പാരീസിലെ നോത്രദാം കത്തീഡ്രല്‍ ഒരു മനോഹരമായ കെട്ടിടമാണ്. അതിന്റെ ശില്‍പ്പഭംഗി ഹൃദയാവര്‍ജ്ജകവും വര്ണ്ണച്ചില്ലുപാകിയ ജനലുകളും മനോഹരമായ അകത്തളങ്ങളും ആകര്‍ഷകവുമാണ്. എങ്കിലും നൂറ്റാണ്ടുകള്‍ പാരീസ് പ്രകൃതി ഭംഗിക്കുമേല്‍ തലയുയര്‍ത്തി നിന്നശേഷം അതിന് പുതുക്കിപ്പണി ആവശ്യമായി വന്നു-മഹത്തായ പുരാതന കെട്ടിടത്തിന് അഗ്നിയില്‍ വന്‍നാശം ഉണ്ടായതിനെത്തുടര്‍ന്നാണ് പുതുക്കിപ്പണി വേണ്ടി വന്നത്.
അങ്ങനെ എട്ടു നൂറ്റാണ്ടു പഴക്കമുള്ള ഈ കെട്ടിടത്തെ സ്നേഹിക്കുന്ന ആളുകള്‍ അതിനെ രക്ഷിച്ചെടുക്കാന്‍ വന്നുകൊണ്ടിരിക്കുന്നു. കെട്ടിങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി നൂറു കോടിയിലധികം ഡോളര്‍ ശേഖരിച്ചുകഴിഞ്ഞു. കല്ലുകൊണ്ടുള്ള അടിത്തറ പുതുക്കണം. കേടുവന്ന ഉള്‍ഭാഗവും അതിന്റെ കരകൗശല വേലകളും പുനഃസ്ഥാപിക്കണം. എന്നിരുന്നാലും അധ്വാനം പ്രയോജനകരമാണ്, കാരണം അനേകരെ സംബന്ധിച്ച് ഈ പുരാതന കത്തീഡ്രല്‍ പ്രത്യാശയുടെ പ്രതീകമാണ്.
കെട്ടിടത്തെ സംബന്ധിച്ചു സത്യമായ കാര്യം നമ്മെ സംബന്ധിച്ചും സത്യമാണ്. പുരാതന പള്ളിപോലെ നമ്മുടെ ശരീരം കാലക്രമേണ ക്ഷയിക്കും. എന്നാല്‍ അപ്പൊസ്തലനായ പൗലൊസ് വിശദീകരിക്കുന്നതുപോലെ നമുക്കൊരു സദ്വാര്‍ത്തയുണ്ട് – ക്രമേണ നമുക്ക് യൗവനത്തിന്റെ പ്രസരിപ്പു നഷ്ടപ്പെട്ടാലും നാം ആരാണെന്ന കാതല്‍ – നമ്മുടെ ആത്മിക മനുഷ്യന് – തുടര്‍ന്നും പുതുക്കം പ്രാപിച്ചുകൊണ്ടിരിക്കുവാനും വളരുവാനും കഴിയും (2 കൊരിന്ത്യര്‍ 4:16).
”കര്‍ത്താവിനെ പ്രസാദിപ്പിക്കുക’ എന്നതു നമ്മുടെ ലക്ഷ്യമാകുമ്പോള്‍ (5:9) അതു നിവര്‍ത്തിയാക്കുവാനും നമ്മെ രൂപാന്തരപ്പെടുത്തുവാനും നാം പരിശുദ്ധാത്മാവില്‍ ആശ്രയിക്കും (3:18; എഫെസ്യര്‍ 5:18). നമ്മുടെ ‘കെട്ടിടം’ എങ്ങനെ പുറമെ കാണപ്പെട്ടാലും നമ്മുടെ ആത്മിക വളര്‍ച്ച ഒരു കാലത്തും നിര്‍ത്തേണ്ട കാര്യമില്ല.
കര്‍ത്താവേ, അങ്ങയുടെ ആത്മാവു ഞങ്ങളെ പുതുക്കുന്നതിനും രൂപാന്തരപ്പെടുത്തുന്നതിനും നന്ദി. അങ്ങയില്‍ വിശ്രമിക്കുന്നതിനും അങ്ങയുമായുള്ള ഞങ്ങളുടെ ബന്ധത്തില്‍ വളരുന്നതിനും ആവശ്യമായ ധൈര്യവും ശക്തിയും ഞങ്ങള്‍ക്കു തുടര്‍ന്നും നല്കണമേ.