റോഡില്‍ നിന്നും നടപ്പാതയിലേക്കു കയറ്റി കാറോടിച്ചതിന് ഒരു സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളെ ഇറക്കിക്കൊണ്ടിരുന്ന ഒരു സ്‌കൂള്‍ ബസിനു പിന്നില്‍ കാത്തുനില്‍ക്കാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് അവള്‍ ഈ സാഹസത്തിനു മുതിര്‍ന്നത്.

കാത്തിരിപ്പ് നമ്മെ അക്ഷമരാക്കും എന്നതു സത്യമായിരിക്കുമ്പോള്‍ തന്നേ, കാത്തിരിപ്പില്‍ ചെയ്യാനും പഠിക്കാനും കഴിയുന്ന നല്ല കാര്യങ്ങള്‍ ഉണ്ട്. ‘യെരുശലേം വിട്ടുപോകരുത്’ (പ്രവൃ. 1:4) എന്നു ശിഷ്യന്മാരോടു പറഞ്ഞപ്പോള്‍ യേശു ഇക്കാര്യം അറിഞ്ഞിരുന്നു. ‘പരിശുദ്ധാത്മാവു കൊണ്ടുള്ള സ്‌നാനത്തിനായി” അവര്‍ കാത്തിരിക്കുകയായിരുന്നു (വാ. 5).

ആവേശത്തിന്റെയും പ്രതീക്ഷയുടെയുമായ ഒരു അവസ്ഥയില്‍ മാളിക മുറിയില്‍ കൂടിയിരുന്ന അവരോട് കാത്തിരിക്കാന്‍ യേശു പറഞ്ഞപ്പോള്‍, ഒന്നും ചെയ്യാതെ ഇരിക്കുക എന്നല്ല അവന്‍ അര്‍ത്ഥമാക്കിയത് എന്നവര്‍ മനസ്സിലാക്കി. അവര്‍ പ്രാര്‍ത്ഥനയില്‍ സമയം ചിലവഴിച്ചു (വാ. 14): വചനം പറയുന്നതുപോലെ, യൂദായുടെ സ്ഥാനത്തേക്ക് പുതിയൊരു ശിഷ്യനെ അവര്‍ തിരഞ്ഞെടുത്തു (വാ. 26). ആരാധനയിലും പ്രാര്‍ത്ഥനയിലും അവര്‍ ഐകമത്യപ്പെട്ടപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ ഇറങ്ങിവന്നു (2:1-4).

ശിഷ്യന്മാര്‍ വെറുതെ കാത്തിരിക്കുകയായിരുന്നില്ല. അവര്‍ തയ്യാറെടുക്കുകയായിരുന്നു. നാം ദൈവത്തിനായി കാത്തിരിക്കുമ്പോള്‍, ഒന്നും ചെയ്യാതെ വെറുതെയിരിക്കുക എന്നോ അല്ലെങ്കില്‍ അക്ഷമരായി മുന്നോട്ട് കുതിക്കുക എന്നോ അല്ല അര്‍ത്ഥം. മറിച്ച് അവന്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും കൂട്ടായ്മ ആസ്വദിക്കാനും നമുക്ക് കഴിയും. കാത്തിരിപ്പ് നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും ശരീരങ്ങളെയും വരാന്‍ പോകുന്ന കാര്യത്തിനായി ഒരുക്കും.

അതേ, കാത്തിരിക്കാന്‍ ദൈവം നമ്മോടാവശ്യപ്പെടുമ്പോള്‍, നമുക്ക് അവനിലും നമുക്കുവേണ്ടി അവന്‍ തയ്യറാക്കുന്ന പദ്ധതികളിലും നമുക്കാശ്രയിക്കാം കഴിയും എന്നറിഞ്ഞുകൊണ്ട് നമുക്ക് ആവേശഭരിതരാകാം.