വളഞ്ഞ പള്ളിഗോപുരാഗ്രങ്ങള്‍ ആളുകളെ അസ്വസ്ഥരാക്കാറുണ്ട്. ഞങ്ങള്‍ ചില സ്‌നേഹിതരെ സന്ദര്‍ശിച്ചപ്പോള്‍, ഒരു രൂക്ഷമായ കൊടുങ്കാറ്റിനുശേഷം അവരുടെ പള്ളിയുടെ അഭിമാനമായിരുന്ന ഗോപുരാഗ്രം വളഞ്ഞത് എങ്ങനെയാണ് അങ്കലാപ്പുളവാക്കിയതെന്നവര്‍ പങ്കുവച്ചു.

പള്ളി പെട്ടെന്നുതന്നെ അത് നന്നാക്കി എങ്കിലും ആ രസകരമായ ചിത്രം എന്നെ ചിന്തിപ്പിച്ചു. പലപ്പോഴും സഭ എന്നു പറയുന്നത് എല്ലാം പൂര്‍ണ്ണതയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നയിടമാണ്; നാം പോലും കുനിഞ്ഞനിലയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കാത്ത സ്ഥലമാണത്. ശരിയല്ലേ?

എന്നാല്‍ വീഴ്ച സംഭവിച്ച, തകര്‍ന്ന ലോകത്തില്‍ നാമെല്ലാം ‘വക്രത’ ഉള്ളവരാണ്, ഓരോരുത്തരും അവരവരുടെ സ്വാഭാവിക ബലഹീനതകളുടെ ശേഖരമുള്ളവര്‍. നമ്മുടെ ഈ ബലഹീനതകള്‍ പൊതിഞ്ഞു സൂക്ഷിക്കുവാന്‍ നാം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും വിപരീത മനോഭാവത്തെയാണ് തിരുവചനം പ്രോത്സാഹിപ്പിക്കുന്നത്. 2 കൊരിന്ത്യര്‍ 12 ല്‍ ഉദാഹരണമായി, പൗലൊസ് പറയുന്നത്, നമ്മുടെ ബലഹീനതയിലാണ് – അവനെ സംബന്ധിച്ച്, ‘ജഡത്തിലെ ശൂലം’ എന്നവന്‍ വിളിക്കുന്ന പേരുപറയാത്ത പോരാട്ടം (വാ. 7) – ക്രിസ്തു തന്റെ ശക്തി കൂടുതലായി വെളിപ്പെടുത്തുന്നതെന്നാണ്. ‘എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു’ എന്ന് യേശു അവനോടു പറഞ്ഞു (വാ. 9). പൗലൊസ് ഉപസംഹരിക്കുന്നത്, ‘അതുകൊണ്ട് ഞാന്‍ ക്രിസ്തുവിനു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം
എന്നിവ സഹിക്കുവാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍ തന്നേ ഞാന്‍ ശക്തനാകുന്നു’ എന്നാണ് (വാ. 10).

നമ്മുടെ അപൂര്‍ണ്ണതകളെ നാം ഇഷ്ടപ്പെട്ടെന്നു വരില്ല, പക്ഷേ അവയെ മറയ്ക്കുന്നത് നമ്മുടെ ആ വിഷയത്തില്‍ പ്രവര്‍ത്തിക്കാനുള്ള യേശുവിന്റെ ശക്തിയെ നിഷേധിക്കലാണ്. നാം നമ്മുടെ ജീവിതത്തിലെ വളഞ്ഞ ഇടങ്ങളിലേക്ക് യേശുവിനെ ക്ഷണിക്കുമ്പോള്‍, നമ്മുടെ ശ്രമങ്ങള്‍ക്ക് ഒരിക്കലും നിര്‍വഹിക്കാന്‍ കഴിയാത്ത തരത്തില്‍ അവന്‍ സൗമ്യമായി കേടുപോക്കുകയും വീണ്ടെടുക്കുകയും ചെയ്യും.