Month: ഡിസംബര് 2019

മുകളില്‍നിന്നുള്ള സമ്മാനങ്ങള്‍

ഒരു പഴയ കഥയനുസരിച്ച്, നിക്കോളാസ് എന്നു പേരുള്ള ഒരു മനുഷ്യന്‍ (ജനനം എ.ഡി. 270), തന്റെ മൂന്നു പെണ്‍മക്കളെ പോറ്റുവാന്‍ വകയില്ലാത്ത ഒരു ദരിദ്ര മനുഷ്യനെക്കുറിച്ചു കേട്ടു, തന്റെ മക്കളുടെ വിവാഹം നടത്താനും അയാള്‍ക്കു നിവൃത്തിയില്ലായിരുന്നു. അയാളെ സഹായിക്കാന്‍ നിക്കോളാസ് ആഗ്രഹിച്ചു; എന്നാല്‍ തന്റെ സഹായം രഹസ്യമായിരിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം ഒരു സഞ്ചി സ്വര്‍ണ്ണനാണയങ്ങള്‍ തുറന്നു കിടന്ന ജനാലയിലൂടെ അകത്തേക്കിട്ടു. അത് അടുപ്പിനു മുകളില്‍ ഉണക്കാന്‍ വെച്ചിരുന്ന ഒരു സോക്കിലോ ഷൂവിലോ ആണ് വീണത്. ആ മനുഷ്യന്‍ പിന്നീട് വിശുദ്ധ നിക്കോളാസ് എന്നറിയപ്പെടുകയും സാന്താക്ലോസിനു പ്രചോദനമായിത്തീരുകയും ചെയ്തു.

മുകളില്‍ നിന്നും വരുന്ന സമ്മാനത്തെക്കുറിച്ചുള്ള ആ കഥ ഞാന്‍ കേട്ടപ്പോള്‍, തന്റെ സ്നേഹവും മനസ്സലിവും നിമിത്തം അത്ഭുതകരമായ ഒരു ജനനത്തിലൂടെ എക്കാലത്തെയും വലിയ സമ്മാനമായി തന്റെ പുത്രനെ ഭൂമിയിലേക്കയച്ച പിതാവായ ദൈവത്തെക്കുറിച്ചാണ് ചിന്തിച്ചത്. മത്തായി സുവിശേഷം അനുസരിച്ച്, കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് 'ദൈവം നമ്മോടു കൂടെ'' എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും എന്നുള്ള പഴയ നിയമ പ്രവചനം യേശുവില്‍ നിവൃത്തിയായി (1:23).

നിക്കോളാസിന്റെ സമ്മാനം മനോഹരമായിരിക്കുന്നതുപോലെ, അതിലും എത്രയോ മനോഹരമാണ് യേശു എന്ന സമ്മാനം! ഒരു മനുഷ്യനാകാന്‍ അവന്‍ സ്വര്‍ഗ്ഗം വിട്ടു, മരിച്ച്, ഉയിര്‍ത്തെഴുന്നേറ്റു, അങ്ങനെ ദൈവം നമ്മോടുകൂടെ ജീവിക്കുന്നു. നമുക്കു മുറിവേല്‍ക്കുകയും നാം ദുഃഖിതരാകുകയും ചെയ്യുമ്പോള്‍ അവന്‍ നമുക്ക് ആശ്വാസം പകരുന്നു; നമ്മുടെ മനസ്സു തളരുമ്പോള്‍ അവന്‍ നമ്മെ ധൈര്യപ്പെടുത്തുന്നു; നാം വഞ്ചിക്കപ്പെടുമ്പോള്‍ അവന്‍ നമുക്കു സത്യം വെളിപ്പെടുത്തിത്തരുന്നു.

മനപ്പൂര്‍വ്വമായ ദയ

തന്റെ മക്കളോടുകൂടി ഏകയായി വിമാനം കയറിയ ഒരു യുവതിയായ മാതാവ്്, തൊഴിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്ന തന്റെ മൂന്നുവയസ്സുകാരിയായ മകളെ ശാന്തായാക്കാന്‍ ഏറെ പാടുപെട്ടു. ആ സമയം നാലു മാസം പ്രായമുള്ള മകന്‍ വിശന്നു കരയാന്‍ തുടങ്ങി.

പെട്ടെന്ന് അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍ കുഞ്ഞിനെ പിടിക്കാമെന്ന് ഏറ്റു-ആ സമയം ജെസിക്കാ മകളെ ശാന്തയാക്കി, സീറ്റ് ബെല്‍റ്റിട്ടിരുത്തി. തുടര്‍ന്ന് ജെസീക്ക കുഞ്ഞിനു പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ ആ യാത്രക്കാരന്‍ - ഒരു പിതാവെന്ന നിലയിലുള്ള തന്റെ ആരംഭകാലത്തെ ഓര്‍ത്തുകൊണ്ട് - മകളെ ചിത്രത്തിനു നിറം കൊടുക്കാന്‍ സഹായിച്ചു. അടുത്ത കണക്ടിംഗ് ഫ്ളൈറ്റിലും ആവശ്യമെങ്കില്‍ തന്റെ സഹായം ആ മനുഷ്യന്‍ വാഗ്ദാനം ചെയ്തു.

'ഇതില്‍ ദൈവത്തിന്റെ കരം ഞാന്‍ കണ്ടു' ജെസിക്കാ അയവിറക്കി. ആരുടെയെങ്കിലും അടുത്ത് ഞങ്ങളെ ഇരുത്താമായിരുന്നു, എങ്കിലും ഞാന്‍ കണ്ടുമുട്ടിയതില്‍വെച്ചേറ്റവും നല്ല മനുഷ്യന്റെ അടുത്താണ് ഞങ്ങളെ ഇരുത്തിയത്.'

2 ശമൂവേല്‍ 9 ല്‍, മനപ്പൂര്‍വ്വമായ ദയ എന്നു ഞാന്‍ വിളിക്കുന്ന കാര്യത്തിന്റെ മറ്റൊരു ഉദാഹരണം നാം വായിക്കുന്നു. ശൗല്‍ രാജാവും അവന്റെ മകന്‍ യോനാഥാനും കൊല്ലപ്പെട്ടശേഷം, തന്റെ സിംഹാസനത്തിനു വെല്ലുവിളിയായിത്തീര്‍ന്നേക്കാവുന്ന എല്ലാവരെയും ദാവീദ് കൊല്ലുമെന്ന് ചിലര്‍ പ്രതീക്ഷിച്ചു. പകരം അവന്‍ ചോദിച്ചത്, 'ഞാന്‍ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ?'' എന്നാണ് (വാ. 3). തുടര്‍ന്ന് യോനാഥാന്റെ മകനായ മെഫീബോശെത്തിനെ ദാവീദിന്റെ മുമ്പില്‍ കൊണ്ടുവരികയും ദാവീദ് അവന്റെ അവകാശം അവനു പുനഃസ്ഥാപിച്ചു കൊടുക്കുകയും - അവനെ സ്വന്ത മകന്‍ എന്നപോലെ - തന്റെ മേശയിങ്കല്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു (വാ. 11).

ദൈവത്തിന്റെ അളവറ്റ ദയയുടെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മനപ്പൂര്‍വ്വമായ ദയ കാണിക്കുന്നതിനുള്ള അവസരങ്ങള്‍ നമുക്കന്വേഷിക്കാം (ഗലാത്യര്‍ 6:10).

കുറ്റംവിധിക്കലില്‍നിന്നു സ്വതന്ത്രം

ഒരു ദമ്പതികള്‍ അവരുടെ ട്രെയിലറില്‍ ഉത്തര കാലിഫോര്‍ണിയയിലൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന്്് ഒരു ടയര്‍ പൊട്ടുന്ന ശബ്ദവും ലോഹക്കഷണം തറയില്‍ ഉരസുന്ന ശബ്ദവും കേട്ടു. അതിന്റെ തീപ്പൊരി 2018 ലെ കാര്‍ ഫയറിനു തുടക്കമിട്ടു - 2,30,000 ഏക്കര്‍ ചാമ്പലാക്കുകയും 1,000-ലധികം വീടുകള്‍ നശിപ്പിക്കുകയും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത കാട്ടുതീയായിരുന്നു അത്.

ഇതുമൂലം ആ ദമ്പതികള്‍ അതിദുഃഖത്തിലാണ്ടുപോയി എന്ന് അഗ്‌നിയില്‍ നിന്നു രക്ഷപെട്ടവര്‍ കേട്ടപ്പോള്‍, 'അവരെ മൂടിയ ലജ്ജയുടെയും പരിഭ്രാന്തിയുടെയും നടുവില്‍ കൃപയും കനിവും പ്രദര്‍ശിപ്പിക്കുന്നതിനായി' ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. ഒരുസ്ത്രീ എഴുതി, 'ഈ അഗ്‌നിയില്‍ ഭവനം നഷ്ടപ്പെട്ട ഒരുവള്‍ എന്ന നിലയില്‍, എന്റെ കുടുംബമോ ഭവനം നഷ്ടപ്പെട്ട മറ്റേതെങ്കിലും കുടുംബമോ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നു നിങ്ങള്‍ അറിയണമെന്നു ഞാനാഗ്രഹിക്കുന്നു. അപകടങ്ങള്‍ സംഭവിക്കുന്നു. ഈ ദയാപൂര്‍വ്വമായ സന്ദേശങ്ങള്‍ നിങ്ങളുടെ ഭാരം കുറയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്കിതിനെ ഒരുമിച്ച് അതിജീവിക്കാം.'

കുറ്റംവിധിക്കല്‍, വീണ്ടെടുക്കാനാവാത്ത ഒരു കാര്യം നാം ചെയ്തു എന്ന ഭയം മനുഷ്യാത്മാവിനെ നരഭോജി സമാനമാക്കി മാറ്റും. എന്നാല്‍ ദൈവവചനം പറയുന്നു, 'ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കില്‍ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവന്‍ ... എന്നു ... ഉറപ്പിക്കാം'' (1 യോഹന്നാന്‍ 3:20). നമ്മുടെ മറഞ്ഞിരിക്കുന്ന ലജ്ജ എന്തായിരുന്നാലും, ദൈവം അതിനെക്കാളെല്ലാം വലിയവനാണ്. അനുതാപത്തിന്റെ സൗഖ്യദായക പ്രവൃത്തിയിലേക്ക് യേശു നമ്മെ വിളിക്കുന്നു (ആവശ്യമെങ്കില്‍), അല്ലെങ്കില്‍ നമ്മെ വിഴുങ്ങുന്ന ലജ്ജയെ ലളിതമായി പുറത്തുകൊണ്ടുവരുന്നു. എന്നിട്ട് ദൈവിക വിണ്ടെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തെ അവന്റെ സാന്നിധ്യത്തിലെ സമാധാനത്തില്‍ സ്വസ്ഥമാക്കുന്നു (വാ. 19).
ചെയ്യാതിരുന്നെങ്കിലെന്ന് നാം ചിന്തിച്ചു ദുഃഖിക്കുന്നതെന്തായാലും, ദൈവം നമ്മെ തങ്കലേക്ക് അടുപ്പിക്കുന്നു. യേശു നമ്മെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറയുന്നു, 'നിന്റെ ഹൃദയം സ്വതന്ത്രമാണ്.''

നഷ്ടപ്പെട്ട കവര്‍

മറ്റൊരു സംസ്ഥാനത്തുള്ള കുടുംബത്തെ സന്ദര്‍ശിച്ചതിനുശേഷമുള്ള മടക്കയാത്രയിലാണ് ഞാനതു കണ്ടെത്തിയത്. കാറിനു പെട്രോള്‍ അടിച്ചുകൊണ്ടിരുന്ന ഞാന്‍ തറയില്‍ ഒരു വൃത്തികെട്ട കവര്‍ കിടക്കുന്നതു കണ്ടു. ചെളി പിടിച്ച ആ കവര്‍ ഞാനെടുത്തു തുറന്നുനോക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനുള്ളില്‍ നൂറു ഡോളര്‍ ഉണ്ടായിരുന്നു.

ആര്‍ക്കോ നഷ്ടപ്പെട്ടതും ആ നിമിഷം അയാള്‍ പരിഭ്രാന്തിയോടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതുമായ നൂറു ഡോളര്‍. ആരെങ്കിലും അന്വേഷിച്ചു വന്നാല്‍ കൊടുക്കാന്‍വേണ്ടി ഞങ്ങളുടെ ഫോണ്‍ നമ്പര്‍ ഞാന്‍ ഗ്യാസ് സ്റ്റേഷനിലെ ജോലിക്കാരുടെ പക്കല്‍ ഏല്പിച്ചു. എന്നാല്‍ ആരും ഒരിക്കലും വിളിച്ചില്ല.

ആരുടെയോ പണമായിരുന്നു അത്, എന്നാല്‍ അതു നഷ്ടപ്പെട്ടു. ഭൂമിയിലെ സമ്പത്ത് പലപ്പോഴും അതുപോലെ നഷ്ടപ്പെടും. അതു നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ധൂര്‍ത്തടിച്ചു നശിപ്പിക്കുകയോ ചെയ്യാം. മോശം നിക്ഷേപത്തിലൂടെയോ നമുക്കു നിയന്ത്രണമില്ലാത്ത ധന മാര്‍ക്കറ്റിലൂടെയോ അതു നഷ്ടപ്പെടാം. എന്നാല്‍ യേശുവില്‍ നമുക്കുള്ള സ്വര്‍ഗ്ഗീയ നിക്ഷേപം - ദൈവവുമായുള്ള പുനഃസ്ഥാപിക്കപ്പെട്ട ബന്ധവും നിത്യജീവന്റെ വാഗ്ദത്തവും - അതുപോലെയല്ല. ഒരു ഗ്യാസ് സ്റ്റേഷനില്‍ വെച്ചോ മറ്റെവിടെയെങ്കിലും വെച്ചോ അതു നമുക്കു നഷ്ടപ്പെടുകയില്ല.

അതിനാലാണ് 'സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍' ക്രിസ്തു നമ്മോടു പറഞ്ഞത് (മത്തായി 6:20). സല്‍പ്രവൃത്തികളില്‍ സമ്പന്നര്‍'' ആകുമ്പോഴും 'വിശ്വാസത്തില്‍ സമ്പന്നര്‍' ആകുമ്പോഴും (യാക്കോബ് 2:5) - മറ്റുള്ളവരെ സ്നേഹപൂര്‍വ്വം സഹായിക്കുകയും അവരോട് യേശുവിനെ പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ - നാം അതാണു ചെയ്യുന്നത്. ദൈവം നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതനുസരിച്ച്, അവനോടൊപ്പമുള്ള നിത്യഭാവി നാം പ്രതീക്ഷിക്കുന്നതോടൊപ്പം നിത്യനിക്ഷേപം നമുക്കു സ്വരൂപിക്കുകയും ചെയ്യാം.

പ്രത്യാശയ്ക്കു വകയുണ്ടോ?

ക്രിസ്തുവിന്റെ കാലത്തെ റോമന്‍ സത്രങ്ങള്‍ കുപ്രസിദ്ധമായിരുന്നതിനാല്‍ റബ്ബിമാര്‍ തങ്ങളുടെ മൃഗങ്ങളെപ്പോലും അവയില്‍ വിട്ടിട്ടു പോകുമായിരുന്നില്ല. അത്തരം മോശം സാഹചര്യങ്ങള്‍ നിമിത്തം യാത്രക്കാരായ ക്രിസ്ത്യാനികള്‍ ആതിഥേയത്വത്തിനായി ക്രിസ്ത്യാനികളുടെ വീടുകള്‍ തേടുമായിരുന്നു.

ആദിമകാല യാത്രികരുടെ കൂട്ടത്തില്‍ യേശു, മശിഹായാണെന്ന സത്യം നിഷേധിക്കുന്ന ദുരുപദേഷ്ടാക്കളും ഉണ്ടായിരുന്നു. അക്കാരണത്താലാണ് 2 യോഹന്നാന്‍, ആതിഥേയത്വം നിഷേധിക്കുന്നതിനെക്കുറിച്ചു പറയുന്നത്. 'ദുരുപദേഷ്ടാക്കള്‍ പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന എതിര്‍ക്രിസ്തുക്കളാണ്'' എന്ന് യോഹന്നാന്‍ തന്റെ മുന്‍ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു (1 യോഹന്നാന്‍ 2:22). 2 യോഹന്നാനില്‍ ഇക്കാര്യം കുറെക്കൂടെ വിശദീകരിക്കുന്നു, അതായത് യേശു ക്രിസ്തു ആണെന്നു വിശ്വസിക്കുന്നവന് 'പിതാവും പുത്രനും ഉണ്ട്'' (വാ. 9).

തുടര്‍ന്ന്, ''ഒരുത്തന്‍ ഈ ഉപദേശവുംകൊണ്ടല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നു എങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുത്; അവനു കുശലം പറയുകയും അരുത്'' (വാ. 10) എന്ന് അവന്‍ മുന്നറിയിപ്പു നല്‍കുന്നു. വ്യാജസുവിശേഷം പ്രസംഗിക്കുന്ന ഒരുവന് ആതിഥ്യം അരുളുക എന്നു പറഞ്ഞാല്‍, ആളുകളെ ദൈവത്തില്‍ നിന്നകറ്റുന്നതിനു സഹായിക്കുക എന്നാണര്‍ത്ഥം.

ദൈവസ്നേഹത്തിന്റെ ഒരു 'മറുവശം'' നമുക്കു കാണിച്ചുതരികയാണ് യോഹന്നാന്റെ രണ്ടാം ലേഖനം. വിരിക്കപ്പെട്ട കരവുമായി എല്ലാവരെയും സ്വീകരിക്കുന്ന ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ സ്നേഹം, വഞ്ചനാപരമായി തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ദോഷം വരുത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നില്ല. അനുതാപത്തോടെ തന്നെ സമീപിക്കുന്നവരെ കരം നീട്ടി ദൈവം അശ്ലേഷിക്കും, എങ്കിലും ഒരു ഭോഷ്‌കിനെ അവന്‍ ഒരിക്കലും ആശ്ലേഷിക്കുകയില്ല.