‘വൈകാരികമായി നാം ചിലപ്പോള്‍ ഒരു മണിക്കൂറുകൊണ്ട് ഒരു മുഴുദിവസത്തെ ജോലി ചെയ്തുതീര്‍ക്കാറുണ്ട്” ദി ഇമ്പേര്‍ഫെക്ട് പാസ്റ്റര്‍ (അപൂര്‍ണ്ണനായ പാസ്റ്റര്‍) എന്ന ഗ്രന്ഥത്തില്‍ സാക്ക് എസൈ്വന്‍ എഴുതി. പാസ്റ്റര്‍മാര്‍ സാധാരണയായി വഹിക്കുന്ന ഭാരത്തെക്കുറിച്ചാണദ്ദേഹം പരാമര്‍ശിക്കുന്നതെങ്കിലും, നമ്മിലാരെ സംബന്ധിച്ചും ഇതു സത്യമാണ്. ഭാരമേറിയ വികാരങ്ങളും ഉത്തരവാദിത്വങ്ങളും നമ്മെ ശാരീരികമായും മാനസികമായും ആത്മീകമായും തളര്‍ത്തും. അന്നേരം നമുക്കു ചെയ്യാന്‍ തോന്നുന്നത് ഉറങ്ങുക മാത്രമായിരിക്കും.
1 രാജാക്കന്മാര് 19 ല്‍, ഏലീയാ പ്രവാചകനെ എല്ലാ നിലയിലും തളര്‍ന്നുപോയ ഒരു സാഹചര്യത്തില്‍ നാം കാണുന്നു. അവന് ബാലിന്റെ പ്രവാചകന്മാരെ കൊന്ന വര്‍ത്തമാനം (18:16-40 കാണുക) കേട്ട ഈസബേല്‍ രാജ്ഞി അവനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി (വാ. 1-2). ഏലിയാവ് ഭയപ്പെട്ട് ജീവരക്ഷയ്ക്കായി ഓടിപ്പോകുകയും മരിച്ചാല്‍ മതി എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു (19:3-4).
അവന്റെ പരിഭ്രമത്തില്‍ അവന് നിലത്തു കിടന്നു. ഒരു ദൂതന് അവനെ രണ്ടു പ്രാവശ്യം തട്ടിയുണര്‍ത്തി ‘എഴുന്നേറ്റു തിന്നുക’ എന്നു പറഞ്ഞു (വാ. 6, 7). രണ്ടാം പ്രാവശ്യം ദൈവം നല്കിയ ആഹാരത്തില്‍ ഏലീയാവ് ശക്തിപ്പെട്ടു, ഒരു ഗുഹയില്‍ എത്തുവോളം ‘നാല്പതു പകലും നാല്‍പ്പതു രാവും’ നടന്നു (വാ. 8-9). അവിടെവെച്ച് ദൈവം അവനു പ്രത്യക്ഷപ്പെടുകയും അവനെ വീണ്ടും ശുശ്രൂഷയ്ക്കായി നിയോഗിക്കുകയും ചെയ്തു (വാ. 9-18). അവന് ഉന്മേഷം പ്രാപിക്കുകയും താന്‍ ചെയ്യാന്‍ ദൈവം നിയോഗിച്ച പ്രവൃത്തി തുടരുകയും ചെയ്തു.
ചില സമയങ്ങളില്‍ നമുക്കും കര്‍ത്താവിന്റെ ധൈര്യപ്പെടുത്തല്‍ ആവശ്യമായി വരും. ഇതു ചിലപ്പോള്‍ ഒരു സഹവിശ്വാസിയുമായുള്ള സംഭാഷണത്തിലൂടെയോ ഒരു ആരാധനാ ഗാനത്തിലൂടെയോ പ്രാര്‍ത്ഥനയിലോ വചനധ്യാനത്തിലോ സമയം ചിലവഴിക്കുമ്പോഴോ ആയിരിക്കാം.
തളര്‍ന്നിരിക്കുന്നോ? ഇന്ന് നിങ്ങളുടെ ഭാരങ്ങള്‍ ദൈവത്തോടു പറയുകയും ഉന്മേഷം പ്രാപിക്കുകയും ചെയ്യുക. അവന് നിങ്ങളുടെ ഭാരം ചുമക്കും.
സ്നേഹവാനായ ദൈവമേ, ഞാന്‍ തളര്‍ന്നിരിക്കുമ്പോള്‍ അങ്ങയിലേക്കു തിരിയുവാന്‍ എന്നെ സഹായിക്കണമേ. അങ്ങയില്‍ ഞാന്‍ വിശ്രമം കണ്ടെത്തുന്നതിനു നന്ദി.