്നു. ദൈവത്തെ ഉപേക്ഷിച്ച് വിഗ്രഹങ്ങളിലേക്ക് തിരിഞ്ഞതിലൂടെ (യിരെമ്യാവ് 2:13), യിസ്രായേല്‍ ജനം ദൈവവുമായുള്ള അവരുടെ ബന്ധത്തില്‍ സ്ഥിരമായ കറ ഉളവാക്കി എന്ന് യിരെമ്യാവ് പ്രഖ്യാപിച്ചു: 'നീ ധാരാളം ചവര്‍ക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പില്‍ മലിനമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്' (വാ.22). തങ്ങള്‍ വരുത്തിവെച്ച നാശത്തെ പരിഹരിക്കാന്‍ അവര്‍ അശക്തരാണ്.
നമ്മുടെ കാര്യത്തിലും നമ്മുടെ പാപത്തിന്റെ കറ മായ്ക്കുക അസാധ്യമാണ്. എന്നാല്‍ നമുക്ക് കഴിയാത്തത് യേശു ചെയ്തു. തന്റെ മരണ, പുനരുത്ഥാനങ്ങളുടെ ശക്തിയാല്‍ അവന്, 'സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു' (1 യോഹന്നാന് 1:7).
വിശ്വസിക്കുവാന്‍ പ്രയാസമായി തോന്നിയാലും മനോഹരമായ സത്യത്തെ മുറുകെപ്പിടിക്കുക - യേശുവിനു പൂര്‍ണ്ണമായി നീക്കുവാന്‍ കഴിയാത്ത പാപത്തിന്റെ ഒരു നാശവും ഇല്ല. തന്നിലേക്ക് മടങ്ങിച്ചെല്ലാന്‍ മനസ്സുള്ള ആരുടെയും പാപത്തിന്റെ ഭവിഷ്യത്തുകള്‍ കഴുകിക്കളയുവാന്‍ ദൈവം മനസ്സുള്ളവനും ഒരുക്കമുള്ളവനുമാണ് (വാ. 9). ക്രിസ്തുവിലൂടെ നമുക്ക് ഓരോ ദിവസവും സ്വാതന്ത്ര്യത്തിലും പ്രത്യാശയിലും ജീവിക്കാം.