ദി ബോയി ആന്‍ഡ് ദി ഫില്‍ബേര്‍ട്ട്സ് (നിലക്കടല) എന്ന പുരാതന മുത്തശ്ശിക്കഥയില്‍ ഒരു കുട്ടി നിലക്കടല ജാറില്‍ കൈയിട്ട് കൈനിറയെ വാരിയെടുത്തു. എന്നാല്‍ അവന്റെ കൈ നിറഞ്ഞിരുന്നതിനാല്‍ അതു ജാറില്‍ കുടുങ്ങിപ്പോയി. കൈയിലുള്ള നിലക്കടലയില്‍ കുറെ വിട്ടുകളയാന്‍ മനസ്സില്ലാതെ അവന് കരയാന്‍ തുടങ്ങി. തുടര്‍ന്ന് അവന്റെ കൈയിലുള്ള നിലക്കടല കുറെ വിട്ടുകളഞ്ഞാലേ ജാര് അവന്റെ കൈ വിട്ടുതരികയുള്ളു എന്ന്് അവനെ ഉപദേശിക്കേണ്ടിവന്നു. ആര്‍ത്തി ഒരു കഠിന യജമാനനാണ്.
സഭാപ്രസംഗിയിലെ ജ്ഞാനിയായ ഗുരു ഈ ഗുണപാഠത്തെ കൈകളും അവ നമ്മോടു ചെയ്യുന്ന കാര്യവും ഉപയോഗിച്ച് ചിത്രീകരിക്കുന്നു. അവന് മടിയനെയും ആര്‍ത്തിയുള്ളവനെയും താരതമ്യപ്പെടുത്തിക്കൊണ്ട് എഴുതുന്നു: ‘മൂഢന് കയ്യും കെട്ടിയിരുന്നു സ്വയം നശിപ്പിക്കുന്നു. രണ്ടു കൈയ് നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാള്‍ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്’ (4:5-6). അലസന് സ്വയം നശിക്കുന്നതുവരെ മാറ്റി മാറ്റി വയ്ക്കുമ്പോള്‍ ധനത്തിനു പിന്നാലെ പായുന്നവര്‍ ‘ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ’ (വാ. 8) എന്ന് ഒടുക്കം കണ്ടെത്തും.
സഭാപ്രസംഗി പറയുന്നതനുസരിച്ച്, നാം ആഗ്രഹിക്കേണ്ട അവസ്ഥ എന്നത് നമുക്കു ന്യായമായി ലഭിക്കേണ്ട സമ്പത്തില്‍ തൃപ്തി കണ്ടെത്തേണ്ടതിന് ആര്‍ത്തിപൂണ്ട് വെട്ടിപ്പിടിക്കാനുള്ള അധ്വാനത്തില്‍ നിന്നും പിന്തിരിയുക എന്നതാണ്. നമ്മുടേതായത് എന്നും നിലനില്ക്കും. യേശു പറഞ്ഞതുപോലെ, ‘ഒരു മനുഷ്യന് സര്‍വ്വലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താല്‍ അവന് എന്തു പ്രയോജനം?’ (മര്‍ക്കൊസ് 8:36).
ദൈവമേ, എന്റെ ജീവിതത്തില്‍ അങ്ങയുടെ കരുതലുകള്‍ക്കും വിശ്വസ്ത സാന്നിധ്യത്തിനുമായി നന്ദി. അങ്ങയോടുള്ള ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിച്ചുകൊണ്ട് തൃപ്തിയോടെ ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ.