അടുത്തയിടെ ഞാനും ഭാര്യ കാരിയും ഞങ്ങളുടെ കോളജ് പുനഃസമാഗമനത്തിനായി കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറയിലേക്ക് – മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ കണ്ടുമുട്ടുകയും പ്രണയബദ്ധരാകുകയും ചെയ്ത നഗരം – യാത്ര ചെയ്യുകയുണ്ടായി. ഞങ്ങളുടെ യൗവനത്തിലെ ഏറ്റവും മികച്ച സമയങ്ങളില്‍ ചിലത് ഞങ്ങള്‍ ചിലവഴിച്ച നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. എങ്കിലും ഞങ്ങളുടെ ഇഷ്ട മെക്സിക്കന്‍ റെസ്റ്റോറന്റിന്റെ സ്ഥലത്തു ഞങ്ങള്‍ എത്തിയപ്പോള്‍ അവിടെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന ഒരു കടയാണു ഞങ്ങള്‍ കണ്ടത്. റെസ്റ്റോറന്റ് നാലു പതിറ്റാണ്ട് സമൂഹത്തിനു നല്കിയ സേവനത്തിന്റെ സ്്മാരകമെന്നോണം ഒരു പഴകിയ ഇരുമ്പ് ബോര്‍ഡ് അവിടെ തൂങ്ങിക്കിടന്നിരുന്നു.
ഇപ്പോള്‍ തരിശായതെങ്കിലും ഒരിക്കല്‍ വര്‍ണ്ണാഭമായ മേശകളും തിളങ്ങുന്ന കുടകളും കൊണ്ടു സന്തോഷപൂരിതമായിരുന്ന പരിചിതമായ നടപ്പാതയിലേക്കു ഞാന്‍ സൂക്ഷിച്ചു നോക്കി. ഞങ്ങള്‍ക്കു ചുറ്റും വളരെയധികം മാറ്റം സംഭവിച്ചിരിക്കുന്നു! എങ്കിലും മാറ്റത്തിന്റെ നടുവിലും, ദൈവത്തിന്റെ വിശ്വസ്തത ഒരിക്കലും മാറുന്നില്ല. ദാവീദ് വിശദമായി നിരീക്ഷിച്ചിരിക്കുന്നത്: ‘മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന് പൂക്കുന്നു. കാറ്റ് അതിന്മേല് അടിക്കുമ്പോള്‍ അത് ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറിയുകയുമില്ല. യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്ക്കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും’ (സങ്കീര്‍ത്തനം 103:15-17). ഈ വാക്കുകളോടെയാണ് ദാവീദ് സങ്കീര്‍ത്തനം ഉപസംഹരിക്കുന്നത്: ‘എന്‍ മനമേ, യഹോവയെ വാഴ്ത്തുക’ (വാ. 22).
പുരാതന തത്വജ്ഞാനിയായ ഹെരാക്ലീറ്റസ് പറഞ്ഞു, ‘നിങ്ങള്‍ക്കൊരിക്കലും ഒരേ നദിയില്‍ രണ്ടു പ്രാവശ്യം ഇറങ്ങുവാന്‍ കഴിയുകയില്ല.’ ജീവിതം നമുക്കു ചുറ്റും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു, എങ്കിലും ദൈവം അനന്യനായി നിലകൊള്ളുന്നു, തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുമെന്ന കാര്യത്തില്‍ അവനെ നമുക്കെപ്പോഴും വിശ്വസിക്കാന്‍ കഴിയും. അവന്റെ വിശ്വസ്തതയിലും സ്നേഹത്തിലും തലമുറ തലമുറയായി നമുക്കാശ്രയിക്കാന്‍ കഴിയും.
സര്‍വ്വശക്തനും നിത്യനുമായ ദൈവമേ, അങ്ങ് ഒരിക്കലും മാറുന്നില്ല എന്നതിനും എപ്പോഴും ആശ്രയിക്കാവുന്നവനാണെന്നതിനും നന്ദി. ഇന്ന് അങ്ങയുടെ സ്നേഹത്തിലും വിശ്വസ്തതയിലും ആശ്രയിക്കുവാന്‍ എന്നെ സഹായിക്കണമേ.