തുളച്ചുകയറുന്ന ശബ്ദത്തിനുടമയായ എലി റീപ്പിച്ചീപ്പ് ആയിരിക്കാം ഒരുപക്ഷേ ‘ദി ക്രോണിക്കിള്‍സ്് ഓഫ് നാര്‍ണിയ”യിലെ ഏറ്റവും ധീരനായ കഥാപാത്രം. തന്റെ കൊച്ചു വാള്‍ വീശിക്കൊണ്ട് അവന്‍ യുദ്ധത്തിലേക്കു ചാടിയിറങ്ങുന്നു. അന്ധകാര ദ്വീപിലേക്ക് ‘ഡോണ്‍ ട്രെഡറില്‍” സഞ്ചരിക്കുമ്പോള്‍ അവന്‍ ഭയത്തെ പുറത്താക്കുന്നു. റീപ്പിച്ചീപ്പിന്റെ ധൈര്യത്തിന്റെ രഹസ്യം? അസ്‌ലാന്റെ രാജ്യത്തിലെത്താനുള്ള അവന്റെ അടങ്ങാത്ത ആഗ്രഹത്തോട് അവന്‍ ആഴമായി ബന്ധപ്പെട്ടിരിക്കുന്നു. ‘അതാണെന്റെ ഹൃദയാഭിലാഷം” അവന്‍ പറഞ്ഞു. തനിക്ക് സത്യമായും ആവശ്യമായിരിക്കുന്നതെന്താണെന്ന് റിപ്പീച്ചീപ്പ് അറിഞ്ഞിരുന്നു, അതവനെ അവന്റെ രാജാവിന്റെ അടുത്തേക്ക് എത്തിച്ചു.

യെരിഹോവിലെ കുരുടനായ മനുഷ്യന്‍ ബര്‍ത്തിമായി, നാണയത്തിനായി തന്റെ പാത്രം കിലുക്കിക്കൊണ്ട് തന്റെ സാധാരണ സ്ഥലത്ത് ഇരിക്കുമ്പോഴാണ് യേശുവും പുരുഷാരവും കടന്നുവരുന്ന ആരവം കേട്ടത്. ‘ദാവീദ്പുത്രാ, യേശുവേ, എന്നോടു കരുണ തോന്നണമേ” എന്നവന്‍ നിലവിളിച്ചു (മര്‍ക്കൊസ് 10:47). മിണ്ടാതിരിക്കുവാന്‍ പലരും അവനെ ശാസിച്ചിട്ടും നിശബ്ദനാകുവാന്‍ അവന്‍ കൂട്ടാക്കിയില്ല.

‘യേശു നിന്നു” എന്നു മര്‍ക്കൊസ് പറയുന്നു (വാ. 49). ആ ബഹളത്തിനിടയില്‍ ബര്‍ത്തിമായിയെ കേള്‍ക്കുവാന്‍ യേശു ആഗ്രഹിച്ചു. ‘ഞാന്‍ നിനക്ക് എന്തു ചെയ്തുതരണമെന്ന് നീ ഇച്ഛിക്കുന്നു” യേശു ചോദിച്ചു (വാ. 51).

ഉത്തരം വ്യക്തമായിരുന്നു; യേശു തീര്‍ച്ചയായും അറിഞ്ഞിരുന്നു. എങ്കിലും തന്റെ ആഴമായ ആഗ്രഹത്തെ വെളിപ്പെടുത്തുവാന്‍ ബര്‍ത്തിമായിയെ അനുവദിക്കുന്നതില്‍ ശക്തിയുണ്ടെന്ന് അവന്‍ വിശ്വസിക്കുന്നതായി തോന്നി. ‘എനിക്കു കാഴ്ച പ്രാപിക്കണം’ ബര്‍ത്തിമായി പറഞ്ഞു (വാ. 51). യേശു ബര്‍ത്തിമായിയെ ആദ്യമായി നിറങ്ങളും സൗന്ദര്യവും സ്‌നേഹിതരുടെ മുഖങ്ങളും കാണുന്നവനായി വീട്ടിലേക്കയച്ചു.

എല്ലാ ആഗ്രഹങ്ങളും ഉടനെ സാധിക്കുകയില്ല (ആഗ്രഹങ്ങള്‍ക്ക് രൂപാന്തരം സംഭവിക്കാം), എന്നാല്‍ ഇവിടെ അനിവാര്യമായിരുന്നത് തന്റെ ആഗ്രഹമെന്തെന്ന് ബര്‍ത്തിമായി അറിഞ്ഞിരുന്നു എന്നതും അതവന്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു എന്നതുമാണ്. നാം ശ്രദ്ധ കൊടുക്കുമെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ ആഗ്രഹങ്ങളും വാഞ്ഛകളും നമ്മെ എല്ലായ്‌പ്പോഴും അവങ്കലേക്കു നയിക്കും എന്നു നാം കാണും.