വര്‍ഷങ്ങളോളം എന്റെ ഹൃദയത്തെ സംരക്ഷിക്കുവാന്‍ ഭയത്തിന്റെ കവചം ഞാന്‍ ധരിച്ചിരുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതും എന്റെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതും ദൈവത്തെ അനുസരിക്കുന്നതും ഒഴിവാക്കുന്നതിനുള്ള ഒരു ഒഴികഴിവായി അതു മാറി. എങ്കിലും നഷ്ടഭയവും ഹൃദയവേദനയും തിരസ്‌കരണവും, ദൈവമായും മറ്റുള്ളവരുമായും സ്‌നേഹമസൃണ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിന്നെന്നെ തടഞ്ഞു. ഭയം എന്നെ അരക്ഷിതയും ഉത്കണ്ഠാകുലയും അസുയാലുവുമായ ഒരു ഭാര്യയും അമിത സംരക്ഷണം കൊടുക്കുന്നവളും ആകുലചിത്തയുമായ മാതാവും ആക്കി മാറ്റി. എന്നിരുന്നാലും ദൈവം എന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നു ഞാന്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവനോടും മറ്റുള്ളവരോടും ബന്ധപ്പെടുന്ന രീതിയെ അവന്‍ രൂപാന്തരപ്പെടുത്തി. ദൈവം എന്നെ കരുതുന്നു എന്നെനിക്കറിയാവുന്നതുകൊണ്ട് ഞാന്‍ കൂടുതല്‍ സുരക്ഷിതയും എന്റെ ആവശ്യങ്ങള്‍ക്ക് മുമ്പ് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ വെയ്ക്കാന്‍ ഒരുക്കമുള്ളവളും ആയി മാറി.

ദൈവം സ്‌നേഹം ആകുന്നു (1 യോഹന്നാന്‍ 4:7-8). ക്രിസ്തുവിന്റെ ക്രൂശിലെ മരണം – സ്‌നേഹത്തിന്റെ ആത്യന്തിക പ്രദര്‍ശനം – നമ്മോടുള്ള അവന്റെ അഭിനിവേശത്തിന്റെ ആഴം വെളിപ്പെടുത്തുന്നു (വാ.9-10). ദൈവം നമ്മെ സ്‌നേഹിക്കുന്നതുകൊണ്ടും നമ്മില്‍ ജീവിക്കുന്നതുകൊണ്ടും, അവന്‍ ആരാണെന്നും എന്ത് ചെയ്‌തെന്നും ഉള്ളതിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ നമുക്ക് കഴിയും ( വാ.11-12).

യേശുവിനെ നാം നമ്മുടെ രക്ഷകനായി സ്വീകരിക്കുമ്പോള്‍ അവന്‍ നമുക്ക് തന്റെ പരിശുദ്ധാത്മാവിനെ നല്‍കുന്നു (വാ.13-15). ദൈവസ്‌നേഹത്തെ അറിയുവാനും അതിലാശ്രയിക്കുവാനും ആത്മാവ് നമ്മെ സഹായിക്കുമ്പോള്‍, അവന്‍ നമ്മെ കൂടുതല്‍ യേശുവിനോടു സാദൃശ്യരാക്കി മാറ്റുന്നു (വാ.16-17). ആശ്രയത്തിലും വിശ്വാസത്തിലും വളരുന്നത് ക്രമേണ ഭയത്തെ പുറത്താക്കുന്നു. കാരണം ദൈവം നമ്മെ ഗാഢമായും പൂര്‍ണ്ണമായും സ്‌നേഹിക്കുന്നുവെന്ന് സംശയരഹിതമായി നാം അറിയുന്നു (വാ.18-19).

നമ്മോടുള്ള ദൈവത്തിന്റെ വ്യക്തിപരവും നിരുപാധികവുമായ സ്‌നേഹത്തെ നാം അനുഭവിക്കുമ്പോള്‍, നാം വളരുകയും അവനോടും മറ്റുള്ളവരോടും ഭയരഹിതമായ സ്‌നേഹത്തോടുകൂടി ബന്ധപ്പെടുവാന്‍ തയ്യാറാകുകയും ചെയ്യും.