ഒരു റെഡ് ലൈറ്റിനു മുമ്പില്‍ ഞാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍, അതേ മനുഷ്യന് റോഡരികില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഒരു കാര്‍ഡ് ബോര്‍ഡ് സൈന്‍ അയാള്‍ പിടിച്ചിരുന്നു: ‘ഭക്ഷണത്തിനു പണം ആവശ്യമുണ്ട്. എന്തെങ്കിലും തരണം.’ ഞാന്‍ ദൃഷ്ടി മാറ്റി നെടുവീര്‍പ്പിട്ടു. ആവശ്യക്കാരനെ അവഗണിക്കുന്ന വ്യക്തിയാണോ ഞാന്‍?
ചിലയാളുകള്‍ ആവശ്യക്കാരാണെന്നു നടിക്കുമെങ്കിലും കബളിപ്പിക്കുന്നവരാണ്. മറ്റു ചിലര്‍ ന്യായമായ ആവശ്യങ്ങളുള്ളവരാണെങ്കിലും വിനാശകരമായ ശീലങ്ങള്‍ ഉള്ളവരാണ്. സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത് ഞങ്ങളുടെ നഗരത്തിലെ എയ്ഡ് മിഷനുകള്‍ക്ക് പണം കൊടുക്കുന്നതാണ് നല്ലതെന്നാണ്. ഞാന്‍ ശക്തമായി നെടുവീര്‍പ്പിട്ട ശേഷം കാര്‍ മുന്നോട്ടെടുത്തു. എനിക്ക് അസ്വസ്ഥത തോന്നി എങ്കിലും ഞാന്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചു എന്നെനിക്കറിയാം.
‘ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിന്‍, ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍, ബലഹീനരെ താങ്ങുവിന്‍’ (1 തെസ്സലൊനീക്യര്‍ 5:14) എന്ന് ദൈവം നമ്മോട് കല്പ്പിക്കുന്നു. ഇത് നന്നായി ചെയ്യണമെങ്കില്‍ ഓരോരുത്തരും ഏത് വിഭാഗത്തില്‍ പെടുന്നു എന്നു നാം അറിഞ്ഞിരിക്കണം. നാം ഒരു ബലഹീനനോ ഉള്ക്കരുത്തില്ലാത്തവനോ താക്കീതു നല്കുകയാണെങ്കില് നാം അവനെ മാനസികമായി തളര്‍ത്തും; ഒരു മടിയനെ നാം സഹായിച്ചാലോ അലസതയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. തല്‍ഫലമായി, ഒരു വ്യക്തിയുടെ ആവശ്യമെന്തെന്ന് അറിയത്തക്കവണ്ണം അയാളെ നന്നായി അറിയാന്‍ നമുക്ക് കഴിയുമ്പോള്‍ നമുക്കയാളെ നന്നായി സഹായിക്കാന്‍ കഴിയും.
ഒരാളെ സഹായിക്കാന്‍ വേണ്ടി ദൈവം നിങ്ങളുടെ ഹൃദയത്തെ ജ്വലിപ്പിച്ചിട്ടുണ്ടോ? വളരെ നല്ലത്! ഇപ്പോള്‍ പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്! ആ വ്യക്തിയുടെ ആവശ്യം നിങ്ങള്‍ക്കറിയാമെന്നു ചിന്തിക്കരുത്. അവളുടെ കഥ പങ്കുവെയ്ക്കാന്‍ പറയുക, ശ്രദ്ധിച്ചു കേള്‍ക്കുക. ബുദ്ധിപരമെന്നു തോന്നുന്ന നിലയില്‍ പ്രാര്‍ത്ഥനയോടെ നല്‍കുക, അല്ലാതെ നിങ്ങളുടെ സമാധാനത്തിനായി കൊടുക്കരുത്. ‘തമ്മില്‍… നന്മ ചെയ്തുകൊണ്ടിരിപ്പാന്’ നാം യാഥാര്‍ത്ഥമായും ആഗ്രഹിക്കുന്നുവെങ്കില്‍ ‘എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പാന്‍’ – അവര്‍ ഇടറുമ്പോള്‍ പോലും – നാം ഒരുക്കമുള്ളവരാകും (വാ. 14-15).
എന്നാണ് മറ്റുള്ളവര്‍ നിങ്ങളെ നന്നായി സഹായിച്ചിട്ടുള്ളത്? മറ്റുള്ളവരെ എങ്ങനെ നന്നായി സഹായിക്കാം എന്നതിനെക്കുറിച്ചു എന്താണ് നിങ്ങള്‍ പഠിച്ചിട്ടുള്ളത്?
പിതാവേ, ബുദ്ധിപൂര്‍വ്വവും കൂടെക്കൂടെയും സഹായിപ്പാന്‍ എന്നെ സഹായിക്കേണമേ.