ഉത്തര ഇംഗ്ലണ്ടിലെ ലങ്കാഷയറിലുള്ള പച്ചപ്പണിഞ്ഞ മൊട്ടക്കുന്നുകളിലേക്കു ഞാന്‍ ദൃഷ്ടി പായിച്ചു, കുന്നുകളില്‍ മേഞ്ഞുനടക്കുന്ന പൊട്ടുപോലെ തോന്നിക്കുന്ന ആടുകള്‍ക്കു ചുറ്റും കെട്ടിയിരിക്കുന്ന കല്‍മതില്‍ ശ്രദ്ധിച്ചു. തെളിഞ്ഞ ആകാശത്തില്‍ പഞ്ഞിക്കെട്ടുപോലെ മേഘങ്ങള്‍ നീങ്ങുന്നു. ആ കാഴ്ചകള്‍ ആസ്വദിച്ച് ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു. ഞാന്‍ സന്ദര്‍ശിച്ച റിട്രീറ്റ് സെന്ററില്‍ ജോലി ചെയ്യുന്ന സ്ത്രീയോട് ആ മനോഹര കാഴ്ചയെക്കുറിച്ചു ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അവള്‍ പറഞ്ഞു, ‘നിങ്ങള്‍ക്കറിയാമോ, ഞങ്ങളുടെ അതിഥികള്‍ ചൂണ്ടിക്കാണിക്കുന്നതിനു മുമ്പ് ഞാനൊരിക്കലും അതു ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങളിവിടെ വര്‍ഷങ്ങളായി ജീവിക്കുന്നു; ഞങ്ങള്‍ കൃഷിക്കാരായിരുന്നപ്പോള്‍ അതു ജോലിസ്ഥലം മാത്രമായിരുന്നു!’

നമ്മുടെ നേരെ മുമ്പിലുള്ള സമ്മാനം പലപ്പോഴും നാം എളുപ്പത്തില്‍ നഷ്ടപ്പെടുത്താറുണ്ട്, പ്രത്യേകിച്ചു നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സൗന്ദര്യം. ദിവസവും നമ്മിലും നമുക്കു ചുറ്റും ദൈവം പ്രവര്‍ത്തിക്കുന്ന മനോഹരമായ വിധങ്ങളും നാം കാണാതെപോകും. അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശ്വാസികള്‍ക്കുള്ള ലേഖനത്തില്‍ എഴുതിയതുപോലെ, യേശുവിലുള്ള വിശ്വാസികളില്‍ ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു ഗ്രഹിക്കുന്നതിന് നമ്മുടെ ആത്മീയ ദൃഷ്ടി പ്രകാശിപ്പിക്കുന്നതിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ നമുക്കു കഴിയും. ദൈവത്തെ നന്നായി അറിയുന്നതിനായി അവന്‍ അവര്‍ക്കു ജ്ഞാനവും വെളിപ്പാടും നല്‍കണമെന്ന് പൗലൊസ് വാഞ്ഛിക്കുന്നു (എഫെസ്യര്‍ 1:17). അവര്‍ ദൈവത്തിന്റെ പ്രത്യാശ, വാഗ്ദത്തം ചെയ്ത ഭാവി, ശക്തി എന്നിവ അറിയേണ്ടതിന് അവരുടെ ഹൃദയം പ്രകാശിപ്പിക്കപ്പെടണം എന്ന് അവന്‍ പ്രാര്‍ത്ഥിച്ചു (വാ. 18-19).