തദ്ദേശീയ ഗായകനായ ടിം മക്ഗ്രോയുടെ ‘ലീവ് ലൈക്ക് യു വേര്‍ ഡൈയിംഗ്’ (നിങ്ങള്‍ മരിക്കുകയാണ് എന്ന നിലയില്‍ ജീവിക്കുക) എന്ന ഗാനം എന്നെ പ്രചോദിപ്പിച്ചു. ഒരു മനുഷ്യന് തന്റെ മോശമായ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചശേഷം അയാള്‍ ആവേശപൂര്‍വ്വം ചെയ്യാന്‍ ശ്രമിച്ച ചില കാര്യങ്ങളുടെ പട്ടികയാണ് ആ പാട്ടില്‍ വിവരിക്കുന്നത്. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ആളുകളെ സ്നേഹിക്കുവാനും ക്ഷമിക്കുവാനും – അവരോടു കൂടുതല്‍ സൗമ്യമായി സംസാരിക്കുവാനും – അയാള്‍ തയ്യാറായി. നമ്മുടെ ജീവിതം ഉടനെ അവസാനിക്കും എന്ന മട്ടില്‍ നന്നായി ജീവിക്കാനാണ് പാട്ട് ശുപാര്‍ശ ചെയ്യുന്നത്.

ഈ ഗാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ സമയത്തിനു പരിമിതിയുണ്ടെന്നാണ്. ഇന്നു നാം ചെയ്യേണ്ടത് നാളത്തേയ്ക്കു മാറ്റിവയ്ക്കരുത് എന്നത് വളരെ പ്രധാനമാണ്, കാരണം ഒരു ദിവസം നമ്മുടെ നാളെകള്‍ നഷ്ടമാകും. യേശുവില്‍ വിശ്വസിക്കുന്നവരെ, ഏതു നിമിഷവും യേശു മടങ്ങിവരും (ഒരുപക്ഷേ നിങ്ങള്‍ ഇതു വായിക്കുന്ന ആ നിമിഷത്തില്‍ തന്നേ) എന്നു വിശ്വസിക്കുന്നവരെ, സംബന്ധിച്ച് ഇതു പ്രത്യേകം അടിയന്തിര പ്രാധാന്യമുള്ളതാണ്. മണവാളന്‍ വരുന്നനേരം ഒരുങ്ങാതിരുന്ന ‘ബുദ്ധിയില്ലാത്ത’ കന്യകമാരില്‍ നിന്നു വ്യത്യസ്തമായി ഒരുങ്ങിയിരിക്കാന്‍ യേശു നമ്മെ നിര്‍ബന്ധിക്കുന്നു (മത്തായി 25:6-10).

മക്ഗ്രോയുടെ സംഗീതം മുഴുവന്‍ കഥയും പറയുന്നില്ല. യേശുവിനെ സ്നേഹിക്കുന്ന നമുക്ക് ഒരിക്കലും നാളെകള്‍ നഷ്ടമാകുകയില്ല. യേശു പറഞ്ഞു, ‘ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കുകയില്ല’ (യോഹന്നാന്‍ 11:25-26). അവനിലുള്ള നമ്മുടെ ജീവിതം ഒരുനാളും അവസാനിക്കുന്നില്ല.
അതുകൊണ്ട് മരിക്കുന്നവരെപ്പോലെ നിങ്ങള്‍ ജീവിക്കരുത്. കാരണം നിങ്ങള്‍ മരിക്കയില്ല. മറിച്ച് യേശു വരുന്നു എന്ന നിലയില്‍ ജീവിക്കുക. കാരണം അവന്‍ വരുന്നു!