വേദനയോടെ പറയട്ടെ, തിന്മ ദീര്‍ഘകാലം മുടപ്പെട്ടുകിടന്നത് – അനേക സ്ത്രീകളെ പുരുഷന്മാര് ബലംപ്രയോഗിച്ച് മാനഭംഗപ്പെടുത്തിയത് – വെളിച്ചത്തിലേക്കു വന്നു. തലക്കെട്ടുകള്‍ക്കു പുറകെ തലക്കെട്ടുകള്‍ വായിച്ചപ്പോള്‍ എന്റെ ഹൃദയം നിരാശയാല്‍ നിറഞ്ഞു, പ്രത്യേകിച്ചു കുറ്റാരോപിതരായ രണ്ടു പുരുഷന്മാര് ഞാന്‍ ആദരിക്കുന്നവരായിരുന്നു. ഈ വിഷയത്തില്‍ സഭ പോലും തെറ്റിന് അതീതമല്ല.
ദാവീദ് രാജാവ് തന്റെ തന്നെ കുറ്റത്തെയാണ് അഭിമുഖീകരിച്ചത്. ശമൂവേല്‍ നമ്മോടു പറയുന്നത് ഒരു ഉച്ചകഴിഞ്ഞ സമയത്ത് ദാവീദ് ‘ഒരു സ്ത്രീ കുളിക്കുന്നതു മാളികയില്‍ നിന്നു കണ്ടു’ (2 ശമൂവേല്‍ 11:2) എന്നാണ്. ദാവീദ് അവളെ മോഹിച്ചു. ബേത്ത്ശേബാ തന്റെ വിശ്വസ്ത പടയാളികളില്‍ ഒരുവന്റെ (ഊരിയാവ്) ഭാര്യയായിരുന്നിട്ടും ദാവീദ് അവളെ പ്രാപിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് ബേത്ത്ശേബാ ദാവീദിനോടു പറഞ്ഞപ്പോള്‍, അവന് ഭയപ്പെട്ടു. വഞ്ചനയുടെ ഒരു നികൃഷ്ട പ്രവൃത്തിയിലൂടെ ഊരിയാവ് യുദ്ധമുന്നണിയില്‍ മരിക്കത്തക്കവിധം യോവാബുമായി അവന് പദ്ധതി തയ്യാറാക്കി.
ബേത്ത്ശേബയ്ക്കും ഊരിയാവിനുമെതിരെ ദാവീദ് നടത്തിയ അധികാര ദുര്‍വിനിയോഗം മറവായിരുന്നില്ല. നാം അതു കാണണമെന്ന് ഉറപ്പിച്ച് ശമൂവേല്‍ അതു ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ പാപങ്ങളോട് നാം ഇടപെടണം.
മാത്രമല്ല, നാം ആ കഥകള്‍ കേള്‍ക്കുന്നത്, നമ്മുടെ കാലഘട്ടത്തില്‍ നാം അധികാരത്തെ ദുര്‍വിനിയോഗം ചെയ്യാതെ സൂക്ഷിക്കേണ്ടതിനാണ്. ദാവീദ് ”ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള മനുഷ്യന്” ആയിരുന്നു (പ്രവൃ. 13:22), അപ്പോള്‍ തന്നെ തന്റെ പ്രവൃത്തികള്‍ക്ക് ദൈവസന്നിധിയില്‍ കണക്കു കൊടുക്കേണ്ട വ്യക്തിയുമായിരുന്നു. നാമും പ്രാര്‍ത്ഥനയോടെ നമ്മുടെ നേതാക്കളെ അവര്‍ അധികാരം എങ്ങനെ ഉപയോഗിക്കുന്നു അല്ലെങ്കില്‍ ദുര്‍വിനിയോഗം ചെയ്യുന്നു എന്നതിന് കണക്കുബോധിപ്പിക്കേണ്ടവരാക്കേണം.
ദൈവത്തിന്റെ കൃപയാല്‍, വീണ്ടെടുപ്പു സാധ്യമാണ്. നാം മുന്നോട്ടു വായിച്ചാല്‍, ദാവീദിന്റെ ശരിയായ മാനസാന്തരം നാം കാണും (2 ശമൂവേല്‍ 12:13). കഠിന ഹൃദയങ്ങള്‍ ഇപ്പോഴും മരണത്തില്‍നിന്നും ജീവനിലേക്കു തിരിയുന്നതിനായി സ്തോത്രം.
ദൈവമേ, ലോകത്തില്‍ ഞാന്‍ കാണുന്ന സകല തകര്‍ച്ചകളുടെയും എന്നിലെ തകര്‍ച്ചകളുടെയും കാര്യത്തില്‍ എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അങ്ങയുടെ വെളിച്ചം ഞങ്ങളില്‍ വീശുകയും ഞങ്ങളെ സൗഖ്യമാക്കുകയും ചെയ്യണമേ.