എന്റെ കുടുംബാംഗങ്ങളിലൊരാള്‍ മറ്റൊരു മതത്തിലേക്കു മാറിക്കഴിഞ്ഞശേഷം, യേശുവിങ്കലേക്കു മടങ്ങിവരാന്‍ അവളെ ‘സമ്മതിപ്പിക്കാന്‍’ ക്രിസ്തീയ സ്‌നേഹിതര്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ആ കുടുംബാംഗത്തെ ക്രിസ്തു സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാന്‍ താല്പര്യപ്പെട്ടു-പരസ്യ സ്ഥലത്ത് ചില ആളുകള്‍ അവളുടെ ‘വിദേശ രീതിയിലുള്ള’ വസ്ത്രധാരണത്തെ അവജ്ഞയോടെ നോക്കിയിരുന്ന സ്ഥാനത്തുപോലും മറിച്ചു ചെയ്യാന്‍ ഞാന്‍ താല്പര്യപ്പെട്ടു. മറ്റുള്ളവര്‍ പരുഷമായ വാക്കുകള്‍ പറഞ്ഞു. ‘വീട്ടില്‍ പോകൂ!’ ഒരു ട്രക്ക് ഡ്രൈവര്‍ അവളോട് അലറി. അവള്‍ ‘വീട്ടില്‍’ ആണ് എന്നറിയാതെ അല്ലെങ്കില്‍ കണക്കാക്കാതെ ആണ് അയാളതു പറഞ്ഞത്.

വസ്ത്രമോ വിശ്വാസങ്ങളോ വ്യത്യസ്തമായ ആളുകളോട് പെരുമാറുന്നതിന് കുറെക്കൂടി ദയാപൂര്‍ണ്ണമായ ഒരു മാര്‍ഗ്ഗം മോശെ പഠിപ്പിച്ചു. നീതിയുടെയും കരുണയുടെയും പ്രമാണങ്ങള്‍ പഠിപ്പിച്ചുകൊണ്ട് മോശെ യിസ്രായേല്‍ മക്കളെ ഇപ്രകാരം ഉപദേശിച്ചു, ‘പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ’ (പുറപ്പാട് 23:9). എല്ലാ പരദേശികളോടും പീഡനത്തിനും ചൂഷണത്തിനും ഇരകളാകുന്നവരോടും ഉള്ള ദൈവത്തിന്റെ കരുതലിനെയാണ് ഈ പ്രമാണം വെളിപ്പെടുത്തുന്നത്. പുറപ്പാട് 22:21 ലും ലേവ്യാപുസ്തകം 19:33 ലും ഇത് ആവര്‍ത്തിച്ചിരിക്കുന്നു.

അതുകൊണ്ട്, ഞാന്‍ എന്റെ കുടുംബാംഗത്തോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍-റസ്‌റ്റോറന്റിലും പാര്‍ക്കിലുംഒരുമിച്ചു നടക്കാന്‍ പോകുമ്പോഴും എന്റെ വരാന്തയില്‍ ഇരുന്ന് അവളോടു സംസാരിക്കുമ്പോഴും-ഞാന്‍ അനുഭവിക്കാനാഗ്രഹിക്കുന്ന അതേ ദയയും ബഹുമാനവും ആദ്യമേ അവള്‍ക്കു നല്‍കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. യേശുവിന്റെ മധുരതരമായ സ്‌നേഹം അവള്‍ക്കു കാണിച്ചുകൊടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായിരുന്നു അത്. അത് അവനെ ഉപേക്ഷിച്ചതിന് അവളെ അപമാനിച്ചുകൊണ്ടല്ല മറിച്ച് അവന്‍ നമ്മയെല്ലാം സ്‌നേഹിക്കുന്നതുപോലെ – അതിശയകരമായ കൃപയോടെ – അവളെ സ്‌നേഹിച്ചുകൊണ്ട് ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിച്ചു.