എന്റെ അനന്തരവളും അവളുടെ നാലു വയസ്സുകാരി മകള്‍ കെയ്‌ലിനും എനിക്കും സന്തോഷകരമായ ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള ഒത്തുകൂടല്‍ ലഭിച്ചു. പുറത്തു കുമിള പൊട്ടിച്ചും ഒരു രാജകുമാരിയുടെ കളറിംഗ് ബുക്കില്‍ നിറം കൊടുത്തും പീനട്ട് ബട്ടറും ജെല്ലി സാന്‍വിച്ചും ഭക്ഷിച്ചും ഞങ്ങള്‍ ആഘോഷിച്ചു. അവര്‍ പോകാനായി കാറില്‍ കയറിയപ്പോള്‍, തുറന്ന വിന്‍ഡോയിലൂടെ കെയ്‌ലിന്‍ മധുരമായി വിളിച്ചു പറഞ്ഞു, ‘എന്നെ മറക്കല്ലേ, ആനി ആന്റി.’ ഞാന്‍ പെട്ടെന്നു കാറിനടുത്തേക്കു ചെന്നിട്ടു പറഞ്ഞു, ‘എനിക്കു നിന്നെ മറക്കാന്‍ കഴിയില്ല. ഞാന്‍ താമസിയാതെ നിന്നെ കാണാമെന്നു വാക്കു തരുന്നു.’

പ്രവൃത്തികള്‍ 1 ല്‍, യേശു ‘അവര്‍ കാണ്‍കെ … ആരോഹണം ചെയ്തത്’ (വാ. 9) ശിഷ്യന്മാര്‍ കണ്ടു. തങ്ങളുടെ ഗുരു തങ്ങളെ മറക്കുമോ എന്നവര്‍ ചിന്തിച്ചിരുന്നോ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു. എന്നാല്‍ അവരോടുകൂടെയിരിക്കാനും വരുവാനിരിക്കുന്ന പീഡനത്തെ നേരിടുന്നതിന് അവരെ ശക്തീകരിക്കുവാനും തന്റെ ആത്മാവിനെ അയയ്ക്കാമെന്ന് അവന്‍ തൊട്ടു മുമ്പു വാഗ്ദത്തം ചെയ്തിരുന്നു (വാ. 8). താന്‍ അവര്‍ക്കുവേണ്ടി ഒരു സ്ഥലം ഒരുക്കുവാന്‍ പോകയാണെന്നും തന്നോടുകൂടെയിരിക്കേണ്ടതിന് അവരെ കൊണ്ടുപോകാന്‍ താന്‍ വീണ്ടും വരുമെന്നും അവന്‍ അവരെ പഠിപ്പിച്ചിരുന്നു (യോഹന്നാന്‍ 14:3). എന്നാല്‍ എത്രകാലം അവര്‍ കാത്തിരിക്കേണ്ടിവരുമെന്ന് അവര്‍ അത്ഭുതപ്പെട്ടിരിക്കാം. ‘യേശുവേ, ഞങ്ങളെ മറക്കരുതേ’ എന്നു പറയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നിരിക്കാം.

യേശുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള നമ്മെ സംബന്ധിച്ച്, പരിശുദ്ധാത്മാവിലൂടെ അവന്‍ നമ്മില്‍ ജീവിക്കുന്നു. എങ്കിലും അവന്‍ എന്നു വന്ന് നമ്മെയും തന്റെ സൃഷ്ടിയെയും പൂര്‍ണ്ണമായി യഥാസ്ഥാനപ്പെടുത്തും എന്നു നാം അത്ഭുതപ്പെടുന്നു. എന്നാലതു സംഭവിക്കും – അവന്‍ നമ്മെ മറക്കുകയില്ല. അതിനാല്‍ ‘അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മികവര്‍ദ്ധന വരുത്തിയും പോരുവിന്‍’ (1 തെസ്സലൊനീക്യര്‍ 5:10-11).