യഹോവ കരുതിക്കൊള്ളും
എന്റെ അണ്ടര്‍ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്ക് ഇടയിലുള്ള വേനല്‍ക്കാലത്തുടനീളം എന്റെ ഉത്കണ്ഠ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എല്ലാം മുന്നമേ പ്ലാന്‍ ചെയ്യാന്‍ ഞാനിഷ്ടപ്പെട്ടിരുന്നു എങ്കിലും ഒരു ജോലിയില്ലാതെ സംസ്ഥാനത്തിനു പുറത്തുള്ള ഗ്രാജുവേറ്റ് സ്‌കൂളില്‍ പ്രവേശിക്കുന്നത് എന്നെ അസ്വസ്ഥയാക്കി. എങ്കിലും എന്റെ വേനല്‍ക്കാല ജോലി വിടുന്നതിന് ചില ദിവസങ്ങള്‍ക്കുമുമ്പ്, പുതിയ സ്ഥലത്തിരുന്നുകൊണ്ട് ആ കമ്പനിക്കുവേണ്ടി തുടര്‍ന്നും ജോലി ചെയ്യാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ അത് സ്വീകരിക്കുകയും ദൈവം എന്റെ കാര്യം നോക്കുന്നു എന്ന സമാധാനം പ്രാപിക്കുകയും ചെയ്തു.
ദൈവം കരുതി, എന്റെ സമയത്തല്ല, അവന്റെ സമയത്ത്. അബ്രഹാം തന്റെ മകനായ യിസ്ഹാക്കുമായി ഇതിലും വലിയൊരു പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോയി. അവന്റെ മകനെ കൂട്ടിക്കൊണ്ടുപോയി ഒരു മലയില്‍ അവനെ യാഗം കഴിക്കുവാന്‍ അവനോടാവശ്യപ്പെട്ടു (ഉല്പത്തി 22:12). ഒട്ടും മടിക്കാതെ, അബ്രഹാം അനുസരിച്ച് യിസ്ഹാക്കിനെ അവിടേക്കു കൊണ്ടുപോയി. ഈ മൂന്ന് ദിവസയാത്ര തന്റെ മനസ്സ് മാറ്റുവാന്‍ മതിയായ സമയം അബ്രഹാമിന് നല്‍കിയെങ്കിലും അവനതു ചെയ്തില്ല (വാ. 3-4).
യിസ്ഹാക്ക് തന്റെ പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ അബ്രഹാമിന്റെ മറുപടി, 'ദൈവം തനിക്ക് ഹോമയാഗത്തിന് ഒരു ആട്ടിന്‍കുട്ടിയെ നോക്കിക്കൊള്ളും' (വാ. 8) എന്നായിരുന്നു. അബ്രഹാം യിസ്ഹാക്കിനെ യാഗപീഠത്തോട് ചേര്‍ത്ത് കെട്ടുന്ന ഓരോ കെട്ടിലും തന്റെ കത്തി ഉയര്‍ത്തിയ ഓരോ ഇഞ്ചിലും അവന്റെ ഉത്കണ്ഠ പെരുകിക്കൊണ്ടിരുന്നില്ലേ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു (വാ. 9-10). ദൂതന്‍ അവനെ തടഞ്ഞപ്പോള്‍ അവന്‍ അനുഭവിച്ചത് എത്ര വലിയ ആശ്വാസമായിരുന്നു (വാ. 11-12). ദൈവം യാഗമൃഗത്തെ, മുള്‍പ്പടര്‍പ്പില്‍ കുരങ്ങിക്കിടന്ന ഒരു ആട്ടുകൊറ്റനെ, നല്‍കി (വാ.13). ദൈവം അബ്രഹാമിന്റെ വിശ്വാസത്തെ പരീക്ഷിച്ചു, അവന്‍ വിശ്വസ്തനെന്നു തെളിയിച്ചു. തക്കസമയത്ത്, ആ നിമിഷത്തില്‍, ദൈവം കരുതി (വാ.14).
ഏകാന്തതാകാര്യ മന്ത്രി
തന്റെ ഭര്‍ത്താവിന്റെ മരണശേഷം ബറ്റ്‌സി മിക്ക ദിവസങ്ങളിലും ടെലിവിഷന്‍ കണ്ടും ഒരാള്‍ക്കുവേണ്ടി മാത്രം ചായ തിളപ്പിച്ചും കൊണ്ട് ഫ്‌ളാറ്റില്‍ ഒതുങ്ങിക്കൂടി. തന്റെ ഏകാന്തതയില്‍ അവള്‍ തനിച്ചായിരുന്നില്ല. 90 ലക്ഷത്തിലധികം ബ്രിട്ടീഷുകാര്‍ (ജനസംഖ്യയുടെ 15 ശതമാനം), തങ്ങള്‍ മിക്കപ്പോഴും അല്ലെങ്കില്‍ എല്ലായ്‌പ്പോഴും ഏകാന്തതയനുഭവിക്കുന്നു എന്നു പറയുന്നവരാണ്.
എന്തുകൊണ്ടാണിതെന്നു കണ്ടെത്താനും എങ്ങനെ സഹായിക്കാമെന്നു കണ്ടെത്താനുമായി ഏകാന്തതാകാര്യ മന്ത്രിയെ ഗ്രേറ്റ് ബ്രിട്ടന്‍ നിയമിച്ചിട്ടുണ്ട്.
ഏകാന്തതയുടെ ചില കാരണങ്ങള്‍ പരിചിതമാണ്: വേരുകള്‍ അറുക്കാന്‍ നാം വേഗം തയ്യാറാകുന്നു. നമുക്ക് നമ്മുടെ കാര്യം നോക്കാന്‍ കഴിയുമെന്നു നാം വിശ്വസിക്കുന്നു, മറ്റുള്ളവരിലേക്കു കൈനീട്ടാന്‍ നമുക്ക് കാരണവുമില്ല. സാങ്കേതിക വിദ്യ നമ്മെ അകറ്റിയിരിക്കുന്നു - നാം ഓരോരുത്തരും നമ്മുടെ മിന്നുന്ന സ്‌ക്രീനില്‍ മുഴുകിയിരിക്കുന്നു.
ഏകാന്തതയുടെ ഇരുണ്ടവശം ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളും കണ്ടിട്ടുണ്ടാകണം. ഇക്കാരണത്താലാണ് നമുക്ക് കൂട്ടുവിശ്വാസികളെ ആവശ്യമായിരിക്കുന്നത്. തുടര്‍ച്ചയായി ഒരുമിച്ചു കൂടുവാന്‍ നമ്മെ ഉത്സാഹിപ്പിച്ചുകൊണ്ടാണ് യേശുവിന്റെ യാഗത്തെക്കുറിച്ചുള്ള ചര്‍ച്ച എബ്രായലേഖനം ഉപസംഹരിക്കുന്നത് (10:25). നാം ദൈവ ഭവനത്തിലെ അംഗങ്ങളാണ്, അതിനാല്‍ നാം ''സഹോദര പ്രീതി'' ഉള്ളവരും ''അതിഥി സല്‍ക്കാരം'' ചെയ്യുന്നവരും ആയിരിക്കണം (13:12). നാം ഓരോരുത്തരും അതിനു ശ്രമിച്ചാല്‍, തങ്ങളെ മറ്റുള്ളവര്‍ കരുതുന്നു എന്ന് എല്ലാവരും മനസ്സിലാക്കും.
ഏകാന്തതയനുഭവിക്കുന്നവര്‍ നമ്മുടെ ദയ തിരിച്ചു തന്നെന്നു വരില്ല, എന്നാല്‍ അത് നിര്‍ത്താനുള്ള കാരണമല്ല. നമ്മെ കൈവിടുകയും ഉപേക്ഷിക്കയുമില്ല എന്ന് യേശു വാഗ്ദത്തം ചെയ്തിട്ടുണ്ട് (13:5). മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹത്തെ ആളിക്കത്തിക്കാന്‍ അവന്റെ സൗഹൃദത്തെ നമുക്കുപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ ഏകാന്തതയനുഭവിക്കുന്നോ? ഏതു വിധത്തില്‍ ദൈവകുടുംബത്തെ സേവിക്കാന്‍ നിങ്ങള്‍ക്ക് കഴിയും? യേശുവില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന സ്‌നേഹിതര്‍ എന്നേക്കും നിലനില്‍ക്കും, ഈ ജീവിതത്തിലും അതിനപ്പുറവും.
ജീവിതത്തിനുള്ള മികച്ച തന്ത്രം
ഗാലറിയിലിരുന്നുകൊണ്ട് എന്റെ മകളുടെ ബാസ്‌കറ്റ്‌ബോള്‍ കളി ഞങ്ങള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍, കോര്‍ട്ടിലുള്ള പെണ്‍കുട്ടികളോട് കോച്ച് ഒരു വാക്ക് പറയുന്നത് കേട്ടു: ''ഡബിള്‍സ്.'' പെട്ടെന്ന് അവരുടെ പ്രതിരോധ തന്ത്രം ഒരാള്‍ ഒരാളോട് എന്നത് മാറിയിട്ട് രണ്ടു കളിക്കാര്‍ ഒരുമിച്ചു പന്ത് പിടിച്ചിരിക്കുന്ന ഉയരമുള്ള എതിരാളിക്കെതിരെ തിരിഞ്ഞു. ഷൂട്ട് ചെയ്ത് സ്‌കോര്‍ ചെയ്യാനുള്ള അവളുടെ ശ്രമത്തെ തടയുന്നതില്‍ അവര്‍ വിജയിക്കുകയും തുടര്‍ന്ന് പന്ത് തങ്ങളുടെ ബാസ്‌കറ്റിലെത്തിക്കുകയും ചെയ്തു.
സഭാപ്രസംഗിയുടെ രചയിതാവായ ശലോമോന്‍, ലോകത്തിലെ കഷ്ടപ്പാടുകളോടും ഇച്ഛഭംഗങ്ങളോടും മല്ലിടുമ്പോള്‍ മനസ്സിലാക്കിയത്, നമ്മുടെ കഷ്ടപ്പാടുകളില്‍ ഒരു കൂട്ടാളിയുണ്ടാകുന്നത് ''നല്ല പ്രതിഫലം'' കിട്ടാന്‍ സഹായിക്കുമെന്നാണ് (4:9). ഒറ്റയ്ക്ക് പോരാടുന്ന ഒരുവന്‍ ''ആക്രമിക്കപ്പെട്ടേക്കാം'' പക്ഷേ രണ്ടുപേരായാല്‍ ''അവനോട് എതിര്‍ത്ത് നില്‍ക്കാം'' (വാ.12). സമീപത്തുള്ള സ്‌നേഹിതന്, നാം വീണാല്‍ നമ്മെ എഴുന്നേല്പ്പിക്കാന്‍ സാധിക്കും (വാ. 10).
ജീവിത പ്രതിസന്ധികളെ നാം ഒറ്റയ്ക്ക് നേരിടാതിരിക്കേണ്ടതിന് നമ്മുടെ യാത്രയില്‍ മറ്റുള്ളവരെ കൂടെക്കൂട്ടാന്‍ ശലോമോന്റെ വാക്കുകള്‍ നമ്മെ പ്രബോധിപ്പിക്കുന്നു: അത് നമ്മില്‍ ചിലര്‍ക്ക്, പരിചിതമോ സുഖകരമോ അല്ലാത്ത നിലയില്‍ മറ്റൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് കടക്കാന്‍ അനുവാദം കൊടുക്കലായിരിക്കും. മറ്റു ചിലര്‍ അത്തരമൊരു അടുപ്പത്തിനായി കൊതിക്കുന്നവരും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരും ആയിരിക്കും. എന്തായിരുന്നാലും ശ്രമം നാം ഉപേക്ഷിക്കരുത്.
ടീമംഗങ്ങള്‍ കുടെയുള്ളതാണ് കളിക്കളത്തിലായാലും ജീവിതത്തിലായാലും ഉയര്‍ന്നുവരുന്ന വലിയ പോരാട്ടങ്ങളെ നേരിടുവാനുള്ള മികച്ച തന്ത്രം എന്ന കാര്യത്തില്‍ ശലോമോനും ബാസ്‌കറ്റ് ബോള്‍ കോച്ചുകളും ഏകാഭിപ്രായക്കാരാണ്. കര്‍ത്താവേ, ഞങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പിന്തുണയ്ക്കുവാനും ഞങ്ങളുടെ ജീവിതത്തില്‍ അങ്ങ് ആളുകളെ വെച്ചിരിക്കുന്നതിന് നന്ദി.
കണ്ണുനീരിന്റെ പാത്രം
1840 കളുടെ ഒടുവില്‍ അയര്‍ലണ്ടിലുണ്ടായ ദുരന്തപൂര്‍ണ്ണമായ ഉരുളക്കിഴങ്ങു ക്ഷാമം നിമിത്തമുള്ള മരണത്തെ അതിജീവിക്കുവാന്‍ അറ്റ്‌ലാന്റിക് കടന്നവരെ അനുസ്മരിക്കുന്ന ''കണ്ണുനീരിന്റെ പാത്രം കടക്കുക'' എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണില്‍ കാണാം. ആ ദുരന്തത്തില്‍ പത്തു ലക്ഷത്തിലധികം പേര്‍ മരിക്കുകയും മറ്റൊരു പത്തുലക്ഷത്തിലധികം പേര്‍ സമുദ്രം കടക്കുന്നതിനായി ഭവനമുപേക്ഷിക്കുകയും ചെയ്തു. ഈ സമുദ്രത്തെ ബോയ്ല്‍ ഒ'റെയ്‌ലി കാവ്യ ശൈലിയില്‍ വിളിച്ചതാണ് ''കണ്ണുനീരിന്റെ ഒരു പാത്രം.'' വിശപ്പിനാലും ഹൃദയവേദനയാലും ഓടിക്കപ്പെട്ട ഈ സഞ്ചാരികള്‍ പരിതാപകരമായ ഘട്ടത്തില്‍ അല്പം പ്രത്യാശ തേടുകയാണുണ്ടായത്.
സങ്കീര്‍ത്തനം 55 ല്‍, താന്‍ എങ്ങനെയാണ് പ്രത്യാശ തേടിയതെന്നു ദാവീദ് പറയുന്നു. അവന്‍ നേരിട്ട ഭീഷണിയുടെ വിശദാംശങ്ങള്‍ നമുക്കറിയില്ലെങ്കിലും, തന്റെ അനുഭവത്തിന്റെ ഭാരം തന്നെ മാനസികമായി തകര്‍ക്കാന്‍ പര്യാപ്തമായിരുന്നു (വാ. 4-5). അവന്റെ സ്വാഭാവിക പ്രതികരണം പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. ''പ്രാവിനുള്ളതുപോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു'' (വാ. 6).
ദാവീദിനെപ്പോലെ, വേദനാജനകമായ അന്തരീക്ഷത്തില്‍ സുരക്ഷിതത്വത്തിലേക്കു പറന്നുപോകാന്‍ നാമും ആഗ്രഹിക്കും. എന്നിരുന്നാലും, തന്റെ ഓടിപ്പോക്കിനെക്കുറിച്ചു ചിന്തിച്ചശേഷം ദാവീദ് തന്റെ വേദനയില്‍ നിന്ന് ഓടിപ്പോകുന്നതിനു പകരം തന്റെ ദൈവത്തിങ്കലേക്കു ഓടിച്ചെല്ലുന്നതു തിരഞ്ഞെടുത്തു, അവന്‍ പാടി, ''ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും'' (വാ. 16).
പ്രശ്‌നങ്ങള്‍ വരുമ്പോള്‍, സര്‍വ്വാശ്വാസങ്ങളുടെയും ദൈവം നിങ്ങളുടെ അന്ധകാര നിമിഷങ്ങളിലും ആഴമായ ഭയങ്ങളിലും നിങ്ങളെ വഹിക്കാന്‍ പ്രാപ്തനാണെന്ന് ഓര്‍ക്കുക. ഒരു ദിവസം അവന്‍ നമ്മുടെ കണ്ണില്‍ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയുമെന്ന് അവന്‍ വാഗ്ദത്തം ചെയ്യുന്നു (വെളിപ്പാട് 21:4). ആ ഉറപ്പില്‍ ശക്തിപ്പെട്ടുകൊണ്ട് ഇന്ന് നമ്മുടെ കണ്ണുനീരിന്റെ നടുവില്‍ നമുക്ക് ഉറപ്പോടെ അവനില്‍ ആശ്രയിക്കാം.
നയിക്കുന്ന ഒരുവന്‍
മെന്റര്‍ എന്ന പദം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നതെന്താണ്? എനിക്ക് അത് പാസ്റ്റര്‍ റിച്ച് ആണ്. എനിക്ക് എന്നില്‍ വിശ്വാസമില്ലാതിരുന്നപ്പോള്‍ അദ്ദേഹം എന്റെ കഴിവുകള്‍ കാണുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്തു. താഴ്മയിലും സ്‌നേഹത്തിലും ശുശ്രൂഷിക്കുന്നതിലൂടെ എങ്ങനെ നയിക്കാമെന്ന് അദ്ദേഹം മാതൃക കാണിച്ചു തന്നു. തല്‍ഫലമായി, ഞാനിപ്പോള്‍ മറ്റുള്ളവര്‍ക്ക് ശിഷ്യത്വ പരിശീലനം നല്‍കുന്നതിലൂടെ ദൈവത്തെ സേവിക്കുന്നു.
ഒരു നേതാവെന്ന നിലയിലേക്കുള്ള എലീശായുടെ വളര്‍ച്ചയില്‍ പ്രവാചകനായ ഏലീയാവ് നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. അവനെ അഭിഷേകം ചെയ്യാന്‍ ദൈവം പറഞ്ഞ പ്രകാരം അവന്‍ നിലമുഴുതു കൊണ്ടിരിക്കുമ്പോള്‍ ഏലിയാവ് അവനെ കണ്ടെത്തുകയും തന്റെ പിന്‍ഗാമിയായി അവനെ ക്ഷണിക്കുകയും ചെയ്തു (1 രാജാക്കന്മാര്‍ 19:16,19). തന്റെ ഗുരു അസാധാരണ അത്ഭുതങ്ങള്‍ ചെയ്യുന്നതും എന്ത് വിഷയത്തിലും ദൈവത്ത അനുസരിക്കുന്നതും യുവ ശിഷ്യന്‍ ശ്രദ്ധിച്ചു. ഒരു ആജീവനാന്ത ശുശ്രൂഷയ്ക്കുവേണ്ടി എലീശയെ ഒരുക്കുന്നതിനായി ഏലീയാവിനെ ദൈവം ഉപയോഗിച്ചു. ഏലീയാവിന്റെ ജീവിതാന്ത്യത്തില്‍ മടങ്ങിപ്പോകാന്‍ എലീശയ്ക്ക് അവസരം ലഭിച്ചു. പകരം തന്റെ ഗുരുവിനോടുള്ള സമര്‍പ്പണം പുതുക്കാനാണ് ആ അവസരം അവന്‍ ഉപയോഗിച്ചത്. എലീശയ്ക്ക് തന്റെ ശുശ്രൂഷയില്‍ നിന്ന് വിടുതല്‍ നല്‍കാമെന്ന് മൂന്ന് പ്രാവശ്യം ഏലീയാവ് വാഗ്ദാനം ചെയ്തിട്ടും ഓരോ പ്രാവശ്യവും അവന്‍ നിരസിച്ചുകൊണ്ട് പറഞ്ഞു, 'യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല' (2 രാജാക്കന്മാര്‍ 2:2,4,6). എലീശയുടെ വിശ്വസ്തത നിമിത്തം അവനും അസാധാരണമായ നിലകളില്‍ ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടു.
യേശുവിനെ അനുഗമിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന് മാതൃക കാണിച്ചു തരുന്ന ഒരുവനെ നമുക്കെല്ലാം ആവശ്യമാണ്. ആത്മീയമായി വളരുന്നതിനു നമ്മെ സഹായിക്കുന്ന ഭക്തരായ സ്ത്രീകളെയും പുരുഷന്മാരെയും ദൈവം നമുക്ക് നല്‍കട്ടെ. നമുക്കും അവന്റെ ആത്മാവിന്റെ ശക്തിയാല്‍ മറ്റുള്ളവര്‍ക്കായി നമ്മുടെ ജീവിതത്തെ ചിലവാക്കാം.