ഗാലറിയിലിരുന്നുകൊണ്ട് എന്റെ മകളുടെ ബാസ്കറ്റ്ബോള്‍ കളി ഞങ്ങള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍, കോര്‍ട്ടിലുള്ള പെണ്‍കുട്ടികളോട് കോച്ച് ഒരു വാക്ക് പറയുന്നത് കേട്ടു: ”ഡബിള്‍സ്.” പെട്ടെന്ന് അവരുടെ പ്രതിരോധ തന്ത്രം ഒരാള്‍ ഒരാളോട് എന്നത് മാറിയിട്ട് രണ്ടു കളിക്കാര്‍ ഒരുമിച്ചു പന്ത് പിടിച്ചിരിക്കുന്ന ഉയരമുള്ള എതിരാളിക്കെതിരെ തിരിഞ്ഞു. ഷൂട്ട് ചെയ്ത് സ്കോര്‍ ചെയ്യാനുള്ള അവളുടെ ശ്രമത്തെ തടയുന്നതില്‍ അവര്‍ വിജയിക്കുകയും തുടര്‍ന്ന് പന്ത് തങ്ങളുടെ ബാസ്കറ്റിലെത്തിക്കുകയും ചെയ്തു.
സഭാപ്രസംഗിയുടെ രചയിതാവായ ശലോമോന്, ലോകത്തിലെ കഷ്ടപ്പാടുകളോടും ഇച്ഛഭംഗങ്ങളോടും മല്ലിടുമ്പോള്‍ മനസ്സിലാക്കിയത്, നമ്മുടെ കഷ്ടപ്പാടുകളില്‍ ഒരു കൂട്ടാളിയുണ്ടാകുന്നത് ”നല്ല പ്രതിഫലം” കിട്ടാന്‍ സഹായിക്കുമെന്നാണ് (4:9). ഒറ്റയ്ക്ക് പോരാടുന്ന ഒരുവന് ”ആക്രമിക്കപ്പെട്ടേക്കാം” പക്ഷേ രണ്ടുപേരായാല്‍ ”അവനോട് എതിര്‍ത്ത് നില്ക്കാം” (വാ.12). സമീപത്തുള്ള സ്നേഹിതന്, നാം വീണാല്‍ നമ്മെ എഴുന്നേല്‍പ്പിക്കാന്‍ സാധിക്കും (വാ. 10).
ജീവിത പ്രതിസന്ധികളെ നാം ഒറ്റയ്ക്ക് നേരിടാതിരിക്കേണ്ടതിന് നമ്മുടെ യാത്രയില്‍ മറ്റുള്ളവരെ കൂടെക്കൂട്ടാന്‍ ശലോമോന്റെ വാക്കുകള്‍ നമ്മെ പ്രബോധിപ്പിക്കുന്നു: അത് നമ്മില്‍ ചിലര്‍ക്ക്, പരിചിതമോ സുഖകരമോ അല്ലാത്ത നിലയില്‍ മറ്റൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് കടക്കാന്‍ അനുവാദം കൊടുക്കലായിരിക്കും. മറ്റു ചിലര്‍ അത്തരമൊരു അടുപ്പത്തിനായി കൊതിക്കുന്നവരും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരും ആയിരിക്കും. എന്തായിരുന്നാലും ശ്രമം നാം ഉപേക്ഷിക്കരുത്.
ടീമംഗങ്ങള്‍ കുടെയുള്ളതാണ് കളിക്കളത്തിലായാലും ജീവിതത്തിലായാലും ഉയര്‍ന്നുവരുന്ന വലിയ പോരാട്ടങ്ങളെ നേരിടുവാനുള്ള മികച്ച തന്ത്രം എന്ന കാര്യത്തില്‍ ശലോമോനും ബാസ്കറ്റ് ബോള്‍ കോച്ചുകളും ഏകാഭിപ്രായക്കാരാണ്. കര്‍ത്താവേ, ഞങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പിന്തുണയ്ക്കുവാനും ഞങ്ങളുടെ ജീവിതത്തില്‍ അങ്ങ് ആളുകളെ വെച്ചിരിക്കുന്നതിന് നന്ദി.
ജീവിത പോരാട്ടങ്ങളെ നേരിടാന്‍ നമ്മെ സഹായിക്കേണ്ടതിന് ദൈവം നമുക്ക് സ്നേഹിതരെ നല്കുന്നു.