ഡെസ്മണ്ട് ഡോസ്സ് രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാട്ടത്തിനല്ലാതെ നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മതവിശ്വാസം തോക്കു കൊണ്ടുനടക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നുവെങ്കിലും അദ്ദേഹം ആതുര സേവകനായി പ്രവര്‍ത്തിച്ചു. ഒരു യുദ്ധത്തില്‍, മുറിവേറ്റ എഴുപത്തിയഞ്ചു പടയാളികളെ കഠിനമായ വെടിവെയ്പിന്റെ നടുവില്‍ അദ്ദേഹം രക്ഷിച്ച് സുരക്ഷിതസ്ഥാനത്താക്കി. അദ്ദേഹത്തിന്റെ കഥ ‘ദി കോണ്‍ഷ്യെന്‍ഷ്യസ് ഒബ്ജക്ടര്‍’ എന്ന ഡോക്യുമെന്ററിയിലും ‘ഹാക്ക്സോ റിഡ്ജ്’ എന്ന സിനിമയിലും ചിത്രീകരിച്ചിട്ടുണ്ട്.
ക്രിസ്തീയ വിശ്വാസ വീരന്മാരുടെ ഒരു പട്ടികയില്‍ അബ്രഹാം, മോശെ, ദാവീദ്, ഏലീയാവ്, പത്രൊസ്, പൗലൊസ് തുടങ്ങിയ അത്തരത്തിലുള്ള ധൈര്യശാലികളായ ആളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അരിമഥ്യയിലെ യോസേഫ്, നിക്കോദേമൊസ് തുടങ്ങി പ്രകീര്‍ത്തിക്കപ്പെടാത്ത വീരന്മാരുമുണ്ട്. അവര്‍ യെഹൂദ പ്രമാണിമാരോടൊപ്പമുള്ള തങ്ങളുടെ സ്ഥാനം വകവയ്ക്കാതെ ക്രിസ്തുവിന്റെ ക്രൂശിത ശരീരം താഴെയിറക്കുവാനും അവനു നല്ലൊരു അടക്കം നല്കുവാനും തങ്ങളുടെ ജീവനെ തൃണവല്ഗണിച്ചു മുന്നിട്ടിറങ്ങി (യോഹന്നാന് 19:40-42). യേശുവിന്റെ രഹസ്യ ശിഷ്യനും ഭീരുവുമായ ഒരുവന്റെയും രാത്രിയില്‍ മാത്രം യേശുവിനെ സന്ദര്‍ശിക്കാന്‍ ധൈര്യപ്പെട്ട മറ്റൊരുവനായ നിക്കോദേമൊസിന്റെയും (വാ. 38-39) ഭാഗത്തുനിന്നുള്ള ധൈര്യപൂര്‍വ്വമായ ചുവടുവയ്പായിരുന്നു ഇത്. ഇതിനെക്കാളെല്ലാം ശ്രദ്ധേയം യേശു കല്ലറയില്‍ നിന്നും ഉയിര്ത്തെഴുന്നേല്ക്കുന്നതിനു മുമ്പായിരുന്നു അവരിതു ചെയ്തത് എന്നതായിരുന്നു. എന്തുകൊണ്ട്?
ഒരുപക്ഷേ യേശുവിന്റെ മരണവിധവും അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളും (മത്തായി 27:50-54) ഈ ഭീരുക്കളായ ശിഷ്യന്മാരുടെ ചഞ്ചല വിശ്വാസത്തെ ഉറപ്പിച്ചിരിക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് തങ്ങളോടു ചെയ്യാന്‍ കഴിയുന്ന കാര്യത്തെക്കാള്‍ ദൈവം ആരാണ് എന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാം. പ്രേരകം എന്തായിരുന്നാലും, നമുക്ക് അവരുടെ മാതൃക പിന്തുടര്ന്ന് മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ ദൈവത്തിലുള്ള വിശ്വാസത്തിനുവേണ്ടി ധൈര്യം കാട്ടുവാന്‍ തയ്യാറാകാം.
ധൈര്യം എന്നത് ഭയത്തിന്റെ അസാന്നിധ്യമല്ല, അതിന്മേലുള്ള ജയമാണ്. നെല്‍സണ്‍ മണ്ടേല