Month: ഒക്ടോബർ 2019

കൃപയുടെ വിത്തുകള്‍

ഏതാണ്ട് നാലു പതിറ്റാണ്ടോളം ഇന്‍ഡ്യയിലെ ഒരു മനുഷ്യന്‍ ഒരു മണല്‍നിറഞ്ഞ ഊഷരഭൂമി ഹരിതാഭമാക്കാന്‍ അധ്വാനിച്ചു. താന്‍ ഏറെ സ്‌നേഹിച്ചിരുന്ന നദീ ദ്വീപിനെ മണ്ണൊലിപ്പും മാറിവരുന്ന കാലാവസ്ഥയും നശിപ്പിക്കുന്നതു കണ്ടറിഞ്ഞ അദ്ദേഹം ഒരു സമയം ഒരു മരം വീതം നടാനാരംഭിച്ചു, ആദ്യം മുളയും പിന്നെ പരുത്തിയും നട്ടു. ഇന്ന് തഴച്ചുവളരുന്ന വനവും സമൃദ്ധമായ വന്യജീവികളും 1300 ഏക്കറിലധികം വരുന്ന ഭൂമിയെ നിറച്ചിരിക്കുന്നു. എങ്കിലും ഈ പുനര്‍ജന്മം സംഭവിപ്പിച്ചതു താനല്ല എന്ന് അദ്ദേഹം സമ്മതിക്കുന്നു. പ്രകൃതി രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്ന അതിശയകരമായ വിധത്തെ അംഗീകരിച്ചുകൊണ്ട്, കാറ്റ് എങ്ങനെയാണ് വിത്തുകളെ ഫലഭൂയിഷ്ടമായ ഭൂമിയിലേക്കു വഹിച്ചുകൊണ്ടുപോകുന്നത് എന്നദ്ദേഹം പറയുന്നു. അവയെ വിതയ്ക്കുന്നതില്‍ മൃഗങ്ങളും പക്ഷികളും പങ്കുവഹിക്കുന്നു, സസ്യങ്ങളും മരങ്ങളും വളരുന്നതിന് നദികളും സഹായിക്കുന്നു.

നമുക്കു മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത വിധത്തിലാണ് സൃഷ്ടി പ്രവര്‍ത്തിക്കുന്നത്. ദൈവരാജ്യത്തിനും ഈ ലളിതമായ തത്വം ബാധകമാണെന്ന് യേശു പറഞ്ഞു. 'ദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്ത് എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍ അറിയാതെ വിത്തു മുളച്ചു വളരുന്നതുപോലെ ആകുന്നു' (മര്‍ക്കൊസ് 4:26-27). നമ്മുടെ ഇടപെടല്‍ കൂടാതെ ദൈവം നിര്‍മ്മലമായ സമ്മാനംപോലെ ലോകത്തിന് ജീവനും സൗഖ്യവും കൊണ്ടുവരുന്നു. ദൈവം നമ്മോടു ആവശ്യപ്പെടുന്നതു മാത്രം നാം ചെയ്യുന്നു, എന്നിട്ട് ജീവന്‍ ഉളവാകുന്നതു നാം നോക്കിയിരിക്കുന്നു. അവന്റെ കൃപയില്‍നിന്നാണ് സകലവും ഉളവാകുന്നത് എന്നു നാം അറിയുന്നു.

ഒരുവന്റെ ഹൃദയത്തെ രൂപന്തരപ്പെടുത്തുന്നതോ നമ്മുടെ വിശ്വസ്ത വേലയുടെ ഫലം ഉറപ്പാക്കുന്നതോ നമ്മുടെ ഉത്തരവാദിത്വം ആണെന്നു വിശ്വസിക്കാന്‍ നാം പരീക്ഷിക്കപ്പെടാറുണ്ട്. എങ്കിലും, ആ തളര്‍ത്തുന്ന സമ്മര്‍ദ്ദത്തിനടിയില്‍ നാം ജീവിക്കേണ്ട കാര്യമില്ല. നമ്മുടെ എല്ലാ വിത്തുകളെയും വളര്‍ത്തുന്നതു ദൈവമാണ്. അതെല്ലാം കൃപയാണ്.

കൂട്ടി പിരിച്ചത്

എന്റെ ഒരു സ്‌നേഹിത അവള്‍ നാല്‍പ്പതു വര്‍ഷത്തിലധികമായി പരിപാലിച്ചുപോന്ന ഒരു വീട്ടു ചെടി എനിക്കു സമ്മാനിക്കുകയുണ്ടായി. ചെടിക്ക് എന്റെ പൊക്കമുണ്ടായിരുന്നു, തീരെ വണ്ണം കുറഞ്ഞ മൂന്നു തണ്ടുകളില്‍നിന്ന് വലിയ ഇലകള്‍ അതിനുണ്ടായിരുന്നു. കാലക്രമേണ, ഇലയുടെ ഭാരം കൊണ്ട് തണ്ടുകള്‍ വളഞ്ഞ് നിലത്തു മുട്ടിക്കിടന്നിരുന്നു. അതിനെ നേരെയാക്കാനായി ഞാന്‍ ഒരു തടിക്കഷണം ചട്ടിയുടെ കീഴില്‍ വെച്ച് അതിനെ ജനാലയ്ക്കല്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്തു വെച്ചു. സൂര്യപ്രകാശം ഇലകളെ മുകളിലേക്ക് ആകര്‍ഷിക്കുകയും അങ്ങനെ അതിന്റെ നില ശരിയാകയും ചെയ്യും എന്നു ഞാന്‍ ചിന്തിച്ചു.

ചെടി ലഭിച്ച് കുറച്ചു ദിവസത്തിനുശേഷം അതുപോലെ ഒരെണ്ണം പ്രാദേശിക ബിസ്സിനസ് സ്ഥാപനത്തിലെ വെയ്റ്റിംഗ് റൂമില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു. അതും മൂന്ന് നേരിയ തണ്ടുകളായിട്ടാണു വളര്‍ന്നത്, എങ്കിലും അവ മൂന്നും കൂടിപ്പിരിഞ്ഞ് വലിയതും ബലമുള്ളതുമായ ഒരു തണ്ടായി തീര്‍ന്നിരുന്നു. ഈ ചെടി ഒരു സഹായവും കൂടാതെ നേരെ നിന്നിരുന്നു.

ഏതു രണ്ടു മനുഷ്യര്‍ക്കും ഒരേ 'ചട്ടിയില്‍' വര്‍ഷങ്ങളോളം നില്‍ക്കുവാനും അപ്പോള്‍ തന്നേ വേറിട്ടു നിന്നുകൊണ്ട് അവര്‍ അനുഭവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന നന്മകള്‍ അനുഭവിക്കാതിരിക്കാനും കഴിയും. എന്നിരുന്നാലും അവരുടെ ജീവിതത്തെ ദൈവത്തോടു ചേര്‍ത്തു നെയ്യുമ്പോള്‍, വലിയ അളവില്‍ സ്ഥിരതയും അടുപ്പവും കൈവരും. അവരുടെ ബന്ധം ബലമുള്ളതായി വളരും. 'മുപ്പിരിച്ചരട് വേഗത്തില്‍ അറ്റുപോകുകയില്ല' (സഭാപ്രസംഗി 4:12).

വീട്ടുചെടികളെപ്പോലെ, വിവാഹങ്ങള്‍ക്കും സുഹൃദ്ബന്ധങ്ങള്‍ക്കും പരിപാലനം ആവശ്യമാണ്. ഈ ബന്ധങ്ങളുടെ പരിപാലനത്തില്‍ ആത്മീയത കൂട്ടിച്ചേര്‍ക്കേണ്ടതാവശ്യമാണ്. എങ്കില്‍ മാത്രമേ ഓരോ സുപ്രധാന ബന്ധത്തിന്റെ കേന്ദ്രത്തിലും ദൈവം സന്നിഹിതനാകയുള്ളു. അന്യോന്യം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കുന്നതിനാവശ്യമായ സ്‌നേഹത്തിന്റെയും കൃപയുടെയും അവസാനിക്കാത്ത ഉറവയാണ് അവന്‍.

കേവലം ഒരു സ്പര്‍ശനം

അത് കേവലം ഒരു സ്പര്‍ശനമായിരുന്നു, എങ്കിലും അത് കൊളിന് എല്ലാ നിലയിലും വ്യത്യാസം വരുത്തി. യേശുവില്‍ വിശ്വസിക്കുന്നവരോട് പക വെച്ചുപുലര്‍ത്തിയിരുന്ന തിനു പേരുകേട്ട പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പോകുവാന്‍ അവന്റെ ചെറിയ സംഘം ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അവന്റെ സമ്മര്‍ദ്ദം വല്ലാതെ ഉയരാന്‍ തുടങ്ങി. അദ്ദേഹം തന്റെ ഉത്ക്കണ്ഠകള്‍ ഒരു സംഘാംഗത്തോടു പങ്കുവെച്ചപ്പോള്‍, ആ സുഹൃത്ത് നിന്നിട്ട് തന്റെ കരം അദ്ദേഹത്തിന്റെ തോളില്‍വെച്ചു, എന്നിട്ട് പ്രോത്സാഹനത്തിന്റെ ചില വാക്കുകള്‍ പറഞ്ഞു. ആ ഹ്രസ്വമായ സ്പര്‍ശനത്തെ കൊളിന്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കി തന്റെ വഴിത്തിരിവായും, ദൈവം തന്നോടുകൂടെയുണ്ട് എന്ന കേവല സത്യത്തിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലായും കാണുന്നു.

യേശുവിന്റെ പ്രിയ ശിഷ്യനും സ്‌നേഹിതനുമായിരുന്ന യോഹന്നാന്‍, സുവിശേഷം പ്രസംഗിച്ചതിന്റെ പേരില്‍ നിര്‍ജ്ജനമായ പത്മൊസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ടപ്പോള്‍, 'കാഹളത്തിനൊത്ത ഒരു മഹാനാദം' അവന്‍ കേട്ടു (വെളിപ്പാട് 1:10). ആ ഞെട്ടിപ്പിക്കുന്ന സംഭവത്തെത്തുടര്‍ന്ന് കര്‍ത്താവിന്റെ തന്നെ ഒരു ദര്‍ശനം അവന്‍ കണ്ടു, അപ്പോള്‍ യോഹന്നാന്‍ 'മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല്‍ വീണു.' എന്നാല്‍ ആ ഭയപ്പെടുത്തുന്ന നിമിഷത്തില്‍ അവന്‍ ആശ്വാസവും ധൈര്യവും പ്രാപിച്ചു. യോഹന്നാന്‍ എഴുതി, 'അവന്‍ വലംകൈ എന്റെമേല്‍ വച്ചു; ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു' (വാ. 17).

നമുക്കു പുതിയ കാര്യങ്ങളെ കാണിച്ചുതരുവാനും നമ്മെ വിശാലമാക്കുവാനും വളരുന്നതിനു നമ്മെ സഹായിക്കുവാനും ദൈവം നമ്മെ നമ്മുടെ സുരക്ഷിത മേഖലയ്ക്കു പുറത്തേക്കു കൊണ്ടുപോകാറുണ്ട്. എങ്കിലും ഓരോ സാഹചര്യത്തിലൂടെയും കടന്നുപോകുന്നതിനാവശ്യമായ ധൈര്യവും ആശ്വാസവും അവന്‍ നമുക്കു നല്‍കും. നമ്മുടെ പരിശോധനകളില്‍ അവന്‍ നമ്മെ ഉപേക്ഷിക്കുകയില്ല. സകലവും അവന്റെ നിയന്ത്രണത്തിലാണ്. അവന്‍ നമ്മെ തന്റെ കരങ്ങളില്‍ വഹിച്ചിരിക്കുന്നു.

ഇതു ഞാനാണ്

'ഇതു ഞാനാണ്' എന്ന ശക്തമായ ഗാനം, പി.റ്റി.ബര്‍നാമിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സഞ്ചാര സര്‍ക്കസിനെയും അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയായ ദി ഗ്രേറ്റസ്റ്റ് ഷോമാനില്‍ ഉള്ളതാണ്. സാമുദായിക നിയമങ്ങളോടു പൊരുത്തപ്പെടാത്തതിന് പരിഹാസവും നിന്ദയും ഏറ്റുവാങ്ങിയ കഥാപാത്രങ്ങള്‍ പാടുന്ന ഇതിലെ വരികള്‍ വിവരിക്കുന്നത്, വാക്കുകള്‍ നശിപ്പിക്കുന്ന വെടിയുണ്ടകള്‍ പോലെയും മുറിവേല്‍പ്പിക്കുന്ന കത്തികള്‍ പോലെയും ആണെന്നാണ്.

ഈ ഗാനം ജനങ്ങള്‍ നെഞ്ചോടു ചേര്‍ത്തു എന്നതില്‍നിന്നും മനസ്സിലാകുന്നത്, എത്രയധികം ആളുകള്‍ ആയുധമായി പ്രയോഗിക്കപ്പെട്ട വാക്കുകള്‍ ഏല്പിച്ച അദൃശ്യവും എന്നാല്‍ യഥാര്‍ത്ഥവുമായ മുറിവുകള്‍ വഹിക്കുന്നുണ്ട് എന്നാണ്.

വിനാശകരവും ദീര്‍ഘകാലം നില്‍ക്കുന്നതുമായ ഹാനി വരുത്തുവാന്‍ കഴിവുള്ള നമ്മുടെ വാക്കുകളുടെ അപകടശക്തിയെ മനസ്സിലാക്കിയ യാക്കോബ് അതിനെ 'അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്' എന്നാണു വിളിച്ചത് (യാക്കോബ് 3:8). അതിശയകരമാംവിധം ശക്തമായ ഈ സാദൃശ്യം ഉപയോഗിച്ചുകൊണ്ട്, വിശ്വാസികള്‍ തങ്ങളുടെ വാക്കുകളുടെ ഭയങ്കരമായ ശക്തി തിരിച്ചറിയേണ്ടതിന്റെ ആവശ്യകത യാക്കോബ് ഊന്നിപ്പറയുന്നു. അതിലുപരി, ഒരു ശ്വാസത്തില്‍ ദൈവത്തെ സ്തുതിക്കുകയും അടുത്തതില്‍ ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട ആളുകളെ മുറിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിരതയില്ലായ്മ അവന്‍ എടുത്തുകാട്ടുന്നു (വാ. 9-10).

'ഇതു ഞാനാണ്' എന്ന ഗാനം സമാനമായ നിലയില്‍, നാം എല്ലാവരും മഹത്വപൂര്‍ണ്ണരാകയാല്‍ - ബൈബിള്‍ ഉറപ്പിക്കുന്ന സത്യം - വാക്കുകള്‍ കൊണ്ടുള്ള ആക്രമണത്തിനെതിരായി നിലകൊള്ളുന്നു. ബാഹ്യസൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലോ എന്തു ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലോ അല്ല, മറിച്ച് ഓരോ വ്യക്തിയും ദൈവത്താല്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നു - അവന്റെ അതുല്യ മാസ്റ്റര്‍പീസ് - എന്നതിന്റെ അടിസ്ഥാനത്തിില്‍ ബൈബിള്‍ ഓരോ മനുഷ്യന്റെയും അതുല്യമായ മാന്യതയും സൗന്ദര്യവും സ്ഥാപിക്കുന്നു (സങ്കീര്‍ത്തനം 139:14). മറ്റുള്ളവരോടും മറ്റുള്ളവരെക്കുറിച്ചും ഉള്ള നമ്മുടെ വാക്കുകള്‍ക്ക്, ആ ഉറപ്പേറിയ യാഥാര്‍ത്ഥ്യത്തെ ദൃഢപ്പെടുത്തുവാനുള്ള ശക്തിയുണ്ട്.

കാലുകള്‍ക്ക് സുവാര്‍ത്ത

'കാലുകളുടെ ചരിത്രത്തിലെ ഏറ്റവും സുഖപ്രദമായ സോക്‌സ്' എന്ന പരസ്യം എന്റെ ചുണ്ടില്‍ പുഞ്ചിരി വിരിയിച്ചു. തുടര്‍ന്ന് കാലുകള്‍ക്കുള്ള സുവാര്‍ത്ത കുറെക്കൂടി വിശദീകരിച്ച്, ഭവനരഹിതര്‍ക്കുള്ള കേന്ദ്രങ്ങളിലെ ഏറ്റവും ആവശ്യമുള്ള വസ്ത്രം സോക്‌സായതുകൊണ്ട് വില്ക്കുന്ന ഓരോ ജോഡി സോക്‌സിനും ഓരോ ജോഡി വീതം കമ്പനി ആവശ്യത്തിലിരിക്കുന്ന ഒരുവന് കമ്പനി സംഭാവന ചെയ്യുന്നതായിരിക്കും എന്ന് പരസ്യദാതാവ് പ്രഖ്യാപിച്ചു.

മുപ്പത്തിയെട്ടു വര്‍ഷമായി നടക്കാന്‍ കഴിയാതിരുന്ന ഒരു മനുഷ്യന്റെ കാലുകള്‍ യേശു സൗഖ്യമാക്കിയപ്പോള്‍ അയാളുടെ പുഞ്ചിരി സങ്കല്‍പ്പിച്ചു നോക്കൂ (യോഹന്നാന്‍ 5:2-8). ഇനി, കാലുകള്‍ക്കുവേണ്ടിയുള്ള യേശുവിന്റെ കരുതലോ, ദീര്‍ഘനാളുകളായി സഹായം ലഭ്യമാകാതിരുന്ന ഒരുവന്റെ ഹൃദയമോ കണ്ടിട്ട് യാതൊരു ചലനവും ഹൃദയത്തില്‍ ഉണ്ടാകാതിരുന്ന ദൈവാലയ പ്രമാണിമാരുടെ മുഖത്തെ എതിര്‍പ്പിന്റെ നോട്ടം സങ്കല്‍പ്പിച്ചു നോക്കൂ. ശബ്ബത്തില്‍ വേല ചെയ്യുന്നതിനെ വിലക്കുന്ന മതനിയമത്തെ ലംഘിച്ചതായി അവര്‍ യേശുവിന്റെയും ആ മനുഷ്യന്റെയും മേല്‍ കുറ്റം ആരോപിച്ചു (വാ. 9-10, 16-17). അവര്‍ നിയമം കണ്ടപ്പോള്‍ യേശു കരുണയുടെ ആവശ്യം കണ്ടു.

ഈ സമയത്ത് തനിക്കു പുതിയ കാലുകള്‍ തന്നതാരെന്നുപോലും ആ മനുഷ്യന് അറിയില്ലായിരുന്നു. പിന്നീട് മാത്രമാണ് തന്നെ സൗഖ്യമാക്കിയത് യേശു ആണ് എന്നയാള്‍ക്കു പറയാന്‍ കഴിഞ്ഞത് (വാ. 13-15). ആ മനുഷ്യനും - നമുക്കും - തകര്‍ന്ന ശരീരങ്ങളുടെയും മനസ്സുകളുടെയും ഹൃദയങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും നല്ല വാര്‍ത്ത നല്‍കുന്നതിനായി തന്റെ സ്വന്തം കാലുകള്‍ ഒരു മരത്തോടു ചേര്‍ത്ത് ആണിയടിക്കാന്‍ അനുവദിച്ചുകൊടുത്ത അതേ യേശുവാണവന്‍.