അഗതാ ക്രിസ്റ്റിയുടെ ഹെര്‍ക്യൂള്‍ പൊയ്‌റോട്ട് നിഗൂഢ നോവല്‍ ദി ക്ലോക്ക്‌സ്, കൊലപാതക പരമ്പര നടത്തുന്ന എതിരാളികളെ ചിത്രീകരിക്കുന്നതാണ്. അവരുടെ പ്രാഥമിക ലക്ഷ്യം ഒറ്റ ഇരയായിരുന്നു എങ്കിലും യഥാര്‍ത്ഥ കുറ്റത്തെ മറയ്ക്കുന്നതിനായി കൂടുതല്‍ ജീവനെടുക്കേണ്ടി വന്നു. പൊയ്‌റോട്ട് ചോദ്യം ചെയ്തപ്പോള്‍ ഒരു ഗൂഢാലോചനക്കാരന്റെ ഏറ്റുപറച്ചില്‍ ഇങ്ങനെ: ‘ഒരു കൊലപാതകം മാത്രം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്.”

ഈ കഥയിലെ ഗൂഢാലോചനക്കാരെപ്പോലെ, മതനേതാക്കള്‍ സ്വന്തനിലയില്‍ ഗൂഢാലോചന നടത്തി. യേശു ലാസറിനെ ഉയര്‍പ്പിച്ച ശേഷം (യോഹന്നാന്‍ 11:38-44) അവര്‍ ഒരു അടിയന്തിര യോഗം വിളിച്ചുകൂട്ടി അവനെ കൊല്ലുവാന്‍ പദ്ധതിയൊരുക്കി (വാ. 45-53). എന്നാല്‍ അവര്‍ അവിടെ നിര്‍ത്തിയില്ല. യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം, കല്ലറയ്ക്കല്‍ സംഭവിച്ച കാര്യത്തെക്കുറിച്ചു മതനേതാക്കള്‍ വ്യാജം പറഞ്ഞു പരത്തി (മത്തായി 28:12-15). തുടര്‍ന്ന് യേശുവിന്റെ ശിഷ്യന്മാരെ നിശബ്ദരാക്കാനുള്ള പദ്ധതി അവര്‍ ആരംഭിച്ചു (പ്രവൃത്തികള്‍ 7:57-8:3). ‘കൂടുതല്‍ നന്മയ്ക്ക്” എന്നു പറഞ്ഞ് ഒരു മനുഷ്യനെതിരായി ആരംഭിച്ച മത ഗൂഢാലോചന, നുണകളുടെയും ചതിയുടെയും എണ്ണമറ്റ മരണങ്ങളുടെയും വലിയൊരു വലയായി മാറി.

പലപ്പോഴും അവസാനം കാണാത്ത ഒരു പാതയിലേക്കാണ് പാപം നമ്മെ തള്ളിവിടുന്നത്. എങ്കിലും ദൈവം എല്ലായ്‌പ്പോഴും രക്ഷപെടാനൊരു വഴി നല്‍കുന്നുണ്ട്. ‘ജനം മുഴുവനും നശിച്ചു പോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കുവേണ്ടി മരിക്കുന്നത് നന്ന്” എന്ന് മഹാപുരോഹിതനായ കയ്യഫാവ് പറഞ്ഞപ്പോള്‍ (യോഹന്നാന്‍ 11:50) തന്റെ വാക്കുകളുടെ കാതലായ സത്യം അവന്‍ ഗ്രഹിച്ചിരുന്നില്ല. മതനേതാക്കളുടെ ഗൂഢാലോചന മനുഷ്യന്റെ വീണ്ടെടുപ്പിനുള്ള വഴിയൊരുക്കി.

പാപത്തിന്റെ കരാളഹസ്തത്തില്‍ നിന്ന് യേശു നമ്മെ രക്ഷിക്കുന്നു. അവന്‍ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം നിങ്ങള്‍ പ്രാപിച്ചിട്ടുണ്ടോ?