Month: ജൂൺ 2019

സകല മനുഷ്യരുടെയും ദൈവം

ന്യൂസ്‌ബോയ്‌സിന്റെ മുന്‍ മുഖ്യ ഗായകന്‍ പീറ്റര്‍ ഫര്‍ലര്‍, ബാല്‍സിന്റെ 'അവന്‍ വാഴുന്നു' എന്ന സ്തുതിഗീതം ആലപിക്കുന്നതിനെക്കുറിച്ചു വിവരിക്കുന്നു. എല്ലാ ഗോത്രങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഐക്യതയോടെ ദൈവത്തെ ആരാധിക്കുവാന്‍ ഒരുമിച്ചു കൂടുന്നതിന്റെ ഉജ്ജലമായ ചിത്രം ആ ഗാനം വരച്ചു കാട്ടുന്നു. ന്യൂസ്‌ബോയ്‌സ് ആ ഗാനം ആലപിക്കുമ്പോഴൊക്കെയും കൂടിവന്ന വിശ്വാസികള്‍ക്കിടയില്‍ പരിശുദ്ധാത്മാവിന്റെ ഒരു ചലനം അനുഭവിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഫര്‍ലര്‍ നിരീക്ഷിച്ചു.

'അവന്‍ വാഴുന്നു' എന്ന ഗാനത്തോടുള്ള ബന്ധത്തില്‍ ഫര്‍ലറുടെ വിവരണം, പെന്തെക്കോസ്തു നാളില്‍ യെരുശലേമില്‍ കൂടിവന്ന ജനക്കൂട്ടത്തോട് സാമ്യമുള്ളതാണ്. ശിഷ്യന്മാര്‍ പരിശുദ്ധാത്മാവ് നിറഞ്ഞവരായപ്പോള്‍ (പ്രവൃത്തികള്‍ 2:4). ഏതൊരുവന്റെയും അനുഭവത്തിനപ്പുറമായ കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. തല്‍ഫലമായി, സകല രാജ്യങ്ങളില്‍ നിന്നുമുള്ള യെഹൂദന്മാര്‍ ചിന്താക്കുഴപ്പമുള്ളവരായി ഒരുമിച്ചുകൂടി, കാരണം ഓരോരുത്തരും അവരവരുടെ ഭാഷയില്‍ ദൈവത്തിന്റെ വന്‍ കാര്യങ്ങള്‍ വര്‍ണ്ണിക്കുന്നതാണ് കേട്ടത് (വാ. 5-6, 11). 'സകല ജഡത്തിന്മേലും ഞാന്‍ എന്റെ ആത്മാവിനെ പകരും' (വാ.17) എന്ന് ദൈവം അരുളിച്ചെയ്ത പഴയ നിയമ പ്രവചനത്തിന്റെ നിവൃത്തിയാണിത് എന്ന് പത്രൊസ് പുരുഷാരത്തിന് വിവരിച്ചു കൊടുത്തു.

ദൈവത്തിന്റെ അത്ഭുതാവഹമായ ശക്തിയുടെ ഈ സകലവും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം, പത്രൊസിന്റെ സുവിശേഷ പ്രഖ്യാപനം സ്വീകരിക്കുവാന്‍ ജനത്തെ പ്രേരിപ്പിക്കുകയും, ആ ഒറ്റ ദിവസത്തില്‍ മൂവായിരം പേര്‍ സ്‌നാനമേല്‍ക്കുകയും ചെയ്തു (വാ. 41). ഈ ശ്രദ്ധേയമായ തുടക്കത്തെത്തുടര്‍ന്ന്, ഈ പുതിയ വിശ്വാസികള്‍ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സുവിശേഷ ദൂതുമായി മടങ്ങിപ്പോയി.

സകല ജനത്തിനും പ്രത്യാശ നല്‍കുന്ന ദൈവിക സന്ദേശമായ സുവിശേഷം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. നാം ഒരുമിച്ചു ദൈവത്തെ സ്തുതിക്കുമ്പോള്‍, അവന്റെ ആത്മാവ് നമ്മുടെയിടയില്‍ ചലിക്കുകയും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളെ അതിശയകരമായ ഐക്യതയില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യും. അവന്‍ വാഴുന്നു!

കഷണങ്ങള്‍ പങ്കിടുക

അറുപത്തി രണ്ടു വയസ്സുള്ള ഭവനരഹിതനും മുന്‍പട്ടാളക്കാരനുമായ സ്റ്റീവ്, ചൂടു കാലാവസ്ഥയുള്ള ഒരിടത്തേക്ക് താമസം മാറ്റി. വര്‍ഷത്തിലെല്ലാ സമയത്തും വെളിയില്‍ ഉറങ്ങാന്‍ പറ്റുന്നിടമായിരുന്നു അത്. ഒരു സന്ധ്യയ്ക്ക് അദ്ദേഹം താന്‍ കൈകൊണ്ട് വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ - കുറച്ചു പണം സമ്പാദിക്കാനുള്ള ശ്രമത്തില്‍ - ഒരു യുവതി അടുത്ത് വന്ന് ഒരു പിസ്സായുടെ നിരവധി കഷണങ്ങള്‍ നീട്ടി. ആദ്ദേഹം നന്ദിയോടെ സ്വീകരിച്ചു. നിമിഷങ്ങള്‍ക്കകം സ്റ്റീവ് തനിക്ക് ലഭിച്ച സമൃദ്ധി, വിശക്കുന്ന മറ്റൊരു ഭവനരഹിതനുമായി പങ്കിട്ടു, അദ്ദേഹം തനിക്ക് ലഭിച്ചത് ഔദാര്യപൂര്‍വ്വം പങ്കിട്ടത് മനസ്സിലാക്കിയ ആ യുവതി ഉടനെ തന്നെ മറ്റൊരു പാത്രം ഭക്ഷണവുമായി അവിടെ വന്നു.

സ്റ്റീവിന്റെ കഥ, സദൃശവാക്യങ്ങള്‍ 11:25 ല്‍ കാണുന്ന പ്രമാണത്തെ ചിത്രീകരിക്കുന്നു. നാം മറ്റുള്ളവരോട് ഔദാര്യം കാണിക്കുമ്പോള്‍, നാം ഔദാര്യം തിരികെ അനുഭവിക്കും. എന്നാല്‍ തിരിച്ചുകിട്ടും എന്നു പ്രതീക്ഷിച്ചുകൊണ്ടല്ല നാം ഔദാര്യം കാണിക്കേണ്ടത്; അപൂര്‍വ്വമായി മാത്രമേ നമ്മുടെ ഔദാര്യം അയാള്‍ക്ക് കിട്ടിയതുപോലെ ഉടനടി മടക്കി ലഭിക്കാറുള്ളു. മറിച്ച് നാം അത് ചെയ്യുന്നത് ദൈവിക കല്പനയോടുള്ള സ്‌നേഹപൂര്‍വ്വമായ പ്രതികരണം നിമിത്തമാണ് (ഫിലിപ്പിയര്‍ 2:3-4; 1 യോഹന്നാന്‍ 3:17). നാം അത് ചെയ്യുമ്പോള്‍, ദൈവം പ്രസാദിക്കുന്നു. നമ്മുടെ പേഴ്സുകളും വയറുകളും നിറയ്ക്കാന്‍ യാതൊരു ബാധ്യതയും ഇല്ലെങ്കില്‍ പോലും, നമ്മെ നിറയ്ക്കാന്‍ - ചിലപ്പോള്‍ ഭൗതികമായും മറ്റു ചിലപ്പോള്‍ ആത്മീകമായും - അവന്‍ വഴി കണ്ടെത്തും.

സ്റ്റീവ് തനിക്ക് ലഭിച്ച രണ്ടാമത്തെ പ്ലേറ്റും പുഞ്ചിരിയോടും തുറന്ന കരങ്ങളോടും കൂടെ പങ്കിട്ടു. തനിക്ക് വരുമാന മാര്‍ഗ്ഗങ്ങളില്ലാതിരുന്നിട്ടും, നമുക്ക് വേണ്ടി ശേഖരിച്ചു വയ്ക്കാതെ നമുക്കുള്ളത് മറ്റുള്ളവരുമായി സന്തോഷത്തോടെ പങ്കിടുവാന്‍ മനസ്സുള്ളവരായി ഔദാര്യമനസ്സോടെ ജീവിക്കുക എന്നാല്‍ എന്തെന്ന്, അദ്ദേഹം മാതൃക കാണിച്ചു. ദൈവം നമ്മെ ശക്തീകരിക്കുകയും നയിക്കുകയും ചെയ്യുന്നതനുസരിച്ച് നമ്മെക്കുറിച്ചും അങ്ങനെ പറയാന്‍ ഇടയാകട്ടെ.

ആബിയുടെ പ്രാര്‍ത്ഥന

ആബി ഹൈസ്‌കൂളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍, ഒരു വിമാനാപകടത്തില്‍ മാരകമായി മുറിവേറ്റ ഒരു യുവാവിനെപ്പറ്റിയുള്ള വാര്‍ത്ത അവളും അമ്മയും കേട്ടു - ആ അപകടത്തില്‍ അവന്റെ പിതാവും രണ്ടാനമ്മയും കൊല്ലപ്പെട്ടിരിക്കുന്നു. ആ വ്യക്തിയെ അവര്‍ക്കറിയില്ലെങ്കിലും ആബിയുടെ അമ്മ പറഞ്ഞു, 'അവനും അവന്റെ കുടുംബത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കേണം,' അവരങ്ങനെ ചെയ്തു.

ചില വര്‍ഷങ്ങള്‍ക്ക് ശേഷം, ആബി തന്റെ യൂണിവേഴ്സിറ്റിയിലെ ഒരു ക്ലാസ്സിലേക്ക് നടക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥി തന്റെ അരികിലുള്ള കസേരയിലേക്ക് അവളെ ക്ഷണിച്ചു. ആ വിദ്യാര്‍ത്ഥി, ആബിയും മാതാവും പ്രാര്‍ത്ഥിച്ച, വിമാനാപകട ഇരയായ ഓസ്റ്റിന്‍ ഹാച്ച് ആയിരുന്നു. താമസിയാതെ അവര്‍ സൗഹൃദത്തിലാകുകയും 2018 ല്‍ വിവാഹിതരാകുകയും ചെയ്തു.

'എന്റെ ഭാവി ഭര്‍ത്താവിനുവേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത് എന്ന കാര്യം വിചിത്രമാണ്' അവരുടെ വിവാഹത്തിന് തൊട്ടുമുമ്പ് ഒരു അഭിമുഖത്തില്‍ ആബി പറഞ്ഞു. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സമയമെടുക്കാതെ നമ്മുടെ പ്രാര്‍ത്ഥനകള്‍ നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായും നമ്മോടടുത്ത ആളുകള്‍ക്കായും പരിമിതപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാല്‍ എഫെസൊസിലെ ക്രിസ്ത്യാനികള്‍ക്കെഴുതുമ്പോള്‍ പൗലൊസ് അവരോട് പറഞ്ഞത് 'സകല പ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിനായി
ജാഗരിച്ചും കൊണ്ടു, സകല വിശുദ്ധന്‍മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍' എന്നാണ് (എഫെസ്യര്‍ 6:18). 1 തിമൊഥെയൊസ് 2:1 ല്‍ അധികാരികള്‍ ഉള്‍പ്പെടെ ' സകല മനുഷ്യര്‍ക്കും' വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മോട് പറയുന്നു.

മറ്റുള്ളവര്‍ക്കുവേണ്ടി, നമുക്ക് പ്രാര്‍ത്ഥിക്കാം - നമുക്ക് പരിചയമില്ലാത്തവര്‍ക്ക് വേണ്ടി പോലും. അത് 'തമ്മില്‍ തമ്മില്‍ ഭാരങ്ങള്‍ ചുമക്കുന്നതിന്' ഉള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ് (ഗലാത്യര്‍ 6:2).

പിന്നുകള്‍ തട്ടിയിടുക

എന്റെ സ്‌നേഹിത എറിന്റെ കൈത്തണ്ടയില്‍, പിന്നുകളെ തട്ടിവീഴ്ത്തുന്ന പന്തിന്റെ ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത് എന്നില്‍ കൗതുകമുണര്‍ത്തി. സാറാ ഗ്രോവ്സിന്റെ 'സെറ്റിംഗ് അപ് ദി പിന്‍സ്' എന്ന ഗാനം ശ്രവിച്ചതിനെത്തുടര്‍ന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എറിന്‍ ഈ അതുല്യ ടാറ്റൂ അണിഞ്ഞത്. വല്ലവര്‍ക്കും എറിഞ്ഞു വീഴ്ത്താനായി വീണ്ടും വീണ്ടും കൈകൊണ്ട് പിന്നുകള്‍ ഉറപ്പിക്കുന്നതുപോലെയുള്ള അര്‍ത്ഥ ശൂന്യമെന്ന് തോന്നുന്ന ആവര്‍ത്തിച്ചുള്ള പ്രതിദിന ജോലികളില്‍ സന്തോഷം കണ്ടെത്താന്‍ ബുദ്ധിപൂര്‍വ്വമായ ഈ വരികള്‍ ശ്രോതാക്കളെ ഉത്സാഹിപ്പിക്കുന്നു.

തുണി കഴുകല്‍, പാചകം, പുല്‍ത്തകിടി വെട്ടല്‍ എന്നിങ്ങനെ ജീവിതത്തില്‍ നിറയെ ജോലികളാണ് - ഒരിക്കല്‍ പൂര്‍ത്തിയാക്കിയാലും പിന്നെയും പിന്നെയും ആവര്‍ത്തിക്കേണ്ടവ. ഇതൊരു പുതിയ പോരാട്ടമല്ല, പഴയ അസ്വസ്ഥതകളാണ്. പഴയ നിയമ ഗ്രന്ഥമായ സഭാപ്രസംഗിയിലും ഈ പോരാട്ടം കാണാം. ദൈനംദിന മനുഷ്യജീവിതത്തിലെ അന്തമില്ലാത്ത കറക്കത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി എഴുത്തുകാരന്‍ പരാതിപ്പെട്ടുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത് (1:2-3). 'ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തു കഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു' (വാ.9) എന്നതിനാല്‍ അവ അര്‍ത്ഥശൂന്യമാകുന്നു.

എങ്കിലും, എന്റെ സ്‌നേഹിതയെപ്പോലെ, എഴുത്തുകാരനും 'നാം ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകള്‍ പ്രമാണിക്കുമ്പോള്‍' (12:13) നമ്മുടെ ആത്യന്തിക സാക്ഷാത്ക്കാരം സംഭവിക്കും എന്ന് ഓര്‍മ്മിച്ചുകൊണ്ട് സന്തോഷവും അര്‍ത്ഥവും കണ്ടെത്തുവാന്‍ കഴിഞ്ഞു. ജീവിതത്തിലെ സാധാരണവും മുഷിപ്പനെന്നു തോന്നുന്നതുമായ കാര്യങ്ങളും ദൈവം വിലമതിക്കുകയും നമ്മുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും (വാ.14) എന്നറിയുന്നത് നമുക്കാശ്വസമാണ്.

നിങ്ങള്‍ തുടര്‍ച്ചയായി ഉറപ്പിച്ചുകൊണ്ടിരിക്കുന്ന 'പിന്നുകള്‍' എന്താണ്? ആവര്‍ത്തിക്കുന്ന ജോലികള്‍ നിങ്ങളെ ക്ഷീണിപ്പിക്കുന്ന സമയങ്ങളില്‍, ഓരോ ജോലിയും ദൈവത്തിനുള്ള സ്‌നേഹയാഗമായി സമര്‍പ്പിക്കുവാന്‍ ഒരു നിമിഷം നമുക്ക് മാറ്റി വയ്ക്കാം.

അവസരം നഷ്ടപ്പെടുത്തരുത്

'നിങ്ങളുടെ കുഞ്ഞുങ്ങളെ ചന്ദ്രനെ കാണിക്കാന്‍ ലഭിക്കുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത്' അവള്‍ പറഞ്ഞു. ഞങ്ങളുടെ മധ്യവാര പ്രാര്‍ത്ഥനായോഗം തുടങ്ങും മുമ്പ് ഞങ്ങളില്‍ ഒരു സംഘം തലേരാത്രിയിലെ പൂര്‍ണ്ണ ചന്ദ്രനെക്കുറിച്ചു സംസാരിച്ചു. ചക്രവാളത്തില്‍ ഇരിക്കുന്നതുപോലെ തോന്നുന്ന പൂര്‍ണ്ണ ചന്ദ്രന്‍ ആകര്‍ഷകമാണ്. ഞങ്ങളുടെ സംഭാഷണത്തിലെ മുതിര്‍ന്ന ശബ്ദം മിസ്സിസ് വെബ്ബറിന്റേതായിരുന്നു - ദൈവത്തിന്റെ അതിശ്രേഷ്ഠ സൃഷ്ടിയെ സ്‌നേഹിക്കുന്ന തല നരച്ച സ്ത്രീയാണ് മിസ്സിസ് വെബ്ബര്‍. ആ സമയത്ത് എനിക്കും എന്റെ ഭാര്യയ്ക്കും രണ്ടു മക്കളാണെന്നവര്‍ക്കറിയാം! അവരെ പ്രയോജനകരമായ രീതിയില്‍ വളര്‍ത്തുന്നതിന് എന്നെ സഹായിക്കാന്‍ അവര്‍ ആഗ്രഹിച്ചുകൊണ്ടു പറഞ്ഞു, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ചന്ദ്രനെ കാണിച്ചുകൊടുക്കാന്‍ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്തരുത്!

മിസ്സിസ് വെബ്ബര്‍ ഒരു നല്ല സങ്കീര്‍ത്തന രചയിതാവാകേണ്ടിയിരുന്നു. അവളുടെ ശ്രദ്ധാപൂര്‍വ്വമായ നിരീക്ഷണം, ആകാശ ഗോളങ്ങളെക്കുറിച്ചുള്ള ദാവീദിന്റെ വിവരണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്: 'ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്‍ക്കുവാനുമില്ല. ... ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും
ചെല്ലുന്നു' (സങ്കീര്‍ത്തനം 19:3-4). സങ്കീര്‍ത്തനക്കാരനോ മിസ്സിസ് വെബ്ബറോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ആരാധിക്കാന്‍ താല്പര്യപ്പെട്ടില്ല മറിച്ച് അവയ്ക്ക് പിന്നിലുള്ള സൃഷ്ടിപ്പിന്‍ കരങ്ങളെയാണ് അവര്‍ ആരാധിക്കാന്‍ താല്‍പ്പര്യപ്പെട്ടത്. ആകാശവും നക്ഷത്രമണ്ഡലങ്ങളും ദൈവമഹത്വത്തില്‍ കുറഞ്ഞൊന്നുമല്ല വെളിപ്പെടുത്തുന്നത് (വാ. 1).

നമുക്ക് ചുറ്റും, ദൈവമഹത്വത്തെ പ്രഖ്യാപിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നവയെ, നിന്ന് നോക്കി, ശ്രദ്ധിക്കുവാന്‍ നമുക്കും ചുറ്റുമുള്ളവരെയും - കുഞ്ഞുങ്ങളെയും കൗമാരക്കാരെയും തുടങ്ങി ജീവിതപങ്കാളിയെയും അയല്‍ക്കാരെയും വരെ - പ്രോത്സാഹിപ്പിക്കുവാന്‍ നമുക്ക് കഴിയും. അവന്റെ കൈകളുടെ പ്രവര്‍ത്തികളിലേക്ക് ശ്രദ്ധ തിരിക്കുന്നത് മുഴു പ്രദര്‍ശനത്തിന്റെയും പിന്നിലുള്ള അത്ഭുതവാനായ ദൈവത്തെ ആരാധിക്കുന്നതിലേക്ക് നയിക്കും. അവസരം ഒരു കാലത്തും നഷ്ടപ്പെടുത്തരുത്.