എന്റെ അണ്ടര്‍ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്ക് ഇടയിലുള്ള വേനല്‍ക്കാലത്തുടനീളം എന്റെ ഉത്കണ്ഠ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എല്ലാം മുന്നമേ പ്ലാന്‍ ചെയ്യാന്‍ ഞാനിഷ്ടപ്പെട്ടിരുന്നു എങ്കിലും ഒരു ജോലിയില്ലാതെ സംസ്ഥാനത്തിനു പുറത്തുള്ള ഗ്രാജുവേറ്റ് സ്കൂളില്‍ പ്രവേശിക്കുന്നത് എന്നെ അസ്വസ്ഥയാക്കി. എങ്കിലും എന്റെ വേനല്‍ക്കാല ജോലി വിടുന്നതിന് ചില ദിവസങ്ങള്‍ക്കുമുമ്പ്, പുതിയ സ്ഥലത്തിരുന്നുകൊണ്ട് ആ കമ്പനിക്കുവേണ്ടി തുടര്‍ന്നും ജോലി ചെയ്യാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ അത് സ്വീകരിക്കുകയും ദൈവം എന്റെ കാര്യം നോക്കുന്നു എന്ന സമാധാനം പ്രാപിക്കുകയും ചെയ്തു.
ദൈവം കരുതി, എന്റെ സമയത്തല്ല, അവന്റെ സമയത്ത്. അബ്രഹാം തന്റെ മകനായ യിസ്ഹാക്കുമായി ഇതിലും വലിയൊരു പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോയി. അവന്റെ മകനെ കൂട്ടിക്കൊണ്ടുപോയി ഒരു മലയില്‍ അവനെ യാഗം കഴിക്കുവാന്‍ അവനോടാവശ്യപ്പെട്ടു (ഉല്പത്തി 22:12). ഒട്ടും മടിക്കാതെ, അബ്രഹാം അനുസരിച്ച് യിസ്ഹാക്കിനെ അവിടേക്കു കൊണ്ടുപോയി. ഈ മൂന്ന് ദിവസയാത്ര തന്റെ മനസ്സ് മാറ്റുവാന്‍ മതിയായ സമയം അബ്രഹാമിന് നല്‍കിയെങ്കിലും അവനതു ചെയ്തില്ല (വാ. 3-4).
യിസ്ഹാക്ക് തന്റെ പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ അബ്രഹാമിന്റെ മറുപടി, ‘ദൈവം തനിക്ക് ഹോമയാഗത്തിന് ഒരു ആട്ടിന്‍കുട്ടിയെ നോക്കിക്കൊള്ളും’ (വാ. 8) എന്നായിരുന്നു. അബ്രഹാം യിസ്ഹാക്കിനെ യാഗപീഠത്തോട് ചേര്‍ത്ത് കെട്ടുന്ന ഓരോ കെട്ടിലും തന്റെ കത്തി ഉയര്‍ത്തിയ ഓരോ ഇഞ്ചിലും അവന്റെ ഉത്കണ്ഠ പെരുകിക്കൊണ്ടിരുന്നില്ലേ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു (വാ. 9-10). ദൂതന് അവനെ തടഞ്ഞപ്പോള്‍ അവന് അനുഭവിച്ചത് എത്ര വലിയ ആശ്വാസമായിരുന്നു (വാ. 11-12). ദൈവം യാഗമൃഗത്തെ, മുള്‍പ്പടര്‍പ്പില്‍ കുരങ്ങിക്കിടന്ന ഒരു ആട്ടുകൊറ്റനെ, നല്കി (വാ.13). ദൈവം അബ്രഹാമിന്റെ വിശ്വാസത്തെ പരീക്ഷിച്ചു, അവന് വിശ്വസ്തനെന്നു തെളിയിച്ചു. തക്കസമയത്ത്, ആ നിമിഷത്തില്‍, ദൈവം കരുതി (വാ.14).
കര്‍ത്താവേ, അങ്ങയുടെ കരുതലിനായി നന്ദി. ദീര്‍ഘനാളായി ഞാന്‍ കാത്തിരിക്കുന്നു എന്നു തോന്നുമ്പോഴും അങ്ങ് കരുതും എന്ന് അങ്ങയില്‍ ആശ്രയിക്കുവാന്‍ എന്നെ സഹായിക്കേണമേ.