അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് നിബിഢ വനത്തില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന പടയാളികള്‍ക്ക് അവരെ വിഷമിപ്പിക്കുന്ന ഒരു പ്രശ്‌നം നേരിട്ടു. മുന്നറിയിപ്പില്ലാതെ, പെട്ടെന്നു വ്യാപിക്കുന്ന മുള്ളുകളുള്ള ഒരു വള്ളിച്ചെടി പടയാളികളെയും അവരുടെ ഉപകരണങ്ങളെയും ചുറ്റിപ്പിണയുകയും അവരെ കെണിയിലാക്കുകയും ചെയ്തു. അവര്‍ അതില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ സ്പര്‍ശനികള്‍ അവരെ വരിഞ്ഞു മുറുക്കി. പട്ടാളക്കാര്‍ ആ ചെടിക്ക് ‘ഒരു നിമിഷം നില്‍ക്കണേ’ ചെടി എന്നു പേരിട്ടു; കാരണം അവര്‍ അതില്‍ പെട്ടുപോകുകയും പുറത്തുകടക്കാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ അവര്‍ മറ്റുള്ളവരോട് ‘ഹേയ്, ഒരു നിമിഷം നില്‍ക്കണേ, ഞാന്‍ കുടുങ്ങിപ്പോയി’ എന്നു വിളിച്ചു പറയേണ്ടിവരുമായിരുന്നു.

സമാനമായ നിലയില്‍, യേശുവിന്റെ അനുയായികള്‍ പാപത്തില്‍ അകപ്പെട്ടുപോയാല്‍ മുമ്പോട്ടു പോകുക ദുഷ്‌കരമായിരിക്കും. ‘സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക’ എന്ന് എബ്രായര്‍ 12:1 നമ്മോടു പറയുന്നു. എന്നാല്‍ നമ്മുടെമേല്‍ ഭാരമായിരിക്കുന്ന പാപത്തെ നമുക്കെങ്ങനെ എറിഞ്ഞുകളയാന്‍ കഴിയും?

യേശുവിനു മാത്രമേ നമ്മുടെ ജീവിതത്തെ ചുറ്റിവരിയുന്ന പാപത്തില്‍നിന്നു നമ്മെ സ്വതന്ത്രരാക്കാന്‍ കഴിയൂ. നമ്മുടെ രക്ഷകനായ അവനില്‍ ദൃഷ്ടി പതിപ്പിക്കുവാന്‍ നമുക്കു തയ്യാറാകാം (12:2). ദൈവപുത്രന്‍ എല്ലാ നിലയിലും മനുഷ്യനായിത്തീര്‍ന്നതിനാല്‍, പരീക്ഷിക്കപ്പെടുന്നതിന്റെ അര്‍ത്ഥമെന്തെന്ന് അവനറിയാം-എങ്കിലും അവന്‍ പാപം ചെയ്തില്ല (2:17-18; 4:15). നാം നമ്മുടെ പാപത്താല്‍ പരിതാപകരമായ നിലയില്‍ വരിഞ്ഞുമുറുക്കപ്പെട്ടേക്കാം എങ്കിലും നാം പരീക്ഷയെ ജയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതു നമ്മുടെ സ്വന്ത ശക്തിയാലല്ല അവന്റെ ശക്തിയാല്‍ നമ്മെ കുടുക്കിക്കളയുന്ന പാപത്തെ എറിഞ്ഞു കളഞ്ഞ് അവന്റെ നീതി പിന്തുടരുവാന്‍ കഴിയും (1 കൊരിന്ത്യര്‍ 10:13).