വിശപ്പ് എന്റെ ഉള്ളിനെ കാര്‍ന്നു തിന്നു. ദൈവത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഉപവാസം എന്ന് എന്റെ മെന്റര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പകല്‍ മുന്നോട്ടുപോയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു: യേശു എങ്ങനെയാണിത് നാല്‍പ്പത് ദിവസം ചെയ്തത്? സമാധാനത്തിനും ശക്തിക്കും ക്ഷമയ്ക്കുമായി പരിശുദ്ധാത്മാവില്‍ ആശ്രയിക്കാന്‍ ഞാന്‍ പണിപ്പെട്ടു. പ്രത്യേകിച്ചും ക്ഷമയ്ക്ക്.
നാം ശാരീരികമായി കഴിവുള്ളവരെങ്കില്‍, നമ്മുടെ ആത്മീകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കാന്‍ ഉപവാസത്തിനു കഴിയും. യേശു പറഞ്ഞതുപോലെ, ‘മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ക്കൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു” (മത്തായി 4:4). എങ്കിലും ഞാന്‍ നേരിട്ടു പഠിച്ചതുപോലെ, ഉപവാസം അതില്‍ തന്നെ നമ്മെ ദൈവത്തോടടുപ്പിക്കയില്ല!
വാസ്തവത്തില്‍, ദൈവം ഒരിക്കല്‍ പ്രവാചകനായ സെഖര്യാവിലൂടെ തന്റെ ജനത്തോട് പറഞ്ഞത്, അവരുടെ ഉപവാസം ദരിദ്രരെ സേവിക്കുന്നതിലേക്ക് അവരെ നയിക്കാത്തതിനാല്‍ പ്രയോജന രഹിതമാണെന്നാണ്. ‘എനിക്കുവേണ്ടിയോ നിങ്ങള്‍ ഉപവസിക്കുന്നത്?” ദൈവം ചോദിച്ചു (സെഖര്യാവ് 7:5).
ദൈവത്തിന്റെ ചോദ്യം വെളിപ്പെടുത്തുന്നത് പ്രാഥമിക പ്രശ്നം അവരുടെ വയര്‍ അല്ലെന്നാണ്; അവരുടെ തണുത്തുറഞ്ഞ ഹൃദയമാണ് പ്രശ്നം. തങ്ങളെത്തന്നെ സേവിക്കുന്നതിലൂടെ, ദൈവഹൃദയത്തോട് അടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ അവന് അവരെ നിര്‍ബന്ധിക്കുന്നത്, ‘നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തന് താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കുകയും ചെയ്യുവിന്‍. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്” (വാ. 9-10).
ഏത് ആത്മീയ ശിക്ഷണത്തിലും നമ്മുടെ ലക്ഷ്യം യേശുവിനോട് അടുക്കുന്നതായിരിക്കേണം. അവന്റെ സാദൃശ്യത്തില്‍ നാം വളരുമ്പോള്‍, അവന് സ്നേഹിക്കുന്നവര്‍ക്കുവേണ്ടിയും ഒരു ഹൃദയം നമുക്കുണ്ടാകും.
ദൈവമേ, എന്റെ സുഖങ്ങളും മറ്റുള്ളവരുടെ അംഗീകാരവും അന്വേഷിക്കുന്നതിന് ഞാന്‍ വശംവദനായിപ്പോകുന്നു. ഞാന്‍ മറ്റുള്ളവരെ സേവിക്കുന്നതിലൂടെ അങ്ങയെ പ്രസാദിപ്പിക്കുവാന്‍ എന്റെ ജീവിതത്തെ സഹായിക്കേണമേ.