ഡേവ് തന്റെ ജോലി ആസ്വദിച്ചിരുന്നു, എങ്കിലും ഏറെക്കാലമായി എന്തിലേക്കോ തന്നെ വലിക്കുന്നതായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇപ്പോള്‍ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടുകൊണ്ട് മിഷനറി പ്രവര്‍ത്തനത്തിനായി അദ്ദേഹം ചുവടുവയ്ക്കുകയാണ്. എങ്കിലും വിചിത്രമെന്നു പറയട്ടെ, ഗൗരവമായ സംശയങ്ങളും അദ്ദേഹത്തെ അലട്ടി.
‘ഇതിനുള്ള അര്‍ഹത എനിക്കില്ല’ അദ്ദേഹം ഒരു സുഹൃത്തിനോടു പറഞ്ഞു. ‘മിഷന് ബോര്‍ഡിന് യഥാര്‍ത്ഥ എന്നെ അറിയില്ല. ഞാന്‍ ഇതിനു പറ്റിയവനല്ല.’
ഡേവിനു നല്ല പറ്റിയ കൂട്ടുകാരുണ്ടായിരുന്നു. മോശെയുടെ പേരു കേട്ടാല്‍ ഉടനെ നാംചിന്തിക്കുന്നത് നേതൃത്വം, ശക്തി, പത്തു കല്പനകള് എന്നിവയെക്കുറിച്ചാണ്. ഒരു മനുഷ്യനെ കൊന്നതിനുശേഷം മരുഭൂമിയിലേക്ക് ഓടിപ്പോയവനാണ് മോശ എന്നതു നാം മറക്കുന്നു. ഒരു അഭയാര്‍ത്ഥിയായി മരുഭൂമിയില്‍ ജീവിച്ച നാല്പതു വര്‍ഷങ്ങളുടെ വിശദാംശങ്ങള്‍ നമുക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ കോപ പ്രശ്നവും ദൈവത്തോട് അതേ എന്നു പറയാനുള്ള വിമുഖതയും നാം കണ്ടില്ലെന്നു നടിക്കുന്നു.
മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശം ദൈവം നല്കുമ്പോള് (പുറപ്പാട് 3:1-10), ഞാന്‍-അത്ര-നല്ലവനല്ല എന്ന കാര്‍ഡാണ് മോശെ കളിക്കുന്നത്. ദൈവത്തോട് നീണ്ട ഒരു വാദപ്രതിവാദത്തിനു തയ്യാറായി അവന് ചോദിക്കുന്നത്, ‘ഞാന്‍ എന്തു മാത്രമുള്ളു’ അഥവാ ‘ഞാന്‍ ആരാണ്?’ (വാ. 11). തുടര്‍ന്ന് താന്‍ ആരാണ് എന്നു ദൈവം മോശെയോടു പറയുന്നു, ‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’ (വാ. 14). ഈ നിഗൂഢ നാമം വിശദീകരിക്കുക നമുക്ക് അസാദ്ധ്യമാണ് കാരണം വിശദീകരിക്കപ്പെടാന്‍ കഴിയാത്ത നമ്മുടെ ദൈവം മോശെയോട് തന്റെ നിത്യ സാന്നിധ്യത്തെ വിശദീകരിക്കുകയാണ്.
നമ്മുടെ സ്വന്തം ബലഹീനതയെക്കുറിച്ചു ബോധമുള്ളത് ആരോഗ്യകരമായ പ്രവണതയാണ്. എന്നാല്‍ ദൈവം നമ്മെ ഉപയോഗിക്കുന്നതില്‍ നിന്നും അകന്നു നില്‍ക്കുന്നതിനുള്ള ഒഴികഴിവായി നാം അവയെ ഉപയോഗിച്ചാല്‍ നാം അവനെ അപമാനിക്കുകയാണ് ചെയ്യുന്നത്. ദൈവം അത്ര നല്ലവനല്ല എന്നാണു നാം പറയുന്നത്.
ഞാന്‍ ആരാണ് എന്നതല്ല ചോദ്യം. ഞാന്‍ ആകുന്നവന്‍ ആരാണ് എന്നതാണു ചോദ്യം.
നിത്യനായ ദൈവമേ, ഞങ്ങളെപ്പോലെയുള്ള ആളുകളെ അങ്ങ് ഉപയോഗിക്കുമോ എന്നത് ഞങ്ങള്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്. എങ്കിലും ഞങ്ങളെപ്പോലെയുള്ളവര്ക്കുവേണ്ടി മരിക്കുവാന്‍ അങ്ങ് പുത്രനെ അയച്ചു, അതുകൊണ്ട് ഞങ്ങളുടെ സംശയങ്ങള്‍ ക്ഷമിക്കണമേ. അങ്ങ് ഞങ്ങളുടെ വഴിയില്‍ കൊണ്ടുവരുന്ന വെല്ലുവിളികളെ അംഗീകരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.